ഇസ്താംബുളിലെ ചരിത്ര വഴികൾ

സുൽത്താനഹമ്മറ്റിലെ നിരയൊത്ത് നിൽക്കുന്ന കോണി ഫെറസ് മരങ്ങളുടെയും എതിർവശത്തെ വെട്ടിയൊരുക്കിയ പുൽത്തകിടിക്കും നടുവിലെ കല്ലുകൾ പാകിയ വീതിയുള്ള നടവഴിയിലൂടെ ഞങ്ങൾ നടന്നു. മരങ്ങൾക്ക് ചുറ്റും കെട്ടിയ അരമതിലിൽ നിറഞ്ഞിരിക്കുന്ന ആളുകൾ നാട്ടിലെ പഴയ കാഴ്ചകൾ ഓർമ്മിപ്പിച്ചു. ആൽത്തറയിൽ സൊറ പറഞ്ഞിരിക്കുന്നവർ നാട്ടുമ്പുറത്ത് മുമ്പൊക്കെ സ്ഥിരം കാഴ്ചയായിരുന്നല്ലോ? ഇവിടെ ഇവർ സന്ദർശകരാണെന്ന് മാത്രം. നടവഴിയെയും വാഹനമോടാനുള്ള റോഡിനെയും വേർതിരിക്കാൻ വെട്ടിയൊരുക്കിയ ചെടികളും വെളുത്ത പെയിൻറടിച്ച ഉയരം കുറഞ്ഞ കമ്പിവേലികളും കാഴ്ച മറയ്ക്കാത്ത വിധം പിടിപ്പിച്ചിരിക്കുന്നു.

ഇതിനിടയിൽ നടവഴിയുടെ നടുവിൽ കയറി നിന്ന് ഫോട്ടോയെടുക്കുന്നവർ ഞങ്ങളെ അലോസരപ്പെടുത്തി.
വിശാലമായ പുൽത്തകിടിയുടെ ഏറ്റവും പുറകിലായി ഉയർന്ന് കൂർത്ത ആറ് മിനാരങ്ങൾക്കിടയിലായി ലോക പ്രശസ്തമായ ബ്ലൂ മോസ്ക് കാണാം. അതിനു മുമ്പിൽ ഉയർന്ന് പൊങ്ങുന്ന അനേകം ജലധാരകൾ കൗതുകക്കാഴ്ച തന്നെ! എതിർവശത്ത് മറ്റേ അറ്റത്തായി ഹഗിയ സോഫിയ എന്ന കൂറ്റൻ പള്ളി. മുസ്ലീങ്ങൾ അവരുടെതെന്നും എന്നാൽ ക്രിസ്ത്യാനികൾ അവരുടേതെന്നും പറയുന്ന ഒന്ന്.
ഇത്തരം ഒരു അവസ്ഥ പറയുന്ന എൻ എസ് മാധവൻ്റെ 'തിരുത്ത്' എന്ന പ്രശസ്ത മലയാളം കഥ മനസിൽ വന്നു. കഥയിലെ ചുല്യാട്ട് എന്ന ശക്തനായ പത്രാധിപരെയും തർക്ക മന്ദിരത്തെയും എങ്ങനെ മറക്കാനാകും?
നൂറ് കണക്കിനാൾക്കാർക്കിരുന്നു വിശ്രമിക്കാവുന്ന ഭംഗിയുള്ള കോൺക്രീറ്റ് ബെഞ്ചുകൾ നിരത്തിയിട്ടിരിക്കുന്നു. അതിലെല്ലാം നിറഞ്ഞിരിക്കുന്ന സന്ദർശകർ. നടവഴിയുടെ വശത്തായി ഒരു കെട്ടിടത്തിൻ്റെ മുന്നിൽ നീളൻ ക്യൂ കണ്ടു. ബോർഡ് നോക്കിയപ്പോൾ 'സുൽത്താനഹമെറ്റ് കോഫ്തേസിസി' എന്ന് കണ്ടു. കോഫ്തേ എന്ന വിഭവം ഇന്നലെ കഴിച്ചത് കൊണ്ട് കാര്യം മനസിലായി. Grllled meatballs restaurent ആണ് സംഭവം. ഉള്ളിലേക്ക് നോക്കിയപ്പോൾ ഡോക്ടർമാരുടെത് പോലെ വെളുത്ത കോട്ടണിഞ്ഞവർ അകത്ത് നിരന്ന് നിന്ന് ഭക്ഷണം വിളമ്പുന്നത് കണ്ടു. ആസ്വദിച്ച് കഴിക്കുന്നവർ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്നു. നൂറ് കൊല്ലം പഴക്കമുള്ള ഭോജന ശാലയാണെന്ന് ബോർഡിലുണ്ട്.
