എങ്ങനെ ഒരു മികച്ച സിവി തയ്യാറാക്കാം?

രണ്ട് പേജിലുള്ള തെറ്റുകളില്ലാത്തൊരു സിവിയാണ് (Curriculum Vitae) തൊഴിലുടമകള്‍ പൊതുവെ താല്‍പര്യപ്പെടുന്നത്. ഒരു ജോലിക്കായി അപേക്ഷിക്കുമ്പോള്‍ എങ്ങനെ മികച്ചൊരു സിവി തയ്യാറാക്കണമെന്നത് യുവതലമുറയിലെ മിക്കവര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം.

തൊഴിലുടമയില്‍ നിങ്ങളെക്കുറിച്ച് മികച്ചൊരു പ്രതിച്ഛായ സൃഷ്ടിക്കുന്ന ആദ്യത്തെ ഘടകമാണ് നിങ്ങളുടെ സിവി. അതിനാല്‍ അത് നിറവേറ്റത്തക്ക വിധിലുള്ളതായിരിക്കണം നിങ്ങളുടെ സിവി എന്നതാണ് ഏറ്റവും പ്രധാനം.

തെറ്റായ രീതിയില്‍ സിവി തയ്യാറാക്കുന്നതുകൊണ്ട് മാത്രം അനേകം പേര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കാതെ പോകുന്നൊരു സ്ഥിതിയുണ്ടെന്ന് പ്രമുഖ തൊഴില്‍ പോര്‍ട്ടലായ നൗകരി ഡോട്ട് കോം വെളിപ്പെടുത്തുന്നു. അതിനാല്‍ ജോലിക്കായി നിങ്ങളുടെ സിവി തയ്യാറാക്കുമ്പോള്‍ ചുവടെ കൊടുത്തിട്ടുള്ള ചില സുപ്രധാന ഘടകങ്ങള്‍ ശ്രദ്ധിക്കുക

കരിയര്‍ ഗോള്‍ വ്യക്തമാക്കുക

നിങ്ങളെക്കുറിച്ചുള്ള ഒരു റെസ്യൂമെയില്‍ നിങ്ങളുടെ കരിയര്‍ ഗോള്‍ വ്യക്തമാക്കിയിരിക്കണം. നിങ്ങളെക്കൊണ്ട് കമ്പനിക്ക് എന്ത് നല്‍കാനാകുമെന്നതിനെ കുറിച്ചുള്ള പ്രത്യക്ഷമായൊരു പ്രസ്താവനയാണിത്. നിങ്ങളുടെ ആവശ്യമല്ല മറിച്ച് കമ്പനിക്ക് എന്ത് നല്‍കാനാകുമെന്ന മനോഭാവമാണ് അതില്‍ പ്രതിഫലിക്കേണ്ടത്. എന്നാല്‍ നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത കാര്യങ്ങളെക്കുറിച്ചൊന്നും നിങ്ങള്‍ അതില്‍ എഴുതാന്‍ പാടില്ല.

നിങ്ങളുടെ സിവിയെ ആസ്പദമാക്കിയാണ് ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ നിങ്ങളോട ചോദ്യങ്ങള്‍ ചോദിക്കുന്നത്. അപ്പോള്‍ സിവിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് അവര്‍ക്ക് തോന്നിയാല്‍ നിങ്ങള്‍ക്ക് ആ ജോലി നഷ്ടമാകുകയും ചെയ്യും. കരിയര്‍ ഗോളുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിട്ടുള്ള രണ്ട് വാചകങ്ങള്‍ ശ്രദ്ധിക്കൂ. 'To achieve an appreciable status in an organization that offers full scope for growth and where I can fulfill my aspirations of becoming world-class software professional'. ' Be part of an organization that recognizes my skills and provides me with suitable environment to perform to the best of my ability'.

