ഹനോവര്‍ മെസ്സെ എന്ന ജര്‍മന്‍ വിസ്മയം!

ഹനോവറില്‍ താമസിച്ചത് ഹോളിഡേ ഇന്‍ ഹോട്ടലിലാണ്. മൂന്ന് നില മാത്രമുള്ള ചെറിയ കെട്ടിടം. കൂടിയാല്‍ മുപ്പത് മുറിയുണ്ടാവും. വലിയ ബ്രാന്റ് ഹോട്ടലുകള്‍ പലതും യൂറോപ്പില്‍ ചെറിയ രൂപഘടനയിലാണ്.

കുറഞ്ഞ ജനസംഖ്യാനുപാതികമാണ് ഹോട്ടലുകളുടെ വലിപ്പവും. നമ്മുടെ നാട്ടില്‍ ഹോളിഡേ ഇന്നില്‍ നൂറ് മുറി കാണും.

വിശ്വസിക്കാന്‍ പ്രയാസമാണ്. ലിഫ്റ്റില്ല, റൂം ബോയ്‌സ് ഇല്ല. ഭക്ഷണം മുറിയില്‍ കിട്ടില്ല! സെല്‍ഫ് ചെക്ക് ഇന്‍ സിസ്റ്റമാണ്. ബാഗൊക്കെ സ്വയം മുകളിലേക്ക് എടുത്ത് കൊണ്ട് പോകണം. എന്നെപ്പോലെയുള്ള ഭാരരഹിതയാത്രക്കാര്‍ക്ക് അതൊരു പ്രശ്‌നമല്ല.
എന്തായാലും ഭാരതത്തിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ഹോട്ടലുകളില്‍ അതിഥികളെ എത്രമാത്രം ശ്രദ്ധയോടെ പരിചരിക്കുന്നു എന്നതോര്‍ത്തു എനിക്ക് സന്തോഷം തോന്നി. നമുക്ക് മനുഷ്യവിഭവശേഷി ധാരാളമുണ്ടല്ലോ?

ഹോട്ടലില്‍ ഒരു റിസപ്ഷനിസ്റ്റ് ഉണ്ട്. രാവിലെ ചായയോ കാപ്പിയോ വേണമെങ്കില്‍ താഴെ റിസപ്ഷനില്‍ പോയാല്‍ ഉണ്ടാക്കി കുടിക്കാം.
റെസ്റ്ററന്റില്‍ പ്രഭാത ഭക്ഷണത്തിന് ബുഫെ രീതിയാണ്.
ഞങ്ങള്‍ കയറി ച്ചെല്ലുമ്പോള്‍ ഭോജനശാലയില്‍ വലിയ മീശ വച്ച ആജാനു ബാഹുക്കളായ ഏതാനും മുതിര്‍ന്ന പൗരന്മാര്‍ ഒരു മേശയ്ക്ക് ചുറ്റുമിരിന്ന് പ്രാതല്‍ കഴിക്കുകയും ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതോടെ അവരുടെ ഒച്ച കുറഞ്ഞു. ഒരു സുഖക്കുറവ് ഉണ്ടായെന്ന് വ്യക്തം.
ഞങ്ങള്‍ അതൊന്നും കൂസാതെ വി.കെ.എന്‍ സ്‌റ്റൈലില്‍ പ്രാതലിലേക്ക് ഇരുന്ന് കൊണ്ട് പ്രവേശിച്ചു.
ഒരു മുഴം നീളമുള്ള റൊട്ടി, സോസേജ്, ചീസ്, ഓംലെറ്റ്, തുടങ്ങിയ സ്ഥിരം കഥാപാത്രങ്ങള്‍ കൂടാതെ പഴവര്‍ഗ്ഗങ്ങളുടെ ആധിക്യം കണ്ട് വിസ്മയിച്ചു. പല വിധ ബെറികളും ആപ്പിളും മുന്തിരിയും വാഴപ്പഴവും പ്ലമ്മും ഓറഞ്ചും പീച്ചുകളും
മേശയെ അലങ്കരിച്ചു. പല്ലും നഖവുമുപയോഗിച്ച് ഞങ്ങള്‍ അവയെ കൈകാര്യം ചെയ്തു!
ഞങ്ങള്‍ക്ക് പോകാനുള്ള ബസ് വന്നു.
ഫിന്‍ തന്നെ സാരഥി. ചെറിയ ദൂരത്തിലും ബിയര്‍ കച്ചവടം നടന്നു. കുടിവെള്ളത്തിന്റെ വിലയല്ലേയുള്ളൂ. ഞങ്ങള്‍ പങ്കെടുക്കാന്‍ വന്ന ഹനോവര്‍ മെസ്സെ എന്ന് ജര്‍മ്മന്‍കാര്‍ വിളിക്കുന്ന വ്യവസായ പ്രദര്‍ശനം ഈയിനത്തില്‍ ലോകത്തിലെ ഏറ്റവും വലുതാണ്.
ആറായിരത്തില്‍പ്പരം പ്രദര്‍ശകരും മൂന്ന് ലക്ഷത്തിനടുത്ത് സന്ദര്‍ശകരും സംഗമിക്കുന്ന ഒരു ഭീമന്‍ പ്രദര്‍ശനം.

ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയ വര്‍ഷമാണ് ആദ്യത്തെ ഫെയര്‍ നടന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ന്ന ജര്‍മ്മനിയുടെ സാമ്പത്തിക വികസനത്തിനായി ബ്രിട്ടീഷ് മിലിറ്ററി ഗവണ്‍മെന്റാണ് യുദ്ധത്തില്‍ തകര്‍ന്ന് വീഴാത്ത ഒരു പഴയ ഫാക്ടറി കെട്ടിടത്തിലിത് ആരംഭിച്ചത്. അതിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം കൊണ്ട് എല്ലാ വര്‍ഷവും വ്യവസായ മേള നടത്താന്‍ തുടങ്ങി. പതുക്കെ അത് വലിപ്പമേറി വന്നു. പിന്നെ സ്ഥിരം വേദി നിര്‍മ്മിച്ചു. ഇപ്പോഴിത് നടക്കുന്ന ട്രേഡ് ഫെയര്‍ സമുച്ചയത്തിന്റെ വലിപ്പം നോക്കുക. (ഫോട്ടോ ശ്രദ്ധിക്കൂ)

അമ്പത് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് മേല്‍ക്കൂരയുള്ള കെട്ടിടങ്ങള്‍, ആറു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് തുറന്ന സ്ഥലം, ഇരുപത്തി നാലോളം ബൃഹത്തായ ഹാളുകളും അസംഖ്യം പവലിയനുകളും. അതിനുള്ളില്‍ നൂറ് കണക്കിന് ഭോജന ശാലകളും ശൗചാലയങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു!
എല്ലാ രീതിയിലും സ്വയംപര്യാപ്തമായ ഒരു പ്രദര്‍ശന സമുച്ചയമാണ് ഹനോവര്‍ മെസ്സെ.

കെട്ടിടങ്ങളിലെ ഓട്ടോമേഷന്‍ സാങ്കേതികവിദ്യ, പാരിസ്ഥിതിക സാങ്കേതിക വിദ്യ, ഫാക്ടറി ഉപകരണങ്ങള്‍, വായു, വാതക സാന്ദ്രീകരണ
സാമഗ്രികള്‍, മോട്ടോറുകള്‍, ശീതീകരണ സാങ്കേതിക വിദ്യകള്‍, റോബോട്ടിക്‌സ്, സോഫ്റ്റ് വെയറുകള്‍, ഊര്‍ജ സ്രോതസ്സുകള്‍
എന്നിങ്ങനെ ഒട്ടേറെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്ന കോണ്‍ഫറന്‍സുകളിലും ഉല്‍പ്പന്ന അവതരണങ്ങളിലും അവാര്‍ഡ് ദാന ചടങ്ങുകളിലും പങ്കെടുക്കുന്നത് പ്രഗത്ഭരായ ശാസ്ത്രഞ്ജരും ഈ മേഖലയിലെ ലോക നേതാക്കളുമാണ്.

പ്രദര്‍ശനത്തില്‍ ചെലവഴിച്ച രണ്ടു മൂന്നു ദിവസം അറിവിന്റെ ഒരു സാഗരം കണ്ടു, ഒരു കുടന്നയേ നമുക്ക് കൈയ്യില്‍ കിട്ടിയുള്ളുവെങ്കിലും.
ഏത് തരം വ്യവസായവുമായി ബന്ധപ്പെട്ട മിക്കവാറും കാര്യങ്ങളും മെസ്സെയുള്‍ക്കൊണ്ടിരുന്നു.
ആധുനികമായ യന്ത്രങ്ങളും അവയുടെ സാങ്കേതിക വിദ്യകളും ഉല്‍പ്പാദകരേയും പരിചയപ്പെടാന്‍ പറ്റിയ ഒരു രംഗവേദിയായിരുന്നു ഹനോവര്‍ മെസ്സെ.