തണുത്ത കാറ്റ് വീശിയടിച്ചപ്പോൾ ജാക്കറ്റിട്ടിരുന്നെങ്കിലും ഞാൻ ഒന്ന് കിടുകിടുത്തു. ശിരോവസ്ത്രമണിഞ്ഞ ഏതാനും സ്ത്രീകളും കുട്ടികളും ഞങ്ങളെ കടന്നു പോയി. റോഡിൻ്റെ കുറുകെ കോട്ട പോലെ ബ്ലൂ മോസ്ക് നിൽക്കുന്നത് വീണ്ടും കാണുമ്പോഴേക്കും പാതയോരത്ത് കുടി പതിയെ വന്ന ഒരു നീളൻ ട്രാം കാഴ്ച മറച്ചു. നീലയും മഞ്ഞയും വർണ്ണത്തിലുള്ള കമ്പാർട്ട് മെൻ്റൂകൾ പതിയെ ഞങ്ങളെ കടന്ന് പോയി. കാഴ്ചയിൽ അവ ആധുനിക മെട്രോ ട്രെയിനുകൾ പോലെയുണ്ട്.
ട്രാം പോയതോടെ വീണ്ടും ഒരു കോട്ട പോലെ മോസ്ക് കാഴ്ചയിൽ വന്നു . അതിൻ്റെ കൂർത്ത മിനാരങ്ങൾ പുറപ്പെടാനായി നിൽക്കുന്ന റോക്കറ്റുകളെപ്പോലെ തോന്നിച്ചു.അതിനിടയിലൂടെ പറന്ന് വന്ന ഒരു കൂറ്റൻ പരുന്ത് ഒരു വിമാനം പറന്നിറങ്ങുന്നത് പോലെ ചിറക് നിവർത്തിയിറങ്ങി. നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ചത്വരത്തിൽ തലങ്ങും വിലങ്ങും ആൾക്കാർ നടക്കുന്നുണ്ട്. പതുക്കെയാണെന്ന് മാത്രം. കുട്ടികളെ പ്രാമുകളിലിരുത്തി തള്ളിക്കൊണ്ട് പോകുന്ന മാതാപിതാക്കളെയും വീൽ ചെയറിൽ സഞ്ചരിക്കുന്ന വൃദ്ധൻമാരെയും കണ്ടു. എല്ലാവരും സന്തോഷത്തിലാണ്. ചത്വരത്തിൽ വാഹനങ്ങളനുവദിക്കാത്തത് കൊണ്ട് അപകട സാധ്യതയുമില്ല.
