ബെന്‍സ് ബസിലെ ബിയര്‍ കച്ചവടവും ഓട്ടോബാനിലെ സുന്ദരക്കാഴ്ചയും
അന്നത്തെ പ്രഭാത ഭക്ഷണം ഞങ്ങള്‍ക്ക് ഹോട്ടലിന്റെ വകയായിരുന്നു. ബ്രഡ് റോള്‍സ്, സോസേജസ്, ചീസ് കലര്‍ന്ന ഓംലറ്റ്, ബേക്കണ്‍ തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. മുറി ഒഴിഞ്ഞ് ഞങ്ങള്‍ പാര്‍ക്കിങ് ഏരിയയിലേക്ക് നടന്നു. ഞങ്ങള്‍ക്ക് ഹനോവറിലേക്ക് പോകാന്‍ മെര്‍സിഡസ് ബെന്‍സിന്റെ ഒരു ആഢംബര ബസ് കിടപ്പുണ്ടായിരുന്നു.
ബസിന്റെ അകവും പുറവും അത്യാകര്‍ഷകം തന്നെ. ഞങ്ങളുടെ അവിടുത്തെ ടൂര്‍ കമ്പനി ഏര്‍പ്പാട് ചെയ്തിരിക്കുന്നതാണ്. ഒരു അമ്പത് വയസ്സിനു മേല്‍ പ്രായം തോന്നിക്കുന്ന ജീന്‍സും ടീ ഷര്‍ട്ടുമിട്ട ഒരു ജര്‍മ്മന്‍കാരനാണ് സാരഥി. ഒരു പട്ടാളക്കാരന്റെ ഭാവഹാവാദികള്‍ ഉള്ള ആളുടെ തലമുടി പറ്റെ വെട്ടിയിട്ടുണ്ട്. ബസില്‍ കയറാന്‍ വരുന്ന എല്ലാവരോടും അയാള്‍ ഗൗരവത്തില്‍ത്തന്നെ Guten Morgen(Good morning)പറയുന്നുണ്ട്.
പല രാജ്യങ്ങളില്‍ നിന്ന് ഹനോവര്‍ ഫെയറിന് പോകുന്ന ആള്‍ക്കാര്‍ മാത്രമാണ് ബസില്‍ കയറുന്നത്. ജോലിക്കാരനായി ആകെ ബസിലുള്ളത് സാരഥി മാത്രം. ബസില്‍ കയറാന്‍ വരുന്ന ആള്‍ക്കാരുടെ പെട്ടികള്‍ വാങ്ങി ഇരിപ്പിടങ്ങള്‍ക്ക് താഴെയുള്ള കമ്പാര്‍ട്ട്‌മെന്റില്‍ ഭദ്രമായി വെക്കുന്നതും അതിന് രശീത് കൊടുക്കുന്നതുമൊക്കെ അയാള്‍ തന്നെ.
ചെറുതണുപ്പാസ്വദിച്ച് ബസിന് പുറത്ത് നില്‍ക്കുമ്പോള്‍ കാണുന്നത് നാല് വലിയ പെട്ടികള്‍ അയാള്‍ വണ്ടിയില്‍ കയറ്റുന്നതാണ്.
പെട്ടിയുടെ പുറത്തുള്ള 'ബെര്‍ളിനെര്‍' ബിയര്‍ ലോഗോ വ്യക്തമായിരുന്നു!
ഇയാള്‍ അടിച്ച് പൂസായി വണ്ടി ഓടിക്കുന്നത് ഞാന്‍ ഭാവനയില്‍ കണ്ടു. ഇവിടെ ഇതൊക്കെ അനുവദനീയമായിരിക്കും എന്ന് തമാശയ്ക്ക് വിചാരിച്ചു. എന്നാല്‍ പിന്നെക്കാണുന്നത് അയാള്‍ ഓരോ യൂറോ വാങ്ങിച്ചിട്ട് ബസിലിരിക്കുന്ന യാത്രക്കാര്‍ക്ക് ടിന്‍ ബിയര്‍ കൊടുക്കുന്നതാണ്. പകുതിയോളം പേര്‍ വാങ്ങിച്ചു കയ്യില്‍ വെച്ചു. ഞങ്ങളും ഓരോന്ന് വാങ്ങി. വെള്ളത്തിന്റെ വിലയ്ക്ക് ബിയര്‍ കൊടുത്താലും പകുതി അയാള്‍ക്ക് ലാഭമാണ്. ശരിക്കും അതിന് അര യൂറോയെ അയാള്‍ക്ക് ചെലവുള്ളൂ. ഒരു രണ്ടാം വരുമാനം അയാള്‍ കണ്ടെത്തിയിരിക്കുന്നു.
