ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പണലഭ്യത: പുതിയ പാക്കേജില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് അവതരിപ്പിച്ച പദ്ധതികള്‍ ഫലം കാണുന്നില്ല. കോവിഡിനെ തുടര്‍ന്ന് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുകയും എന്നാല്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും ബാങ്കുകളില്‍ നിന്ന് എടുത്തിട്ടുള്ള വായ്പകള്‍ക്ക് മോറട്ടോറിയം ലഭിക്കുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതും എന്‍ബിഎഫ്‌സി, എംഎഫ്‌ഐ മേഖലയെ ഉലയ്ക്കുമെന്ന കാര്യം ഏതാണ്ടുറപ്പാണ്.

ബാങ്കുകള്‍ ചെറുകിടക്കാരോട് മുഖം തിരിക്കുന്നു

കോവിഡ് കാലത്ത് ബാങ്കുകള്‍ ദേശീയ താല്‍പ്പര്യത്തിനേക്കാള്‍ സ്വന്തം ബാലന്‍സ് ഷീറ്റിനാകും പ്രാധാന്യം നല്‍കുകയെന്ന് രാജ്യത്തെ പല നിരീക്ഷകരും നേരത്തെ താക്കീത് നല്‍കിയിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

റിസര്‍വ് ബാങ്ക്, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്കായി നടത്തിയ ടാര്‍ഗറ്റഡ് ലോങ് ടേം റിപ്പോ ഓക്ഷനിലെ കുറഞ്ഞ പങ്കാളിത്തം തെളിയിക്കുന്നത് അതാണ്. ബാങ്കുകള്‍ എടുക്കുന്ന തുകയുടെ പകുതിയെങ്കിലും ഇടത്തരം, ചെറുകിട എന്‍ബിഎഫ്‌സികള്‍, എംഎഫ്‌ഐ മേഖലയിലെ കടപ്പത്രങ്ങളോ ബോണ്ടുകളിലോ നിക്ഷേപിക്കണം എന്നതായിരുന്നു ഈ ഓക്ഷനിലെ ഒരു പ്രധാന നിബന്ധന.

എന്നാല്‍ ഈ ഓക്ഷനില്‍ പങ്കെടുക്കാന്‍ രാജ്യത്തെ ബാങ്കുകള്‍ വിമുഖത പ്രകടിപ്പിക്കുകയാണ് ചെയ്തത്. ഇതിനായി 14 ബിഡുകളാണ്‍ ലഭിച്ചതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നുവര്‍ഷത്തേക്ക് 4.4 ശതമാനം നിരക്കില്‍ 2500 കോടി രൂപയാണ് റിസര്‍വ് ബാങ്ക് ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ പങ്കെടുത്ത ബാങ്കുകള്‍ ബിഡ് ചെയ്തത് 12,850 കോടി രൂപ മാത്രമാണ്. അതേസമയം കോര്‍പ്പറേറ്റുകള്‍ക്ക് പണം ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് ഇതേ രീതിയില്‍ പണം ലഭ്യമാക്കിയപ്പോള്‍ അത് നേടിയെടുക്കാന്‍ വലിയ ആവേശമാണ് ബാങ്കുകള്‍ കാണിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ തന്നെ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

നാട്ടില്‍ എന്ത് സംഭവിക്കും?

ചെറുകിട ഇടത്തരം എന്‍ബിഎഫ്‌സികള്‍ക്കും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ ഫണ്ട് ലഭിച്ചില്ലെങ്കില്‍ കേരളത്തിലടക്കം സ്ഥിതിഗതികള്‍ ഗുരുതരമാകും. ബാങ്കുകളേക്കാള്‍ കൂടുതല്‍ സാധാരണക്കാര്‍ പണത്തിനായി ഓടിയെത്തുന്നത് നാട്ടിലെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലേക്കും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളിലേക്കുമാണ്. ലോക്ക്് ഡൗണ്‍ കഴിയുമ്പോള്‍ ചെറുകിട, ഇടത്തരം സംരംഭകരും കച്ചവടക്കാരും പ്രവര്‍ത്തന മൂലധനത്തിനായി അക്ഷരാര്‍ത്ഥത്തില്‍ വ്ട്ടം കറങ്ങും.

