ബെന്‍സ് മ്യൂസിയം നമ്മളോട് പറയുന്നത്

സ്ടുട്ട്ഗര്‍ട് എന്നയിടത്താണ് പ്രശസ്തമായ ബെന്‍സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

ജര്‍മ്മനിയിലെ കാര്‍ നിര്‍മ്മാണ വ്യവസായത്തിന്റെ കേന്ദ്രമാണ് ആ നഗരം. മെഴ്‌സിഡസ് ബെന്‍സിനും പോഷെയ്ക്കും അവിടെ നിര്‍മ്മാണ ശാലയും കാര്‍ മ്യൂസിയവുമുണ്ട്. ഞാനും സഹയാത്രികനും അവിടെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.
ബെന്‍സ് എന്നത് നമ്മള്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ കേള്‍ക്കുന്ന പേരാണല്ലോ. അന്നും ഇന്നും ആഢംബരത്തിന്റെയും അന്തസ്സിന്റെയും പര്യായം.1994 ല്‍ ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് കാര്‍ ഇറക്കുമതി ചെയ്തിരുന്നത് ഇവിടെയുള്ള നിര്‍മ്മാണ ശാലയില്‍ നിന്നായിരുന്നു.

ഞങ്ങള്‍ താമസിച്ചിരുന്നയിടത്തില്‍ നിന്ന് രണ്ട് മണിക്കൂറില്‍ താഴെ ട്രെയിന്‍ യാത്ര ചെയ്യണം സ്ടുട്ട്ഗര്‍ട്ടിലെത്താന്‍ എന്നറിഞ്ഞു നേരത്തെ പ്രാതല്‍ കഴിച്ചിറങ്ങി. ടിക്കറ്റെടുത്ത് അഴകുള്ള ട്രെയിനില്‍ കയറിയിരുന്നു. ഞങ്ങള്‍ കയറിയ ബോഗിയില്‍ നിറയെ ജര്‍മ്മന്‍കാരെന്ന് തോന്നിക്കുന്നവരാണ്. മിക്കവാറും പ്രായമായ സ്ത്രീകളാണെങ്കിലും ആജാനുബാഹുക്കളാണ്. ആധുനിക രീതിയില്‍ ഉടുപ്പുകള്‍ ധരിച്ച, വിരലുകളില്‍ അമൂല്യമായ കല്ലുകള്‍ പതിച്ച ഒന്നില്‍കൂടുതല്‍ മോതിരങ്ങളണിഞ്ഞ കുലീനത്വം സ്ഫുരിക്കുന്നവര്‍. അവര്‍ സ്വകാര്യം പറയുന്നത് പോലെയാണ് തമ്മില്‍ സംസാരിക്കുന്നത്. ഒച്ചയും ബഹളവുമില്ല. എല്ലാവരും അങ്ങനെ തന്നെയെന്നത് പൊതു ഇടങ്ങളില്‍ അവരുടെ രീതിയതാണെന്ന് മനസിലാക്കിത്തന്നു. മറ്റുള്ളവരുടെ സ്വകാര്യതയെ അവര്‍ മാനിക്കുന്നു. നമ്മുടെ നാട്ടിലെ ട്രെയിനിനുള്ളില്‍ പൊതുവെ ബഹളമയമാണല്ലോ.

പുറത്തേക്ക് നോക്കുമ്പോള്‍ ഇരുവശത്തെയും കൃഷിയിടങ്ങള്‍ നൂറ് കണക്കിന് മൈലുകളോളം പരന്നു കിടക്കുന്നു.
ഗോതമ്പും ചോളവും റൈയും ബാര്‍ളിയുമാവണം. ജര്‍മ്മന്‍കാര്‍ കുടിച്ചു വറ്റിക്കുന്ന കോടിക്കണക്കിന് ലിറ്റര്‍ ബിയറുണ്ടാക്കാന്‍
ഇതൊക്കെ കുറച്ചൊന്നും പോരല്ലോ?

റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മ്യൂസിയത്തിലേക്ക് ആറ് കിലോമീറ്റര്‍ ദൂരമേയുള്ളു. ഹ്രസ്വദൂര ട്രെയിനുണ്ടെങ്കിലും ഞങ്ങള്‍ കാറില്‍ പോകാന്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ പുറത്തിറങ്ങി ഒരു ബെന്‍സ് ടാക്‌സി വിളിച്ച് ബെന്‍സ് മ്യൂസിയത്തിലേക്ക് പുറപ്പെട്ടു. ജര്‍മ്മനിയില്‍ ടാക്‌സിയായി നിരവധി ബെന്‍സ് കാറുകളുണ്ട്.നല്ല ഉയരവും വണ്ണവുമുള്ള ഒരു മധ്യവയസ്‌കനാണ് സാരഥി. അയാള്‍ ചിരിച്ചു കൊണ്ട് ഞങ്ങളോട് അത്രയൊന്നും മനസിലാകാത്ത ഇംഗ്‌ളീഷില്‍ സംസാരിച്ചു. ഇന്ത്യയില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അത്ഭുതം കാണിച്ചു. അങ്ങനെയൊന്നും ഇന്ത്യക്കാരെ കാണാറില്ല എന്ന് പറഞ്ഞു.
വണ്ടി നീങ്ങിയതും ശബ്ദം കുറഞ്ഞ മനോഹരസംഗീതം കാറില്‍ നിറഞ്ഞു.

ബിഥോവന്റെ പ്രശസ്ത സിംഫണി 'മൂണ്‍ലൈറ്റ് സൊണാറ്റ' കേട്ട് മനം കുളിര്‍ത്തു. മുന്‍പ് പല തവണ കേട്ടിട്ടുള്ളതാണ്. എങ്കിലും ഒരു ടാക്‌സിയില്‍ നിന്ന് അത് കേട്ടത് അതിശയകരമായിരുന്നു. എനിക്കത് മനസിലായതില്‍ അയാളും സന്തോഷം കൊണ്ടു. ബാക്ക്, ഹാന്‍ഡല്‍, വാഗ്‌നര്‍, മൊസാര്‍ട്ട് തുടങ്ങിയവരെ കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചയാളെന്നെ ശരിക്കും ഞെട്ടിച്ചു. സംഗീതത്തിന് അതിരും ഭാഷയും ദേശവുമില്ലെന്ന് തെളിഞ്ഞ നിമിഷം. സംഗീതത്തില്‍ അവഗാഹമില്ലെങ്കിലും ഇവരുടെ സിംഫണികള്‍ ഞാനും ആസ്വദിക്കാറുണ്ട്.
സഹയാത്രികന്‍ ജെ ഇതിലൊന്നും താല്‍പ്പര്യമില്ലാതെ പുറത്തേക്ക് നോക്കിയിരുന്നു..

കാര്‍ മ്യൂസിയത്തിന് മുന്നില്‍ നിന്നു. ചോദിച്ച പൈസ കൊടുത്ത് കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ അയാള്‍ പുഞ്ചിരിച്ചു കൊണ്ട് ഇംഗ്ലീഷില്‍ പറഞ്ഞു. ''എനിക്ക് സംഗീതം ഇഷ്ടമാണ്. നിങ്ങള്‍ക്കുമെന്നറിഞ്ഞതില്‍ സന്തോഷം''


