ആ ചരിത്ര സ്മാരകം തേടി

ബെന്‍സ് മ്യൂസിയത്തില്‍ നിന്നിറങ്ങിയപ്പോള്‍ വൈകുന്നേരമായിരുന്നു...

പിറ്റേ ദിവസം ജര്‍മ്മനിയുടെ തലസ്ഥാനമായ ബെര്‍ലിനില്‍ പോകണം. ഞങ്ങള്‍ക്കവിടെ ബിസിനസ് സംബന്ധമായൊന്നുമില്ല. അഞ്ച് മണിക്കൂര്‍ ട്രെയിന്‍ യാത്രയുണ്ട് ഇവിടെ നിന്നും ബെര്‍ലിനിലേക്ക് എന്നാലും ജര്‍മനിയില്‍ വന്നിട്ട് ബെര്‍ലിന്‍ കാണാതെ പോവരുതല്ലോ?

ചരിത്രപ്രാധാന്യമുള്ള അവിടുത്തെ തെരുവുകളുടെ വശ്യതയും ശാന്തതയും സൗന്ദര്യവും പലയിടത്തു വായിച്ചിട്ടുണ്ട്. എത്രയോ സിനിമകളില്‍ കണ്ടിട്ട് മനസ്സോട് ചേര്‍ത്തിട്ടുണ്ട്. അവയില്‍ ചിലതില്‍ക്കൂടിയെങ്കിലും ആവുന്നത്ര നടക്കണം.അത്രമാത്രം!

ബെര്‍ലിന്‍ സ്വന്തം പേരിനോട് ചേര്‍ത്തു വച്ച ഒരു മലയാളിയുണ്ട്. ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എന്നറിയപ്പെടുന്ന കണ്ണൂര്‍കാരന്‍. ബെര്‍ലിന്‍ കിഴക്കന്‍ ജര്‍മ്മനിയുടെ ഭാഗമായിരുന്നപ്പോള്‍ പതിറ്റാണ്ടുകള്‍ അവിടെ താമസിച്ച് പത്രപ്രവര്‍ത്തനം നടത്തിയ ആള്‍. ബെര്‍ലിന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം എനിക്കദ്ദേഹത്തെ ഓര്‍മ്മ വരും!

ആയിരത്തി തൊള്ളായിരത്തി എണ്‍ പത്തൊമ്പതില്‍ ബെര്‍ലിന്‍ മതില്‍ തകര്‍ന്നു വീഴുന്നത് വരെ ജര്‍മ്മനിയെ അത് രണ്ടായി പകുത്തു. ഭൗതികമായും പ്രത്യയശാസ്ത്രപരമായും ജനങ്ങളെ അത് രണ്ടാക്കി അകറ്റി നിര്‍ത്തിയ ഒരു കാലമുണ്ടായിരുന്നു.

ഇരുപത്തേഴ് മൈല്‍ നീളത്തില്‍ മുള്ള്കമ്പികളാല്‍ അലംകൃതമായി അക്രമികളായ നായകളുടെ കാവലില്‍ അമ്പതിനായിരത്തോളം മൈനുകളാല്‍ ചുറ്റപ്പെട്ട് അതങ്ങനെ 30 വര്‍ഷത്തോളം നില നിന്നു. 'ശീതയുദ്ധത്തിന്റെ ഭാഗമായി ഉണ്ടായ ഒരു വിഭജന രേഖ'' എന്ന് വേണമെങ്കില്‍ പറയാം. ഇപ്പോഴതിന്റെ ചെറിയ അവശിഷ്ടങ്ങള്‍ മാത്രമേയുള്ളൂ!
ആയിടെ ഫിലിം ഫെസ്റ്റിവലില്‍ കണ്ട 'ഗുഡ്‌ബൈ ലെനിന്‍' എന്ന സന്തോഷ സന്താപ മിശ്ര സിനിമ ഓര്‍മ്മ വന്നു. ഒരു വര്‍ഷത്തോളം കോമയില്‍ കിടന്ന കമ്യൂണിസ്റ്റുകാരി അമ്മ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ ബര്‍ലിന്‍ മതില്‍ ഇല്ലാതായി എന്നത് അമ്മയില്‍ നിന്ന് മറച്ച് വെയ്ക്കാന്‍ പാട് പെടുന്ന മകന്റെ കഥ പറയുന്ന സിനിമ. കമ്യൂണിസത്തിന്റെ തകര്‍ച്ച അവരെ മാനസ്സികമായി തകര്‍ത്തു കളയും എന്ന് മകനറിയാം.

