സബോര്‍ഡിനേറ്റഡ് വായ്പ: എന്താണ്, എങ്ങനെ നേടിയെടുക്കാം, സംരംഭകര്‍ എന്തൊക്കെ ശ്രദ്ധിക്കണം?

''ഒരിക്കലും വീഴ്ച സംഭവിക്കാതിരിക്കുന്നതല്ല മഹത്തായ കാര്യം; മറിച്ച് ഓരോ വീഴ്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതാണ്.''

കണ്‍ഫ്യുഷസ്

നമ്മുടെ ജീവിതത്തില്‍ ഇതുപോലുള്ള ഉദ്ധരണികള്‍ കേട്ട് പ്രചോദനം കൊള്ളാം. പക്ഷേ ഒന്നിനുപിറകെ ഒന്നായി തിരിച്ചടികളേറ്റ് തളര്‍ന്നു കിടക്കുന്ന സാധാരണ സംരംഭകനെ സംബന്ധിച്ചിടത്തോളം ഇത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

നോട്ട് പിന്‍വലിക്കല്‍, ജി എസ് ടി നടപ്പാക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, തുടര്‍ച്ചയായി വന്ന വെള്ളപ്പൊക്കങ്ങള്‍, സാമ്പത്തിക മാന്ദ്യം, ഇപ്പോള്‍ കോവിഡും ലോക്ക്ഡൗണും എല്ലാം കൂടി ചേര്‍ന്നതോടെ സംരംഭകര്‍ നിലയില്ലാക്കയത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയിലായ സംരംഭകര്‍ക്ക് നമ്മുടെ ബാങ്കിംഗ് സംവിധാനത്തിന്റെ പിന്‍ബലത്തോടെ മത്സരാധിഷ്ഠിതമായ പലിശ നിരക്കില്‍ വായ്പ നേടി സംരംഭത്തെ ടേണ്‍ എറൗണ്ട് ചെയ്യുക എന്നത് അക്ഷരാര്‍ത്ഥത്തില്‍ ഭഗീരഥ പ്രയത്‌നം തന്നെയാണ്.

വായ്പകള്‍ പുനഃക്രമീകരിക്കുക എന്നത് ചെറുകിട സംരംഭകരെ സംബന്ധിച്ചിടത്തോളം എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പിന്തുടരുന്ന ക്രെഡിറ്റ് വിലയിരുത്തല്‍ രീതി, വായ്പ പുനഃക്രമീകരിച്ച വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള മോശം അനുഭവം എല്ലാം വെച്ച് ബാങ്കുകള്‍ ചെറുകിട സംരംഭകരോട് അനുഭാവപൂര്‍വ്വമാകില്ല സമീപനം. അതോടെ വായ്പ പുനഃക്രമീകരിച്ച് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് അല്‍പ്പം സാവകാശം നേടാമെന്ന വഴിയും അവര്‍ക്ക് മുന്നില്‍ അടയും.

വായ്പ തിരിച്ചടവ് മുടങ്ങുമ്പോള്‍ ചെറുകിട സംരംഭകര്‍ ബാങ്കിന്റെ കണ്ണിലെ കരടാകും. പിന്നെ ഇവര്‍ക്ക് വായ്പ ലഭിക്കാനും ബുദ്ധിമുട്ടാകും. സാമ്പത്തിക പ്രതിന്ധിയിലായ സംരംഭകന്‍ വട്ടിപ്പലിശയ്ക്ക് പണം കടമെടുക്കാന്‍ തുടങ്ങും. ഇതോടെ തിരിച്ചുകയറാന്‍ പറ്റാത്ത വിധം കടക്കെണിയിലേക്ക് സംരംഭകന്‍ വീഴും.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായുള്ള ഒരു പദ്ധതി സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.

സബോര്‍ഡിനേറ്റഡ് വായ്പ എന്താണ്?

കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി എം എസ് എം ഇകളെ സംബന്ധിച്ചിടത്തോളം രണ്ട് സുപ്രധാന കാര്യങ്ങളാണുണ്ടായത്. ഗ്യാരണ്ടീഡ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമും സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട സംരംഭകര്‍ക്കായുള്ള സബോര്‍ഡിനേറ്റഡ് വായ്പ പദ്ധതിയും.

ഇതില്‍ ആദ്യ പദ്ധതിയെ കുറിച്ച് സംരംഭകര്‍ ഏറെ അറിഞ്ഞുകാണും. ബാങ്കുകളില്‍ നിന്ന് അവ നേടിയെടുത്തിട്ടുമുണ്ടാകാം.

