നാളത്തെ പ്രധാന തൊഴില്‍ മേഖലകള്‍ ഏതൊക്കെ?
മാക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡിസംബര്‍ 2017ല്‍ വന്ന ഒരു പഠന റിപ്പോര്‍ട്ട് അനുസരിച്ച് 2030 നുള്ളില്‍ യന്ത്രവല്‍ക്കരണം മൂലം ലോകത്തിന് 40 കോടി മുതല്‍ 80 കോടി വരെ ജോലികള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. 46 രാജ്യങ്ങളെ പൊതുവായും അതില്‍ തന്നെ ഇന്ത്യയടക്കമുള്ള ആറു രാജ്യങ്ങളെ വിശദമായും (അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി മെക്‌സിക്കൊ എന്നിവ മറ്റ് അഞ്ചു രാജ്യങ്ങള്‍) പഠിച്ചതിനു ശേഷമാണ് അവര്‍ ഈ നിഗമനത്തിലെത്തിയത്. ആഗോള തലത്തില്‍ 60 ശതമാനം തൊഴില്‍ മേഖലകളിലും മൂന്നിലൊന്ന് ജോലികള്‍ യന്ത്രവല്‍ക്കരണം ഇല്ലാതാക്കുമെന്നാണ് പ്രവചനം.
ടെക് മഹീന്ദ്ര എന്ന ഇന്ത്യന്‍ വിവര, സാങ്കേതിക സ്ഥാപനത്തിന്റെ എം ഡി, സി പി ഗുര്‍നാനി ഈയിടെ പങ്കുവെച്ച ഒരു നിരീക്ഷണം അനുസരിച്ച് ഇന്ത്യയില്‍ എന്‍ജിനീയറിംഗ് പാസായി പുറത്തിറങ്ങുന്ന 94 ശതമാനം ബിരുദധാരികളും വിവര സാങ്കേതിക മേഖലയില്‍ ജോലിയെടുക്കാന്‍ പ്രാപ്തരല്ല. ഇതിനോടൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഔപചാരിക ജോലികളുള്ള സാങ്കേതിക മേഖലയില്‍ വരുംകാലങ്ങളില്‍ യന്ത്രവല്‍ക്കരണം ഏകദേശം 25ശതമാനം തൊഴിലാളികളെ കുറയ്ക്കും എന്നാണ്.
ഇതൊരു പുതിയ അറിവല്ല. ഇന്ത്യയുടെ തൊഴില്‍ സാന്ദ്രത (Employment Intensity) (ഒരു ലക്ഷം മൊത്ത ഗാര്‍ഹിക ഉല്‍പ്പാദനം മൂലം ഉണ്ടാക്കപ്പെടുന്ന തൊഴിലുകള്‍), 1999-2004 കാലയളവിലെ ലക്ഷത്തില്‍ 1.7 വ്യക്തികള്‍ എന്ന നിലയില്‍ നിന്നും 2005-2010 കാലയളവായപ്പോള്‍ ലക്ഷത്തില്‍ 1.05 വ്യക്തികള്‍ എന്ന നിലയിലേക്കു താണു. 2004നും 2012നും ഇടയ്ക്ക് ഇന്ത്യയുടെ മൊത്ത ഗാര്‍ഹിക ഉല്‍പ്പന്നത്തിന്റെ ശരാശരി വാര്‍ഷിക വര്‍ധന 8.1 ശതമാനം ആയിരുന്നു. എന്നാല്‍ ഇതേ കാലയളവിലെ ഔപചാരിക ജോലികളുടെ ശരാശരി വാര്‍ഷിക വര്‍ധന വെറും രണ്ടു ശതമാനം ആയിരുന്നു. 2012നു ശേഷമുള്ള കാലത്തെ ആധികാരികമായ ജോലി വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഗതി പുറകോട്ടു തന്നെയാണെന്നാണ് അനുമാനം.