ഞാന്‍ കുറേയേറെ പുറം കാഴ്ചകള്‍ കണ്ട് അല്‍പ്പം വായിച്ച് പിന്നെ ഉറങ്ങി. ട്രെയിന്‍ ബെര്‍ലിന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ സമയം ഉച്ചകഴിഞ്ഞ് ഒരു മണി.
ഒരു കൂറ്റന്‍ റെയില്‍വേ സ്‌റ്റേഷനാണ്(Berlin Hauptbahnhof) ബെര്‍ലിനിലേത്. എല്ലാ ദീര്‍ഘദൂര ട്രെയിനുകളുടെയും ഒരു സംഗമ കേന്ദ്രം മാത്രമല്ല പ്രാദേശിക ട്രെയിനുകളും ട്രാ മും ബസ്സുകളും എല്ലാം ഇവിടെ ഏകോപിപ്പിച്ചിരിക്കുന്നു.

നേരത്തേ സൂചിപ്പിച്ചത് പോലെ എനിക്ക് ബെര്‍ലിന്‍ തെരുവുകളില്‍ കൂടി പ്രത്യേക ഉദ്ദേശമൊന്നുമില്ലാതെ നടക്കാനും ചുറ്റുപാടും ആസ്വദിക്കാനും തെരുവ് ഭക്ഷണം കഴിക്കാനുമാണ് ആഗ്രഹം. ഞങ്ങള്‍ സ്‌റ്റേഷനിലുള്ള ടുറിസ്റ്റ് കൗണ്ടറില്‍ പോയി തിരക്കി. അവിടെയിരുന്ന പ്രൗഢയായ സ്ത്രീയോട് തെരുവിലൂടെ നടക്കാനും ഭക്ഷണം കഴിക്കാനും പറ്റിയ നഗര ഭാഗം ചോദിച്ചു. ബെര്‍ലിനില്‍ ഏതാണ്ട് നാലായിരം തെരുവുകളുണ്ടെന്ന് അവര്‍ ചിരിച്ചു കൊണ്ട് ഇംഗ്ലീഷില്‍ പറഞ്ഞു. ഞാന്‍ അല്‍പ്പം എരിവും പുളിയുമുള്ള ഭക്ഷണം കിട്ടുന്ന ദൂരെയല്ലാത്ത തെരുവ് പറയാമോ എന്ന് ചോദിച്ചതിന് മറുപടിയായി 'സയ്‌ഗോണ്‍ ' എന്ന് പറഞ്ഞ് ഒരു പേപ്പറില്‍ വഴി വരച്ചു തന്നു. ഗൂഗ്ള്‍ മാപ് ഇല്ലാത്ത കാലമാണല്ലോ. 'നിങ്ങള്‍ എവിടെ നിന്നായാലും ഏഷ്യന്‍ ഫുഡ് ഇഷ്ടമുള്ളവരെങ്കില്‍ ആ തെരുവില്‍ നിന്ന് നിന്ന് കഴിക്കണം' എന്ന് പറഞ്ഞു.

വിയറ്റ്‌നാം ഭക്ഷണം ജര്‍മ്മനിയിലെങ്ങനെ വന്നെത്തി പ്രശസ്തമായെന്ന് വഴിയേ പറയാം.