ഇവര്‍ക്കെല്ലാം ബാങ്കുകള്‍ വായ്പകള്‍ നല്‍കുമെന്ന് ഇപ്പോള്‍ കരുതാനാകില്ല. നിലവില്‍ എല്ലാ എന്‍ബിഎഫ്‌സികളും എംഎഫ്‌ഐകളും വായ്പ എടുത്തവര്‍ക്ക് മോറട്ടോറിയം നല്‍കിയിട്ടുണ്ട്. ബാങ്കുകളെ അപേക്ഷിച്ച് കര്‍ശനമായ ഫോളോ അപ് ഉള്ളതുകൊണ്ടാണ് ഇവരുടെ വായ്പാ തിരിച്ചടവില്‍ വീഴ്ച കുറവായിരിക്കുന്നത്. ലോക്ക്്ഡൗണ്‍ മൂലം നേരിലുള്ള ഫോളോ അപ്പുകള്‍ കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ കോവിഡ് മൂലം കനത്ത പ്രതിസന്ധിയിലുമാണ്.

മോറട്ടോറിയം കഴിഞ്ഞാലും വായ്പകളുടെ തിരിച്ചടവ് ഉറപ്പാക്കല്‍ എന്‍ബിഎഫ്‌സികളെയും എംഎഫ്‌ഐകളെയും സംബന്ധിച്ച് വലിയ തലവേദന തന്നെയാണ്. ഗോള്‍ഡ് ലോണ്‍ അല്ലാതെ, ഈടില്ലാതെ നല്‍കിയിരിക്കുന്ന വായ്പകളുടെ തിരിച്ചടവില്‍ പ്രശ്‌നം കാണുമെന്ന് ഈ രംഗത്തുള്ളവര്‍ ഇപ്പോള്‍ തന്നെ പറയുന്നുണ്ട്.

അതിനിടെയാണ് വായ്പകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതും. എന്‍ബിഎഫ്‌സികളും എംഎഫ്‌ഐകളും വായ്പ തേടി വരുന്നവരെ മടക്കി വിട്ടാല്‍ നാട്ടിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും.

അതായത്, സമ്പദ് വ്യവസ്ഥ ചലിക്കാന്‍ ചെറുകിട ഇടത്തരം എന്‍ബിഎഫ്‌സികളിലേക്കും എംഎഫ്‌ഐകളിലേക്കും കുറഞ്ഞ ചെലവിലേക്ക് ഫണ്ട് വരേണ്ടത് അനിവാര്യമാണ്. അതിനുള്ള സാധ്യതയ്ക്കാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം പതിനായിരക്കണക്കിനാളുകള്‍ക്ക് ജോലി നല്‍കുന്ന മേഖല കൂടിയാണ് ബാങ്കിംഗ് ഇതര ധനകാര്യ രംഗം. ഇവയ്ക്ക് ഫണ്ട് ലഭ്യത കുറഞ്ഞാല്‍ അത് ഏറെ പേരുടെ തൊഴില്‍ നഷ്ടത്തിനും വഴി വെയ്ക്കും. ദേശീയ തലത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പ്രമുഖ എന്‍ബിഎഫ്‌സികളുടെ ആസ്ഥാനവും കേരളമാണ്. വന്‍കിടക്കാര്‍ പ്രതിസന്ധികളെ മാനേജ് ചെയ്യുമെങ്കിലും ക്രിയാത്മകമായ നടപടികളും പാക്കേജുകളും വരേണ്ടത് കേരളത്തിന്റെ കൂടി ആവശ്യമാണ്. സമ്പത്ത ആര്‍ജ്ജിക്കുന്നതിലും അത് വിതരണം ചെയ്യുന്നതിലും കേരളത്തിലെ എന്‍ബിഎഫ്‌സികള്‍ ദേശീയതലത്തില്‍ തന്നെ നല്ലൊരു മോഡല്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളെ കോവിഡ് പ്രതിസന്ധിയിലും പിടിച്ചുനിര്‍ത്തേണ്ട വിധമുള്ള പാക്കേജാണ് ഇനി വരേണ്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles
Next Story
Videos
Share it