'വരയുടെ പരമശിവനെ' കണ്ടറിഞ്ഞ കഥ

ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് 95 വയസ് തികഞ്ഞ വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടപ്പോഴും കേട്ടപ്പോഴും മനസിലേക്ക് പഴയ ഒരോര്‍മ്മയോടിക്കയറി.

വര്‍ഷം ആയിരത്തി തൊളളായിരത്തി എണ്‍പത്താറെന്നോര്‍മ്മ. ആ വര്‍ഷം ഞാന്‍ മഹാരാജാസില്‍ കോളജ് മാഗസിന്‍ എഡിറ്ററാണ്.
ഞങ്ങളില്‍ ചിലര്‍ക്ക് വരനമ്പൂതിരിയെ കൊണ്ടു ഇല്ലസ്‌ട്രേഷന്‍ നടത്തി അധ്യയന വര്‍ഷം തുടങ്ങണം എന്ന് താല്‍പര്യം. അന്വേഷണത്തിനിടയില്‍ അദ്ദേഹം കേരള കലാപീഠത്തില്‍ താമസിച്ച് വര്‍ക്ക് ചെയ്യാന്‍ വരുന്നുണ്ടെന്നറിഞ്ഞു.എന്റെ വീട്ടില്‍ നിന്ന് ഇരുന്നൂറടി വെച്ചാല്‍ കലാപീഠമായി. കലാപീഠത്തിന്റെ എല്ലാമായ കലാധരന്‍ ചേട്ടനോട് ഞാന്‍ സംസാരിച്ചപ്പോള്‍ നമ്പൂതിരിയോട് പറഞ്ഞ് ശരിയാക്കാമെന്ന് സമ്മതിച്ചു. കലാപീഠത്തിന്റെ അന്നത്തെ ദിവസത്തെ നമ്പൂതിരിയുടെ വര്‍ക്ക് തുടങ്ങുന്നതിന് മുമ്പ് കോളജില്‍ കൊണ്ടു പോയി ഭദ്രമായി തിരികെ കൊണ്ടു വരേണ്ട ചുമതല എനിക്കാണ് കിട്ടിയത്. സന്തോഷത്തോടെ ഏറ്റെടുത്തു. എന്റെയും ഇഷ്ട വരക്കാരന്‍ ആണല്ലോ?
കലാകൗമുദിയില്‍ നമ്പൂതിരി വരയുമായി എം.ടി.യുടെ രണ്ടാമൂഴം വായിച്ചതിന്റെ ത്രില്‍ അന്നും ഇന്നും മാറിയിട്ടില്ല. അദ്ദേഹം വരച്ച അസംഖ്യം ചിത്രങ്ങളും കൂടിയതായിരുന്നു അന്നത്തെ കലാകൗമുദിയിലെ ഒട്ടു മിക്ക രചനകളും. അദ്ദേഹത്തിന്റെ വരയില്ലാതെ വായിച്ചാല്‍ അവ അപൂര്‍ണ്ണങ്ങളായി തോന്നും.

ഇനി അദ്ദേഹത്തെ കൊണ്ട് പോകാന്‍ ഒരു കാര്‍ വേണം. ഞങ്ങളുടെ ദേശത്തെ ശങ്കര്‍ ടാക്‌സിയാണ് ഒരു വഴി. എപ്പോള്‍ വിളിച്ചാലും വണ്ടിയും സാരഥിയും റെഡി. ഞാനൊരു വണ്ടി പറഞ്ഞു വെച്ചു. നമ്പൂതിരി ഇറങ്ങാന്‍ റെഡിയായാല്‍ കലാപീഠത്തില്‍ നിന്ന് നടന്ന് പോയി വിളിക്കാം എന്ന് വിചാരിച്ചു. അത്ര ദൂരമേയുള്ളൂ.

പറഞ്ഞ സമയത്ത് ഞാന്‍ കലാപീഠത്തിലെത്തി. നമ്പൂതിരി അല്‍പ സമയത്തിനുള്ളില്‍ എന്റെ കൂടെ വരാന്‍ തയ്യാറായി.

ഞാന്‍, ദാ ഇപ്പോ വരാമെന്ന് പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങി, കാര്‍ വിളിച്ചു കൊണ്ട് വരാന്‍. ഇന്നത്തെപ്പോലെയല്ലല്ലോ, മൊബൈല്‍ ഫോണില്ലാത്ത കാലം.