ജൂണ്‍ 24നാണ് സബോര്‍ഡിനേറ്റഡ് വായ്പ പദ്ധതി സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന സംരംഭകര്‍ക്ക് ബാങ്കുകള്‍ ധനസഹായം നല്‍കി അവരുടെ ക്രെഡിറ്റ് ക്വാളിറ്റി മെച്ചപ്പെടുത്താനുള്ള പദ്ധതിയാണിതെന്ന് ചുരുക്കി പറയാം.

Distressed Asset Fund - Subordinated Debt for Stressd MSME's (DAF-SDSM) എന്ന ഈ പദ്ധതിയുടെ ഭാഗമായി സാമ്പത്തിക പ്രതിസന്ധിയിലായ സംരംഭങ്ങള്‍ക്ക്, ഇക്വിറ്റിയാക്കാനായി, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ സാമ്പത്തിക സഹായം ലഭ്യമാക്കും.

വായ്പാ തിരിച്ചടവ് 60 ദിവസം മുടങ്ങിയാല്‍ ബാങ്കുകള്‍ അത്തരം ചെറുകിട സംരംഭങ്ങളെ സാമ്പത്തിക സമ്മര്‍ദ്ദത്തിലായവ ആയിട്ടാണ് പരിഗണിക്കുക. SMA 2 കാറ്റഗറിയിലേക്ക് ഇവയെ മാറ്റും. ഈ കാറ്റഗറിയിലും എന്‍ പി എ കാറ്റഗറിയിലുമായ സംരംഭങ്ങള്‍ക്ക് ഗ്യാരണ്ടീഡ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ സ്‌കീം വഴി സാമ്പത്തിക പിന്തുണ ലഭിക്കില്ല. എന്നാല്‍ അത്തരം സംരംഭങ്ങള്‍ക്കും DAF-SDSM ന്റെ പിന്തുണയുണ്ടാകും.

സംരംഭകര്‍ക്ക് എത്ര തുക കിട്ടും?

സബോര്‍ഡിനേറ്റഡ് വായ്പ പദ്ധതി പ്രകാരം ചെറുകിട ഇടത്തരം സംരംഭകര്‍ക്ക്, അവരുടെ സംരംഭത്തിലുള്ള സ്വന്തം ഓഹരി വിഹിതത്തിന്റെ 15 ശതമാനമോ അല്ലെങ്കില്‍ 75 ലക്ഷം രൂപയോ, ഇതില്‍ രണ്ടില്‍ ഏതാണോ കുറവ് അത് ബാങ്കുകള്‍ പേഴ്‌സണല്‍ ലോണ്‍ ആയി നല്‍കണം. ഏറ്റവും അവസാനത്തെ ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റിലെ കണക്ക് പ്രകാരമാണ് സംരംഭത്തില്‍ സംരംഭകന്റെ ഓഹരി വിഹിതം കണക്കാക്കുന്നത്.

ഉദാഹരണത്തിന്, ഒരു സംരംഭകന്‍ സംരംഭത്തില്‍ 100 ലക്ഷം രൂപ സ്വന്തം നിലയ്ക്കും 200 ലക്ഷം രൂപ കടമായും. നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, ഈ പദ്ധതി പ്രകാരം 300 ലക്ഷം രൂപയുടെ 15 ശതമാനം, അതായത് 45 ലക്ഷം രൂപ വായ്പയായി നേടാന്‍ അര്‍ഹതയുണ്ട്.

2018 മാര്‍ച്ച് 31ന് സ്റ്റാര്‍ഡേര്‍ഡ് അസറ്റായിരുന്ന എക്കൗണ്ടുകള്‍ക്ക് അഥവാ സംരംഭങ്ങള്‍ക്ക് മാത്രമേ ഈ സ്‌കീമിന് അര്‍ഹതയുള്ളൂ. 2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളില്‍ എന്‍ പി എ ആയി മാറിയവര്‍ക്ക് ഈ പദ്ധതി ഉപകാരപ്പെടുമെന്ന് ചുരുക്കം. മാത്രമല്ല, ഈ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നവയുമായിരിക്കണം. അടച്ചുപൂട്ടിയ സംരംഭങ്ങള്‍ക്ക് ഈ പിന്തുണ ലഭിക്കില്ല. 2020 ഏപ്രില്‍ 30ന് SMA 2, എന്‍ പി എ ആയിരിക്കുന്ന എക്കൗണ്ടുകള്‍ക്ക് ഈ പദ്ധതിയുടെ പിന്തുണ ലഭിക്കും.

