ജുന്‍ജുന്‍വാല എന്ന 'ബിഗ്ബുള്‍' പോയി, ബിസിനസുകാരോട് പറഞ്ഞ് വയ്ക്കുന്നത് വലിയൊരു ആരോഗ്യപാഠം

ജുന്‍ജുന്‍വാല, അഥവാ ഇന്ത്യന്‍ ഓഹരിവിപണിയിലെ ബിഗ് ബുള്‍... അറുപത്തിരണ്ടാം വയസ്സില്‍ തന്റെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും ഓഹരിവിപണിയിലെ ഗോളുകളുമെല്ലാം ഉപേക്ഷിച്ച് ഈ ലോകത്തോട് അദ്ദേഹം വിടവാങ്ങിയത് കഴിഞ്ഞ വാരമാണ്. വളരെക്കാലമായി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന അദ്ദേഹം ''ആരോഗ്യ കാര്യങ്ങളില്‍ അല്‍പ്പം കൂടി ശ്രദ്ധ വച്ചിരുന്നെങ്കില്‍''.. എന്ന് പറയാത്തവര്‍ ചുരുക്കമാണ്. ഓഹരിവിപണിയിലെ തുടക്കക്കാര്‍ പോലും ജുന്‍ജുന്‍വാലയെന്ന ഇന്ത്യക്കാരുടെ വാരന്‍ ബഫറ്റിനെ മാതൃകയാക്കി നിക്ഷേപത്തിലേക്കിറങ്ങുന്ന പ്രവണതയുണ്ടായിരുന്നു.

ജുന്‍ജുന്‍വാലയ്ക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. വൃക്കരോഗവുമായി (Kidney Disease) ബന്ധപ്പെട്ട് വളരെക്കാലമായി ഡയാലിസിസ് ചെയ്ത് വരികയായിരുന്ന ജുന്‍ജുന്‍വാല ഈ അടുത്ത കാലത്താണ് ആന്‍ജിയോ പ്ലാസ്റ്റി( angioplasty) നടത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായിരുന്ന ഹൃദയസ്തംഭനമായിരുന്നു അദ്ദേഹത്തിന്റെ മരണകാരണം. ജുന്‍ജുന്‍വാലയ്ക്ക് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് അദ്ദേഹത്തെ അവസാനമായി ചികിത്സിച്ച ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. ജുന്‍ജുന്‍വാലയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ബിസിനസുകാരോട് പറഞ്ഞുവയ്ക്കുന്ന ഒരു കാര്യമുണ്ട്, ആരോഗ്യപരിപാലനം ഇന്നു തുടങ്ങുക, നാളെ എന്നത് പ്രതീക്ഷ മാത്രമാണ് അതിലേക്ക് നമ്മെ നടത്തുന്നത് ശുഭാപ്തി വിശ്വാസത്തോടൊപ്പം നല്ല ആരോഗ്യവുമാണ്.
തിരക്കും സ്‌ട്രെസ്സും നിറഞ്ഞ ജീവിതത്തില്‍ ആരോഗ്യമുള്ള ജീവിതരീതി പിന്തുടരാന്‍ നാളെമുതല്‍ തുടങ്ങാം ആരോഗ്യശീലങ്ങള്‍
1. രാവിലെ നേരത്തെ ഉണരുക: രാവിലെ വൈകി എഴുന്നേല്‍ക്കുന്ന ശീലമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ ദിവസവും ഉണരുന്നതിനും അരമണിക്കൂര്‍ മുമ്പ് ഉണരുക. രാവിലത്തെ ഉറക്കക്ഷീണം മാറ്റാന്‍ ഉടന്‍ കാപ്പിയോ ചായയോ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അതും അവസാനിപ്പിക്കുക. മെല്ലെ മാത്രമേ ഈ ശീലം ഇല്ലാതെയാക്കാന്‍ കഴിയൂ എങ്കില്‍ ആഴ്ചയില്‍ മൂന്നു ദിവസം അങ്ങനെ, നാല് ദിവസം അല്ലാതെ എന്ന രീതിയില്‍ പതിയെ ശീലം മാറ്റാം.
2. വെറും വയറ്റിലെ വെള്ളം
: ചായയോ കാപ്പിയോ അല്ല, വയറിനെ ശുദ്ധമാക്കാന്‍ (Detoxify) ഒരു വലിയ ഗ്ലാസ് വെള്ളം കുടിക്കുക. വെള്ളം കുറച്ചു കുറച്ചായി വേണം കുടിക്കാന്‍. ഫ്രിഡ്ജില്‍ സൂക്ഷിച്ച വെള്ളമല്ല, സാധാരണ താപനിലയില്‍ മുറിയില്‍ സൂക്ഷിച്ച വെള്ളം കുടിക്കാം.