ഞങ്ങള്‍ക്ക് മുന്നില്‍ വെളുപ്പിലും ഗ്ലാസിലും സവിശേഷതയുള്ള ഏതാണ്ട് വൃത്താകൃതിയിലുള്ള കെട്ടിടം കണ്ടു. ഒമ്പത് നിലകളുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും ഒറ്റ നോട്ടത്തില്‍ അത്ര തോന്നുകയേയില്ല. ഏതാണ്ട് ഒന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ പരന്നു കിടക്കുന്ന കെട്ടിടത്തില്‍ ആയിരത്തഞ്ഞുറോളം പ്രദര്‍ശന വസ്തുക്കളുണ്ടെന്ന് ലഘുലേഖയില്‍ക്കണ്ടു. ഒരാള്‍ക്ക് പത്ത് യൂറോയാണ് പ്രവേശന നിരക്ക്. നമ്മുടെ എഴുന്നൂറ് രൂപയ്ക്ക് തുല്യം. ഞങ്ങള്‍ ടിക്കറ്റ് വാങ്ങി അകത്ത് കയറി. കെട്ടിടത്തിന്റെ വാസ്തു ശില്‍പ്പികള്‍ ഡച്ചുകാരാണ്. വാന്‍, ബെര്‍ക്കല്‍ ആന്‍ഡ് ബൊസ്.

കെട്ടിടത്തിന്റെ അകത്തളങ്ങള്‍ക്ക് പ്രചോദനമായത് മനുഷ്യന്റെ ജനിതക ഘടനയെ വഹിക്കുന്ന ഇരട്ട പിരിഞ്ഞ വളയങ്ങളാണ്.
ബെന്‍സിന്റെ വാണിജ്യ തത്വശാസ്ത്രം തന്നെ മനുഷ്യന്റെ സഞ്ചാര സൗകര്യത്തിനായി അഭേദ്യം തുടര്‍ന്നു കൊണ്ടേയിരിക്കുന്ന കണ്ടുപിടുത്തങ്ങളാണ്.

ലിഫ്റ്റ് വഴി ഏറ്റവും മുകള്‍ നിലയിലെത്തിയാല്‍ 1886 ലെ ആദ്യ കാര്‍ കാണാം. രണ്ട് മണിക്കൂര്‍ നീളുന്ന അതുല്യമായ മ്യൂസിയം ടൂര്‍ നമ്മളെ മോട്ടോര്‍ വാഹന ലോകത്തിലെ ചരിത്രം മുഴുവന്‍ സാവധാനം കാണിച്ച് താഴേക്കിറക്കി പുറം വാതിലിലേക്ക് കൊണ്ടുവരും. ടൂറിന്റെ ആദ്യ ഭാഗം ഡെയിംലര്‍ ബെന്‍സിന്റെ കാലക്രമത്തിലുള്ള ചരിത്രവും പുരാവൃത്തവും ഏഴു ഹാളുകളില്‍ നിന്നാരംഭിക്കുന്നു. രണ്ടാമത്തെ ടൂറിലെ അഞ്ചു ഹാളുകള്‍ ബെന്‍സ് കാറുകളുടെ വൈപുല്യവും വൈവിധ്യവും പറഞ്ഞു തരുകയും കാണിക്കുകയുമാണ്. രണ്ടു ടൂറുകള്‍ക്കിടയില്‍ മാറി മാറി നടക്കുന്നതിന് കുഴപ്പമില്ല. രണ്ടും വന്ന് ചേരുന്നത് മൂന്ന് ദിശകളിലേക്ക് തിരിഞ്ഞു നില്‍ക്കുന്ന വെള്ളി നിറമുള്ള അമ്പടയാളങ്ങള്‍ക്കിടയിലാണ്.

എടുത്ത് പറയേണ്ട ഒരു കാര്യം ബാരിയര്‍ ഫ്രീ അഥവാ തടസ്സങ്ങളില്ലാത്ത ഒരിടമാണ് ബെന്‍സ് മ്യൂസിയം എന്നതാണ്.വീല്‍ചെയറിലിരിക്കുന്ന ഒരാള്‍ക്ക് ഒമ്പത് നിലകളിലും റാമ്പ് വഴി സഞ്ചരിക്കാം. എല്ലാ നിലയിലും ലിഫ്റ്റ് സേവനവുമുണ്ട്. കെട്ടിട നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന വസ്തുക്കളും ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളുന്നവയാണ്. തെന്നാത്ത തറയോടുകളാണ് ഇവിടെ മുഴുവനായും ഉപയോഗിച്ചിരിക്കുന്നത്. തുറന്ന് കയറാന്‍ എളുപ്പമുള്ള തിരിക്കുറ്റിയിലുറപ്പിച്ചിരിക്കുന്ന വലിയ വാതിലുകള്‍, പ്രത്യേകതയുള്ള ശുചി മുറികള്‍, വീല്‍ ചെയറുകളും അത് തളളി നടക്കാന്‍ വേണ്ട ആള്‍ക്കാരും എന്ന് വേണ്ട എല്ലാം അവിടെയുണ്ട്. ഒരു പരിഷ്‌കൃത സമൂഹം ഭിന്നശേഷിക്കാരെ അങ്ങനെയാണ് പരിഗണിക്കുന്നതെന്നത് എത്ര ആശ്വാസം തരുന്ന കാര്യമാണ്. നമ്മുടെ നാട് ഇക്കാര്യത്തില്‍ എത്രയോ പിറകിലാണ് എന്ന് ഞാനോര്‍ത്തു.