ഈ രണ്ട് വാചകങ്ങളും നിങ്ങള്‍ക്ക് എന്ത് നല്‍കാനാകുമെന്ന മനോഭാവമല്ല പ്രതിഫലിപ്പിക്കുന്നത്. അതിനാല്‍ ഇത്തരം വാചകങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം. ലളിതമായതും വ്യക്തതയുള്ളതുമായ വസ്തുനിഷ്ഠ വാചകങ്ങളാണ് ഏറ്റവും അഭികാമ്യം. വളച്ചുകെട്ടിയുള്ള വാചകങ്ങള്‍ ഒട്ടുംതന്നെ ഗുണകരമല്ല. അതിനാല്‍ നിങ്ങള്‍ക്ക് നേരിട്ട് നല്‍കാനാകുന്ന വാല്യൂ അഡീഷനില്‍ ഫോക്കസ് ചെയ്യുക. അത് വിദ്യാഭ്യാസമായാലും തൊഴില്‍ പരിചയമായാലും ഏറ്റവും പുതിയതില്‍ നിന്നും ആദ്യത്തേതിലേക്ക് പോകുന്ന വിധത്തില്‍ മാത്രം എഴുതുക.

തൊഴിലുടമയെ അന്ധനാക്കാതിരിക്കുക

അപേക്ഷയിലുടനീളം ഒരൊറ്റ ഫോണ്ട് മാത്രം ഉപയോഗിക്കുകയും സുപ്രധാന വാക്കുകള്‍ മാത്രം വലിപ്പത്തില്‍ കൊടുക്കുകയും വേണം. ഒരു തൊഴില്‍ദാതാവിന്റെ ശ്രദ്ധ 10-20 സെക്കന്റ് നേരത്തേക്ക് മാത്രമേ സിവിയില്‍ ഉണ്ടാകൂവെന്നതിനാല്‍ നല്ലൊരു തുടക്കം അതിനുണ്ടായിരിക്കണം. നിങ്ങള്‍ക്ക് 10 വര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുണ്ടെങ്കില്‍ ഒരു സമ്മറിയും അതില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്.

വിവാഹാവസ്ഥയെ കുറിച്ചുള്ള വിവരം

പുതുതലമുറ റെസ്യൂമെകളില്‍ വിവാഹാവസ്ഥയെക്കുറിച്ച് (Marital Status) സൂചിപ്പിക്കേണ്ട ആവശ്യമില്ല. എന്നാല്‍ തൊഴില്‍ പരസ്യത്തില്‍ അത്് അവശ്യപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വ്യക്തമാക്കണം.

റഫെറന്‍സ് നല്‍കുമ്പോള്‍

റഫെറന്‍സ് നല്‍കണമെന്ന് പറഞ്ഞിട്ടില്ലെങ്കില്‍ കമ്പനി ആവശ്യപ്പെടുമ്പോള്‍ അത് നല്‍കാമെന്ന് കവര്‍ ലെറ്ററില്‍ സൂചിപ്പിക്കാം. സാധാരണഗതിയില്‍ 2 റഫെറന്‍സുകള്‍ നല്‍കിയാല്‍ മതി. നിങ്ങളുടെ കരിയിറിലെ ഏറ്റവും അടുത്തകാലത്തുള്ള 2 ഘട്ടങ്ങളിലെ റഫെറന്‍സുകള്‍ നല്‍കാവുന്നതാണ്. റഫെറന്‍സായി നല്‍കുന്ന വ്യക്തികളെ അക്കാര്യം അറിയിക്കുകയും വേണം.

ഇ-മെയിലിംഗ്

ചില സ്ഥാപനങ്ങള്‍ MS Word ഡോക്യുമെന്റായി നിങ്ങളുെട റെസ്യൂമെ അപ്‌ലോഡ് ചെയ്യാനോ അല്ലെങ്കില്‍ അത് തപാലില്‍ അയക്കാനോ ആവശ്യപ്പെട്ടേക്കും. സിവിയില്‍ ഒരിടത്തും കളര്‍ ഫോണ്ട്‌സ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇ-മെയ്ല്‍ ഐഡിക്കായി കഴിയുന്നതും നിങ്ങളുടെ പേരിനെ സൂചിപ്പിക്കുന്ന ഐ.ഡി തെരെഞ്ഞെടുക്കുക. tarzen123@gmail.com എന്നതുപോലുള്ള ഐ.ഡികള്‍ ഒരിക്കലും തെരെഞ്ഞെടുക്കരുത്.