ആലോചിച്ചപ്പോള്‍ തമാശയായി തോന്നിയത് കേരളത്തിലാണെങ്കില്‍ എക്‌സൈസ് വിഭാഗം അയാളെ അപ്പോള്‍ പൊക്കി മയക്ക് മരുന്ന് കച്ചവടക്കാരനെപ്പോലെ കണക്കാക്കി അടിയും കൊടുത്ത് ജയിലിട്ടിട്ടുണ്ടാവും. അന്തിചാനല്‍ ചര്‍ച്ചയില്‍ കള്ളുവകുപ്പ് മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷം പറയും. പാവം ബസ് യാത്രക്കാരെ മദ്യപിപ്പിച്ച് നശിപ്പിക്കുന്ന ദുഷ്ടാത്മാവായി അയാളെ മുദ്രകുത്തി കഴുതപ്പുറത്തിരുത്തി നാട് കടത്താനും മതി.
നമ്മുടെ കാലഹരണപ്പെട്ട അബ്കാരി നിയമവും കപട സദാചാരവും നിഗൂഢ സംസ്‌കാരവും അത്രമേല്‍ ഭീകരമാണല്ലോ? എന്തായാലും ഒരു റൗണ്ട് ബിയര്‍ വിതരണം കഴിഞ്ഞ് സാരഥി സ്വന്തം സീറ്റിലെത്തി മെഗാ ഫോണിലൂടെ ഫിന്‍ എന്ന് സ്വയം പരിചയപ്പെടുത്തി.
അയാള്‍ വിഷമിച്ച് ഇംഗ്‌ളീഷ് പറഞ്ഞൊപ്പിക്കുന്നുണ്ട്. ഹനോവറിലേക്ക് മുന്നൂറ്റമ്പത് കി.മീറ്റര്‍ ദൂരവും മൂന്നര മണിക്കൂര്‍ സമയവുമാണ് ഫിന്‍ പറഞ്ഞത്. അങ്ങനെ ബസ് പുറപ്പെട്ടു.
ഫ്രാങ്ക് ഫര്‍ട്ടിന്റെ മനോഹരമായ തെരുവുകളും കെട്ടിടങ്ങളും പിന്നിട്ട് ബസ് (Autobahn)ഓട്ടോബാനിലേക്ക് കയറി. ഹിറ്റ്‌ലറുടെ കാലത്ത് തുടങ്ങിയ സ്വപ്ന പദ്ധതിയാണ് ജര്‍മ്മന്‍ ഹൈവേ ശൃംഖലയായ ഓട്ടോ ബാന്‍. മുപ്പതുകളില്‍ തുടങ്ങിയ അതിപ്പോള്‍ ഒരത്ഭുതമായി വികസിച്ചിരിക്കുന്നു. പതിമൂവായിരത്തില്‍പ്പരം കിലോമീറ്ററുകള്‍ നീണ്ട് കിടക്കുന്ന ഓട്ടോബാനില്‍ ഏറിയ ഇടങ്ങളിലും വേഗനിയന്ത്രണങ്ങളില്ല. എന്നിരുന്നാലും അപകട നിരക്ക് ജര്‍മ്മനിയിലെ നഗര, ഗ്രാമങ്ങളെക്കാള്‍ കുറവാണ്.
