നീല വെളിച്ചത്തിലെ അത്ഭുതക്കാഴ്ചകൾ

സുൽത്താൻ അഹമ്മദ് പള്ളി അഥവാ ബ്ളൂ മോസ്ക് ഒട്ടൊമൻ കാലഘട്ടത്തിലെ ഒരു പ്രധാന നിർമ്മിതിയാണ്. പതിനേഴാം നൂറ്റാണ്ടിൽ പതിനാലാമത്തെ സുൽത്താനായ അഹ് മദ് പതിനാലാം വയസിൽ കിരീടധാരിയായി. അക്കാലത്ത് മറ്റു പല സുൽത്താൻ മാ രുടെയും പേരുകളുള്ള നൂറ് കണക്കിന് പള്ളികളിൽ നിന്നും വ്യത്യസ്തമായതും സുന്ദരമായതുമായ ഒന്ന് പണിയുന്നതിന് ഈ സുൽത്താൻ ആഗ്രഹിച്ചു. വാസ്തുശിൽപ്പി മെഹ്മെറ്റ് ആഗയാണ് വലിയ ദൈവഭക്തനായ സുൽത്താൻ്റെ ആഗ്രഹ പ്രകാരം ഈ മനോഹര കെട്ടിടം രൂപകൽപ്പന ചെയ്തത്. ഏഴര വർഷമെടുത്തു പണി പൂർത്തിയാകാൻ. വിശദമായ നിർമ്മാണ നാൾവഴിപ്പുസ്തകം എട്ട് ഭാഗങ്ങൾ ഇപ്പോഴും ടോപ് കാപി കൊട്ടാര ലൈബ്രറിയിലുണ്ടെന്നത് കൗതുകകരമാണ്.

ഇസ്ലാമിക വാസ്തുശിൽപ്പ കലയുടെയും കൈയെഴുത്ത് ശാസ്ത്ര ( Calligraphy)ത്തിൻ്റെയും പ്രതീകമാണീ നിർമ്മിതി. ലോകത്തിൽത്തന്നെ അപൂർവ്വമായ ആറ് മിനാരങ്ങളുള്ള പള്ളികളിൽ ഒന്നാണിത്.സാധാരണ പള്ളികളിൽ കൂടിയാൽ നാല് മിനാരങ്ങളാണ് ഉണ്ടാവുക.
സുൽത്താൻ വാസ്തുശിൽപ്പിയോട് സ്വർണ്ണ (Altin ) മിനാരങ്ങളെന്ന് പറഞ്ഞത് അയാൾ ആറ് (Alti) എന്ന് കേട്ടുവെന്നും കഥയുണ്ട്.