ഞങ്ങള്‍ സ്‌റ്റേഷനില്‍ നിന്ന് നടന്ന് തന്നെ ആ തെരുവുകളിലേക്ക് പോയി. അല്‍പ്പം മുഷിഞ്ഞതും പഴയതുമായ കെട്ടിടങ്ങളും ചുവരെഴുത്തുകളും നിറഞ്ഞ തെരുവുകളാണെങ്കിലും അത് തന്നെയാണ് അതിന്റെ ആകര്‍ഷണവുമെന്ന് തോന്നി. പന്ത്രണ്ടാം നൂറ്റാണ്ട് മുതലുള്ള ബെര്‍ലിന്റെ ചരിത്രം ഗന്ധത്തിലും കാഴ്ചയിലും കലര്‍ന്നത് പോലെയൊരു അനുഭൂതിയില്‍ പതുക്കെ നടന്നു. കോബിള്‍ സ്‌റ്റോണ്‍ വിരിച്ച നടപ്പാതക്കിരുവശങ്ങളിലും ചെസ്റ്റ് നട്ട് മരങ്ങള്‍ തലയുയര്‍ത്തി നിന്നു. വശങ്ങളില്‍ കണ്ട
ബിയര്‍ ഗാര്‍ഡനുകള്‍ എന്ന് വിളിക്കപ്പെടുന്ന പാന കേന്ദ്രങ്ങളില്‍ മരത്തിന്റെ ബഞ്ചും ഡസ്‌കുമാണുള്ളത്. തുറസ്സായതും അല്‍പ്പം മേല്‍ക്കൂരയുള്ളതും മരങ്ങള്‍ക്കിടയിലുള്ളതുമൊക്കെയായി നിറയെ ഇരിപ്പിടങ്ങള്‍. ഒഴിഞ്ഞ രണ്ട് ഇരിപ്പിടങ്ങള്‍ കണ്ട് പിടിച്ച് രണ്ട് മഗ് നാടന്‍ ബിയര്‍ പറഞ്ഞു. ചെറിയ റൊട്ടിക്കഷണങ്ങള്‍
മൊരിച്ചതിന്‍മേല്‍ ഉരുകിയ ചീസ് തൂകി അതിന്‍മേല്‍ മൊരിയിച്ച സവാള വളയങ്ങള്‍ വിതറിയ ഒരു ലഘു ഭക്ഷണം കൂടെ വന്നു. ബിയറിന് ഏതോ ഒരു ബെറി പഴത്തിന്റെ ചെറു സ്വാദ്.
അവിടെ ലഭ്യമായ പഴങ്ങളില്‍ നിന്നെടുത്ത സത്ത് ചേര്‍ത്ത് വാറ്റിയ ബിയറായിരിക്കണം ചെറിയ ബ്രൂവറികള്‍ ഏറെയുണ്ട് ജര്‍മ്മനിയില്‍ എന്ന് കേട്ടിട്ടുണ്ട്.. ബെയറര്‍ ആയ സ്ത്രീയോട് ചോദിച്ചിട്ട് ഭാഷ മനസിലാകാതെ നില്‍ക്കുന്നതു കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു.അരമണിക്കൂറോളം ആ പര്‍ണ്ണശാലയിലിരുന്ന്, ബില്‍ കൊടുത്ത് വീണ്ടും ഞങ്ങള്‍ തെരുവിലേക്കിറങ്ങി. മനോഹരമായ കെട്ടിടങ്ങളും വഴികളും കടന്ന് ഞങ്ങള്‍ ഒരു മണിക്കൂറോളം നടന്നു.

