രുചിയുടെ ഇടിവെട്ടും ഇസ്താംബുളിലെ ചാറ്റൽ മഴയും!

അത് സന്ധ്യക്ക് ഏഴ് മണി വരെ തുടർന്ന ചരിത്രത്തിലൂടെയുള്ള ഒരു നീണ്ട നടത്തമായിരുന്നു.

ഒടുവിൽ ഗ്രാൻറ് ബസാറെന്ന, ലോകത്തിലെ ഏറ്റവും പഴയ ഷോപ്പിങ് മാളിൽ നിന്ന് ഞാൻ കുറച്ച് ഉണക്കപ്പഴങ്ങൾ, ബദാം, ലൂയി വിറ്റൻ്റെ പേരുള്ള ഒരു ഹാൻഡ് ബാഗ്, ലോഹപ്പാത്രത്തിൽ ആലേഖനം ചെയ്ത ഹഗിയ സോഫിയ തുടങ്ങിയവ വാങ്ങി. പിന്നെ അതീവ രുചികരമായ പിസ്താ ബക്ലാവയും.
ശേഷം ഒമറിൻ്റെ സാരഥ്യത്തിൽ ഹോട്ടൽ ടൈറ്റാനിക്കിലേക്ക്.
'കാപ്രിയോ ' യെ റിസപ്ഷനിൽ കണ്ടില്ല. അയാളുടെ വിശ്രമ സമയമായിരിക്കണം.
ഞാൻ നല്ല തണുപ്പിൽ നേരെ മുറിയിൽ പോയി കിടന്നുറങ്ങി.
രാവിലെ ആറ് മണിക്കെഴുന്നേറ്റ് കെറ്റിലിൽ ഒരു കാപ്പിയുണ്ടാക്കി കർട്ടൻ മാറ്റി നോക്കുമ്പോൾ പുറത്ത് നേരിയ മഴ പെയ്യുന്നു. ഹോട്ടലിൻ്റെ ഏറ്റവും മുകൾ നിലയിലെ മുറിയിൽ നിന്ന്, നേർത്ത മഞ്ഞിൻ്റെ മൂടലിലൂടെ കാണുന്ന ഇസ്താംബുളിൻ്റെ ആകാശക്കാഴ്ച. സാധാരണ യൂറോപ്പിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തമായ കെട്ടിട മേലാപ്പുകൾ.
വാസ്തുകലയിലെ ഇസ്ലാമിക സ്വാധീനം നല്ലത്പോലെ കാണാം.
കുറച്ചു നേരം പാമുക്കിൻ്റെ ഇസ്താൻ ബുൾ മെമ്മറീസ് ആൻഡ് ദ സിറ്റി വായിച്ചിരുന്നു. കെറ്റിലിലുണ്ടാക്കിയ കടുപ്പമുള്ള ടർക്കിഷ് കാപ്പി വായനയുടെ ആസ്വാദ്യത കൂട്ടി.
ആത്മകഥാപരവും അഗാധമായ വിഷാദം നിറഞ്ഞു നിൽക്കുന്നതുമായ ഓർമ്മകളാണ് പുസ്തകമെന്ന് പറയാം.
ജെയിംസ് ജോയ്സിൻ്റെ ഡബ്ളിനും ബോർഹസിൻ്റെ ബ്യൂണസ് അയേഴ്സും പോലെ പാമുക്കിൻ്റെ ഇസ്താംബുൾ ഇടവും വൈകാരിതയും തമ്മിലുള്ള വിജയകരമായ ഏറ്റുമുട്ടലാകുന്നത് കാണാം. അത്യന്തം ഹൃദയസ്പർശിയായ മനോഹരമായ എഴുത്താണത്. വായനയിൽ മനസിൽ മഞ്ഞു പെയ്യുന്ന പോലെ തോന്നുന്ന ഒന്ന്.
ഒമ്പത് മണിക്ക് എന്നെ വിളിക്കാൻ സിദാലെത്തുമ്പോഴേക്ക് പ്രഭാത കൃത്യങ്ങൾ നടത്തി പ്രാതൽ കഴിച്ച് തയ്യാറായിരിക്കണം. അയാൾ എനിക്കായി കാത്തിരിക്കേണ്ടിവരരുതല്ലോ?