ഒന്ന് നില്‍ക്കൂ, ന്താ പേര് ?നമ്പൂതിരി ചോദിച്ചു. ഞാന്‍ പേരു പറഞ്ഞു. നല്ല പേരാണല്ലോ. കോളജിലേക്ക് എത്ര ദൂരമുണ്ട് ഇവിടന്ന്? ഞാന്‍ ഏകദേശ ദൂരം പറഞ്ഞു.
പുറത്തേക്കിറങ്ങിയാല്‍ ഒരു ഓട്ടോറിക്ഷ കിട്ടില്ലേ? കിട്ടണമല്ലോ എന്ന് ഞാന്‍ .
ന്നാ അത് മതി. നമുക്കൊരുമിച്ചിറങ്ങാം. ഇറങ്ങിയതും ഞാന്‍ ഒരു ഒഴിഞ്ഞ ഓട്ടോയ്ക്ക് കൈ കാണിച്ചു. മുണ്ട് മടക്കിക്കുത്തി നമ്പൂതിരി വണ്ടിയില്‍ കയറി. പുറകേ ഞാനും. അദ്ദേഹത്തിന് എതാണ്ട് അറുപത് വയസ്സ് കാണും. അന്നെന്റെ അച്ഛനെക്കാളും പ്രായമുണ്ട്. തട്ടാതെ മുട്ടാതെ സൂക്ഷിച്ചു കൊണ്ട് പോകണം, എന്റെ മനസ്സു പറഞ്ഞു.

ഞങ്ങള്‍ കയറിയതും ഓട്ടോക്കാരന്‍ വണ്ടി സ്റ്റാര്‍ട് ചെയ്ത് അവരുടെ ട്രേഡ് മാര്‍ക്ക് കുതിപ്പെടുത്തു. അപ്രതീക്ഷിത നീക്കത്തില്‍ ഞങ്ങള്‍ രണ്ട് പേരും മുന്നോട്ടാഞ്ഞു. നമ്പൂതിരിയുടെ മുഖത്ത് പരിഭ്രമിച്ച പോലെ ഒരു ഭാവം കണ്ടു. ഞാന്‍ ഓട്ടോക്കാരനോട് ഒച്ചയിട്ടു. താനെന്താ കാര്‍ റേസിന് പഠിക്കുകയാണോ എന്ന് ചോദിച്ച് അയാളെ പതുക്കെയാക്കിച്ചു.

അയാള്‍ക്ക് വരയെന്ത്? നമ്പൂതിരിയെന്ത്? നമ്മളെയിറക്കി എത്രയും വേഗം അടുത്ത ഓട്ടം പിടിക്കണം എന്ന ചിന്തയാണല്ലോ അയാളെ നയിക്കുന്നത്.
''എറണാകുളത്തെ ഓട്ടോക്കാര്‍ കോഴിക്കോട് ഓട്ടോക്കാരെ പോലെയല്ല അല്‍പ്പം തിരക്ക് കൂടുതലാ'' എന്ന് പറഞ്ഞ് ഞാന്‍ നമ്പൂതിരിയെ സമാധാനിപ്പിച്ചു. ഓട്ടോയിലിരുന്ന പതിനഞ്ചു മിനിട്ട് മുഴുവന്‍ ഞങ്ങള്‍ സംസാരിച്ചു. അത്ര തന്നെ തിരിച്ചു വരുമ്പോഴും.

ഞാന്‍ സ്വയം പരിചയപ്പെടുത്തി ബിരുദത്തിന് പഠിക്കുകയാണെന്ന് പറഞ്ഞു. ''ഞാന്‍ കോളജ് പോയിട്ട് സ്‌കൂള്‍ തന്നെ കഷ്ടിയാടോ അഭയാ' നമ്പൂതിരി പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ അന്തം വിട്ടു നോക്കി.''ശുകപുരം ക്ഷേത്രത്തിലെ ശില്‍പ്പങ്ങളാടോ എന്റെ ഗുരുക്കള്‍. അത് കണ്ട് കുറെശ്ശെ വരയും ശില്‍പ്പമുണ്ടാക്കലും തുടങ്ങി, പിന്നെ മദിരാശിയിലെത്തി ഫൈന്‍ ആര്‍ട്‌സ് കോളജില്‍ വെച്ച് അദ്ധ്യാപകരായ ചൗധരിയെയും ധനപാലനെയും കണ്ടുമുട്ടി. അവര്‍ പ്രോത്സാഹിപ്പിച്ചു, കൂടെ നിന്നു. കാര്യമായി വരയും അതിലും കാര്യമായി ശില്‍പ്പവും ചെയ്യാന്‍ തുടങ്ങി. ജീവിതം തന്നെയതായിത്തീര്‍ന്നു. മുജ്ജന്മ സുകൃതം.. എന്ന് പറയാം.''

