Begin typing your search above and press return to search.
എന്താണ് സ്റ്റാര്‍ട്ടപ്പ്? ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്?
സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്തേക്ക് സ്വാഗതം. എന്താണ് സ്റ്റാര്‍ട്ടപ്പ്? എങ്ങനെയാണ് ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി രജിസ്റ്റര്‍ ചെയ്യുക? എങ്ങനെ ആ സ്റ്റാര്‍ട്ടപ്പ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാം... സംരംഭക ലോകത്തേക്ക് ചുവടുവയ്ക്കാന്‍ ശ്രമിക്കുന്നവരുടെ ഉള്ളില്‍ നിറഞ്ഞുകവിയുന്ന ചോദ്യങ്ങളാണിത്.
സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി 'ധനംഓണ്‍ലൈന്‍' ഇന്നുമുതല്‍ പുതിയ പംക്തി ആരംഭിക്കുന്നു - സ്റ്റാര്‍ട്ടപ്പ് ഗൈഡ്. പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അഭിജിത് പ്രേമന്‍ എഴുതുന്ന പംക്തി വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും. ഇന്ന് ഒന്നാം അദ്ധ്യായം ആരംഭിക്കുന്നു.
പുതുതായി ആരംഭിച്ച ഒരു വ്യവസായ സംരംഭത്തെയാണ് സ്റ്റാര്‍ട്ടപ്പ് എന്ന് വിളിക്കുന്നത്. ആ സംരംഭത്തിന്റെ സ്ഥാപകരുടെ എണ്ണം ഒന്നോ അതിലധികമോ ആകാം. ഒരു ഉത്പന്നത്തെയോ സേവനത്തെയോ വ്യത്യസ്തമായി അവതരിപ്പിക്കുകയാണ് സംരംഭകര്‍ ചെയ്യുക.
ഇതുവരെ ലഭ്യമല്ലാത്ത ഉത്പന്നമോ സേവനമോ ആളുകളിലേക്ക് എത്തിക്കുക മാത്രമല്ല ഒരു സ്റ്റാര്‍ട്ടപ്പിന്റെ കാതലായ ലക്ഷ്യം. അതോടൊപ്പം ലാഭകരമായ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കാനും മികച്ച സാധ്യതകള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്താനും അവയ്ക്ക് കഴിയണം. ഇതിലൂടെ വിപണിയിലും സമൂഹത്തിലും ശ്രദ്ധേയമായ മാറ്റം കൊണ്ടുവരാനും സ്റ്റാര്‍ട്ടപ്പിന് കഴിയണം.
ഇന്നൊവേഷന്‍ അഥവാ പുതുമ
ഇന്നൊവേഷന്‍ അഥവാ പുതുമയാണ് സ്റ്റാര്‍ട്ടപ്പുകളുടെ അടിത്തറ. നൂതനമായ ആശയം, ഉത്പന്നം അല്ലെങ്കില്‍ സേവനത്തിലൂടെ നിലവിലെ വിപണിക്കും വ്യവസായ മേഖലയ്ക്കും കാര്യമായ ഡിസ്‌റപ്ഷന്‍ ഉണ്ടാക്കുകയാണ് സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്യുക. അല്ലാതെ ഇപ്പോഴേ വിപണിയിലുള്ള ഉത്പന്ന/സേവനങ്ങളെ അല്പം കൂടി മികച്ചതാക്കുകയല്ല ചെയ്യുന്നത്.
നിലവിലുള്ള സംരംഭങ്ങള്‍ക്ക് വെല്ലുവിളിയാവുക എന്നതാണ് സ്റ്റാര്‍ട്ടപ്പുകളുടെ ലക്ഷ്യം. ബിസിനസിനോടുള്ള വ്യത്യസ്ത സമീപനം, ഏറ്റവും മികച്ച ടെക്‌നോളജി, പുതുമയുള്ള ബിസിനസ് മോഡല്‍ എന്നീ ഘടകങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് പരമ്പരാഗത വ്യവസായങ്ങളില്‍ നിന്ന് അവ വേറിട്ടുനില്‍ക്കുക.
