സഹകരണ ബാങ്കുകള്‍ക്ക് കുരുക്ക്, ബിനാമി എക്കൗണ്ടുകള്‍ക്ക് തിരിച്ചടി

ബാങ്കിംഗ് നിയന്ത്രണഭേദഗതി ബില്‍ ലോകസഭ പാസാക്കിയതോടെ സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള കുരുക്കുകള്‍ മുറുകുകയാണ്. സഹകരണ ബാങ്കുകള്‍ക്ക് മേല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്‍ ആണിത്.

ഇതോടെ ബാങ്കിംഗ് ലൈസന്‍സുള്ള കേരളത്തിലെ 60 അര്‍ബന്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ റിസര്‍വ് ബാങ്ക് ഇടപെടും. നിക്ഷേപകന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിയമമാണെങ്കിലും സഹകരണ ബാങ്കുകള്‍ക്ക് മേല്‍ വാണിജ്യ ബാങ്കുകള്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

കെവൈസി (know your custmer) ശക്തമാക്കുന്നതോടെ ബിനാമി ഇടപാടുകള്‍ക്ക് നിയന്ത്രണം വരും. സ്വാഭാവികമായും അര്‍ബന്‍ ബാങ്കുകളിലെ എക്കൗണ്ടുകളുടെ എണ്ണത്തെ ഇത് ബാധിക്കും. മാത്രവുമല്ല നിയന്ത്രണങ്ങള്‍ വരുന്നതോടെ അര്‍ബന്‍ ബാങ്കുകള്‍ക്ക് ലാഭക്ഷമതയെന്ന് വളരെ പ്രധാനമാകും. നേരത്തെ നല്‍കിയിരുന്നതുപോലെ കൂടുതല്‍ പലിശനിരക്ക് നിക്ഷേപന് നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയാതെ വന്നേക്കാം. ഇത് സഹകരണ ബാങ്കുകളുടെ ആകര്‍ഷണീയ കുറയുന്നതിന് കാരണമാകും.

''സഹകരണ ബാങ്കുകളുടെ നടത്തിപ്പിനെ സംബന്ധിച്ചടത്തോളം കടുത്ത നിയന്ത്രണങ്ങള്‍ വന്നുവെങ്കിലും നിക്ഷേപകനെ സംബന്ധിച്ചടത്തോളം അത് ഗുണകരമാകും. നിക്ഷേപം കൂടുതല്‍ സുരക്ഷിതമാകും. അര്‍ബന്‍ ബാങ്കുകളില്‍ ലയനങ്ങള്‍ വരാനുള്ള സാധ്യതകളുണ്ട്.'' ഇരിങ്ങാലക്കുട ഐറ്റിയു ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായ ദിലീപ് കുമാര്‍ പി.കെ പറയുന്നു.

സഹകരണസ്ഥാപനങ്ങള്‍ സമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ വിലകുറച്ച് കാണുന്നില്ലെന്നും എന്നാല്‍ നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചില നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും ബില്‍ അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. എന്നാല്‍ കേരളത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണ് ഇതെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ ചിലര്‍ ആരോപണമുന്നയിച്ചു.

കാര്‍ഷികമേഖലയ്ക്ക് ദീര്‍ഘകാല വായ്പ നല്‍കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല. ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങള്‍ക്ക് പക്ഷെ തങ്ങളുടെ പേരിന്റെ കൂടെ ബാങ്ക് എന്ന് ഉപയോഗിക്കാനാകില്ല.

സഹകരണസംഘങ്ങള്‍ പിരിച്ചുവിടാന്‍ സംസ്ഥാനങ്ങളുടെ അനുമതി വേണമെന്നതുള്‍പ്പടെ എന്‍.കെ പ്രേമചന്ദ്രന്‍ എംപി അവതരിപ്പിച്ച ആറ് ഭേദഗതികള്‍ ശബ്ദവോട്ടോടെ സഭ തള്ളി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles
Next Story
Videos
Share it