ഈ പദ്ധതിയുടെ പ്രധാന സവിശേഷത, കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സംരംഭങ്ങള്‍ക്ക് മാത്രമല്ല, കഴിഞ്ഞ രണ്ടു വര്‍ഷമായി പല കാരങ്ങള്‍ കൊണ്ട് പ്രതിസന്ധിയിലകപ്പെട്ട സംരംഭങ്ങള്‍ക്കും ഇതിന്റെ പിന്തുണ ലഭിക്കുമെന്നതാണ്.

റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നതു പോലെ പുനഃക്രമീകരണത്തിന് സാധ്യമായ യൂണിറ്റുകള്‍ക്ക് മാത്രമേ ഈ പദ്ധതിയുടെ ഗുണം ലഭിക്കൂ. അതായത് വായ്പ നല്‍കുന്നവര്‍ക്ക്, ഈ യൂണിറ്റ് പുനഃക്രമീകരണത്തിന് വിധേയമായാല്‍ ലാഭക്ഷമതയോടെ പ്രവര്‍ത്തിക്കാനാകുമെന്ന് ബോധ്യമാകണം.

പ്രൊപ്രൈറ്റര്‍ഷിപ്പ്, എല്‍എല്‍പി, പാര്‍ട്ണര്‍ഷിപ്പ്, രജിസ്‌ട്രേര്‍ഡ് കമ്പനികള്‍ എന്നിവയ്ക്ക് ബാങ്കുകള്‍ക്ക് ഈ വായ്പ നേടാം. ഫ്രോഡ് / വില്‍ഫുള്‍ ഡിഫോള്‍ട്ടര്‍ ആയി ബാങ്ക് പ്രഖ്യാപിച്ച എക്കൗണ്ടുകള്‍ക്ക് ഇത് ലഭിക്കില്ല. എന്നാല്‍ സര്‍ഫേസി നിയമപ്രകാരവും ഡിആര്‍പി പ്രകാരവും നിയമ നടപടികള്‍ നേരിടുന്നവര്‍ക്ക് ഇത് ലഭിക്കുകയും ചെയ്യും.

ബാങ്കുകള്‍ പേഴ്‌സണല്‍ ലോണ്‍ ആയി നല്‍കുന്ന തുക, സംരംഭകര്‍ അവരുടെ വിഹിതമായി സംരംഭത്തില്‍ നിക്ഷേപിക്കാം.

സംരംഭകര്‍ക്ക് അനുവദിക്കുന്ന വായ്പയുടെ 90 ശതമാനത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. പത്തുശതമാനത്തിന് ഈട് നല്‍കേണ്ടി വരും. റിസര്‍വ് ബാങ്ക് മാനദണ്ഡ പ്രകാരം ബാങ്കുകള്‍ക്ക് ഈ വായ്പകളുടെ പലിശ നിരക്ക് നിശ്ചയിക്കാം.

ഒന്നിലധികം ബാങ്കുകളില്‍ എക്കൗണ്ടുകളുള്ള സംരംഭകര്‍ക്ക് ഒരു ബാങ്കില്‍ നിന്ന് മാത്രമേ ആ വായ്പ നേടിയെടുക്കാന്‍ സാധിക്കൂ. ഇത്തരം സന്ദര്‍ഭത്തില്‍, മറ്റ് ബാങ്കുകളില്‍ നിന്ന് ഈ വായ്പ നേടിയിട്ടില്ലെന്ന ഡിക്ലറേഷന്‍ സംരംഭകര്‍ നല്‍കേണ്ടി വരും. വായാപാ കാലാവധി പരമാവധി പത്ത് വര്‍ഷം വരെയാണ്.

സംരംഭത്തെ പുനഃക്രമീകരിച്ച് മതിയായ രീതിയില്‍ ഫണ്ട് ഫ്‌ളോ വരാന്‍ കാലതാമസം എടുക്കുമെന്ന് തോന്നിയാല്‍ സംരംഭകര്‍ക്ക് ഈ പദ്ധതി പ്രകാരം പ്രിന്‍സിപ്പല്‍ തിരിച്ചടയ്ക്കുന്നതിനായി ഏഴ് വര്‍ഷം വരെ മോറട്ടോറിയം എടുക്കാമെന്നതാണ് ഇതില്‍ മറ്റൊരു പ്രധാന സവിശേഷത. മോറട്ടോറിയം സ്വീകരിച്ചാലും എല്ലാ മാസവും പലിശ നല്‍കണം.