പൊതുവെ എല്ലാവരും ഉപയോഗിക്കുന്ന ഫോണ്ടുകളും സോഫ്റ്റ്‌വെയര്‍ വെര്‍ഷനുകളും മാത്രം ഉപയോഗിക്കണം. MS Office വെര്‍ഷനിലെ വ്യ്ത്യാസം അനുസരിച്ച് MS Word ല്‍ വ്യത്യാസം വരുമെന്നതിനാല്‍ PDF ഫോര്‍മാറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാല്‍ Word ഡോക്യുമെന്റായി തന്നെ റെസ്യൂമെ അയക്കാന്‍ കമ്പനി നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ ആ ഫോര്‍മാറ്റില്‍ തന്നെ അപേക്ഷ് അയക്കണം.

Word ഫോര്‍മാറ്റില്‍ നിന്നുള്ള വിവരങ്ങള്‍ എടുക്കാന്‍ കമ്പനി വ്യത്യസ്ത ടൂളുകള്‍ ഉപയോഗിക്കുമെന്നതിനാല്‍ അവര്‍ ആവശ്യപ്പെടുന്ന ഫോര്‍മാറ്റില്‍ റെസ്യൂമെ അയച്ചില്ലെങ്കില്‍ അത് പ്രോസസ് ചെയ്യപ്പെടാതെ വന്നേക്കും.

Times New Roman, Calibri തുടങ്ങിയ ഫോണ്ടുകള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഫാന്‍സി ടൈപ്പ് ഫോണ്ടുകള്‍ സിവിയില്‍ നിന്നും ഒഴിവാക്കുക. റെസ്യൂമെയുടെ വിവിധഭാഗങ്ങളില്‍ ഫോണ്ടും ഫോണ്ട് സൈസും ഒരുപോലെയായിരിക്കണം. സിവിയുടെ മുകളില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൊടുക്കുന്നതും നല്ലതാണ്.

തൊഴില്‍ പരിചയം ഉയര്‍ത്തിക്കാട്ടുക

ഒരു ട്രെയിനിയെന്ന നിലയില്‍ നിന്നും വ്യത്യസ്ത തസ്തികകളില്‍ നിങ്ങള്‍ക്ക് പ്രവൃത്തി പരിചയം ഉണ്ടെങ്കിലും നിങ്ങള്‍ ഏറ്റവും ഒടുവില്‍ വഹിച്ച തസ്തികയില്‍ ആയിരിക്കും തൊഴില്‍ദാതാവ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. അതിനാല്‍ 10 വര്‍ഷത്തിലധികമുള്ള പരിചയസമ്പത്തിനെ താഴേക്ക് കൊണ്ടുവരികയും ഏറ്റവും ഒടുവില്‍ ജോലി ചെയ്ത തസ്തികകളുടെയും സ്ഥാപനങ്ങളുടെയും വിശദാംശങ്ങള്‍ ആദ്യം നല്‍കുകയും ചെയ്യണം.

വിശദാംശങ്ങള്‍ ഒഴിവാക്കുക

നിങ്ങള്‍ സൂചിപ്പിക്കാന്‍ ആഗ്രഹിക്കാത്ത പ്രവൃത്തി പരിചയമുണ്ടെങ്കില്‍ തീര്‍ച്ചയായും അതൊഴിവാക്കാം. എന്നാല്‍ അത് ഒരു വര്‍ഷത്തിലധികമുള്ള ഗ്യാപ്പാണെങ്കില്‍ ്അപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കേണ്ടിവരും. അക്കാലയളവില്‍ സംരംഭകത്വത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെങ്കില്‍ അതൊരു അനുകൂല ഘടകമായേക്കും. സംരംഭത്തില്‍ പരാജയപ്പെട്ട ഒരു വ്യക്തിയാണെങ്കിലും അക്കാരണത്താല്‍ ജോലി നിഷേധിക്കപ്പെടില്ലെന്ന് അര്‍ത്ഥം.

