ഉപഭോക്തൃ സൗഹൃദ സമീപനവുമായി ധനകാര്യ സ്ഥാപനങ്ങള്‍

ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, എന്‍.ബി.എഫ്.സികള്‍ എന്നിവയൊക്കെ കേരളത്തിലെ അവരുടെ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി നിരവധി പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിത്തുടങ്ങി. ആഗസ്റ്റ് മാസത്തെ ഇ.എം.ഐ താമസിച്ച് അടച്ചാലും അതിന് പിഴ ഈടാക്കുകയില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. പാസ്ബുക്ക്, എ.ടി.എം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവ വെള്ളപ്പൊക്കത്താല്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അവയുടെ ഡ്യൂപ്ലിക്കേറ്റ് വാങ്ങുന്നതിനുള്ള ചാര്‍ജുകള്‍ ബാങ്ക് ഈടാക്കുന്നതല്ല. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്ന തുകക്കുള്ള എല്ലാ ചാര്‍ജുകളും ഒഴിവാക്കിയിട്ടുണ്ട്.

പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കും ഭവന, വാഹന, വ്യക്തിഗത വായ്പകളിലെ ഒരു മാസത്തെ തവണ തുക നിശ്ഛിത തീയതിക്ക് ശേഷം അടച്ചാലും പിഴ ഈടാക്കുന്നതല്ല. വ്യവസായ മേഖലയിലെ പ്രമുഖ സ്ഥാപനമായ കെ.എഫ്.സി അവരുടെ ഉപഭോക്താക്കള്‍ക്കായി ഇപ്പോള്‍ നിരവധി ഇളവുകളും വായ്പാ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക വായ്പകളിലെ തിരച്ചടവിന് ഒരു വര്‍ഷത്തെ മോറട്ടോറിയത്തിന് പുറമേ വായ്പാ പുനക്രമീകരണവും ബാങ്കേഴ്‌സ് സമിതി പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക വായ്പകള്‍ക്കും എം.എസ്.എം.ഇ വായ്പകള്‍ക്കും ഇത് ബാധകമാണ്.

ഇന്‍ഷുറന്‍സ് ക്ലൈമിന്റെ തുക ഉയരും

കേരളത്തിലെ ഭവന, വാഹന, ആരോഗ്യ, ലൈഫ് ഇന്‍ഷുറസ് പോളിസികളിലെ ക്ലൈം തുക ഭീമമായ തോതില്‍ ഉയരാനിടയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഏറ്റവും വേഗത്തില്‍ ക്ലൈമുകള്‍ തീര്‍പ്പാക്കുന്നതിനായി പ്രോസസിംഗ് നടപടികള്‍ വേഗത്തിലാക്കുമെന്നാണ് വിവിധ കമ്പനികള്‍ നല്‍കുന്ന സൂചന. സാധാരണ ഗതിയില്‍ 7 മുതല്‍ 14 ദിവസങ്ങള്‍ക്കകം ക്ലൈം നല്‍കണമെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട്് കമ്പനികള്‍ ഇക്കാര്യത്തിലും ഇളവ് നല്‍കാനിടയുണ്ട്. പോളിസികളുടെ പ്രീമിയം അടവിലുണ്ടാകുന്ന കാലതാമസത്തിനും ഇളവ് പ്രതീക്ഷിക്കാം. ഇക്കാര്യം അതാത് കമ്പനികളുടെ ഏജന്റുമാര്‍ അല്ലെങ്കില്‍ ഓഫീസുകളില്‍ നിന്നും അറിയാനാകും.

കാര്‍ഷിക രംഗത്ത് പ്രത്യേകിച്ച് പ്ലാന്റേഷന്‍ മേഖലയില്‍ നിന്നും കൂടുതല്‍ ഇന്‍ഷുറന്‍സ് ക്ലൈമുകള്‍ ഉണ്ടായേക്കും. കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍, എന്‍.ബി.എഫ്.സികള്‍ എന്നിവ പ്രതിസന്ധി നേരിട്ടേക്കും. അവയുടെ ഉപഭോക്താക്കളില്‍ വലിയൊരു ശതമാനവും കേരളത്തില്‍ നിന്നുള്ളവരായിരിക്കുമെന്നതാണ് ഇതിനൊരു പ്രധാന കാരണം. റീറ്റെയ്ല്‍ മേഖലയില്‍ നിന്നുള്ള വായ്പാ തിരിച്ചടവിലെ കുറവായിരിക്കും ഇത്തരം സ്ഥാപനങ്ങള്‍ നേരിടുന്ന വലിയൊരു പ്രശ്‌നം.

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it