ഞങ്ങള്‍ക്കാവശ്യമുള്ള ചില യന്ത്രങ്ങളും സാങ്കേതിക വിദ്യകളും അവിടെ ഉണ്ടായിരുന്നു.
അവയുടെ വില ഇന്ത്യന്‍ നിലവാരമനുസരിച്ച് വളരെ കൂടുതലായിന്നുവെന്ന് മാത്രം.
രണ്ടു ദിവസം ഞങ്ങള്‍ ബഹുശതം യന്ത്രങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും ലോകത്ത് മുങ്ങിപ്പോയി.
മറ്റൊന്നും തലയില്‍ വന്നില്ല.

എന്നെ അലോസരപ്പെടുത്തിയ ഒരു കാര്യം ഹാളിന് പുറത്ത് കൂടി നിന്നുള്ള പുകവലിയാണ്. ഏതാണ്ട് എല്ലാവരുടെ കയ്യിലും സിഗരറ്റുണ്ടെന്ന് തോന്നി. പിന്നീട് ഫ്രാന്‍സില്‍ ബാത്തിമാത്ത് പ്രദര്‍ശനത്തിലും യൂറോപ്പിലെ പല യാത്രകളിലും പുകവലിക്കാരെ വളരെയധികം കണ്ടു. തണുപ്പില്‍ നിന്ന് രക്ഷ നേടാനാവണം. എന്തായാലും നമുക്കിത് സഹിക്കാന്‍ പ്രയാസമാണ്.

അടുത്ത ദിവസം ഞങ്ങള്‍ തദ്ദേശിയര്‍ ഹന്നോഫ എന്ന് ഉച്ചരിക്കുന്ന ഹനോവര്‍ നഗരത്തിലേക്കിറങ്ങിച്ചെന്നു.
അവിടത്തെ തെരുവീഥികളിലൂടെയുള്ള നടത്തം ഗതകാല സ്മരണകളിലേക്ക് കൂട്ടിക്കൊണ്ട് പോയി.
ഓരോ കെട്ടിടത്തിലും അതിന്റെ ചരിത്രം എഴുതി വെച്ചിട്ടുണ്ട്. ജര്‍മ്മനിലും ഇംഗ്ലീഷിലും. നമ്മളെ എത്രയോ നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക് കൊണ്ട് പോകുന്ന കൊത്തിവച്ച അക്ഷരങ്ങള്‍.

നാം കാലത്തിന്റെ കുത്തൊഴുക്കില്‍ എത്ര നിസ്സാരരെന്നും നമ്മളൊന്നും ഇല്ലെങ്കിലും ലോകം മുന്നോട്ട് പോകുമെന്നും ഓര്‍മിപ്പിക്കുന്ന ചരിത്രം.

രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് മരം കൊണ്ടുള്ള കെട്ടിടങ്ങളും വീതി കുറഞ്ഞ വീഥികളുമൊക്കെ ചേര്‍ന്ന
ഒരു മധ്യകാല നഗരമായിരുന്നു പഴയ ഹനോവര്‍. പാവപ്പെട്ടവരായിരുന്നു അവിടെ വസിച്ചിരുന്നവരില്‍ ഭൂരിഭാഗം പേരും.
കുറ്റകൃത്യങ്ങളും വേശ്യാവൃത്തിയും നടമാടിയിരുന്നിടത്ത് നിന്ന് നഗരത്തിലെ സാധാരണ പൗരന്മാര്‍ അകന്നു നിന്നു.
യുദ്ധകാലത്തെ ബോംബ് വീഴ്ചയില്‍ ഏതാണ്ട് മുഴുവനായും ഇവിടം തകര്‍ന്നു പോയി. കത്തിയമരാത്ത കെട്ടിടങ്ങളുടെ മുന്‍ഭാഗം മാത്രം അടര്‍ത്തിയെടുത്ത് പുതിയ കെട്ടിടങ്ങളില്‍ ചേര്‍ത്ത്അവര്‍ ഒരു പുതിയ 'പഴയ നഗര'മുണ്ടാക്കി.

ഹനോവറിലെ ഏറ്റവും പഴയതും ആകര്‍ഷകവുമായ പകുതിയും മരത്തിലുള്ള ഒരു കെട്ടിടം പുതിയവയ്ക്കിടയില്‍ തിളങ്ങി നില്‍ക്കുന്നത് കണ്ടു. അതിന്റെ മുഖപ്പ് 1566 ല്‍ ഉള്ളതാണ് എന്നത് എത്രയും കൗതുകകരമായിരുന്നു.
അതേ തെരുവില്‍ത്തന്നെയാണ് ഹനോവറിലെ ഏറ്റവും പഴക്കമുള്ള പള്ളി 1333 ല്‍ പണിത ക്രൂസ്‌കിര്‍ഷ് സ്ഥിതി ചെയ്യുന്നത്. അതിന് സമീപത്തായി ദീനദയാലുക്കളായിരുന്ന ദുവേ കുടുംബത്തിന്റെ കല്ലറയുണ്ട്. അവിടെ നിന്ന് മുന്നോട്ട് നടക്കുമ്പോള്‍ ആയിരത്തി അറുന്നൂറുകളില്‍ പണിത ബാല്‍ ഹോഫ് എന്ന അകത്തള കായിക മൈതാനം. പിന്നെയത് ജനങ്ങള്‍ക്ക് ഒത്തു ചേരാനുള്ള ഒരു ഹാള്‍ ആയും ശേഷമൊരു തീയറ്റര്‍ ആയും രൂപം മാറി.