അപ്പോഴേക്കും കോളജെത്തി. ഓട്ടോറിക്ഷ നിന്നു. എന്റെ സുഹൃത്ത് സഞ്ജയ് മോഹനും കൂട്ടരും മാഷുമ്മാരും വന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

മലയാളം ഡിപ്പാര്‍ട്ട്‌മെന്റിന് പുറത്ത് വലിയ മരങ്ങളുടെ തണലില്‍ ബദാമിന്റെ വലിയ ഇലകള്‍ വീണു കിടന്നിരുന്നിടത്ത് അദ്ദേഹത്തിന് വരയ്ക്കാന്‍ വെളുത്ത ഡ്രോയിംഗ് പേപ്പര്‍ ഒരു ബ്ലാക്ക് ബോര്‍ഡില്‍ പിന്‍ ചെയ്തു. ഇന്‍ഡ്യന്‍ ഇങ്ക് നിറച്ച പേന പിടിച്ച വിരലുകള്‍ ഒരു മാന്ത്രികന്റെ പോലെ ചലിച്ചു, ഞങ്ങളിലൊരാള്‍ പേപ്പര്‍ മാറ്റി മാറ്റി വെച്ചു കൊടുത്തു.
ഒന്നിന് പിറകെ ഒന്നായി അദ്ദേഹം മനോഹരചിത്രങ്ങള്‍ വരഞ്ഞതു കണ്ട് ഞങ്ങള്‍ സ്തബ്ധരായി നിന്നു. വരയുടെ മേളത്തിന് കൂട്ടിനെന്നോണം കായലില്‍ നിന്ന് കുളിരുള്ള ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു. ചടുലമായ വരയും ഇളംകാറ്റും ഒരു പോലെ അവിടെയുണ്ടായിരുന്നവരുടെ മനം നിറച്ചു.

ഏറി വന്നാല്‍ ഒരു മണിക്കൂര്‍ അദ്ദേഹമവിടെ ചെലവിട്ട് കാണും. വലിയ സ്റ്റീല്‍ ഫ്‌ളാസ്‌കില്‍ നിന്ന് ഓരോ ചൂട് കാപ്പിയും കുടിച്ച് , ബിസ്‌കറ്റ് കഴിച്ച് ഞാനും അദ്ദേഹവും പുറത്തിറങ്ങി കലാപീഠത്തിലേക്ക് അടുത്ത ഓട്ടോറിക്ഷ പിടിച്ചു.

ആ ഹ്രസ്വ മടക്കയാത്രയില്‍ അദ്ദേഹം കെ.സി.എസ് പണിക്കരെ ഫൈന്‍ ആര്‍ട്‌സ് കോളജില്‍ ആദ്യമായി കണ്ടതും റെയില്‍വേക്ക് വേണ്ടി അദ്ദേഹം ചെയ്ത ബൃഹത്തായ പ്രൊജക്റ്റില്‍ സഹകരിച്ചതിനെക്കുറിച്ചും, ശരിക്ക് വേണ്ടതിലും കുറഞ്ഞ സമയം കൊണ്ട് രണ്ട് ഡിപ്‌ളോമകള്‍ സമ്പാദിച്ചതും പിന്നെ മാതൃഭൂമിയില്‍ ചേര്‍ന്ന് ഇരുപത് കൊല്ലം വരച്ചതും, മാതൃഭൂമി വിട്ട് കലാകൗമുദിയില്‍ ചേര്‍ന്നതും പറഞ്ഞു. കലാകൗമുദി പത്രാധിപര്‍ ജയചന്ദ്രന്‍ നായരോടുള്ള ആത്മബന്ധം പങ്കുവെച്ചു.

അപ്പോഴേക്കും ഞങ്ങള്‍ കലാപീഠമെത്തി. ഒരു നിറഞ്ഞ ചിരിയോടെ എന്റെ തോളത്ത് വലത് കൈയ്യാല്‍ അമര്‍ത്തി യാത്ര പറഞ്ഞ് വരയുടെ പരമശിവന്‍ എന്ന് വി.കെ.എന്‍ എന്ന 'അതികായന്‍' വിളിച്ച നമ്പൂതിരി ഇറങ്ങി.

ഞാന്‍ അതേ ഓട്ടോറിക്ഷയില്‍ തിരിച്ച് കോളജിലേക്കും പോന്നു.

അന്ന് അദ്ദേഹം വരച്ച ചിത്രങ്ങള്‍ മാഷമ്മാരും ടീച്ചറമ്മാരും പങ്കിട്ടെടുത്തു എന്നാണ് അറിഞ്ഞത്. അത് കോളജിന്റ ചുമരില്‍ അര്‍ഹിക്കുന്ന ആദരവോടെ പ്രദര്‍ശിപ്പിക്കണമായിരുന്നു എന്നായിരുന്നെന്റെ അഭിപ്രായം.

എന്തായാലും എന്റെ ഹൃദയത്തില്‍ 'വര നമ്പൂതിരി' കോറി വരച്ച ലാളിത്യവും സ്‌നേഹവും കലര്‍ന്ന രേഖാ ചിത്രം ഇപ്പോഴും അവിടെത്തന്നെയുണ്ട്. ഒട്ടും ശോഭ മങ്ങാതെ തന്നെ!


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles
Next Story
Videos
Share it