3. ഫോണ്‍, ലാപ്‌ടോപ് വേണ്ട: മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ ഉണര്‍ന്നയുടന്‍ ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍ അത് പതിയെ ഇല്ലാതാക്കണം. ഉണര്‍ന്നയുടന്‍ വെള്ളം കുടിച്ചുകൊണ്ട് നിശ്ചലമായി ഇരിക്കുക. പുതിയ ഒരു ദിവസം കൂടി നിങ്ങളുടെ ജീവിതത്തിലേക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നു. പുതിയ ദിവസത്തെ സ്മരണയോടെ വരവേല്‍ക്കാം. കഴിഞ്ഞ ദിവസത്തെ മോശമായ ഓര്‍മകള്‍ കടന്നു വന്നാല്‍ അവയെ ഒഴിവാക്കുക. ഒരു ഡയറി ഉണ്ടെങ്കില്‍ അതില്‍ ചെയ്യേണ്ട കാര്യങ്ങള്‍, വിളിക്കേണ്ട കോളുകള്‍, ഇ- മെയ്‌ലുകള്‍ എന്നിവയെല്ലാം കുറിച്ചു വയ്ക്കാം. ഓരോ ദിവസവും ഇത് തുടരണം. നിങ്ങളെ സ്‌ട്രെസ് കുറച്ച് കുറച്ചു കൂടി ചിട്ടയോടെ(Organized ആയി )ജോലി ചെയ്യാന്‍ ഇത് സഹായിക്കും.
4. മദ്യപാനം കുറയ്ക്കാം, പുകവലിച്ചിട്ട് തടികളയണോ: മദ്യപാനവും പുകവലിയും ആരോഗ്യത്തിന് മോശമാണെന്നറിഞ്ഞിട്ടും അത് ഉപയോഗിക്കുന്നവരും സ്റ്റാറ്റസ് സിംബല്‍ ആയി കൊണ്ടുനടക്കുന്നവരുമാണ് പല ബിസിനസുകാരും. മദ്യപിക്കാത്ത, പുകവലിക്കാത്ത മുകേഷ് അംബാനിയെപ്പോലുള്ള ബിസിനസ് ടോപ്പേഴ്‌സുള്ള നമ്മുടെ ഇന്ത്യയില്‍ ഈ പാഞ്ചാത്യ സംസ്‌കാരത്തിന് അടിമപ്പെടാതെ നമുക്ക് ജീവിച്ചു തുടങ്ങാം. നന്നായി മദ്യപിക്കുന്നയാളെങ്കില്‍ അത് കുറച്ചു കൊണ്ടുവരാം. പുകവലി പാടേ നിര്‍ത്താന്‍ സ്വയം തീരുമാനിക്കാം. ബിസിനസില്‍ അഡിക്റ്റ് ആകാം, പുതിയ ആശയങ്ങളിലും...
5. മി ടൈം വേണം: കുടുംബം, സുഹൃത്തുക്കള്‍, മറ്റ് കൂടിച്ചേരലുകള്‍ എന്നിവയിലെല്ലാം നിങ്ങള്‍ ഭാഗമാണ്. എന്നാല്‍ നിങ്ങളെ ഏറ്റവും അടുത്തറിയുന്നതും നിങ്ങള്‍ക്ക് എന്ത് വേണമെന്നറിയുന്നതും നിങ്ങള്‍ തന്നെയാണ്. കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴാണ് സമാധാനമെങ്കില്‍ അതിന് തീര്‍ച്ചയായും സമയം മാറ്റിവച്ചിരിക്കണം. സുഹൃത്തുക്കളുമായി യാത്ര ചെയ്യുന്നവരെങ്കില്‍ അവ പ്ലാന്‍ ചെയ്യണം. നിങ്ങളുടെ മനസ്സിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
6. വ്യായാമം ചെയ്യല്‍ വീട്ടിലുമാകാം: വീട്ടില്‍ നിന്നും പുറത്തുപോയി വ്യായാമം ചെയ്യാന്‍ താല്‍പ്പര്യമോ സാഹചര്യമോ ഇല്ലാത്തവര്‍ വീട്ടില്‍ ഇരുന്ന് പഠിക്കാവുന്ന വ്യായാമങ്ങള്‍ ഓണ്‍ലൈന്‍ കോച്ചിന്റെ സഹായത്തോടെ പഠിക്കുക. യോഗയോ, സൂംബയോ ചെയ്തായാലും ബോളിവുഡ് ഡാന്‍സോ എയ്‌റോബിക് വ്യായാമങ്ങളോ ഒക്കെ പഠിച്ച് ചെയ്യാം.


