പ്രതിസന്ധിയിൽ സംരംഭകര്‍ക്ക് പിന്തുണയുമായി കെ.എഫ്.സി

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്നതും വെള്ളപ്പൊക്കത്താല്‍ പ്രതിസന്ധി നേരിടുന്നതുമായ വ്യവസായ സംരംഭങ്ങള്‍ക്ക് വേണ്ടി പ്രത്യേക ആശ്വാസ പദ്ധതികള്‍ നടപ്പാക്കിയിരിക്കുകയാണ് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി). ഇത്തരം സംരംഭങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി ചെലവിന്റെ 90 ശതമാനം തുക കോര്‍പ്പറേഷന്‍ വായ്പയായി അനുവദിക്കുന്നതാണ്.

യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കും കെട്ടിടങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍ തീര്‍ക്കുന്നതിനും അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനും വായ്പ ലഭിക്കും. പലിശ നിരക്ക് 9.5 ശതമാനമാണ്. വായ്പാ തിരിച്ചടവിനുള്ള കാലാവധി 8 വര്‍ഷമാണ്. കൂടാതെ 2 വര്‍ഷത്തെ മോറട്ടോറിയവും ലഭിക്കും.

കോണ്‍ട്രാക്ടര്‍മാര്‍ക്കും വായ്പ

സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കും കെ.എഫ്.സി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കുന്നതാണ്. വെള്ളപ്പൊക്കത്താല്‍ തകര്‍ന്നുപോയ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടിയാണിത്. 20 കോടി രൂപ വരെയുള്ള ഈ വായ്പ ലൈന്‍ ഓഫ് ക്രെഡിറ്റായും അനുവദിക്കും. പദ്ധതി അടങ്കലിന്റെ 80 ശതമാനം തുക വരെ വായ്പയായി ലഭിക്കുന്നതാണ്. കൂടാതെ കരാര്‍ എറ്റെടുത്ത് പദ്ധതി നടപ്പാക്കുന്നതിന് വേണ്ട ബാങ്ക് ഗ്യാരന്റിയും നല്‍കും.

സംരംഭകരുടെ നിലവിലുള്ള വായ്പകളുടെ തിരിച്ചടവിലെ പിഴപലിശ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനും റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവക്കുന്നതിനും കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയായി കോര്‍പ്പറേഷന്‍ 25 ലക്ഷം രൂപ നല്‍കി.

Related Articles
Next Story
Videos
Share it