ഐഎൽ & എഫ്എസ്:  സർക്കാരിന്റെ തിരക്കിട്ട ഏറ്റെടുക്കലിന് പിന്നിലെ കാരണമെന്ത്?

ഇൻഫ്രാസ്ട്രക്ച്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് അഥവാ ഐഎൽ & എഫ്എസ് (IL&FS) വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ നൽകുന്ന ഐഎൽ & എഫ്എസ്, നൂറ്റിഅറുപതോളം സഹസ്ഥാപനങ്ങളുള്ള വമ്പൻ ധനകാര്യ സ്ഥാപനമാണ്. എന്താണ് ഈ കമ്പനിക്ക് സംഭവിച്ചത്? ചുരുക്കിപ്പറഞ്ഞാൽ സ്ഥാപനം കടക്കെണിയിലാണ്. വായ്പ തിരിച്ചടക്കാൻ പണവുമില്ല.

450 കോടി രൂപയുടെ വായ്പാ തിരിച്ചടവ് (ഇന്റർ കോർപ്പറേറ്റ് ഡെപ്പോസിറ്റുകളും കൊമേർഷ്യൽ പേപ്പറുകളിന്മേലുള്ള കടവും) മുടങ്ങിയപ്പോഴാണ് നിക്ഷേപകർക്കും അധികൃതർക്കും പ്രശ്നം മണത്തുതുടങ്ങിയത്. വായ്പാ തിരിച്ചടവ് മുടങ്ങുന്നത് സ്ഥിരമായതോടെ മുംബൈയിലെ കമ്പനിയുടെ അത്യാധുനിക ഓഫീസ് സമുച്ചയത്തിൽ കമ്പനി എക്സിക്യൂട്ടീവുകൾ ഒരു യോഗം വിളിച്ചു ചേർത്തു. കമ്പനിയുടെ 91,000 കോടി രൂപയോളം വരുന്ന കടം പുനഃക്രമീകരിക്കാൻ (restructuring plan) ഒരു പദ്ധതിയും അവർ തയ്യാറാക്കി.

പക്ഷെ അവരുടെ പ്ലാനും പദ്ധതികളും ഒറ്റ ദിവസം കൊണ്ട് സർക്കാർ പൊളിച്ചെഴുതി. രണ്ട് മൂന്ന് ആഴ്ചകളായി കമ്പനിയെ നിരീക്ഷിക്കുകയായിരുന്ന കേന്ദ്ര സർക്കാർ ഒക്ടോബർ ഒന്നിന് പൊടുന്നനെ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഡയറക്ടർ ബോർഡ് പിരിച്ചുവിട്ട് സ്വന്തം ഡയറക്ടർമാരെ നിയമിച്ചു.

വളരെ അപൂർവമായി മാത്രമേ സർക്കാർ ഇത്തരത്തിൽ സ്വകാര്യ കമ്പനികളുടെ നിയന്ത്രണം ഏറ്റെടുക്കാറുള്ളൂ. ഇതിന് മുൻപ് ഇത്തരമൊരു ഏറ്റെടുക്കൽ നടന്നത് 2009 സത്യം കമ്പ്യൂട്ടർ സർവീസിന്റെതാണ്.

എന്തിനായിരുന്നു ഇത്ര തിടുക്കത്തിലുള്ള ഒരു ഏറ്റെടുക്കൽ?

സത്യം കമ്പ്യൂട്ടേഴ്സിന്റേതിനേക്കാൾ വളരെ വലിയ പ്രതിസന്ധിയാണ് ഐഎൽ & എഫ്എസ് നേരിടുന്നത് എന്നതുകൊണ്ട് തന്നെ. പെട്ടെന്നുള്ള സർക്കാർ നീക്കം കൊണ്ട് ഇന്ത്യ 'ലേമാൻ മൊമെന്റ്' തരണം ചെയ്തു എന്നാണ് മുൻനിര മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. അതായത് ഐഎൽ & എഫ്എസ് വൻ പ്രതിസന്ധിയിലേക്ക് നീങ്ങിയാൽ പിന്നാലെ സമാന സ്വഭാവമുള്ള ധാരാളം കമ്പനികൾ അടച്ചു പൂട്ടേണ്ടി വരും. അതോടെ ഇന്ത്യൻ വിപണി മൂക്കുകുത്തും, സമ്പദ് വ്യവസ്ഥ തകരും. ഇത്തരമൊരു സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ് സർക്കാർ ഈ നീക്കം നടത്തിയത്.

ഏറ്റെടുക്കലോടെ ഐഎൽ & എഫ്എസ് രക്ഷപ്പെട്ടു എന്ന് പറയാനാകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യക്ഷത്തിൽ കാണുന്നതിനേക്കാൾ രൂക്ഷമാണ് കമ്പനിയിലെ പ്രശ്നങ്ങൾ.

എവിടെനിന്നാണ് പ്രശ്നം ആരംഭിച്ചത്

ഐഎൽ & എഫ്എസിന്റെ ആസ്തികൾക്കും ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്ടുകൾക്കും കമ്പനിയുടെ വായ്പകൾ കൃത്യമായി അടക്കാനുള്ളത്ര പണലഭ്യത (cash flow) ഉറപ്പാക്കാൻ കഴിയാതെ വന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ആദ്യ വായ്പാ തിരിച്ചടവ് മുടങ്ങുന്നതുവരെ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ ഏറ്റവും ഉയർന്ന (AAA) റേറ്റിംഗ് നൽകിയിരുന്ന കമ്പനിയായിരുന്നു ഇത്. അതായത് ഇത്തരം റിസ്കുകൾ മുൻകൂട്ടി കാണേണ്ട വിദഗ്ദ്ധ ഏജൻസികൾക്ക് പോലും പ്രതിസന്ധി മനസിലാക്കാൻ സാധിച്ചില്ല. ഇത്തരം കമ്പനികൾ ഇനിയുമുണ്ടാകുമോ എന്ന ആശങ്ക വ്യാപകമായി നിലനിക്കുന്നുണ്ട്.