അതിവേഗ വളര്‍ച്ചയാണ് സ്റ്റാര്‍ട്ടപ്പുകളുടെ മറ്റൊരു ഉന്നം. അതാണ് പ്രധാന സവിശേഷതയും. പരമ്പരാഗത ചെറുകിട സംരംഭങ്ങള്‍ പൊതുവേ നിശ്ചിത വേഗത്തിലേ വളരാറുള്ളൂ. ഇതില്‍ നിന്ന് വ്യത്യസ്തമായി, ത്വരിത വളര്‍ച്ചയിലൂടെ പ്രവര്‍ത്തനങ്ങളും ഉപഭോക്താക്കളുടെ എണ്ണവും വിപുലമാക്കാനുള്ള വ്യഗ്രതയാണ് സ്റ്റാര്‍ട്ടപ്പുകളുടെ ശൈലി. ഈ ആവേശത്തിന് പിന്നിലെ കാരണവും വേറെയല്ല; എതിരാളികള്‍ മുന്നേറി ഒപ്പമെത്തുകയോ പുതിയ ട്രെന്‍ഡ് രൂപപ്പെടുകയോ ചെയ്യുംമുമ്പ് വിപണി കൈയടക്കണം.
എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍
ഇന്ത്യയില്‍ ഒരു സംരംഭം സ്റ്റാര്‍ട്ടപ്പായി രജിസ്റ്റര്‍ ചെയ്യാനുള്ള മാനദണ്ഡങ്ങളില്‍ ചിലത് നോക്കാം.
1. സംരംഭത്തിന്റെ ഘടന - പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയോ പാര്‍ട്ണര്‍ഷിപ്പ് കമ്പനിയോ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പോ (LLP) ആയി രജിസ്റ്റര്‍ ചെയ്യണം.
2. കാലപ്പഴക്കം - സംരംഭം തുടങ്ങിയിട്ട് 10 വര്‍ഷത്തിലേറെയാകാന്‍ പാടില്ല.
3. വാര്‍ഷിക ടേണോവര്‍ - സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ ശേഷം ഒരു സാമ്പത്തിക വര്‍ഷത്തില്‍ പോലും വാര്‍ഷിക ടേണോവര്‍ 100 കോടി രൂപ കവിയരുത്.
4. ഒറിജിനല്‍ സംരംഭം - സ്ഥാപകര്‍ സ്വന്തമായി ആരംഭിച്ച സംരംഭമാണ് സ്റ്റാര്‍ട്ടപ്പ്. നിലവിലുള്ള ഒരു ബിസിനസ് പുനഃസ്ഥാപിക്കുകയോ വിഭജിക്കുകയോ ചെയ്ത് രൂപപ്പെടുത്തുന്ന സംരംഭം സ്റ്റാര്‍ട്ടപ്പ് അല്ല, രജിസ്റ്റര്‍ ചെയ്യാനും കഴിയില്ല.
5. പുതുമ വേണം, വളരണം - ഏതെങ്കിലും ഉത്പന്നമോ സേവനമോ വികസിപ്പിക്കാനും മികച്ചതാക്കാനും വേണ്ടിയുള്ളതാകണം സ്റ്റാര്‍ട്ടപ്പ്. ബിസിനസ് വര്‍ധനയിലൂടെ വെല്‍ത്ത് ക്രിയേഷന് മികച്ച സാധ്യതയും വേണം.
ഇതോടൊപ്പം സംരംഭകന്റെ പ്രായം, കമ്പനി ഏത് തരമാണ്, ബിസിനസിന്റെ സ്വഭാവം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച ചില പ്രത്യേക മാനദണ്ഡങ്ങളും സ്റ്റാര്‍ട്ടപ്പുകള്‍ പാലിക്കണം. നിയന്ത്രണങ്ങളുടെ ഭാരമില്ലാതെ, കാര്യങ്ങള്‍ നടപ്പാക്കാനുള്ള ചെലവ് കുറച്ച് പ്രധാന ബിസിനസില്‍ പൂര്‍ണമായി ശ്രദ്ധിക്കാന്‍ പുതിയ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുക എന്നതാണ് ഈ മാനദണ്ഡങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
Next Story
Videos