പിന്നെ വിശന്നു തുടങ്ങിയതു കൊണ്ട് 'സയ്‌ഗോണി'ലേയ്ക്ക് ടൂറിസ്റ്റ് ഡെസ്‌കി ലെ സ്ത്രീ വരച്ച വഴി നോക്കി വേഗത്തില്‍ നടന്നു.... ഡിസ്ട്രിക്ട് മോട് എന്നാണ് തെരുവിന്റെ പേര്.അതില്‍ സയ്‌ഗോണ്‍ എന്ന പേരില്‍ ഒരു വിയറ്റ്‌നാമീസ് ഭക്ഷണശാല! വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിയുടെ പഴയ പേരാണ് 'സയ്‌ഗോണ്‍'.
നല്ല ഭക്ഷണത്തിന്റെ സുഗന്ധം ഞങ്ങളുടെ മൂക്കിലേക്കടിച്ചു കയറി. വിയറ്റ്‌നാമിലെ ഒരു തെരുവില്‍ നില്‍ക്കുന്ന പ്രതീതി തോന്നുന്ന ഉള്‍വശം. ഒരു വിയറ്റ്‌നാമീസ് സുന്ദരി തല കുനിച്ച് അഭിവാദ്യം ചെയ്തു കൊണ്ട് ഞങ്ങളെ ഒഴിഞ്ഞ രണ്ട് ഇരിപ്പിടങ്ങള്‍ കാണിച്ചു തന്നു. തുടക്കത്തിന് വെജ്‌സ്പ്രിംഗ് റോള്‍സും ചിക്കന്‍ വോന്റന്‍സും പറഞ്ഞു. അരിമാവിന്റെ നേര്‍ത്ത കടലാസിനുള്ളില്‍ പാചകം ചെയ്ത മാംസം നിറച്ച് എണ്ണയില്‍ വറുത്തെടുക്കുന്നതാണീ വിഭവം.
ഞങ്ങള്‍ പീച്ച് പഴത്തിന്റെ ചാര്‍ കുടിച്ചു കൊണ്ട് മെനുവിലെ പ്രധാന വിഭവങ്ങള്‍ നോക്കിത്തുടങ്ങി. തെരഞ്ഞെടുക്കാന്‍ സഹായം വേണോ എന്ന് ചോദിച്ച് ഒരാള്‍ അടുത്ത് വന്നു. വിയറ്റ്‌നാം കാരന്‍ തന്നെ. വാന്‍ നാം എന്ന് പരിചയപ്പെടുത്തി. നല്ല വിശപ്പുണ്ടെന്ന് പറഞ്ഞപ്പോള്‍ ഫോ എന്ന നൂഡില്‍ സൂപ്പ് ശുപാര്‍ശ ചെയ്തു. അവരുടെ ദേശീയ ഭക്ഷണ വിഭവമാണെന്ന് പറഞ്ഞു. നൂഡിലും മാംസവും എരിവുള്ള മാംസരസത്തില്‍ വേവിച്ചെടുക്കുന്ന വിഭവം. പിന്നെ ചോറും എരിവുള്ള മീനും ഇറച്ചിയും ചേര്‍ത്ത 'കോം താം 'എന്ന വിഭവവും തരാമെന്നും പറഞ്ഞു. അയാളെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാന്‍ തോന്നി. എരിവുള്ള,പുളിയുള്ള ഭക്ഷണം കഴിച്ചിട്ട് അന്നേക്ക് ഒരാഴ്ചയായിക്കാണണം. പല ആകൃതിയിലും ഘടനയിലുള്ള റൊട്ടി തന്നെയായിരുന്നല്ലോ ഉച്ചയ്ക്ക് ചോറിന് പകരം ഭക്ഷിച്ചിരുന്നത്! പിന്നെ കുറേ സാലഡുകളും ചീസുകളും സോസേജുകളും. അതില്‍ നിന്നൊരു വ്യത്യാസം എന്ത് കൊണ്ടും ആഹ്ലാദകരമായിരുന്നു.
നല്ല ചൂടുള്ള തുടക്കപ്പൊരികള്‍ (starter fries) ഞങ്ങള്‍ പഴച്ചാറിനൊപ്പം കഴിക്കുമ്പോഴേക്കും പ്രധാന വിഭവങ്ങളും എത്തി. നല്ല അളവിലും രുചിയിലുമുള്ള ഭക്ഷണം ഞങ്ങള്‍ ആസ്വദിച്ചു കഴിച്ചു. വിയറ്റ് നാമില്‍ നിന്ന് മുമ്പ് കഴിച്ചിട്ടുള്ള അതേ സ്വാദ്.