താമസിക്കുന്ന ഹോട്ടലിലെ പാക്കേജിൽ പ്രാതൽ ഉൾപ്പെട്ടിരുന്നില്ലാത്തത് കൊണ്ട് മഴ കൊള്ളാതിരിക്കാൻ ജാക്കറ്റിൻ്റെ ഹുഡ് എടുത്ത് തലയിലിട്ട് പതുക്കെ നടന്നു. അഞ്ചു മിനിറ്റ് നടന്നാൽ ഒരു ടർക്കിഷ് ഭോജന ശാലയുണ്ടെന്ന് റിസപ്ഷനിലിരിക്കുന്ന സ്ത്രീ പറഞ്ഞു തന്നു. സ്റ്റാർ ഹോട്ടലിലെ പ്രാതലിന് ലോകത്തെവിടെയും വിഭവങ്ങൾ ഏതാണ്ട് ഒന്ന് തന്നെയായിരിക്കുമെന്നതിനാൽ അത് ഒഴിവാക്കിയതാണ്. ടർക്കിയിലെ പ്രാദേശിക ഭക്ഷണമാണ് ലക്ഷ്യം.
ശീതക്കാറ്റ് വീശിയടിച്ച് ജാക്കറ്റും ഹുഡും മഴയിൽ കുതിരുന്നതിന് മുമ്പുതന്നെ റെസ്റ്ററൻ്റ് മുന്നിൽ കണ്ടു. തണുപ്പിൽ നിന്നും മഴയിൽ നിന്നും രക്ഷ നേടി ഞാനോടിക്കയറി. വലിയ തിരക്കില്ലാത്ത ഒരു വശത്തേക്ക് പോയിരുന്നു.
കട്ടൻ ചായയും പഞ്ചസാര ക്യൂബുകളും ഒരു ഗ്ലാസിൽ വെള്ളവും പരിചാരകൻ ആദ്യമേ കൊണ്ട് വെച്ചു. പ്രാതൽ ബുഫേയാണെന്നറിയിച്ചു.
പ്രാതലിനൊപ്പം ഇവർ ചായയാണത്രേ കുടിക്കുക.ഭാഗ്യമായി, കാപ്പിക്ക ഷായത്തിൽ നിന്ന് രക്ഷപ്പെട്ടല്ലോ?
മുപ്പത് ലിറ അഥവാ മുന്നൂറ് രൂപയാണ് പ്രാതൽ ബുഫേയ്ക്ക്. ഒട്ടം അധികമല്ലാത്തതിനാൽ അതെടുക്കാൻ തീരുമാനിച്ചു.
നീണ്ട മേശമേൽ വിഭവങ്ങൾനിരന്നിരിക്കുന്നത് കണ്ടു.
ഓരോ വിഭവത്തിൻ്റെയും പേര്, തൊട്ട് മുന്നിൽ എഴുതി വച്ചിട്ടുണ്ട്.
' കോർബാസി' മഞ്ഞ നിറത്തിലുള്ള സൂപ്പാണ്. പരിപ്പ് കാരറ്റും ഉള്ളിയും ചേർത്ത് മാംസ രസത്തിൽ വേവിച്ചത്. ചൂടോടെ കഴിച്ചപ്പോൾ നല്ല രുചി തോന്നി.
'മെനാമൻ'തക്കാളിയും മുട്ടയും പാപ്രിക്കയും സോസേജ് കഷണങ്ങും ഒക്കെ ചേർന്ന ഒരു എരിവുള്ള വിഭവമാണ്. തനിയെയോ റൊട്ടി കൂട്ടിയോ കഴിക്കാം.