ആറു മുതൽ ഒൻപത് മാസക്കാലയളവിൽ ഈ പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ഉറപ്പ് നൽകിയിരിക്കുന്നത്. എന്നാൽ പ്രശ്നത്തിന്റെ ആഴം ആർക്കുമറിയില്ല എന്നതാണ് ഇത്പരിഹരിക്കുന്നതിനുള്ള ഏറ്റവും വലിയ പ്രതിബന്ധം.

ഐഎൽ & എഫ്എസ് പ്രതിസന്ധി എത്ര വലുതാണ്?

ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾക്ക് അറിയാൻ കഴിഞ്ഞില്ലെങ്കിലും എസ്.ബി.ഐ പോലുള്ള മുൻനിര ബാങ്കുകൾ പണ്ടേ പ്രശ്നം മണത്തറിഞ്ഞിരുന്നു. ഐഎൽ & എഫ്എസിന് വായ്പനൽകുന്നത് ബാങ്കുകൾ പലതും നിർത്തിവെച്ചു. ബാങ്കുകൾക്ക് കമ്പനി നൽകാനുള്ളത് 57,000 കോടി രൂപയാണ്. എൽഐസിയാണ് കമ്പനിയുടെ ഏറ്റവും വലിയ ഷെയർഹോൾഡർ.

എന്നാൽ മ്യൂച്വൽ ഫണ്ടുകൾ കമ്പനിയുടെ ഉയർന്ന റേറ്റിംഗിൽ വീണു. കമ്പനിയുടെ കടപ്പത്രങ്ങളും കൊമേർഷ്യൽ പേപ്പറുകളും ധാരാളമായി ഫണ്ടുകൾ സബ്സ്ക്രൈബ് ചെയ്തിരുന്നു. ഇതിനാൽ തന്നെ ഏറ്റവും കൂടുതൽ നഷ്ടം നേരിടേണ്ടി വരുന്നതും മ്യൂച്വൽ ഫണ്ടുകൾക്കാണ്. ഏതാണ്ട് 2800 കോടി രൂപയുടെ ഐഎൽ & എഫ്എസ് സെക്യൂരിറ്റികളാണ് മ്യൂച്വൽ ഫണ്ടുകൾ കയ്യിൽ വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഐഎൽ & എഫ്എസ് പ്രതിസന്ധി വളർന്നാൽ വൻ വിറ്റഴിക്കലിലേക്ക് ഇത് നയിക്കും; ഇത് ഒരു ചെയിൻ റിയാക്ഷന് തുടക്കമിടുമോ എന്ന ഭയമാണ് ആദ്യ നീക്കങ്ങൾ വളരെ രഹസ്യമായി നടത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

മറ്റൊന്ന്, ഇത് ഇന്ത്യൻ വിപണിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പ്രതിസന്ധിയായി കാണാൻ കഴിയില്ല എന്നതാണ്. വിവിധ പ്രോജക്ടുകൾക്കായി മസാല ബോണ്ടുകൾ വഴിയും ചൈനയുടെ ഡിംസം ബോണ്ടുകൾ വഴിയും ഐഎൽ & എഫ്എസ് ഫണ്ട് സ്വരൂപിച്ചിട്ടുണ്ട്. ഇത് യഥാക്രമം 2019 ലും 2021 ലും തിരിച്ചടക്കേണ്ടവയാണ്. ഇതിന് സർക്കാർ ഒരു വഴി കാണും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഒരു വൻകിട എൻബിഎഫ്സി ആയതുകൊണ്ടുതന്നെ, ഐഎൽ & എഫ്എസ് പ്രതിസന്ധി ഒരു ഘട്ടത്തിൽ എൻബിഎഫ്സികളുടെ ഓഹരികളെ കാര്യമായി ബാധിച്ചിരുന്നു.

ഐഎൽ & എഫ്എസിന് പല പ്രൊജക്റ്റുകൾക്കായി രൂപീകരിച്ച 200 ഓളം സ്പെഷ്യൽ പർപ്പസ് കമ്പനികൾ ഉണ്ട്. നേരിട്ട് ഉടമസ്ഥാവകാശം ഉള്ളതും സ്വകാര്യ-പൊതു മേഖല കമ്പനികളും സംസ്ഥാന സർക്കാരുകളുമായും സംയുക്ത സംരംഭം എന്ന നിലക്കുള്ള കമ്പനികളും ഇതിൽ ഉൾപ്പെടും.

ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാതെ, മറ്റൊരു മേഖലകളിലേക്കും പടരാതെ എങ്ങനെ കമ്പനിയെ പുനരുദ്ധരിക്കാം എന്ന ഒരു പദ്ധതി തയ്യാറാക്കുകയാണ് പുതിയ ഡയറക്ടർ ബോർഡിൻറെ പ്രധാന ചുമതല. ഈ പദ്ധതി ഒക്ടോബർ 15 ന് മുൻപ് നാഷണൽ കമ്പനി ലോ ട്രിബുണലിന് മുന്നിൽ സമർപ്പിക്കണം.

Sreerenjini
Sreerenjini  

Related Articles

Next Story
Share it