ദി ഫ്രഞ്ച് കണക്ഷൻ

സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ഫ്രാന്‍സിലെ ജോന്‍ ഒഫ് ആര്‍ക്കും, നൊസ്ട്രദാമസും നെപ്പോളിയനും വോള്‍ട്ടയറും വിക്ടര്‍ ഹ്യൂഗോയും കൂടെയുണ്ടായിരുന്നു. കോളജില്‍ വെച്ച് ജീന്‍ പോള്‍ സാര്‍ത്രിനെ പേടിച്ചാണേലും വായിച്ചു. ബ്രിജിത്ത് ബാര്‍ദോയെ പ്രണയിച്ചു. സിനദന്‍ സെദാന്‍ ഹരമായി. ചാള്‍സ് ദെ ഗള്‍ താരമായി.മുതിര്‍ന്നപ്പോള്‍ കാബര്‍നെററ് വൈന്‍ ആസ്വദിച്ചു.

കല്യാണം കഴിഞ്ഞപ്പോള്‍ ലൂയി വിറ്റണ്‍ തേടിപ്പോയി. വിദേശയാത്ര പോയപ്പോള്‍ കുര്‍വേസിയേ മൊത്തി. ഫ്രഞ്ച് നവസിനിമകള്‍ ഇഷ്ടമായിരുന്നു.
അങ്ങനെ ഫ്രാന്‍സുമായി പണ്ടേ ബന്ധമുണ്ടായിരുന്നു!
സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിയപ്പോള്‍ ഓന്‍ഡുലീന്‍ എസ്.എ
എന്ന പ്രകൃതി സൗഹൃദ മേല്‍ക്കൂര നിര്‍മ്മിക്കുന്ന ഫ്രഞ്ചുകമ്പനിയുമായി ബന്ധമുണ്ടായി. ഉപയോഗിച്ച് വലിച്ചെറിയുന്ന ഹാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ച് റൂഫിംഗ് ഷീറ്റുണ്ടാക്കുന്ന, ലോകത്തിന്റെ കാര്‍ബണ്‍ ഫുട്പ്രിന്റ് എത്രയോ കുറയ്ക്കുന്ന ഒരു ഫ്രഞ്ചു സ്ഥാപനം. 70 വര്‍ഷത്തെ പാരമ്പര്യവും 100 രാജ്യങ്ങളില്‍ വിപണനവും വിവിധ രാജ്യങ്ങളില്‍ ഉല്‍പ്പാദനവും. 2004 ലെ സുനാമി കഴിഞ്ഞ സമയത്ത് ഇന്‍ഡോനേഷ്യന്‍ പ്രസിഡണ്ട് അഭിനന്ദന സര്‍ട്ടിഫിക്കറ്റ് കൊടുത്ത കമ്പനി. തകര്‍ന്നു പോയ അവരുടെ ജനതയ്ക്ക് വേണ്ടി ചെയ്ത
സേവനത്തിന്. അങ്ങനെ ഏറെ നല്ലതു പറയാനുള്ള ഒരു സ്ഥാപനം.
ഇഷ്ടപ്പെട്ട ഉല്‍പ്പന്നം ആയതു കൊണ്ടും കമ്പനിയുടെ കണ്‍ട്രി ഹെഡ് പ്രശാന്തുമായുള്ള സൗഹൃദം കൊണ്ടും നന്നായി ബിസിനസ് ചെയ്തു. ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ ഫ്രാന്‍സിലേക്ക് ക്ഷണം വന്നു. ഈ കമ്പനിയുടെ ഇന്ത്യന്‍ നായകന്‍ പ്രശാന്ത് ഗോപാലകൃഷ്ണന്‍ പച്ചമലയാളി. കൊല്ലം കാരന്‍ സഹൃദയന്‍. അനന്തപുരിയില്‍ എഞ്ചിനീയറിംഗ് പഠിച്ചു. മാനേജ്‌മെന്റ് XLRl ജംഷഡ്പ്പൂര്‍ നിന്ന് ഗോള്‍ഡ് മെഡലോടെ. മിടുമിടുക്കന്‍.
ഇതൊക്കെയാണെങ്കിലും അയാള്‍ക്ക് മനുഷ്യപ്പറ്റുണ്ട്!!! പല കോര്‍പ്പറേറ്റ് കോന്തന്മാര്‍ക്കും അതില്ലല്ലോ? ആരെക്കൊന്നാലും അവരുടെ കാര്യം നടക്കണം. എന്നിട്ട് അതാണ് പ്രൊഫഷണലിസം എന്നു പറഞ്ഞ് ഞെളിഞ്ഞു നില്‍ക്കും. ഞാന്‍
എത്രയെണ്ണത്തിനെക്കണ്ടിരിക്കുന്നു. ഇപ്പോഴും കാണുന്നു.
