സ്പോർട്സ് താരങ്ങളിൽ നിന്ന് പഠിക്കാനുള്ള മൂന്നു പാഠങ്ങള്‍

അമാനുഷിക പ്രകടനങ്ങളുടെ പേരിലാണ് മികച്ച അത്‌ലറ്റുകള്‍ ആരാധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നത്. എന്നിരുന്നാലും അവരുടെ പ്രതിഭയ്ക്കുമപ്പുറം അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒട്ടേറെ കാര്യങ്ങളുണ്ട് അവരുടെ പ്രകടനങ്ങള്‍ക്ക് പിന്നില്‍.

ലോകോത്തര അത്‌ലറ്റുകളില്‍ നിന്ന് നമുക്ക് പകര്‍ത്താന്‍ കഴിയുന്ന, ജീവിതമാകുന്ന കളിയില്‍ മികവ് പുലര്‍ത്താന്‍ സഹായിക്കുന്ന മൂന്ന് പ്രധാനപ്പെട്ട ജീവിത പാഠങ്ങള്‍ ആണിവിടെ പറയുന്നത്.

അച്ചടക്കം( Discipline)

അച്ചടക്കത്തിന് ഒരാളുടെ ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും റൊണാള്‍ഡീഞ്ഞോയുടെയും ഫുട്‌ബോള്‍ കരിയര്‍ നമ്മോട് പറയും.
35 ാം വയസ്സില്‍ പോലും ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരിലൊരാളായി റൊണാള്‍ഡോ കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ അസാമാന്യമായ പ്രവര്‍ത്തന ശൈലിയെ കുറിച്ചും അച്ചടക്കത്തെ കുറിച്ചും, അദ്ദേഹത്തിന്റെ സഹകളിക്കാരനായിരുന്ന കാര്‍ലോസ് ടെവസ് ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി.
'രാവിലെ ഒന്‍പത് മണിക്കാണ് പരിശീലനമെങ്കില്‍ നിങ്ങള്‍ എട്ടുമണിക്ക് ഗ്രൗണ്ടില്‍ എത്തിയാലും അദ്ദേഹം അവിടെയുണ്ടാകും. ഇനി, ഏഴരയ്ക്ക് നിങ്ങള്‍ വന്നാലും അദ്ദേഹത്തെ അവിടെ കാണാനാകും. എങ്ങനെ അദ്ദേഹത്തെ കുടുക്കാനാകും എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. അങ്ങനെ ഒരു ദിവസം ഉറക്കച്ചടവോടെ ഞാന്‍ രാവിലെ ആറു മണിക്ക് ഗ്രൗണ്ടിലെത്തിയപ്പോഴും അദ്ദേഹം മൈതാനത്തുണ്ട്.
ഇന്ന്, ലോകത്തെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരിക്കാം അദ്ദേഹം. പക്ഷേ അദ്ദേഹം ആകട്ടെ പരിശീലനം ഒരിക്കലും മുട ക്കുന്നില്ല, ഒന്നും നിസാരമായി കാണുന്നു മില്ല. ഇതിന്റെ മറുഭാഗത്ത് റൊനാൾഡീഞ്ഞോയാണ്.
അസാമാന്യമായ പ്രതിഭയും കഴിവുമുണ്ടായിരുന്നു അദ്ദേഹത്തിന്. അതിശയിപ്പിക്കുന്ന കഴിവുകള്‍ കൊണ്ട് കളിക്കളത്തില്‍ അദ്ദേഹം മാന്ത്രികത സൃഷ്ടിച്ചു. 2002 ഫിഫ ലോക കപ്പ് വിജയത്തിലൂടെ തന്റെ 22 ാം വയസ്സില്‍ അദ്ദേഹം ലോകശ്രദ്ധ നേടി. ഒരു വര്‍ഷത്തിനു ശേഷം എഫ് സി ബാര്‍സലോണയിലെത്തി.
