പണം നിക്ഷേപിക്കാന്‍ വരട്ടെ, ആദ്യം ബാങ്കിന്റെ ആരോഗ്യമറിയാം

നിങ്ങളുടെ വിലയേറിയ സമ്പാദ്യം മുഴുവന്‍ ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇടാന്‍ പദ്ധതിയിടുന്നതിന് മുമ്പ് പണം നിക്ഷേപിക്കാന്‍ തെരഞ്ഞെടുത്ത ബാങ്കിനെ കുറിച്ച് ഒന്നു മനസ്സിലാക്കിയിരിക്കണ്ടേ? ബാങ്കിന് എന്തെങ്കിലും സംഭവിച്ചാല്‍, നിങ്ങള്‍ എത്ര രൂപ നിക്ഷേപിച്ചു എന്നു പറഞ്ഞിട്ടും കാര്യമില്ല, നഷ്ടപരിഹാരമായി നിങ്ങള്‍ക്ക് കിട്ടുക പരമാവധി ഒരു ലക്ഷം രൂപ മാത്രമാകും എന്ന സാഹചര്യത്തില്‍.
വര്‍ഷങ്ങള്‍ അധ്വാനിച്ച് സമ്പാദിക്കുന്ന പണം ഭാവിയിലെ ആവശ്യത്തിനായി ബാങ്കുകളില്‍ സ്ഥിര നിക്ഷേപം നടത്തുകയാണ് സാധാരണ ആളുകള്‍ ചെയ്യുക. എന്നാല്‍ കൂടുതല്‍ നാള്‍ നിലനില്‍ക്കാനുള്ള ആരോഗ്യം ബാങ്കിനില്ലെങ്കില്‍ എന്താകും സ്ഥിതി ? നമ്മുടെ പണം നഷ്ടപ്പെടും; അത്ര തന്നെ. എത്ര നിക്ഷേപം ഉണ്ടായിരുന്നു എന്നു പറഞ്ഞിട്ടും കാര്യമില്ല. ബാങ്ക് പൂട്ടിപ്പോയാല്‍ നഷ്ടപരിഹാരമായി ഓരോ എക്കൗണ്ട് ഹോള്‍ഡര്‍ക്കും ലഭിക്കുക പരമാവധി ഒരു ലക്ഷം രൂപ മാത്രമാണ് എന്നറിയാമോ?
ബാങ്കിന്റെ സാമ്പത്തികാരോഗ്യ സ്ഥിതി അറിഞ്ഞ് നിക്ഷേപിക്കുന്നതിലൂടെ ഈ ഭീഷണി ഒരു പരിധി വരെ തടയാം. ഇതാ അതിനുള്ള ചില വഴികള്‍:
1. നിഷ്‌ക്രിയ ആസ്തി അനുപാതം
ബാങ്ക് നല്‍കിയിരിക്കുന്ന മൊത്തം വായ്പയെ മൊത്തം നിഷ്‌ക്രിയ ആസ്തി കൊണ്ട്് ഹരിച്ച് 100 ഗുണിച്ചാല്‍ കിട്ടുന്നതാണ് ഈ അനുപാതം. തുടര്‍ച്ചയായി മൂന്നു മാസം പലിശയോ മുതലോ അടയ്ക്കാത്ത വായ്പകളെയാണ് നിഷ്‌ക്രിയ ആസ്തികളായി കണക്കാക്കുക. നിഷ്‌ക്രിയ ആസ്തി ആനുപാതം കൂടുന്നത് നല്ല സൂചനയല്ല.
2. അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം
ബാങ്കിന്റെ മൊത്തം വായ്പയെ അറ്റ നിഷ്‌ക്രിയ ആസ്തി കൊണ്ട്് ഹരിച്ച് 100 കൊണ്ട് ഗുണിച്ചാല്‍ അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം ലഭിക്കും. മൊത്തം നിഷ്‌ക്രിയ ആസ്തിയില്‍ നിന്ന് ചിലത് ബാങ്ക് തള്ളിക്കളഞ്ഞ ശേഷമാണ് അറ്റ നിഷ്‌ക്രിയ ആസ്തി കണക്കാക്കുന്നത്. അറ്റ നിഷ്‌ക്രിയ ആസ്തി കൂടിയാല്‍ ഭാവിയിലും ബാങ്കിന്റെ ലാഭത്തെ അത് ബാധിക്കും.