സംരംഭം അതിവേഗം ടേണ്‍ എറൗണ്ട് ചെയ്ത് നല്ല രീതിയിലായാല്‍ കാലാവധിക്ക് മുമ്പേ വായ്പ തിരിച്ചടയ്ക്കാം. ഇതിന് വേറെ ചാര്‍ജൊന്നും ബാങ്കുകള്‍ ഈടാക്കാനും പാടില്ല.

സംരംഭകര്‍ എന്തുചെയ്യണം?

ഈ പദ്ധതി തങ്ങളുടെ അവകാശമാണെന്ന വാദത്തോടെ ഫണ്ട് തരണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാനാവില്ല. വായ്പ നല്‍കണമോ എന്നത് ബാങ്കുകള്‍ക്ക് മാത്രം എടുക്കാവുന്ന തീരുമാനമാണ്. ബാങ്കുകള്‍ക്ക് സംരംഭകര്‍ നല്‍കുന്ന ഉറപ്പ്, അവയുടെ പ്രകടനം, സാമ്പത്തിക അച്ചടക്കം, മുന്‍കാലങ്ങളില്‍ അനുവദിച്ച വായ്പകളുടെ തിരിച്ചടവ് കാര്യത്തിലും മറ്റും കാണിച്ച കൃത്യനിഷ്ഠ, കഴിഞ്ഞ കാലങ്ങളില്‍ പുലര്‍ത്തിയ സുതാര്യമായ സമീപനം എന്നിവയെല്ലാം ബാങ്കുകളുടെ തീരുമാനത്തെ വലിയൊരു അളവില്‍ സ്വാധീനിക്കുക തന്നെ ചെയ്യും.

മാത്രമല്ല ബാങ്കുകള്‍ നല്‍കുന്ന പണം സംരംഭത്തിന്റെ ടേണ്‍ എറൗണ്ടിന് വിനിയോഗിക്കുമെന്ന കാര്യത്തില്‍ ബോധ്യവും വരണം. കുറഞ്ഞ പ്രവര്‍ത്തന മൂലധനം, കുറഞ്ഞ ബിസിനസ്, കുറഞ്ഞ ലാഭം എന്നിങ്ങനെ കെട്ടുമറിഞ്ഞ പ്രശ്‌നങ്ങളില്‍ നിന്ന് തലയൂരി സംരംഭത്തിന് നേരെ നില്‍ക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ തുകയെ സംബന്ധിച്ചും ഒരു പക്ഷേ വ്യക്തത വേണ്ടി വരും. ഇത് ബാങ്കുകള്‍ നല്‍കുന്ന ഫണ്ടിനേക്കാള്‍ കൂടുതലായേക്കാം. അതുകൊണ്ട് ബിസിനസ് ടേണ്‍ എറൗണ്ട് ചെയ്യാന്‍ വേണ്ട ഏറ്റവും കുറഞ്ഞ തുക കണ്ടെത്തുക എന്നത് അങ്ങേയറ്റം നിര്‍ണായകമായ കാര്യമാണ്.

ബാങ്കുകള്‍ നല്‍കുന്ന ഫണ്ടിനേക്കാള്‍ കൂടുതല്‍ തുക സംരംഭങ്ങളുടെ ടേണ്‍ എറൗണ്ടിന് വേണ്ടി വരുമെങ്കില്‍, അധികമായുള്ള ആ തുക നേരത്തെ കണ്ടെത്തി അക്കാര്യം ബാങ്കിനെ ധരിപ്പിക്കണം.

പുതിയ നിക്ഷേപകരെ കണ്ടെത്തി സംരംഭത്തില്‍ നിക്ഷേപം നടത്തിക്കുക, കോര്‍ മേഖലയ്ക്ക് പുറത്തുള്ള ആസ്തികളും ബിസിനസ് ലൈനുകളും വില്‍പ്പന നടത്തുക, ചില ഓഫീസുകളും ഷോപ്പുകളും പൂട്ടുക, വാടക കെട്ടിടങ്ങള്‍ ഉപേക്ഷിക്കുക, ചില കെട്ടിടങ്ങള്‍ വിറ്റ് പണം കണ്ടെത്താന്‍ നോക്കുക തുടങ്ങി അധിക തുക സമാഹരണത്തിന് പല വഴികള്‍ സംരംഭകര്‍ക്ക് നോക്കാം.