7. ജങ്ക് ഫുഡ് വേണ്ട, സോഫ്റ്റ് ഡ്രിങ്കിസിനോട് ബൈ: ജീവിതം എളുപ്പത്തിലാകുമ്പോള്‍ എളുപ്പം കിട്ടാനും എളുപ്പം കഴിക്കാനും കഴിയുന്ന ഫുഡ് മെനുവും നമ്മള്‍ പിന്തുടര്‍ന്നു പോകും. ഭക്ഷണം ആവിയില്‍ വേവിച്ചതും പുതിയതും കൂടുതല്‍ കഴിക്കുക. പച്ചക്കറികളും പഴങ്ങളും പ്രൊട്ടീനും ആവശ്യമുള്ളത്ര കഴിക്കുന്നു എന്നുറപ്പാക്കണം. ആഴ്ചയില്‍ ഒരു തവണ മാത്രം പുറത്തു നിന്നു കഴിക്കാം(വേണമെങ്കില്‍ മാത്രം). പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക. ആരോഗ്യമുള്ള ഡയറ്റ് ഫോളോ ചെയ്യാന്‍ ഡയറ്റിഷ്യനെ സമീപിച്ച് സ്വന്തം മെനു ക്രമീകരിക്കാം.
8.
ഹെല്‍ത്ത് ചെക്കപ്പ് നടത്തുക
: രണ്ട് മാസത്തില്‍ ഒരിക്കല്‍ വീതമെങ്കിലും ഹെല്‍ത്ത് ചെക്കപ്പ് നടത്തുക. രോഗ ബാധിതനായതിനുശേഷം ചികിത്സയെടുക്കുന്നതിലും എത്രയോ നല്ലതാണ് ആരോഗ്യ പരിപാലനത്തില്‍ ചിട്ടയായ കാര്യങ്ങള്‍ പിന്തുടരുന്നത്.


9. ഭക്ഷണത്തിന് 'ശീലം': ബിസിനസുകാര്‍ക്ക് പാര്‍ട്ടികള്‍,യാത്രകള്‍, കൂടിച്ചേരലുകള്‍ എന്നിവയൊന്നും ഒഴിവാക്കാനാകില്ല. എന്നാല്‍ സ്ഥിരമായി കഴിക്കാന്‍ കഴിയുന്ന, പോഷകങ്ങള്‍ ചോര്‍ന്നു പോകാത്ത ഫൂഡ് അലര്‍ജി വരുത്താത്ത സ്വന്തം വയറിന്റെ, ശരീരത്തിന്റെ ശീലം കണ്ടെത്തുക. ഇതില്‍ ധാരാളം ഐറ്റംസ് ഉള്‍പ്പെടുത്തുക. എവിടെ പോയാലും നിങ്ങള്‍ക്ക് ആരോഗ്യത്തെക്കുറിച്ച് ടെന്‍ഷന്‍ അടിക്കാതെ കഴിക്കാന്‍ കഴിയുന്ന ഭക്ഷണം ശീലമാക്കാം.
10. ഉറക്കം കളയല്ലേ: കിഡ്‌നിക്കും കരളിനുമെല്ലാം ഉറക്കം വേണം, ഒപ്പം നിങ്ങള്‍ക്കും. ബിസിനസുകാര്‍ ഉറക്കമില്ലാതെ അധ്വാനിക്കുന്നതൊക്കെ കൊള്ളാം. ലക്ഷ്യബോധം കൊണ്ടും ഉത്സാഹം കൊണ്ടും ഉറങ്ങേണ്ട സമയങ്ങളില്‍ പോലും മനസ്സ് ഉണര്‍ന്നിരുന്നേക്കാം. എന്നാല്‍ നിങ്ങളുടെ ശരീരത്തിന് ഉറക്കം ആവശ്യമാണെന്നത് തിരിച്ചറിയാതെ പോകരുത്. 8 മണിക്കൂര്‍ ശരിയായ ഉറക്കം കിട്ടിയില്ലെങ്കിലും 5 മണിക്കൂര്‍ ഉറക്കം കൃത്യമാക്കി വയ്ക്കുക.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it