3. CASA അനുപാതം
ആകെ നിക്ഷേപത്തെ ആകെ കറന്റ്/സേവിംഗ്സ് എക്കൗണ്ടുകളുടെ എണ്ണവുമായി ഹരിച്ച ശേഷം 100 കൊണ്ട് ഗുണിക്കുമ്പോള്‍ ലഭിക്കുന്നതാണ് കാസ അനുപാതം. കൂടുതല്‍ കാസ അനുപാതം കോസ്റ്റ് ഓഫ് ഫണ്ട്സ് കുറയ്ക്കുകയും അതുവഴി ലാഭം കൂടാന്‍ സഹായിക്കുകയും ചെയ്യും.
4. അറ്റ പലിശ നിരക്ക്
ബാങ്കിന് ലഭിച്ച ആകെ പലിശ വരുമാനത്തില്‍ നിന്ന് നല്‍കിയ പലിശ കുറച്ച് കിട്ടുന്ന തുകയെ ആവറേജ് ഇന്ററസ്റ്റ് യേര്‍ണിംഗ് അസെറ്റ് കൊണ്ടു ഹരിച്ച ശേഷം 100 കൊണ്ട് ഗുണിച്ചാല്‍ ഇത് കണ്ടെത്താനാകും. ഉയര്‍ന്ന നെറ്റ് ഇന്ററസ്റ്റ് മാര്‍ജിനും താഴ്ന്ന നിഷ്‌ക്രിയ ആസ്തിയുമാണ് ബാങ്കിനാവശ്യം.
5. പലിശേതര വരുമാനം
പലിശ മുഖേനയല്ലാതെ ലഭിക്കുന്ന വരുമാനത്തെ ആവറേജ് ടോട്ടല്‍ ഫണ്ട് കൊണ്ട് ഹരിച്ച ശേഷം 100 കൊണ്ട് ഗുണിച്ചാല്‍ ബാങ്കിന്റെ പലിശേതര വരുമാന നിരക്ക് കണ്ടെത്താനാകും. ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന പിഴ, കമ്മീഷന്‍ തുടങ്ങിയവയിലൂടെയാണ് ഇത് ലഭിക്കുക. ഉയര്‍ന്ന പലിശേതര വരുമാനം ബാങ്കിനെ സംബന്ധിച്ച് നല്ലതാണ്.
6. ആസ്തി വരുമാനം
നികുതി ശേഷ ലാഭം ആവറേജ് ടോട്ടല്‍ അസെറ്റ് കൊണ്ട് ഹരിച്ച ശേഷം 100 കൊണ്ട് ഗുണിച്ചാല്‍ ഇതിന്റെ നിരക്ക് കണ്ടെത്താം. ആസ്തി വരുമാനം കൂടുന്നത് ലാഭക്ഷമത വര്‍ധിപ്പിക്കും. കൂടിയ ആര്‍ഒഎ (റിട്ടേണ്‍ ഓഫ് അസെറ്റ്‌സ് ) ബാങ്ക് ആസ്തി ഫലപ്രദമായി വിനിയോഗിക്കുന്നു എന്നതിന്റെ സൂചനയാണ്.
ആവറേജ് ടോട്ടല്‍ അസെറ്റ്സ്, ആവറേജ് ടോട്ടല്‍ ഫണ്ട്സ്, നികുതി ശേഷ ലാഭം, പലിശേതര വരുമാനം, പലിശ വരുമാനം, ചെലവ്, ആവറേജ് ഇന്ററസ്റ്റ് യേര്‍ണിംഗ് അസെറ്റ്സ് തുടങ്ങിയ കണക്കുകളെല്ലാം ബാങ്കുകളുടെ ഓരോ പാദത്തിലെയും വാര്‍ഷികത്തിലെയും റിപ്പോര്‍ട്ട് നോക്കി കണ്ടെത്താനാകും.