2009 ല്‍ ഒരു ബോംബെ എക്‌സിബിഷന് ഞാന്‍ പ്രശാന്തിനെ ഓന്‍ഡുലീന്‍ ബൂത്തില്‍ വെച്ച് കണ്ടു മുട്ടി. സോള്‍ട്ട് ആന്റ് പെപ്പറില്‍ ലാല്‍ ബാബുരാജിനോട് ചോദിച്ച പോലെ വരുന്നോന്ന് ചോദിച്ചു. മൂന്നാം ദിവസം പ്രശാന്ത് എന്റെ കൊച്ചി ഓഫീസില്‍ വന്നു. ഞങ്ങള്‍ തുറന്ന് സംസാരിച്ചു.അങ്ങനെ അടുത്ത ദിവസം കേരളത്തില്‍ കമ്പനിയുടെ ഉല്‍പ്പന്ന വിപണനം തുടങ്ങി! ഓന്‍ഡുലിന്‍ വില്‍പ്പനയില്‍ കേരളം അടുത്ത വര്‍ഷം ഇന്ത്യയില്‍ ഒന്നാമതെത്തി!
അങ്ങനെയാണ് എനിക്ക് ഫ്രാന്‍സിലേക്ക് പ്രവേശനം കിട്ടിയത്.
പ്രശാന്താണ് അതിന്റെ സൂത്രധാരന്‍.
ഞാനും അയാളും കേരളം മുഴുവന്‍ ഇതിന്റെ പ്രചാരണത്തിന് വണ്ടി ഓടിച്ചു പോയിട്ടുണ്ട്. ചുമ്മാ വര്‍ത്തമാനം പറഞ്ഞ് പറഞ്ഞ് യാത്ര. രണ്ടു പേര്‍ക്കും അനുഭവങ്ങള്‍ ഒരു പാടുണ്ട് പങ്കു വെക്കാന്‍.
ഒരിക്കല്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു മീറ്റിംഗിനു തിരുവനന്തപുരത്തു പോകുമ്പോള്‍ കൊല്ലത്തു ഹൈവേയില്‍ തോക്കും ലാത്തിയുമായി പോലീസ് പ്രളയം! ആവേശത്തില്‍
ഞങ്ങളോര്‍ത്തില്ല അന്നു പോലീസ് മദനിയെ അറസ്റ്റ് ചെയ്യുന്ന ദിവസമായിരുന്നെന്ന്. എന്തായാലും എന്നത്തെയും പോലെ അന്നും തടിയൂരിക്കിട്ടി. അതു പോലെ എത്രയെത്ര യാത്രകള്‍. ഞാന്‍ ബാംഗ്‌ളൂര്‍ പോവുന്നെങ്കില്‍ ഒരു മീല്‍സ് അല്ലെങ്കില്‍ ഒരു കാപ്പി ഒരുമിച്ച് ...
കുറെ പേപ്പര്‍ വര്‍ക്കും കടമ്പകളും ഒക്കെ കടക്കണമല്ലോ ഷെങ്കന്‍ വിസ കിട്ടാന്‍. യൂറോ സായിപ്പിന്റെ വിചാരം ലോക ജനത മുഴുവന്‍ യൂറോപ്പില്‍ കുടിയേറാന്‍ വിചാരിച്ചാണ് അങ്ങോട്ട് യാത്ര പോകുന്നതെന്നാണ്. ഇതിന്
ഇരുപത് കൊല്ലം മുമ്പ് വിശാലമായ കാനഡയില്‍ സെറ്റില്‍ ചെയ്യാന്‍ പറഞ്ഞ് ഒണ്ടേറിയോയില്‍ സെനറ്റര്‍ വരെ ആയിരുന്ന പുഷ്പന്‍ ചേട്ടന്‍ വിളിച്ചിട്ട് പോയില്ല. പിന്നെയല്ലേ ഈ പീക്കിരി ഫ്രാന്‍സില്‍ ! ഏതായാലും കൊറോണക്കുഞ്ഞ് ഇപ്പോ എല്ലാം മനസ്സിലാക്കിക്കൊടുത്തു. ഒരാള്‍ക്കും ഇപ്പോ യൂറോപ്പില്‍ പോവണ്ട!
അതു നില്‍ക്കട്ടെ.
എന്നെ ക്ഷണിക്കുന്നത് ഫ്രഞ്ച് കമ്പനിയായതു കൊണ്ടും പ്രശാന്തിന്റെ കാര്യപ്രാപ്തി കൊണ്ടും കാര്യമൊക്കെ ഉഷാറായി നടന്നു.
ഖത്തര്‍ എയര്‍ വെയ്‌സിന്റെ ദോഹ വഴിയുള്ള വിമാനത്തില്‍ യാത്ര. പ്രശാന്തും കൂടെയുണ്ട്. ദോഹയില്‍ കണക്ഷന്‍ സമയം തീരെ കുറവായതു കൊണ്ട് ഞങ്ങള്‍ക്ക് ഓടിക്കേറേണ്ടി വന്നു. വണ്ടി വിട്ടു പോയാലോ?

തുടര്‍ന്നുള്ള സംഭവകഥകള്‍ അടുത്ത ലക്കത്തില്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it