ഹൗസ് ബോട്ട് ഉടമകള്‍ക്കൊപ്പം പതിനായിരങ്ങള്‍ കടക്കെണിയില്‍!

ഹൗസ്‌ബോട്ട് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും നിലവില്‍ ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയുണ്ട്. ഹൗസ്‌ബോട്ടുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുകിട സംരംഭകരും അനുബന്ധ തൊഴില്‍ ചെയ്യുന്നവരും പ്രതിസന്ധിയിലായിരിക്കുകയാണ്. മോറട്ടോറിയം കൂടെ അവസാനിക്കുന്നതോടെ പ്രതിദിനം ലക്ഷക്കണക്കിനു രൂപയുടെ വ്യവസായം നടക്കുന്ന മേഖല കടക്കെണിയിലായി. ധനം ഓണ്‍ലൈന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്.

-Ad-

കൊറോണ പ്രതിസന്ധിയിലാക്കിയ കേരളത്തിലെ വിവിധ മേഖലകളില്‍ ഒരു വലിയ വിഭാഗം തന്നെ ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ്. ഹോട്ടലുകള്‍ക്കും ഹോംസ്‌റ്റേകള്‍ക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചെങ്കിലും ടൂറിസം രംഗത്തെ താങ്ങിനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഹൗസ്‌ബോട്ടുകളും ടൂറിസ്റ്റ് ബോട്ടുകളും ശിക്കാര വള്ളങ്ങളും ഇപ്പോഴും നിശ്ചലമാണ്. 1500 ഓളം ഹൗസ്‌ബോട്ടുകളാണ് ആലപ്പുഴ, കുമരകം ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. ചെറുതും വലുതുമായ ഇവയില്‍ ആറായിരം പേരോളമാണ് ജോലി ചെയ്യുന്നത്. കൂടാതെ ബോട്ടുകളിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നവര്‍, ലോണ്ടറി സര്‍വീസില്‍ പ്രവര്‍ത്തിക്കുന്നവര്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍, ആയുര്‍വേദിക്& മസാജ് സെന്ററുകള്‍, ഹോസ്‌ബോട്ടിലേക്ക് കുടിവെള്ളമെത്തിക്കുന്നവര്‍ തുടങ്ങി അനുബന്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ വേറെയും. 1500 ഓളം ഹൗസ്‌ബോട്ടുകള്‍ക്ക് മാത്രം 15 മുതല്‍ 20 ലക്ഷം രൂപയോളം വിലമതിക്കുന്ന ഡീസലാണ് പ്രതിദിനം വിറ്റു പോകുന്നത്. ശിക്കാര വള്ളങ്ങളും മോട്ടോര്‍ ബോട്ടുകളും സ്പീഡ് ബോട്ടുകളും അനുബന്ധ വാഹനങ്ങളും എസി ബോട്ടുകളിലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനും മറ്റുമായി ഒരു ദിവസം ഒന്നരക്കോടിയോളം രൂപ വരും ഇന്ധനവില്‍പ്പനയില്‍ നിന്നുള്ള വരുമാനം. പച്ചക്കറികളും മറ്റ് സാമഗ്രികളും തന്നെ പ്രതിദിനം 15 ലക്ഷം രൂപയിലേറെയാണ് ഈ വിഭാഗത്തിനായി വിറ്റഴിക്കപ്പെടുന്നത്.

PC: Royal River Cruise

കോവിഡ് മൂലം മേഖല നിശ്ചലമായപ്പോള്‍ ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചെറുകിട സംരംഭകരെയും ഓട്ടോ-ടാക്‌സി, ഗൈഡ് സെന്ററുകള്‍, ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ തുടങ്ങി മറ്റ് ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഇത് സാരമായി ബാധിച്ചു. ഇത് എത്രമാത്രം തൊഴിലില്ലായ്മ നിരക്ക് വര്‍ധിപ്പിച്ചുവെന്നും ഈ മേഖലയിലെ നഷ്ടങ്ങള്‍ വെളിവാക്കുന്നു. ഹൗസ്‌ബോട്ടുകള്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കാനും ക്വാറന്റീന്‍ സെന്ററുകളാക്കാനും ആലോചനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രായോഗിക തലത്തില്‍ എല്ലാം പേപ്പറില്‍ ഒതുങ്ങുക മാത്രമാണ് ചെയ്തത്. ഹൗസ്‌ബോട്ടുകളില്‍ ജീവനക്കാരായി പ്രവര്‍ത്തിക്കുന്നവരില്‍ പലരും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരികെ എത്തിയവരും ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞ് തൊഴില്‍ തേടിയിരുന്നവരുമെല്ലാമുള്‍പ്പെടും. ഇത്തരത്തില്‍ പതിനായിരക്കണക്കിനു വരുന്ന തൊഴില്‍ സമൂഹത്തെ മാത്രമല്ല, സംരംഭക വായ്പയെടുത്തും സ്വകാര്യ വായ്പാ സ്ഥാപനങ്ങളില്‍ നിന്നു കടമെടുത്തും സ്വര്‍ണം വിറ്റും വീട് പണയപ്പെടുത്തിയും മറ്റും ഹൗസ്‌ബോട്ട് ബിസിനസില്‍ ഉള്‍പ്പെടുന്ന നിരവധി സംരംഭകരെയാണ് ഈ പ്രതിസന്ധി ശ്വാസം മുട്ടിക്കുന്നത്.

