Begin typing your search above and press return to search.
ദീര്‍ഘകാല മൂലധന നേട്ട നികുതിയില്‍ എന്താണ് മാറ്റങ്ങള്‍? അറിയാം
1.2024 ജൂലൈ 23 ലെ ഫിനാന്‍സ് ബില്ല് അനുസരിച്ച് ആദ്യം നിര്‍ദ്ദേശിച്ച ചില കാര്യങ്ങളില്‍ ഇപ്പോള്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ താഴെ ചേര്‍ക്കുന്നു.
a. നിങ്ങള്‍ പ്രോപ്പര്‍ട്ടി ഷെയറുകള്‍, വാഹനങ്ങള്‍, സ്വര്‍ണം മുതലായവ പോലുള്ള വസ്തുക്കള്‍ വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ലാഭത്തിന്റെ മുകളില്‍( ചില നിബന്ധനകള്‍ക്ക് വിധേയമായി) ആദായനികുതി വരുന്നതാണ്. താങ്കള്‍ എത്ര മാസം കൈവശം വെച്ചതിനുശേഷം ആണ് പ്രസ്തുത ആസ്തി വില്‍ക്കുന്നത്/ കൈമാറ്റം ചെയ്യുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ അത്തരത്തിലുള്ള കൈമാറ്റങ്ങളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്.
(1) ഹ്രസ്വകാല മൂലധന നേട്ടത്തിന് ( short-term capital gain ) കാരണമായവ.
(2) ദീര്‍ഘകാല മൂലധന നേട്ടത്തിന് കാരണമായവ (long-term capital gain )
12 മാസം, 24 മാസം, 36 മാസം എന്നീങ്ങിനെയുള്ള കാലയളവുകളാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ ഈ കാലയളവുകളില്‍ (periods) വലിയൊരു ഭേദഗതി 2024 ജൂലൈ 23ലെ ഫിനാന്‍സ് ബില്ല് കൊണ്ടുവന്നു. വകുപ്പ് 2(42A) യില്‍ കൊണ്ടുവന്ന ഒരു ഭേദഗതി മുഖാന്തിരം താഴെ ചേര്‍ക്കും പോലെ രണ്ടുതരത്തിലുള്ള കാലയളവുകള്‍ മാത്രമായി നിജപ്പെടുത്തി.
(¡) ലിസ്റ്റ് ചെയ്ത ഓഹരികളും സെക്യൂരിറ്റികളും (securities) 12 മാസത്തില്‍ അധികം കൈവശം വെച്ചതിന് ശേഷം വിറ്റാല്‍ ഉണ്ടാകുന്ന മൂലധന നേട്ടം ദീര്‍ഘകാലം മൂലധനനേട്ടമായി പരിഗണിക്കപ്പെടും. 12 മാസത്തില്‍ താഴെ കൈവശം വെച്ചതിനുശേഷം വിറ്റാല്‍ ഉണ്ടാകുന്ന മൂലധന നേട്ടം ഹ്രസ്വകാല മൂലധന നേട്ടമായി പരിഗണിക്കപ്പെടും.
(¡¡) മറ്റുള്ള ആസ്തികള്‍ 24 മാസത്തില്‍ അധികം കൈവശം വെച്ചതിനുശേഷം വിറ്റാല്‍ ഉണ്ടാകുന്ന മൂലധന നേട്ടം ദീര്‍ഘകാല മൂലധന നേട്ടമായി പരിഗണിക്കപ്പെടും. 24 മാസത്തില്‍ താഴെ കൈവശം വെച്ചതിനുശേഷം വിറ്റാല്‍ ഉണ്ടാകുന്ന മൂലധന നേട്ടം ഹ്രസ്വകാല മൂലധന നേട്ടമായി പരിഗണിക്കപ്പെടും.
ആഗസ്റ്റ് 7, 2024 ന് ലോകസഭ പാസാക്കിയ ഫിനാന്‍സ് ബില്ലിലും മുകളില്‍ പ്രസ്താവിച്ച 'short-tern capital gain period', 'long-tern capital gain period' എന്നിവയ്ക്ക് മാറ്റമില്ല.
(2) പിന്നെ മാറ്റം സംഭവിച്ചത് എന്താണ്?
2024 ജൂലൈ 23ലെ ഫിനാന്‍സ് ബില്ലില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതി 20% എന്നതില്‍ നിന്ന് 12.5% എന്നാക്കി കുറയ്ക്കുകയും വാങ്ങിച്ച വില, ആസ്തിയില്‍ മെച്ചപ്പെടുത്തലുകള്‍ (cart of improvement) എന്നിവയുടെ മേല്‍ പണപ്പെരുപ്പത്തിന് ആനുപാതികമായി വരുത്തുവാന്‍ പറ്റിയിരുന്ന ഇന്‍ഡക്സേഷന്‍ ആനുകൂല്യം ഒഴിവാക്കുകയും ചെയ്തു. ഇന്‍ഡക്സേഷന്‍ ചെയ്യുവാന്‍ പറ്റിയില്ലെങ്കില്‍ കഴിഞ്ഞകാലത്ത് വാങ്ങുമ്പോള്‍ നല്‍കിയ കുറഞ്ഞ വില അങ്ങനെതന്നെ നില്‍ക്കുകയും ലാഭം കൂടുകയും ചെയ്യുന്നു എന്നും അങ്ങനെ വരുമ്പോള്‍ കൂടുതല്‍ ആദായനികുതി അടയ്ക്കേണ്ടതായി വരുന്നു എന്നും അഭിപ്രായങ്ങള്‍ ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ 2024 ആഗസ്റ്റ് 27ന് ലോക്സഭ പാസാക്കിയ ഫിനാന്‍സ് ബില്ലില്‍ താഴെ കാണിക്കുന്ന മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
(¡) 2024 ജൂലൈ 23ന് മുമ്പ് വാങ്ങിയ ഭൂമി, കെട്ടിടങ്ങള്‍ എന്നിവ വില്‍ക്കുമ്പോള്‍ (വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബം എന്നിവര്‍ക്ക് മാത്രം) താഴെ ചേര്‍ക്കുന്ന രണ്ട് ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്. ചഞകകള്‍, കമ്പനികള്‍ എന്നിവര്‍ക്ക് ബാധകമല്ല.
(a) ഓപ്ഷന്‍ 1
20 %ആദായനികുതി ദീര്‍ഘകാല മൂലധന നികുതിയായി അടയ്ക്കുക- ഇന്‍ഡക്സേഷന്‍ ലഭിക്കുന്നതാണ്.
(b) ഓപ്ഷന്‍ 2
12.5 % ആദായനികുതി ദീര്‍ഘകാല മൂലധന നികുതിയായി അടയ്ക്കുക. ഇവിടെ ഇന്‍ഡക്സേഷന്‍ ലഭിക്കുന്നതല്ല.
2024 ജൂലൈ 23ന് ശേഷം വാങ്ങിയ ഭൂമി കെട്ടിടങ്ങള്‍ എന്നിവയ്ക്ക് മുകളില്‍ പ്രസ്താവിച്ച ഓപ്ഷന്‍ ലഭിക്കുന്നതല്ല.
(പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളജ് കൊമേഴ്‌സ് വിഭാഗം അസി. പ്രഫസറാണ് ലേഖകന്‍)
Next Story
Videos