'പിഡെ'കണ്ടാൽ ഒരു ചെറു വഞ്ചി പോലെയിരിക്കും.ഒരു നെടുനീളൻ റൊട്ടി പൊളിച്ച് അതിനുള്ളിൽ ചീസ്, തക്കാളി, കുരുമുളക് നനുത്തതായി അരിഞ്ഞു വേവിച്ച മാംസവും ചേർത്ത്മു കളിൽ ഒരു മുട്ട ബുൾസ് ഐ വെച്ചതിന്അ തീവ രുചിയാണ്.
അപ്പോഴേക്ക് വയർ നിറഞ്ഞു തുടങ്ങി.
പിന്നെ ബദാം, വാൽ നട്ട്, പിസ്ത, ബെറികൾ, ആപ്പിൾ, ചെറി ഇവ കൂടാതെ മറ്റു ചില പേരറിയാത്ത പഴങ്ങളുണ്ട്.
പല തരം റൊട്ടികളും ചീസുകളും തേനും പീനട്ട് ബട്ടറും ഹേസൽ നട്ട് ക്രീമും എന്ന്
വേണ്ട സാധനങ്ങൾ ഒരു വശത്ത്. ഒടുവിൽ പലതരം പഴച്ചാറുകൾ.
ചിലതൊക്കെ അൽപ്പം രുചി നോക്കി.
ഒടുവിൽ ചായ വേണ്ടെന്ന് വെച്ചു!
അൽപ നേരം അവിടെയിരുന്നെങ്കിലും മഴ വിട്ടിരുന്നില്ല. അപ്പോൾ സിദാലിൻ്റെ ഫോൺ വന്നു. സ്ഥലം പറഞ്ഞപ്പോൾ കാറിൽ വന്ന് വിളിച്ചു കൊള്ളാമെന്ന് പറഞ്ഞതാശ്വാസമായി.മഴയും മഞ്ഞും ഇനിയും കൊള്ളാതെ കഴിക്കാം.
അഞ്ച് മിനിട്ടിൽ ഒമറും സിദാലും കാറുമായെത്തിക്കഴിഞ്ഞു. ഞാൻ ചാടിക്കയറിയതും കാർ വിട്ടു.
മൂന്ന് മണിക്കൂറോളം യാത്രയുണ്ട്. നഗരത്തിലൂടെ ഒരു മണിക്കൂർ ഓടിക്കഴിഞ്ഞ് കാർ ഒരു ഹൈവേയിൽ തൊട്ടു. അതവരുടെ നിർമ്മാണ ശാലയിലേക്ക് പോകാനുള്ള വഴിയാണ്. ഒമർ, ഓഡി കാർ വിജനമായ വീഥിയിലൂടെ പായിക്കാൻ തുടങ്ങി. നൂറ്റി ഇരുപത് കിലോമീറ്റർ വേഗതയിൽ വഴിയോരക്കാഴ്ചകൾ കാണാൻ പറ്റാത്തതിൽ ഞാൻ അസ്വസ്ഥനായിത്തുടങ്ങി.
കാറിൻ്റെ വേഗം കുറയ്ക്കാൻ പറയാൻ ഞാൻ സിദാലിനോട് പറഞ്ഞു.
ക്ഷമ പറഞ്ഞു കൊണ്ട് അയാൾ ഒമറിനെ ശകാരിച്ചു.
ഇരുവശത്തും മനോഹരമായ വൃക്ഷങ്ങൾ നിരന്നു നിൽക്കുന്ന ഹൈവേയാണ് കടന്നു പോകുന്നത്.
മെഡിറ്ററേനിയൻ സൈപ്രസും പേഴ്സ്യൻ സിൽക്ക് മരവും സ്റ്റോൺ പൈനും ഓക്കും അടങ്ങിയ വിപുലമായ ശ്രേണിയിലെ വൃക്ഷങ്ങളാണ് ടർക്കിയിലെമ്പാടും.
മരങ്ങളിലെ പുറ്റുപോലെ തിങ്ങിയ പൂക്കൾ പിങ്കിലും മഞ്ഞയിലും റോസ് കളറിലും ഇടകലർന്നു നിന്നു.
ഒരു കുന്നു കയറി വണ്ടി ഓടിക്കൊണ്ടിരുന്നു.