നിപ്പയും പ്രളയവും വരുത്തിയ നഷ്ടങ്ങളില്‍ നിന്ന് കരകയറവേയാണ് കോവിഡ് കായല്‍ ടൂറിസത്തിന് ഭീഷണി ഉയര്‍ത്തിയത്. കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടങ്ങിയ മാര്‍ച്ച് മാസം മുതല്‍ ബോട്ടുകള്‍ നങ്കൂരമിട്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഏപ്രില്‍, മേയ് മാസങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെട്ടു. ആറ് മാസത്തിലധികമായി കെട്ടിയിട്ടിരിക്കുന്ന ബോട്ടുകള്‍ക്ക് അറ്റകുറ്റപ്പണി നടത്താതെ സര്‍വീസ് തുടങ്ങാനാവില്ല. ഇതിനു തന്നെ നല്ലോരു തുക വേണ്ടി വരും. ലാഭകരമാവില്ലെങ്കിലും നേരിയ ഉണര്‍വെങ്കിലും ഉണ്ടാവും.

-Ad-
നിശ്ചലമായിക്കിടക്കുന്ന ബോട്ടുകള്‍

പൊതുഗതാഗതം, ഷോപ്പിംഗ് മാളുകള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍, തുടങ്ങി ജനനിബിടമാകുന്ന എല്ലാ മേഖലകള്‍ക്കും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുമ്പോഴുംകേരള ടൂറിസത്തിന്റെ നട്ടെല്ലും രാജ്യത്തെ ടൂറിസം മേഖലയിലേക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്നതുമായ കായല്‍ ടൂറിസത്തിന് അനുമതി ലഭിച്ചിട്ടില്ല. ടൂറിസം വകുപ്പ് മന്ത്രിയോടും ടൂറിസം ഡിപ്പാര്‍ട്ടുമെന്റുകളോടും സര്‍ക്കാരിനോടും മേഖലയിലെ തൊഴിലാളികളും സംരംഭകരുമെല്ലാം സംഘടനകള്‍ വഴിയും നേരിട്ടെത്തിയും പ്രശ്‌നപരിഹാരത്തിനായി ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ അനുകൂല പ്രതികരണങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല.

മറ്റെല്ലാ മേഖലകളിലും ലഭ്യമായിട്ടുള്ള സര്‍ക്കാര്‍ ഇളവുകളും ക്ഷേമ ധനസഹായങ്ങളും ടൂറിസം മേഖലയിലെ തൊഴിലാളികളിലേക്ക് പൂര്‍ണമായി എത്തിക്കുവാന്‍ പോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. മറ്റ് ടൂറിസം മേഖലകള്‍ പോലെ കായല്‍ ടൂറിസം മേഖല കൂടി പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള വിശദമായ പഠനവും അനുമതിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ഹൗസ്‌ബോട്ട് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പറയുന്നു. ഹോട്ടലിലേക്ക് പലചരക്കു സാമഗ്രികളും പച്ചക്കറിയും മറ്റുമെത്തിക്കുന്നത്‌പോലെയാണ് ഹൗസ്‌ബോട്ടുകളിലേക്കുമെത്തുക.

ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് പോലെയാണ് ഇവയും പ്രവര്‍ത്തിക്കുക. എന്നാല്‍ യാത്രാ മധ്യേ മറ്റു പ്രദേശങ്ങളില്‍ ബോട്ടുകള്‍ അടുപ്പിക്കുകയും സാമൂഹിക സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന സാഹചര്യങ്ങളും മറ്റുമൊഴിവാക്കുകയാണെങ്കില്‍ സുരക്ഷിതമായി ഹൗസ്‌ബോട്ടുകള്‍ക്കും പ്രവര്‍ത്തിക്കാമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുള്ള പ്രായോഗിക നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്ന് ഹൗസ്‌ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും അറിയിക്കുന്നു. ഇതിനായി പ്രത്യേക പ്രോട്ടോക്കോള്‍ തയ്യാറാക്കലാണ് സര്‍ക്കാര്‍ ഉടന്‍ ചെയ്യേണ്ടതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here