മോസ്കിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഒരു ഭണ്ഡാരം മുന്നിൽ വച്ചിട്ടുള്ളതിൽ ഇഷ്ടമുള്ള സംഭാവനയിടാമെന്ന് മാത്രം, അത് നിർബന്ധമല്ല. ഇതിൽ നിന്നുള്ള വരുമാനം കെട്ടിടത്തിൻ്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി വിനിയോഗിക്കുന്നു. ഏതാണ്ട് അമ്പതിനായിരം ചതുരശ്ര അടി വലിപ്പമുള്ള കെട്ടിടത്തിൻ്റെ ഏറ്റവും പ്രധാന താഴികക്കുടത്തിന് നൂറ്റിനാൽപ്പതടി ഉയരമുണ്ട്. അതിന് താഴെയായി എട്ട് താഴികക്കുടങ്ങളുണ്ട്. ഇരുന്നൂറ്ററുപത് ജനാലകളുണ്ട്. കൈകൾ കൊണ്ട് മെനഞ്ഞെടുത്ത ഇരുപതിനായിരത്തോളം നീല നിറത്തിലുള്ള ടൈലുകളാണ് ചുമരുകളിൽ പതിച്ചിരിക്കുന്നത്.
പള്ളിയുടെ അകത്ത് കാൽ വച്ച നിമിഷം ചരിത്രം എന്നെ ആലിംഗനം ചെയ്ത പോലെ തോന്നി. ഒരു സവിശേഷമായ നീല വെളിച്ചം ഉള്ളിൽ പരന്നിരിക്കുന്നു. അത് കൃത്രിമമല്ല. അകത്ത് വരുന്ന പ്രകാശം നീല ടൈലുകളിൽ തട്ടി പ്രതിഫലിക്കുന്നതാണത്. മുഹമ്മദ് ബഷീറിൻ്റെ നീലവെളിച്ചം എന്ന മനോഹര കഥ ഓർമ്മയിൽ വന്നു. കെട്ടിടത്തിൻ്റെ വർണ്ണ വൈവിധ്യമുള്ള ജാലകങ്ങളിൽക്കൂടി കടന്നു വരുന്ന വെളിച്ചത്തിൻ്റെ വിവിധ നിറങ്ങളും ഭാവങ്ങളും വിവരാണാതീതം!
കൂറ്റൻ തൂണുകളും ചെറുതൂണുകളും ചേർന്നാണ് ഈ വലിയ കെട്ടിടത്തെ താങ്ങി നിർത്തുന്നത്. പലയിടത്തായി ഖുറാനിലെ സൂക്തങ്ങൾ എഴുതി ഫ്രെയിം ചെയ്ത് ഭിത്തിയിൽ തൂക്കിയിട്ടുണ്ട്. കൊത്ത് പണികളാലംകൃതമാണ് തൂണുകളും ഭിത്തിയും മേൽക്കൂരയും വരെ. വളഞ്ഞ,ആർച്ചു മാതൃകയിലുള്ള നിർമ്മിതിയാണ് ഉള്ളിൽ മുഴുവൻ. ഇസ്ലാമിക വാസ്തുശിൽപ്പകലയുടെ പ്രത്യേകതയാണല്ലോ അത്. മേൽക്കൂര തന്നെ വിവിധ തട്ടകളിലായാണ് പണിതിരിക്കുന്നത്. പല ഉയരത്തിലും ആകൃതിയിലും വരെ വ്യത്യാസം കാണാം. എനിക്ക് ചില ഭാഗങ്ങളൊക്കെ തൃശൂർ പൂരത്തിന് നിവർത്തുന്ന വർണ്ണക്കുടകളെപ്പോലെ തോന്നി. മേൽക്കൂരയുടെ ചില ഭാഗങ്ങൾ ആരക്കാലുകളെപ്പോലെയും ചെയ്തിരിക്കുന്നു. ബാൽക്കണിയുടെ കൈ വെക്കുന്ന ഭാഗം ജാലി പോലെയുള്ള കൊത്തുപണികൾ ചെയ്തവയാണ്. ആകെ നമ്മളെ വിഭ്രമിപ്പിക്കുന്ന ഒരു നിർമ്മിതി.
നൂറടിയിൽ കൂടുതൽ ഉയരമുള്ള മുകൾത്തട്ടിൽ നിന്ന് തൂക്കിയിട്ടിരിക്കുന്ന മനോഹരമായ ബഹുശാഖാ ദീപങ്ങൾ (Chandelier) ആ കാലത്തെ ഏറ്റവും വിലപിടി പ്പുള്ളതായിരുന്നു. താഴെ കുറെയിടത്ത് ഏറ്റവും വിലകൂടിയ മാർബിൾ പാകിയിരിക്കുന്നു. എന്നാൽ ആളുകൾ പ്രാർത്ഥിക്കുന്ന കൂറ്റൻ ഹാളിൽ മുഴുവൻ വില കൂടിയ പരവതാനി ചുവർ മുതൽ ചുവർ വരെ വിരിച്ചിരിക്കുന്നു. മുട്ട് കുത്തിയുള്ള പ്രാർത്ഥനയിൽ മൃദുവായ പരവതാനി വലിയ ആശ്വാസമായിരിക്കും...
തുടരും...


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it