മനുഷ്യന്റെ തൊഴിലായുധങ്ങളും ഉപകരണങ്ങളും പ്രകൃതിദത്തമായ സാമഗ്രികളില്‍ നിന്നും മനുഷ്യ നിര്‍മിതമായ യന്ത്രങ്ങളിലും ഊര്‍ജ്ജ സ്രോതസുകളിലും അവിടെ നിന്ന് വിവര വിജ്ഞാന മാപിനി (Sensor) കളിലും എത്തിനില്‍ക്കുന്ന കാലമാണിത്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കപ്പെടുന്ന സമൂഹ മാധ്യമങ്ങള്‍, മൊബീല്‍, അപഗ്രഥന സഹായികള്‍ (analytics), ത്രിമാന അച്ചടി (3D Printing), റോബോട്ടുകള്‍, കൃത്രിമ ബുദ്ധി, യന്ത്രജ്ഞാനം (machine learning) തുടങ്ങിയ ഉപായങ്ങളും പ്രവണതകളും നിരവധി ജോലിക്കാരെ ഇല്ലാതാക്കുന്നുണ്ട്. പല ജോലികളുടേയും രൂപങ്ങളും ഉള്ളടക്കങ്ങളും മാറിയിരിക്കുന്നു, ഇതുവരെ ഇല്ലാതിരുന്ന തസ്തികകള്‍ ഇന്നുണ്ടായിരിക്കുന്നു.
അസ്ഥിര ജോലിക്കാര്‍ കൂടുന്നു
ആഗോള തലത്തില്‍ അസ്ഥിരമായ, ഒന്നിലധികം ജോലികള്‍ ചെയ്യുന്ന തൊഴിലാളികളുടെ ആധിക്യം പല സമ്പദ്‌വ്യവസ്ഥകളേയും 'ഗിഗ്' വ്യവസ്ഥകളാക്കി മാറ്റിയിട്ടുണ്ട്. സാങ്കേതിക മുന്നേറ്റങ്ങള്‍ ജോലികളെയല്ല, ജോലിക്കാരെയാണ് ഇല്ലാതാക്കുന്നത്. ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഉപയോഗിച്ച് താല്‍ക്കാലികാടിസ്ഥാനത്തില്‍, സ്വതന്ത്രമായി ജോലി ചെയ്തിരുന്നവരുടെ എണ്ണം 2015ല്‍ തന്നെ ഒരു കോടി കടന്നിരുന്നു.
2040 ആവുമ്പോഴേക്കും ലോകത്തില്‍ അധ്വാനിക്കാവുന്ന പ്രായ (15-64) ത്തിലുള്ളവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലായിരിക്കുമെന്ന് UNDP (United Nations Development Programme) പ്രവചിക്കുന്നു. ജന സംഖ്യയുടെ വര്‍ധന തൊഴില്‍ നഷ്ടത്തെ കൂടുതല്‍ ഗുരുതരമാക്കും. 50ശതമാനം ജനങ്ങളും 26 വയസിനു താഴെയുള്ള ഇന്ത്യക്ക് ഭാവിയില്‍ ജനസംഖ്യാപരമായ ലാഭവീതം (റലാീഴൃമുവശര റശ്ശറലി)േ ഉണ്ടാകുമെന്നാണ് നാമിതുവരെ കരുതിയിരുന്നത്. പക്ഷേ ഈ സ്ഥിതി തുടര്‍ന്നാല്‍ ഒരു ജനസംഖ്യാദുരന്തമാവും ഫലം.
ആസൂത്രിതമായ പരിശീലനങ്ങള്‍ ആവശ്യം
സാങ്കേതിക വിദ്യകള്‍ ഒരു പരിധിക്കപ്പുറം പുരോഗമിക്കുമ്പോള്‍ സാധാരണ തൊഴിലാളികള്‍ക്കും വ്യക്തികള്‍ക്കും ഒരു നിസഹായത, ആപേക്ഷികമായി തങ്ങള്‍ അറിവില്ലാത്തവരാണെന്ന തോന്നല്‍, അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. അതു മറികടക്കാന്‍, നഷ്ടപ്പെടാവുന്ന ജോലികള്‍ തിരിച്ചു പിടിക്കാന്‍, ആസൂത്രിതമായ പരിശീലനങ്ങളും പഠനങ്ങളും അത്യാവശ്യമാണ്. ഒരു അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ബലത്തില്‍ ഒരു ആയുഷ്‌കാല ജോലി എന്ന നമ്മുടെ അതിലളിതമായ വാര്‍പ്പു മാതൃക മാറണം. അദ്ധ്വാനകാലത്തും ചില അന്തരാളങ്ങളില്‍ അദ്ധ്യയന യാത്രകള്‍ വേണം. പണിപ്പുരകള്‍ക്കും കാര്യാലയങ്ങള്‍ക്കും അകത്തും പുറത്തും നൂതന പരിശീലനക്കളരികള്‍ പൊന്തി വരണം. നമ്മുടെ തൊഴില്‍ മേഖലയില്‍ ഒരു ഘടനാപരമായ വ്യതിയാനം വേണം.