ഉയര്‍ന്ന തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ മുന്‍പ്് പഠിച്ചിരുന്നത് പ്രശസ്തമായ സ്ഥാപനങ്ങളില്‍ അല്ലെങ്കില്‍ സ്‌ക്കൂളിന്റെയോ കോളേജിന്റെയോ പേര് സൂചിപ്പിക്കേണ്ട ആവശ്യമില്ല. ജനറല്‍ മാനേജര്‍ പോലുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ നിങ്ങളുടെ ജോലിയെയും ഉത്തരവാദിത്വത്തെയും കുറിച്ച് വിവരിക്കേണ്ട ആവശ്യമില്ല.

പകരം നിങ്ങള്‍ പ്രവര്‍ത്തിച്ച കമ്പനിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി എന്തൊക്കെ ഫലപ്രദമായ നടപടികള്‍ നിങ്ങള്‍ സ്വീകരിച്ചുവെന്നും അതിലൂടെ എന്തൊക്കെ നേട്ടങ്ങള്‍ സൃഷ്ടിക്കാനായി എന്നും പറയാം. നിങ്ങളുടെ നേട്ടങ്ങളും വിജയങ്ങളും ആയിരിക്കണം നിങ്ങളുടെ റെസ്യൂമെയിലെ സുപ്രധാന ഘടകം.

അനാവശ്യ വിവരങ്ങള്‍ നല്‍കേണ്ട

എത്ര ഇന്ത്യന്‍ ഭാഷകള്‍ അറിയാമെന്നും മറ്റുള്ള വിവരങ്ങള്‍ പ്രസക്തമല്ലെങ്കില്‍ ഒഴിവാക്കുക. വിദേശ രാജ്യങ്ങളിലേക്കുള്ള നിയമനമാണെങ്കില്‍ അവിടത്തെ ഭാഷകള്‍ അറിയാമെന്നത് സൂചിപ്പിക്കണം. ജാതി-മതം എന്നിവ ചോദിച്ചിട്ടില്ലായെങ്കില്‍ അവയും നല്‍കേണ്ട ആവശ്യമില്ല.

അക്ഷരത്തെറ്റ് പാടില്ല

റെസ്യൂമെയില്‍ അക്ഷരത്തെറ്റ് വരുത്തുന്നത് നന്നല്ല. superman2018.doc, rockstar.doc എന്നീ പേരുകളില്‍ സേവ് ചെയ്തിട്ടുള്ള റെസ്യൂമെ ഉടനടി നിരസിക്കപ്പെടും. വിവിധ കമ്പനികളിലേക്ക് ഒരുമിച്ച് ഗ്രൂപ്പ് മെസേജ് അയക്കുന്നതും നിര്‍ബന്ധമായും ഒഴിവാക്കണം.

കവര്‍ ലെറ്റര്‍

ഓരോ റെസ്യൂമെക്കും കവര്‍ ലെറ്റര്‍ ഉണ്ടായിരിക്കണം. ഒരു തൊഴില്‍ദാതാവ് ആദ്യം വായിക്കുന്നത് കവര്‍ ലെറ്ററാണ്. നിങ്ങളെക്കുറിച്ചുള്ള ആദ്യ പ്രതിച്ഛായ തൊഴിലുടമയില്‍ സൃഷ്ടിക്കുന്നത് അതാണ്. അതിനാല്‍ നിങ്ങളുടെ റെസ്യൂമെ നോക്കാന്‍ തൊഴിലുടമയെ പ്രേരിപ്പിക്കുന്ന ഒന്നായിരിക്കണം കവര്‍ ലെറ്റര്‍.

M Mathew
M Mathew  

Related Articles

Next Story

Videos

Share it