ആഘോഷമായ ജീവിതം നയിച്ചിരുന്ന അദ്ദേഹം രാത്രി വൈകിയും പാര്‍ട്ടികളില്‍ പങ്കെടുക്കുകയും ടീമിന്റെ പരിശീലനങ്ങളില്‍ പലതും നഷ്ടമാക്കുകയും ചെയ്തു. അച്ചടക്കമില്ലാത്ത അദ്ദേഹത്തിന്റെ ജീവിത രീതിയില്‍ മടുത്ത് മുന്‍ ക്ലബായിരുന്ന പാരിസ് സെയ്ന്റ് ജെര്‍മെയ്നിൻ്റെ മാനേജർ അദ്ദേഹത്തെ ബാര്‍സലോണയ്ക്ക് വിറ്റു. ഫുട്‌ബോളിന് പകരം പാര്‍ട്ടികള്‍ക്കാണ് റൊണാള്‍ഡീഞ്ഞോ കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2004 ലും 2005 ലും ഫിഫയുടെ വേള്‍ഡ് പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ പ്രകടനത്തോടെ അസാമാന്യ കളി കാഴ്ച വെക്കുമ്പോഴും ബാര്‍സലോണയിലും അദ്ദേഹത്തിന്റെ ജീവിത രീതി തുടര്‍ന്നു. പക്ഷേ 2007 ല്‍ അദ്ദേഹത്തിന്റെ 27 ാം വയസ്സില്‍ മിക്ക കളിക്കാരും അവരുടെ മികച്ച പ്രകടനത്തിലേക്ക് കടക്കുന്ന പ്രായത്തില്‍ അദ്ദേഹത്തിന്റെ ജീവിത രീതിക്കും അച്ചടക്ക രാഹിത്യത്തിനും വില കൊടുക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ ഫിറ്റ്‌നസും പ്രകടനവും നാള്‍ക്കുനാള്‍ കുറഞ്ഞു.
ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹത്തെ എസി മിലാൻ ക്ലബ്ബിന് കൈമാറി. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ പഴയ ഉയരങ്ങളിലെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നീടുള്ള കാലം പഴയ റൊണാള്‍ഡീഞ്ഞോയുടെ നിഴല്‍ മാത്രമായി അദ്ദേഹം ഒതുങ്ങി. അച്ചടക്കമില്ലായ്മയക്ക് വില കൊടുക്കേണ്ടി വന്നു, കഴിവുകള്‍ വേണ്ടപോലെ പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനായില്ല.
ഒരു പ്രൊഫഷണല്‍ അത്‌ലറ്റിനെ പോലെ നമ്മള്‍ ജീവിതത്തില്‍ കഠിനമായ സ്വയം അച്ചടക്കം പാലിക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും മികച്ച ജീവിതം നയിക്കുന്നതിന് കുറച്ചൊക്കെ അച്ചടക്കം ആവശ്യമാണ്. രാവിലെ നേരത്തെ എഴുന്നേല്‍ക്കുക, ദിവസവും വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം, എല്ലാ ദിവസവും മെഡിറ്റേഷന്‍ ചെയ്യുക തുടങ്ങിയ പോസിറ്റീവായ ശീലങ്ങള്‍ സ്വീകരിക്കുന്നതിലൂടെ മെച്ചപ്പെട്ട ജീവിതത്തിന് സഹായിക്കും. ഹ്രസ്വകാലം കൊണ്ട് അവ വലിയ മാറ്റങ്ങള്‍ കൊണ്ടുവരില്ലായിരിക്കാം, പക്ഷേ ദീര്‍ഘകാലയളവില്‍ വ്യത്യസ്തമായൊരു ലോകം സൃഷ്ടിക്കാന്‍ കഴിയും.