കറുത്ത മിനുത്ത റോഡ് ബസിന് മുന്നില്‍ നീണ്ട് നിവര്‍ന്നു കിടക്കുന്ന കാഴ്ച തന്നെ ഹൃദ്യമായിരുന്നു. വണ്ടി മണിക്കൂറില്‍ ഏതാണ്ട് നൂറ് നൂറ്റിയിരുപത് കിലോമീറ്റര്‍ വേഗതയിലാണെങ്കിലും വേഗത അറിയുന്നതേയില്ല. കാഴ്ചകള്‍ ആസ്വദിക്കാനാണ് ഇനിയും വേഗത കൂട്ടാത്തതെന്ന് ഫിന്‍ ഇടയ്ക്ക് മെഗാഫോണില്‍ പറഞ്ഞത് കേട്ടു. പോഷെ പോലുള്ള കാറുകള്‍ മണിക്കൂറില്‍ 250 കി.മീറ്റര്‍ വേഗത്തില്‍ വരെയൊക്കെ പോകാറുണ്ടത്രേ! ഓര്‍ത്തിട്ട് തന്നെ ഞെട്ടലുണ്ടായി.
എന്നാല്‍ കോണ്‍ക്രീറ്റ് മൂന്നടി ആഴത്തില്‍ പല അടരുകളായി പണിത് മുകളില്‍ വേണ്ടത്ര കനത്തില്‍ ടാര്‍ ചെയ്തിട്ടുള്ള റോഡിന്അ തൊന്നും പ്രശ്‌നമേയല്ല. നമ്മുടെ നാട്ടിലേത് പോലെ അഴിമതി കലര്‍ത്തിയ കാര്‍പ്പറ്റ് കനത്തിലെ ടാറിങ് അല്ല. ഓട്ടോ ബാനിലുടേയുളള വണ്ടി ഓടിക്കല്‍ ഒരു വിനോദ സഞ്ചാര പ്രവര്‍ത്തനമായി നടത്തുന്ന ഏജന്‍സികളുണ്ട് ഇവിടെ. മാന്യമായ വണ്ടിയോടിക്കല്‍ ഹൈവേയില്‍ ഒരു കലയും സംസ്‌കാരവുമാവുന്ന കാഴ്ച.
ബസ് പോയിക്കൊണ്ടിരിക്കെ ഇരു വശങ്ങളിലും കണ്ണെത്താദൂരത്തില്‍ വലിയ ഗോതമ്പുപാടങ്ങള്‍ പരന്നു കിടക്കുന്നത് കണ്ടു. ചിലയിടങ്ങളില്‍ ആരോഗ്യമുള്ള കുതിരകളും വലിയ കൊയ്ത്ത് യന്ത്രങ്ങളും കണ്ടു. മനുഷ്യരെ മാത്രം കൃഷിയിടങ്ങളില്‍ കണ്ടില്ല.
കൂറ്റന്‍ ഫാം ഹൗസുകള്‍ മിക്കവയും പൂര്‍ണ്ണമായും തടികൊണ്ടുള്ളവയാണ്. ജര്‍മ്മനിയുടെ കാര്‍ഷിക വിളകളില്‍ പ്രധാനം ഗോതമ്പും ബാര്‍ളിയും റൈയും പഞ്ചസാരക്കിഴങ്ങുമാണ്. അവയില്‍ ലോകത്തില്‍ത്തന്നെ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ജര്‍മ്മനിയുണ്ട്. ചിലയിടങ്ങളില്‍ പഴങ്ങളും പച്ചക്കറികളും മുന്തിരിയും സമൃദ്ധമാണ്. പാലും പന്നിയിറച്ചിയും മാട്ടിറച്ചിയും ഉല്‍പ്പാദനത്തില്‍ യൂറോപ്പിലെ തന്നെ ആദ്യസ്ഥാനക്കാരാണ് ജര്‍മ്മനി.
ഹൈവേയില്‍ നിന്ന് ഓരോ ടൗണിലേക്കും Eingang und Ausgang (എന്‍ട്രി - എക്‌സിറ്റ്) ബോര്‍ഡുകള്‍ കൊടുത്തിട്ടുണ്ട്.