സിറ്റി മ്യൂസിയത്തിനെതിര്‍വശത്തുള്ള ലെബ്‌നിസ്‌ഹോസ് എന്ന മനോഹരമായ
കെട്ടിടം മണല്‍ക്കല്ല് കൊണ്ട് നിര്‍മ്മിച്ചതാണ്. 1499 ല്‍ നിര്‍മ്മിച്ച ഈ കെട്ടിടത്തില്‍ 1652 മുതല്‍ താമസിച്ചിരുന്നത് പേരുകേട്ട തത്വചിന്തകനായിരുന്ന ലെബ്‌നിസ് ആയിരുന്നു.
ഇപ്പോഴത് ഹനോവര്‍ യൂണിവേഴ്‌സിറ്റിയുടെ അതിഥി മന്ദിരമാണ്.
ഇടക്ക് ഒരു കടുപ്പവും സുഗന്ധമുള്ള കാപ്പിയും കെട്ടുപിണഞ്ഞ രൂപത്തിലുള്ള പലഹാരം ബ്രെസലും കഴിച്ചു ഞങ്ങള്‍ നടത്തം തുടര്‍ന്നു. സുഖകരമായ തണുപ്പ് നടക്കാന്‍ ഊര്‍ജജം തന്നു.

ലെനെസ്ഷ്‌ളോസ് എന്ന പാര്‍ലമെന്റ് കെട്ടിടം പന്ത്രണ്ടാം നൂറ്റാണ്ടിലേതാണ്. ഒരു ഫ്രാന്‍സിസ്‌കന്‍ സെമിനാരിയായിരുന്ന ഇവിടം 1553 ല്‍
സഭ പിരിച്ചു വിട്ടു. പിന്നെ കലന്‍ബര്‍ഗ് ഡ്യൂക്ക് 1636 ല്‍ ഓരോ ഭാഗങ്ങളായി പുനരുദ്ധരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടില്‍ രാജഭരണത്തിന് കീഴില്‍ വന്നപ്പോള്‍ ലേവ്‌സ് എന്ന വാസ്തു ശില്‍പ്പി അതില്‍ വലിയ കൊത്തു പണികളുള്ള ആറ് തൂണുകള്‍ വിളക്കിച്ചേര്‍ത്തു. എന്നാല്‍ 1943ല്‍ കെട്ടിടം ഏതാണ്ട് പൂര്‍ണ്ണമായി കത്തിച്ചാമ്പലായി, എന്നാല്‍ മുഖമണ്ഡപം നിലനിന്നു. പുതുക്കിപ്പണിതപ്പോള്‍ അസംബ്ലി ഹാള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു.

എല്ലാ ചരിത്രവിവരങ്ങളും തെരുവിന്റെ ഓരത്തോ കെട്ടിടത്തിന് മുന്നിലോ എഴുതി വച്ചിട്ടുണ്ട്.

ഞങ്ങള്‍ ചരിത്രത്തിന്റെ ഏതോ സരണിയില്‍ സ്വയം നഷ്ടപ്പെട്ട് നടക്കുകയായിരുന്നത് കൊണ്ട് സമയം പോയതറിഞ്ഞില്ല.

മുകളിലേക്ക് നോക്കെ ആകാശം സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന് നിന്നു. ഇരുണ്ട മേഘങ്ങള്‍ പശ്ചാത്തലത്തിലെ മഞ്ഞ വെളിച്ചത്തില്‍ ചെറുകുന്നുകള്‍ പോലെ തോന്നിച്ചു. ഇടയ്‌ക്കൊക്കെ വീശുന്ന ശീതക്കാറ്റില്‍ ഞങ്ങള്‍ ചെറുതായി വിറച്ചു. എന്നാലും തിരിച്ച് താമസയിടത്തേക്ക് നടക്കാന്‍ തീരുമാനിച്ചു. നാളെ റൈന്‍ നദീതീരത്തുള്ള ലാന്‍ ക്‌സെസ് ഫാക്ടറിയില്‍ പോകണം.
നദിയില്‍ ഒരു ബോട്ട് യാത്ര ചെയ്യണം.

തുടരും


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it