നടവഴിയില്‍ ഒരു വലിയ സൊവനീര്‍ കടയുണ്ട്. അയ്യായിരത്തോളം ചതുരശ്ര അടി കാണണം. മെര്‍സിഡസ് ബെന്‍സ് എന്ന ബ്രാന്‍ഡിലുള്ള സൈക്കിളുകള്‍, കുടകള്‍, മിനിയേച്ചര്‍ കാറുകള്‍, മെഴ്‌സിഡസ് ബെന്‍സിന്റെ ചരിത്രം പറയുന്ന ചിത്രങ്ങളുള്ള കോഫി ടേബിള്‍ പുസ്തകങ്ങള്‍, ആഢംബര വാച്ചുകള്‍, തോല്‍ ബാഗുകള്‍ എന്നിങ്ങനെ എല്ലാത്തിലും മൂന്ന് പോയിന്റ് നക്ഷത്രം തിളങ്ങി നില്‍ക്കുന്നു.ബെന്‍സിന്റെ ഇതുവരെയിറങ്ങിയ എല്ലാ മോഡലിന്റെയും തനത് മിനിയേച്ചറുക ളാണ് എനിക്കേറ്റവും കൗതുകകരമായിത്തോന്നിയത്.

താഴത്തെ നിലയിലുള്ള കോഫീ ഷോപ്പില്‍ പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ ലഘുഭക്ഷണം കിട്ടും. ഞങ്ങള്‍ ഒരു പനീനി എന്ന് വിളിക്കുന്ന സാന്‍ഡ്‌വിച്ചും കാപ്പിയും ഓര്‍ഡര്‍ ചെയ്തു. ചീസും ഹാമും തക്കാളിയും രണ്ട് പരന്ന ഫൊക്കാഷിയോ റൊട്ടിക്കുള്ളില്‍ വെച്ച് ഒലീവ് ഓയില്‍ പുരട്ടി മൊരിച്ചെടുത്തത് ചൂടോടെ മുന്നില്‍ വന്നു. നല്ല സ്വാദുള്ള പനീനി ചൂട് കാപ്പിയുടെ ഒപ്പം കഴിച്ചു.

ഒന്നാം നിലയില്‍ ബിസ്‌ട്രോ എന്ന കുറച്ചു കൂടി വലിയ ഒരു ലഘു ഭക്ഷണശാലയും പിന്നെ മാര്‍ത്ത എന്ന ഒരു വലിയ ഫോര്‍മാറ്റിലെ ഭോജനശാല യുമുണ്ട്. കാള്‍ ബെന്‍സെന്ന സ്ഥാപകന്റെ ഭാര്യയും കച്ചവട പങ്കാളിയുമായിരുന്ന മാര്‍ത്ത ബെന്‍സിന്റെ പേരാണ് അതിനിട്ടിരിക്കുന്നത്. പ്രാദേശിക കര്‍ഷകരില്‍ നിന്ന് ഏറ്റവും ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഈ ഭോജന ശാലകള്‍ വാങ്ങുകയുള്ളു എന്ന് മെനുവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തുടരും.....


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it