ഞങ്ങളെ സഹായിക്കാന്‍ വന്ന വാന്‍ നാം തന്നെയാണ് ഭോജനശാലയുടെ ഉടമസ്ഥന്‍.

അയാളാണ് പറഞ്ഞത് ജര്‍മ്മനിയിലെ വിയറ്റ്‌നാംകാരുടെ കുടിയേറ്റക്കഥ. നാട്ടിലെ യുദ്ധക്കെടുതിയില്‍ നിന്ന് രക്ഷതേടി ഹനോവറിലെത്തിയ ആദ്യം വന്ന അറുന്നോറോളം പേരില്‍ നിന്ന് പിന്നെ ഒരു ലക്ഷത്തോളം പേരിലേക്ക് ജനസംഖ്യ ഉയര്‍ന്ന കഥ. മത്സ്യ ബന്ധന ബോട്ടുകളില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പതിനായിരക്കണക്കിന് പേരെ ജര്‍മ്മന്‍ കപ്പലുകള്‍ രക്ഷിച്ച് ജര്‍മ്മനിയിലെത്തിച്ചു. സര്‍ക്കാര്‍ അവരെയൊക്കെ സ്വീകരിച്ച് താമസ സൗകര്യവും ജോലിയുമൊരുക്കിക്കൊടുത്തു. അവര്‍ പതിയെ ജര്‍മ്മനിയില്‍ പലയിടത്തായി പടര്‍ന്നു കയറി. ശാന്ത സ്വഭാവക്കാരും മര്യാദക്കാരു മായവരെ ജര്‍മന്‍കാര്‍ക്കും ഇഷ്ടമായി. എന്തായാലും ജര്‍മ്മനിയിലുടനീളം ഏഷ്യന്‍ ഭക്ഷണത്തെ അവര്‍ പ്രശസ്തമാക്കി.ഞങ്ങളെപ്പോലുള്ള സഞ്ചാരികള്‍ക്ക് അതാശ്വാസവുമായി.

ബെര്‍ലിന്‍ നൈറ്റ് ലൈഫിന് പ്രശസ്തമാണെന്നും ആഴ്ചയവസാനങ്ങളിലെ ആട്ടവും പാട്ടും പാനവും ആസ്വദിക്കാന്‍ പതിനായിരങ്ങള്‍ മറ്റു നഗരങ്ങളില്‍ നിന്ന് വന്നെത്താറുണ്ടെന്നും അയാള്‍ പറഞ്ഞു. അയാള്‍ക്ക് നന്ദി പറഞ്ഞ് ഞങ്ങള്‍ വീണ്ടും ബെര്‍ലിന്റെ സ്ടാസ്സൈകളിലേക്കിറങ്ങി (തെരുവുകളിലേക്ക്) നടന്നു. വെറുതെ നടന്ന് കാണാനും ആസ്വദിക്കാനും പറ്റിയ ഒരു നഗരമാണ് ബെര്‍ലിന്‍. യൂറോപ്പിലെ ഏറ്റവും പച്ചപ്പുള്ള ഒരു നഗരവുമാണ്. മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന മനോഹര തെരുവോരങ്ങളും ചെറു ഉദ്യാനങ്ങളും
സുഖകരമായ കാലാവസ്ഥയും കണ്ണിനേയും മനസിനെയും ശരീരത്തെയും കുളിര്‍പ്പിച്ചു.


തുടരും...


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it