മഞ്ഞിൻ്റെ നേർത്ത പുതപ്പ് ഞങ്ങളെ വലയം ചെയ്തു തുടങ്ങി. ഞാൻ ചില്ലുകൾ താഴ്ത്തി കൈ പുറത്തേക്കിട്ടു തണുപ്പ് ആസ്വദിച്ചു.
"നിങ്ങളുടെ നാട്ടിൽ എത്ര വരെ തണുപ്പ് താഴും? മഞ്ഞു വീഴ്ച ഏത് മാസത്തിലാണ്? സിദാൽ ചോദിക്കുകയാണ്.
"എൻ്റെ സുഹൃത്തേ ഞങ്ങൾക്ക് പെരു മഴയും കടും വെയിലും എന്ന രണ്ടു കാലാവസ്ഥകൾ മാത്രമേയുള്ളൂ" എന്ന എൻ്റെ മറുപടി സിദാലിനെ രസിപ്പിച്ചു. സത്യവും അതാണല്ലോ?
ഒമർ വണ്ടി ഒരിടത്ത് നിർത്തി കാറിൽ നിന്നിറങ്ങി സിഗരറ്റ് കൊളുത്തി. എനിക്കും സിദാലിനും ഓഫർ ചെയ്തു.
വേണ്ട, പകരം ഒരു കാപ്പി കുടിക്കാമെന്ന് സിദാൽ പറഞ്ഞു. കാർ സ്റ്റാർട്ടാക്കി ഒമർ അടുത്ത ജംഗ്ഷനിലെ ഒരു കഫേയിൽ കാർ നിർത്തി.
ഒരു ആജാനു ബാഹുവായ മനുഷ്യൻ ഞങ്ങൾക്ക് ചെറു കപ്പുകളിൽ കാപ്പിയും പാലും പഞ്ചസാര ക്യൂബുകളും വിളമ്പി.
കൂടെ എള്ള് വിതറിയ മുറുക്ക് പോലെയുള്ള സിമിറ്റ് തന്നു.
അത് കാപ്പിയുടെ കൂടെ ഒരു നല്ല സ്നാക് ആയിരുന്നു. വി.കെ.എൻ പറഞ്ഞത് പോലെ കുറച്ചെണ്ണം ഞങ്ങൾ കാപ്പി ക്കൊപ്പം ചെലുത്തി.
ഇസ്താംബുളിലെ തെരുവുകളിൽ ഈ പലഹാരം ഒരു കമ്പിൽക്കോർത്ത് വിൽപ്പനക്കാർ കാറിനരികിൽ വന്നതോർമ്മ വന്നു.
"ഇത് ഞങ്ങൾ ദിവസത്തിൻ്റെ ഏത് സമയത്തും കഴിക്കും" സിദാൽ അവകാ ശപ്പെട്ടു.
തന്തുനി എന്ന് പേരുള്ള മറ്റൊരു പലഹാരം നമ്മുടെ കൊൽക്കത്തയിലെ കാത്തി റോൾ തന്നെയെന്ന് തോന്നി.
ടോർത്തിലയുടെ ഉള്ളിൽ മാംസവും തക്കാളിയും പാപ്രിക്കയും സുഗന്ധ വ്യഞ്ജനങ്ങളും നിറച്ചിരിക്കുന്നു.
വയർ നിറഞ്ഞിരുന്നത് കൊണ്ട് അത് ഞങ്ങൾ തൊട്ടില്ല.
ഒമർ അത് നാലഞ്ചെണ്ണം പൊതിഞ്ഞ് വാങ്ങി, കാറിലിരുന്ന് കഴിക്കാമെന്ന് പറഞ്ഞു.
ഒട്ടും മുഷിയില്ലെന്ന് ഞാനും. ഇനിയും രണ്ട് മണിക്കൂർ യാത്രയുണ്ടല്ലോ?
മുകളിലേക്ക് പോകം തോറും തണുപ്പേറി വന്നു. ജനൽച്ചില്ലയർത്തി ഞാൻ പതിയെ സീറ്റിൽ ചാരി കണ്ണടച്ചു.

തുടരും...


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it