ഇത് ടേണ്‍ എറൗണ്ടിനായി കുറഞ്ഞ തുക കണ്ടെത്താനായില്ലെങ്കില്‍ സബോര്‍ഡിനേറ്റ് വായ്പക്കായുള്ള അപേക്ഷയ്ക്ക് പുറമേ സമഗ്രമായ പുനഃക്രമീകരണ പദ്ധതിയുമായി സംരംഭകര്‍ ബാങ്കിനെ സമീപിക്കുക.

ബിസിനസിന്റെ ഭാവി, ലാഭക്ഷമത, ക്യാഷ് ഫ്‌ളോ തുടങ്ങിയ കാര്യങ്ങളില്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള എസ്റ്റ്ിമേഷനാണ് ഈ സാഹചര്യത്തില്‍ നടത്തേണ്ടത്. പ്രാഥമിക വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്ന ക്യാഷ് ഫ്‌ളോ വളരെ കുറവാണെങ്കില്‍ തവണകളുടെ എണ്ണം കൂട്ടി, മാസന്തോറും അടക്കേണ്ട തുക കുറച്ചു നിര്‍ത്താന്‍ സംരംഭകര്‍ ശ്രദ്ധിക്കണം.

വര്‍ക്കിംഗ് കാപ്പിറ്റല്‍ ഇല്ലാത്തതുകൊണ്ട് മാത്രമല്ല സംരംഭങ്ങള്‍ പ്രശ്‌നത്തിലാകുന്നത്. അതിനു പുറമേ നിരവധി കാരണങ്ങളുണ്ട്. ഡിമാന്റ് - സപ്ലെ എന്നീ കാര്യത്തിലുള്ള മാറ്റങ്ങള്‍, കസ്റ്റമറുടെ മാറുന്ന താല്‍പ്പര്യങ്ങള്‍, കടുത്ത മത്സരം മൂലമുള്ള കുറഞ്ഞ ലാഭം, പ്രമുഖ ഉപഭോക്താക്കളെ നഷ്ടമായത്, സപ്ലെ ചെയ്‌നില്‍ സംഭവിച്ച ഡിസ്‌റപ്ഷന്‍, കോസ്റ്റ് കണക്കാക്കിയതിലെ അപാകത, മികച്ച സാങ്കേതിക വിദ്യയില്ലായ്മ, പ്രൊഡക്ഷന്‍, എക്‌സിക്യുഷന്‍ എന്നീ തലത്തിലെ കാര്യക്ഷമത ഇല്ലായ്മ തുടങ്ങിയവയെല്ലാം വര്‍ക്കിംഗ് കാപ്പിറ്റലിന്റെ ക്ഷയത്തിന് കാരണമായിട്ടുണ്ടാകും.

വര്‍ക്കിംഗ് കാപ്പിറ്റലിന്റെ കുറവ് പലപ്പോഴും ഒരു രോഗമല്ല, സംരംഭത്തെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ലക്ഷണം മാത്രമാണ്. അതുകൊണ്ട് സംരംഭത്തെ ടേണ്‍ എറൗണ്ട് ചെയ്യാന്‍, പ്രതിസന്ധിയില്‍ അകപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി അതിനെ ഒഴിവാക്കി സുസജ്ജമായ നൂതന പദ്ധതി തന്നെ ആവിഷ്‌കരിക്കണം.

സംരംഭം എന്തുകൊണ്ട് പ്രതിസന്ധിയിലായി, എങ്ങനെയാണ് കരകയറാന്‍ പോകുന്നത് എന്നീ കാര്യങ്ങളില്‍ ആഴത്തിലുള്ള പഠനം നടത്തി അക്കാര്യം ബാങ്കിനെ കൂടി ബോധ്യപ്പെടുത്തണം. അല്ലാത്ത പക്ഷം ബാങ്കുകള്‍ സംരംഭകരുടെ ആവശ്യത്തോട് അനുഭാവപൂര്‍വ്വമായ സമീപനം പുലര്‍ത്തില്ല. സംരംഭകര്‍ക്ക് മതിയായ പിന്തുണയും ഉറപ്പാക്കാന്‍ ആവില്ല.

(ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ലേഖകനെ വിളിക്കാം. ഫോണ്‍: 75588 91177 ഇ മെയ്ല്‍: jizpk@yescalator.com)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it