വീതിയിൽ റോഡ് മുഴുവൻ നിറഞ്ഞു നിൽക്കുന്ന വെളുത്ത കല്ലു കൊണ്ടുള്ള കമാനത്തിൽ ആദ്യ പ്രസിഡണ്ട് അത്താതുർക്കിൻ്റെ ഛായാചിത്രം. അതിന് താഴെ ടർക്കിഷിൽ എന്തോ എഴുതിയിട്ടുണ്ട്. അതിനടിയിലൂടെ കടന്നു വരുമ്പോൾ നടപ്പാതയെ രണ്ടായി പകുത്ത് കൊണ്ട് കുറേ വലിയ സ്റ്റാൻഡുകളിൽ നിരത്തി വച്ചിട്ടുള്ള ഫോട്ടോകൾ ഇരുവശത്തും നടക്കുന്നവർക്ക് കാണാൻ പാകത്തിലാണ് വെച്ചിരിക്കുന്നത്. ഒരു തുറന്ന ആർട്ട് പ്രദർശനം കാണുന്നത് പോലെ ആൾക്കാർ അത് കണ്ടു കൊണ്ട് നടക്കുന്നു. ചരിത്ര സംഭവങ്ങൾ ആലേഖനം ചെയ്തിരിക്കുന്നതാണെന്ന് കണ്ട് നടന്നപ്പോൾ മനസിലായി ഇങ്ങോട്ട് വരുന്ന വഴിയിലെ മതിലുകളിൽ കിലോമീറ്റർ കണക്കിന് ഇത്തരം ചിത്രങ്ങളും എഴുത്തുകളും കണ്ടിരുന്നു.ചരിത്ര രേഖകളാണ് പല രീതിയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
കെട്ടിടങ്ങളായാലും ഓർമ്മകളായാലും അവർ അതിനെ നില നിർത്തുകയും പരിപാലിക്കുകയും ചെയ്യുന്നു എന്നത് ആഹ്ളാദജനകമായിരുന്നു. നമ്മുടെ നാട്ടിൽ ചരിത്ര സ്മാരകങ്ങളോട് പൊതുവേ അവഗണനയും അവജ്ഞയുമാണല്ലോ? ചില അപവാദങ്ങളില്ലെന്നല്ല. ചരിത്ര സംഭവങ്ങളാലേഖനം ചെയ്ത അസംഖ്യം ബോർഡുകൾ പിന്നിട്ട് ഞാൻ നടന്നു.
പൗരാണികമായ കെട്ടിടങ്ങളാണെവിടെ നോക്കിയാലും കാണുന്നത്. അതിന് മുമ്പിൽ റോഡിന് അതിരിലായി അസംഖ്യം മരങ്ങളും വെട്ടി നിർത്തിയ ചെടികളും ഭംഗിയിൽ പരിപാലിച്ചിരിക്കുന്നു.
മരങ്ങൾക്കും നടവഴിക്കുമിടയിൽ ഒരു കൊച്ച് ഐസ്ക്രീം കട കണ്ടു. പേര് 'ഒട്ടൊമൻ ഐസ്ക്രീം പാർലർ ' കടയുടെ അകത്ത് പൗരാണിക ചിത്രപ്പണികളുള്ള കോട്ടും അതിന് യോജിച്ച തൊപ്പിയും ധരിച്ച ആൾ ഒരു വളരെ നീണ്ട പിടിയുള്ള ചട്ടുകത്തിൻ്റെയറ്റം കൊണ്ട് മുന്നിലുള്ള വലിയ സ്റ്റീൽ ഡ്രമ്മിൽ നിന്ന് ഐസ്ക്രീമെടുത്ത് മുന്നിൽ ഒഴിഞ്ഞ സ്കൂപ്പ് പിടിച്ച് നിൽക്കുന്ന ആളിന് ഇട്ട് കൊടുക്കുന്നു. പക്ഷെ നീളൻ ചട്ടകത്തിൻ്റെ അറ്റത്ത് ഒട്ടിച്ച പോലെ അത് അയാളുടെ കയ്യിൽ നിന്ന് തട്ടിയെടുക്കുന്ന കടക്കാരൻ. എത്രയോ തവണ കൈ നീട്ടി മേടിക്കാൻ നോക്കി യിട്ടും ഒരു മാന്ത്രികൻ്റെ കര ചലനങ്ങളോടെ അയാൾ അത് തിരിച്ച് തട്ടിയെടുക്കുന്നു. ഒടുവിൽ ഒരു ചെറു ചിരിയോടെ മേടിക്കാൻ വന്നയാളിൻ്റെ കൈയിലെത്തുന്നത് പത്ത് തവണയെങ്കിലും കൊടുക്കുന്ന പോലെ കാണിച്ചതിന് ശേഷം മാത്രം. കണ്ട് നിന്നവർ ചിരിച്ചു വശം കെടും. വാങ്ങിക്കാൻ പോയ ഞങ്ങളും കിട്ടാൻ കുറെ പണിപ്പെട്ടു. എന്നാലും ആരും ദേഷ്യപ്പെട്ട് കണ്ടില്ല. ഐസ്കീം അൽപ്പം ഇലാസ്റ്റിക് ആണെങ്കിലും അസാധ്യ രുചിയാണ്. 