ഇന്ത്യയിലെ പല സ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികളെ പുതിയ സാങ്കേതിക വിദ്യകള്‍ അഭ്യസിപ്പിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം തൊഴിലാളികള്‍ക്കും ആ സൗകര്യം ലഭിക്കുന്നില്ല. അതിനാല്‍ നിലവിലുള്ള ജോലിക്കാരെ സഹായിക്കാന്‍ അടിയന്തിരമായി വേണ്ടത് അവരില്‍ 30 മുതല്‍ 55 വരെ പ്രായമുള്ളവരെ പുതിയ സാങ്കേതിക വിദ്യകളും അടവുകളും പഠിപ്പിക്കാന്‍ കഴിവുള്ള, പാരമ്പര്യേതര സ്ഥാപനങ്ങളാണ്. വരും കാലങ്ങളില്‍ ബുദ്ധിമുട്ടുള്ള, അപകടകരമായ, വിരസമായ ജോലികള്‍ യന്ത്രങ്ങള്‍ക്ക് വിട്ടു കൊടുത്ത് നവീകരിക്കപ്പെട്ട അറിവുകളുടെ കരുത്തില്‍ പുതിയ കര്‍മ്മഭൂമികള്‍ വിജയകരമായി കണ്ടെത്താന്‍ അവരെ സജ്ജമാക്കേണ്ടി വരും.
സാങ്കേതിക രംഗത്തു തന്നെ തൊഴിലുകള്‍ കൂടി വരാം. നവ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചെറുകിട ബിസിനസുകളെ ഉത്തേജിപ്പിക്കാമെന്നും തദ്വാരാ ഭൂരിഭാഗം തൊഴില്‍ നഷ്ടങ്ങളും നികത്താമെന്നും വിശ്വസിക്കുന്നവരുണ്ട്. ഒപ്പം പുതു മേഖലകള്‍ സൃഷ്ടിക്കാം. നരച്ചു കൊണ്ടിരിക്കുന്ന ലോകത്ത് വൃദ്ധരുടെ സംരക്ഷണം ഒരു പക്ഷേ നാളത്തെ ഒരു പ്രധാന തൊഴില്‍ മേഖലയാവാം. പൊതു ആരോഗ്യവും പ്രകൃതിസംരക്ഷണവും കായിക, സാംസ്‌കാരിക മേഖലകളും അങ്ങിനെത്തന്നെ. സങ്കര സംസ്‌കാരത്തിന്റെ, നഗരവല്‍ക്കരണത്തിന്റെ, ആഗോളീകരണത്തിന്റെ കാലഘട്ടത്തില്‍ ഗവണ്‍മെന്റുകളുടെ സജീവ പിന്തുണയോടെ ഒരു ഔപചാരിക തൊഴില്‍ മേഖല സൃഷ്ടിച്ച് മത, സാംസ്‌കാരിക മൈത്രി ഉണ്ടാക്കുന്നതും ഭാവിയിലെ ആവശ്യമാകാം.
മേല്‍പറഞ്ഞ ലിസ്റ്റ് വികസിപ്പിക്കാവുന്നതാണ്. അതിന് ഭാവിയെ നിരന്തരം വിഭാവനം ചെയ്യുന്ന, ചിന്തകരുടെ കൂട്ടായ്മയായ, കാലിഫോര്‍ണിയയില്‍ 50 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന, Institute For The Future (IFTF) പോലുള്ള സ്ഥാപനങ്ങള്‍ അനുകരണീയമാണ്.