കോവാക്‌സിനും കോവിഷീല്‍ഡും സ്ഫുട്‌നിക്കും മാത്രമല്ല, ഇനിയും വരുന്നുണ്ട് വേറെ അഞ്ചെണ്ണം!

ഈ വര്‍ഷം ഡിസംബറോടെ രാജ്യത്തെ പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം ഏറ്റവും കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിന് ആവശ്യമായ വാക്‌സിന്‍ നിര്‍മിച്ച് അപ്പോഴേക്കും വിപണിയിലെത്തിക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. വാക്‌സിന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത മുതല്‍ വാക്‌സിന്‍ നിര്‍മാണ കമ്പനികളുടെ ഉല്‍പ്പാദന ശേഷി വരെയുള്ള നിരവധി കടമ്പകള്‍ മറികടന്നാല്‍ മാത്രമേ ഈ ലക്ഷ്യമെങ്കിലും നേടാന്‍ സാധിക്കൂ.

റഷ്യ വികസിപ്പിച്ചെടുത്ത സ്ഫുട്‌നിക് 5 കൂടി ഇന്നലെ മുതല്‍ രാജ്യത്ത് കുത്തിവെപ്പ് ആരംഭിച്ചതോടെ നിലവില്‍ മൂന്ന കോവിഡ് വാക്‌സിനുകള്‍ ലഭ്യമാണ്. ഇതിനുപുറമേ അണിയറയില്‍ അഞ്ച് വാക്‌സിനുകള്‍ കൂടി ഒരുങ്ങുകയാണ്.

പുതുതായി വരുന്നവ

അമേരിക്കന്‍ കമ്പനിയായ നൊവവാക്‌സുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഇന്ത്യ നിര്‍മിക്കുന്ന കോവോവാക്‌സാണ് അണിയറയില്‍ ഒരുങ്ങുന്ന ഒരു വാക്‌സിന്‍. വാക്‌സിന്‍ അനുമതിക്കുള്ള രേഖകള്‍ സെപ്തംബറോടെ സമര്‍പ്പിക്കും. ഈ വര്‍ഷാവസാനത്തോടെ കോവോവാക്‌സ് വിപണിയിലുണ്ടാകുമെന്നാണ് സിറം ഇന്‍സ്റ്റിറ്റിയൂട്ട് സാരഥി അദാര്‍ പൂനാവാലയും നീതി ആയോഗ് അംഗം വി കെ പോളും സൂചന നല്‍കുന്നത്.

സൈഡസ് കാഡില നിര്‍മിക്കുന്ന സൈകോവ് -ഡിയാണ് മറ്റൊരു വാക്‌സിന്‍. ജൂണ്‍ - ജൂലൈ മാസത്തില്‍ ഇതിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഭാരത് ബയോടെക് നിര്‍മിക്കുന്ന നേസല്‍ വാക്‌സിന്‍ ഇന്‍ട്രാനേസലും അണിയറയില്‍ ഒരുങ്ങുന്നു. ഇതിന്റെ ഫേസ് -1, ഫേസ് - 2 ട്രയലുകള്‍ നടക്കുകയാണ്. ഡിസംബറോടെ 10 കോടി ഡോസ് ഇന്‍ട്രാനേസല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ ലിമിറ്റഡ് നിര്‍മിക്കുന്ന ബയോളജിക്കല്‍ ഇ യുടെ അനുമതിക്കുള്ള രേഖകള്‍ ജൂണ്‍ - ജൂലൈ മാസത്തോടെ സമര്‍പ്പിക്കും. കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയേക്കാള്‍ വില കുറവായിരിക്കും എന്ന സൂചനയാണുള്ളത്. ഈ വര്‍ഷാവസാനത്തോടെ 30 ഡോസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

ഇപ്പോള്‍ ഫേസ് -1 ട്രയല്‍ നടക്കുന്ന ജെനോവ എംആര്‍എന്‍എ ആണ് മറ്റൊരു വാക്‌സിന്‍. ഈ വാക്‌സിനും ഈ വര്‍ഷാവസാനത്തോടെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.

T.S Geena
T.S Geena  

Associate Editor

Related Articles
Next Story
Videos
Share it