സ്വയവിശ്വാസം( Self belief)

"മറ്റാരും വിശ്വസിക്കാത്തപ്പോള്‍ നിങ്ങളില്‍ നിങ്ങള്‍ തന്നെ വിശ്വസിക്കണം"- സെറീന വില്യംസ്
കാഷിയസ് ക്ലേ വളരെയേറെ പ്രതിഭയുള്ള ബോക്‌സറൊന്നും ആയിരുന്നില്ല. അദ്ദേഹത്തിന്റെ പഞ്ചുകൾ ഏറ്റവും ശക്തി യേ റി യ താ യിരുന്നില്ല, വലിയ ഉയരമോ ഭാരമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. തന്നില്‍ തന്നെയുള്ള വിശ്വാസത്തിലൂടെയാണ് അദ്ദേഹം ഇതെല്ലാം മറികടന്നത്. ബോക്‌സിംഗ് രംഗത്തേക്ക് അദ്ദേഹം വന്നപ്പോള്‍ ആളുകള്‍ ധിക്കാരിയായാണ് കണ്ടത്. ഞാനാണ് ഏറ്റവും മികച്ചവന്‍ ( I'm the greatest)എന്ന തരത്തിലുള്ള വലിയ പ്രസ്താവനകള്‍ അദ്ദേഹം നടത്തി. എന്നാല്‍ അത്തരത്തിലൊന്നും ആര്‍ക്കും അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം, സ്ഥിരമായ പ്രകടനങ്ങളും ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കിയപ്പോള്‍ ലോകം അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ശരിവെച്ചു. പിന്നീട് മുഹമ്മദലി എന്ന പേര് സ്വീകരിച്ച കാ ഷിയസ് ക്ലേയെ ഇന്നും ആളുകള്‍ ലോകം കണ്ട ഏറ്റവും മികച്ച ബോക്‌സറായി പരിഗണിക്കുന്നു. എന്നാല്‍ നമ്മളില്‍ പലരെയും പോലെ തന്നെ, മുഹമ്മ ദാലിയും ജനിക്കുമ്പോള്‍ മുതല്‍ തന്നില്‍ തന്നെ വിശ്വാസമുണ്ടായിരുന്ന ഒരാളായിരുന്നില്ല. ബോധപൂര്‍വം അതിന് ശ്രമിക്കുകയായിരുന്നു. ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്, 'ഞാനാണ് മികച്ചവന്‍ എന്ന് തിരിച്ചറിയുന്നതിനു മുമ്പു തന്നെ ഞാനങ്ങനെ പറഞ്ഞു തുടങ്ങിയിരുന്നു.'
ക്രിയാത്മകമായ സ്ഥിരീകരണങ്ങളിലൂടെയും വിഷ്വലൈസേഷന്‍ തന്ത്രങ്ങളിലൂടെയും ലോ ഓഫ് അട്രാക്ഷന്‍ എന്നതിന്റെ ശക്തി കെട്ടഴിച്ചു വിടുകയായിരുന്നു തന്റെ കരിയറില്‍ ഉടനീളം അദ്ദേഹം.
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ബുദ്ധന്‍ പറഞ്ഞതു പോലെ 'നിങ്ങള്‍ എന്തു ചിന്തിക്കുന്നുവോ അതായിത്തീരും.' നമ്മളെ കുറിച്ച് നമ്മള്‍ തന്നെ മനസ്സില്‍ ആവര്‍ത്തിച്ചു പറയുന്നത്, നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പെട്ടെന്നോ കുറച്ചു സമയമെടുത്തോ യാഥാര്‍ത്ഥ്യമായിത്തീരും.
മനസ്സില്‍ നെഗറ്റീവായ ബോധ്യം നിരന്തരം ഉണ്ടാകുന്നുവെന്നതാണ് നമ്മളില്‍ മിക്കവരുടെയും പരിമിതി. പോസിറ്റീവായ കാര്യങ്ങള്‍ ചിന്തയില്‍ ഊട്ടിയുറപ്പിക്കുക എന്നതാണ് നെഗറ്റീവ് ചിന്തയെ അകറ്റി സ്വയം വിശ്വാസം കൈവരിക്കാനും അതുവഴി ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാനും ഉള്ള വഴി.