അതിലേ മാത്രമേ ടൗണുകളില്‍ പ്രവേശിക്കാനും പുറത്ത് പോകാനും പറ്റുകയുള്ളൂ. ബസ് ഇടയ്ക്ക് ഹൈവേയില്‍ ത്തന്നെ ഒരിടത്ത് കാപ്പിയും ലഘു ഭക്ഷണവും കിട്ടുന്നയിടത്ത് നിര്‍ത്തി. അവിടെ ഒന്നില്‍ കൂടുതല്‍ വാഷ് റൂമുകളുമുണ്ട്. പലരും സാരഥി ഫിന്‍ കൊടുത്ത 'ലഘു പാനീയ'മടിച്ച് മയക്കത്തിലാണ്. ഞങ്ങള്‍ വലിപ്പം കൂടിയ ഓരോ ഹാംബര്‍ഗര്‍ വാങ്ങിക്കഴിച്ചു. ഇനി ഉച്ചഭക്ഷണം വേറെ വേണ്ടെന്ന് തോന്നി.
ഭക്ഷണ വൈവിധ്യം കഷ്ടിയാണ് ജര്‍മ്മനിയില്‍ എന്ന സത്യം മനസിലായി. പല തരത്തിലും വലിപ്പത്തിലുമുള്ള റൊട്ടിയാണ് മുഖ്യ ആഹാരവസ്തു. ഭാരതത്തിലെ എന്തിന് കേരളത്തിലെത്തന്നെ നമ്മുടെ ഭക്ഷണ വൈവിധ്യത്തിന്റെ മുമ്പില്‍ പൊതുവെ യൂറോപ്പ് തല കുനിക്കേണ്ടി വരും.
മാത്രമല്ല ആരോഗ്യപരമായും ഒട്ടും മെച്ചമല്ല ജര്‍മ്മന്‍ ഭക്ഷണം എന്ന് തോന്നി. ഇറച്ചിയും വെണ്ണയും മൊരിച്ച റൊട്ടിയുമൊക്കെയാണ് എല്ലാ നേരവും അവര്‍ കഴിക്കുന്നത്. അതിനകമ്പടിയായി വെള്ളം പോലെ ബിയറും കുടിക്കും. ഞങ്ങള്‍ ഹാംബര്‍ഗര്‍ തിന്ന് ഓരോ കാപ്പിയും കുടിച്ചു, കയ്യിലുള്ള കുപ്പിയില്‍ വാഷ്‌ബേസിനില്‍ നിന്നും കുടിവെള്ളം നിറച്ചു.
മിക്കവാറും വാഷ് ബേസിന്‍ ടാപ്പുകളില്‍ എഴുതിവെച്ചിട്ടുള്ള കാര്യം അതില്‍ നിന്നുള്ള വെള്ളം നേരിട്ട് കുടിക്കാമെന്നാണ്! വെള്ളം എന്നാല്‍ ശുദ്ധജലം എന്നും പറയാം. ഭാരതത്തില്‍ ചിന്തിക്കാന്‍ കൂടി പറ്റാത്ത കാര്യം.
ഫിന്‍ തിരിച്ച് ബസില്‍ കയറി മെഗാഫോണിലൂടെ പ്രഖ്യാപിച്ചു, ഏകദേശം ഒന്നര മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ ഹനോവറിലെത്തും. അവിടെയാണ് ഞങ്ങള്‍ക്ക് കാണേണ്ട പ്രദര്‍ശനം 'ഹനോവര്‍ ഫെയര്‍' അരങ്ങേറുന്നത്. വിസ്തൃതിയുടെ കാര്യത്തില്‍ ഹനോവര്‍ ജര്‍മ്മനിയിലെ ഒരു വലിയ നഗരമാണ്. ഇരുനൂറ് സ്‌ക്വയര്‍ കിലോമീറ്ററില്‍ ജനസംഖ്യ അഞ്ചു ലക്ഷമേയുള്ളുവെന്നു മാത്രം. നമ്മുടെ കോഴിക്കോടിന്റെ ഇരട്ടി വലിപ്പം പക്ഷെ ജനസംഖ്യ അതിനൊപ്പമേയുള്ളൂ.
തുടരും