'മരാസ് ഡോൻഡുർമ' എന്ന ടർക്കിഷ് ഐസ്ക്രീം ലോകത്തിലെ തന്നെ ഏറ്റവും നല്ലത് എന്നാണ് പറയപ്പെടുന്നത്. കടക്കാരൻ പറഞ്ഞത് സിദാൽ മൊഴി മാറ്റിത്തന്നു. 'പാലിൻ്റെ ഗുണമേന്മയും ക്രീം ഉണ്ടാക്കുന്ന ഊഷ്മാവുമാണ് പരമപ്രധാനം. ചേർക്കുന്ന ഓരോ അസംസ്കൃത വസ്തുവും രുചിയെ ബാധിക്കും. ഈ ഐസ് ക്രീമിലെ പഞ്ചസാരയും ബദാമും പിസ്തയുമൊക്കെ ഒന്നാന്തരമാണ്.' അയാളുടെ കുടുംബക്കാർക്ക് മാത്രമറിയുന്ന രുചിക്കൂട്ട് ഇവിടത്തെ ഉൽപ്പന്നത്തിനുപയോഗിക്കുന്നുവെന്നും പറഞ്ഞു. എന്തായാലും അൽപ്പം അഭ്യാസങ്ങൾക്ക് ശേഷം കിട്ടിയ കോൺ ഐസ് ക്രീം അത് വരെ കഴിച്ചിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായ രുചിയും ഗന്ധവും തന്നു. ഉൽപ്പാദകൻ്റെ അവകാശവാദങ്ങൾ സമ്മതിച്ചു കൊടുക്കാൻ തോന്നുന്നത്ര നന്ന്. അവിടെ നിന്നിറങ്ങി ഞങ്ങൾ വീണ്ടും ബ്ലൂ മോസ്കിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ ചില സിനിമകൾ മനസിലേക്ക് കയറി വന്നു.
ബെൻ അഫ്ളെക് സംവിധാനം ചെയ്ത് അഭിനയിച്ച 'ആർഗോ' എന്ന പ്രശസ്ത ഹോളിവുഡ് സിനിമയിൽ ഇറാനിൽ നടക്കുന്നതായി കാണിക്കുന്ന പല രംഗങ്ങളും സത്യത്തിൽ ഇസ്താൻബുളിൽ ഷൂട്ട് ചെയ്തതാണ്. ബ്ലൂ മോസ്കിൻെറയും ഹഗിയ സോഫിയയുടെയും മനോഹരമായ പല പുറം ഷോട്ടുകളുണ്ടതിൽ. അകത്തളങ്ങൾ കാണിക്കുന്നില്ല എന്നാണോർമ്മ.
അതുപോലെ സ്കൈ ഫോൾ എന്ന സിനിമയിൽ ജെയിംസ് ബോണ്ട് തൻ്റെ മക് ലാറൻ കാർ പായിക്കുന്നത് ഇസ്താൻബുളിലെ മേൽക്കൂരകൾക്ക് മുകളിൽക്കൂടിയാണ്. അഭിനയിക്കുന്നവരുടെ സുരക്ഷിതത്വത്തിനായി മേൽക്കൂരകൾ ബലപ്പെടുത്തേണ്ടി വന്നു എന്ന് മാത്രം.
ടേക്കൺ 2 എന്ന ലയാം നീസൺ ചിത്രത്തിലും ഇസ്താംബുളിലെ മോസ്കുകളും സ്പൈസ് മാർക്കറ്റും ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. മേൽക്കൂരകൾക്ക് മുകളിലൂടെയുള്ള നായകൻ്റെ ഓട്ടം ഉൾക്കിടിലത്തോടെയേ കാണാനാകൂ!
ഇതൊക്കെ ഓർത്തെടുക്കുമ്പോൾ അത്രയൊന്നും അകലെയല്ലാതെ ബ്ലൂ മോസ്കിലെ ഹൃദ്യമായ കാഴ്‌ചകൾ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.
തുടരും..


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story
Share it