പരാജയത്തെയും തിരിച്ചടികളെയും അനുഗ്രഹങ്ങളാക്കി മാറ്റുക

ഹൈസ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമില്‍ പോലും ഇടം കണ്ടെത്താന്‍ കഴിയാത്ത ഒരാള്‍ക്ക് എങ്ങനെയാണ് എന്‍ബിഎ( അമേരിക്കയിലെ പ്രശസ്തമായ NBA)യില്‍ കളിക്കാനാകുക?
ഈ മനുഷ്യന് പ്രായോഗികമായി ചിന്തിക്കാനും എന്‍ബിഎയില്‍ കളിക്കുക എന്ന സ്വപ്‌നം ഉപേക്ഷിക്കാനും കഴിയുമായിരുന്നു. പകരം തന്റെ ജീവിതത്തിലെ വേദനാജനകമായ നിമിഷങ്ങളെ ശരിയായ മനോഭാവത്തോടെ സമീപിച്ച് അതിനെ അനുഗ്രഹമായി കണ്ട്, കൂടുതല്‍ കഠിനമായി പരിശ്രമിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന് എന്‍ബിഎയില്‍ സ്ഥാനം കണ്ടെത്താനായെന്ന് മാത്രമല്ല, അതിന്റെ ചരിത്രത്തിലെ ഏറ്റവും ബഹുമാന്യനായ കളിക്കാരനെന്ന പദവിയോടെ കരിയര്‍ അവസാനിപ്പിക്കാനാകുകയും ചെയ്തു.
മൈക്കിള്‍ ജോര്‍ദാന്‍ അല്ലാതെ മറ്റാരുമല്ല ആ മനുഷ്യന്‍. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള പരാജയങ്ങള്‍ക്കും തിരിച്ചടികള്‍ക്കുമാണ് കോര്‍ട്ടിലെ അവിശ്വസനീയമായ വിജയത്തിന്റെ ക്രെഡിറ്റ് അദ്ദേഹം നല്‍കുന്നത്. Nike Culture: The Sign of the Swoosh എന്ന പുസ്തകത്തില്‍ ജോര്‍ദ്ദാന്‍ പറയുന്നു, 'എന്റെ കരിയറില്‍ 9000 ത്തിലേറെ ഷോട്ടുകള്‍ എനിക്ക് നഷ്ടമായിട്ടുണ്ട്. 300 ഓളം കളികളും നഷ്ടപ്പെട്ടു. 26 തവണ ഗെയിം വിന്നിംഗ് ഷോട്ട് എടുക്കുമെന്ന് കരുതിയത് ഞാൻ നഷ്ടപ്പെടു ത്തി. ജീവിതത്തില്‍ ഞാന്‍ പിന്നെയും പിന്നെയും തോറ്റുകൊണ്ടിരുന്നു. അതിൽ നിന്നാണ് ഞാന്‍ വിജയിച്ചത്. '
വിജയം പഠിപ്പിക്കുന്നതിനേക്കാള്‍ ഏറെ കാര്യങ്ങള്‍ പരാജയം പഠിപ്പിക്കുന്നുണ്ടെന്ന് മികച്ച അത്‌ലറ്റുകൾ മനസ്സിലാക്കുന്നു. ലോകത്തെ മികച്ച ക്രിക്കറ്റര്‍മാരിലൊരാളായ വിരാട് കോലി പറയുന്നത് ഇങ്ങനെയാണ്.
' പരാജയങ്ങളില്‍ നിന്നും തിരിച്ചടികളില്‍ നിന്നുമാണ് ഞാന്‍ ഏറെ പഠിച്ചത്. ഏറ്റവും മോശമായ തിരിച്ചടികള്‍ എന്നെ പ്രചോദിപ്പിക്കുക മാത്രമല്ല, വിജയത്തേക്കാള്‍, ആ സമയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരികയും ഒരു വ്യക്തിയെന്ന നിലയില്‍ കടുതല്‍ മെച്ചപ്പെടുവാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്കായി ഒരു റോഡ് മാപ്പ് സൃഷ്ടിക്കേണ്ടതിനെ കുറിച്ച് നിങ്ങളെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. '
നിങൾ ആരാണെങ്കിലും തന്നെ, ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരും. അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ല. നിങ്ങള്‍ മാനസികമായും വൈകാരികമായും പരീക്ഷിക്കപ്പെടുന്ന സമയ ങ്ങൾ ഉണ്ടാകും. ജീവിതം ശരിയായ വിധത്തിലല്ല പോകുന്നതെങ്കില്‍ വിധിയെ പഴിക്കുകയും പിടിവാശി കാട്ടുകയും ജീവിതം മോശമായി പോകുന്നതിനെ കുറ്റപ്പെത്തുകയും ചെയ്യുക എളുപ്പമാണ്.
നിങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്നതിൽ അല്ല, അതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ ആണ് കാര്യം. ഹൈസ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിലേക്ക് കടക്കാന്‍ ശ്രമിച്ച് നേരിട്ട പരാജയത്തെ വെച്ച് തന്നെ നിര്‍വചിക്കാന്‍ ജോര്‍ദ്ദാന്‍ അനുവദിച്ചില്ല. പകരം, കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ അത് പ്രചോദനമാക്കി. പലപ്പോഴും ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റം ഉണ്ടാകുന്ന തരത്തില്‍ നാം പ്രചോദിതരാകുന്ന ഒരേയൊരു സമയം വേദനയിലൂടെയും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയും കടന്നു പോകുമ്പോഴായിരിക്കും.
അത്‌ലറ്റിനെ പോലുള്ള മാനസികാവസ്ഥ സ്വീകരിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ ക്രിയാത്മക മനോഭാവത്തോടെ നേരിടാ നാകും, അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വളരാനും ശക്തരാകാനും കഴിയും.


Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it