അറിവ് നല്‍കാം, പുതിയ വഴികളിലൂടെ

സാങ്കേതികതലത്തിലും പ്രവര്‍ത്തനതലത്തിലും ഒട്ടേറെ വന്‍ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ് ഇന്ന് വിദ്യാഭ്യാസം. പഠിതാക്കളുടെ കുറയുന്ന ശ്രദ്ധാശേഷി കണക്കിലെടുത്ത് ഒരു പുതിയ പാഠ്യ പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ്. അതോടൊപ്പം, ഏറ്റവും പുതിയ സാങ്കേതിക വിദ്യാ മാര്‍ഗങ്ങള്‍ സ്‌കൂള്‍ മുതല്‍ സര്‍വകലാശാല വരെയുള്ള പഠനത്തിന്റെ ഭാഗമാക്കേണ്ടതും വളരെ പ്രധാനമാണ്.

കെട്ടിടങ്ങള്‍ക്കുള്ളിലെ പഠനം (Brick & Mortar)

പരമ്പരാഗത രീതിയിലുള്ള പഠനമാര്‍ഗമാണിത്. ക്ലാസ് മുറികളില്‍, ഏത് വിഷയത്തിലും അവസാന വാക്കാകുന്ന അധ്യാപകര്‍ പഠിപ്പിക്കുന്ന, ലൈബ്രറികളില്‍ വലിയ പുസ്തകങ്ങളില്‍ നിന്ന് പഠിക്കുന്ന, പരീക്ഷാ ഹാളുകളില്‍ വെച്ച് എഴുതുന്ന പരീക്ഷകളിലൂടെ മൂല്യ നിര്‍ണയം നടത്തുന്ന രീതി.

ദശാബ്ദങ്ങളായി ഈ ശൈലി തന്നെയാണ് പരമ്പരാഗത വിദ്യാഭാസത്തിന്റെ അടിസ്ഥാനം. ഇത് പൂര്‍ണ്ണമായും ഇല്ലാതായി എന്നല്ല, പക്ഷെ, ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചു, ഇനിയും മാറുകയും ചെയ്യും. നമുക്ക് എന്നും റോള്‍ മോഡലുകളായി അധ്യാപകര്‍ വേണം. ഒരു മാനുഷിക സ്പര്‍ശം വിദ്യാഭ്യാസത്തിനു ആവശ്യമാണ്, സംശയങ്ങള്‍ തീര്‍ക്കാനും പ്രചോദനം പകരാനും അധ്യാപകര്‍ കൂടിയേ തീരൂ. എത്ര ദുഷ്‌കരമായ വിഷയത്തെയും തുറന്ന മനസോടെ സമീപിക്കാനായി വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാന്‍ ഒരു മികച്ച അധ്യാപകന് കഴിയും. മാത്രമല്ല, സമപ്രായക്കാര്‍ക്കൊപ്പം സഹകരിച്ച് ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ ഈ വിദ്യാഭ്യാസ രീതി പഠിപ്പിക്കും. സാമൂഹ്യ സൗഹൃദങ്ങള്‍ സൃഷ്ടിക്കുന്നത് ക്ലാസ് റൂമുകളാണ്. ആദ്യത്തെ സുഹൃത്തുക്കളെ നമ്മള്‍ നേടുന്നതും ഇവിടെ ഇന്ന് തന്നെ. പലപ്പോഴും ജീവിതാവസാനം വരെ നിലനില്‍ക്കുന്ന സൗഹൃദങ്ങളാണ് ക്ലാസ് മുറികള്‍ നമുക്ക് തരുന്നത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ (Click & Portal)

ഓണ്‍ലൈനിലൂടെയുള്ള പഠനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് പാശ്ചാത്യ ലോകമാണ്. ടെക്സ്റ്റും പിഡിഎഫ് ഫയലുകളും ഓഡിയോയും (പോഡ് കാസ്റ്റ്) വീഡിയോയും എല്ലാം ചേര്‍ന്ന് കോഴ്‌സുകള്‍ തന്നെ ഓണ്‍ലൈനില്‍ അവതരിക്കപ്പെട്ടു. ഇവയുടെ ഏറ്റവും മികച്ച സമ്മിശ്രണത്തിലൂടെ പഠനാനുഭവം നമ്മുടെ ഇന്ദ്രിയാവയവങ്ങള്‍ക്ക് തികച്ചും വ്യത്യസ്തമായ ഒന്നായി മാറി, മാത്രമല്ല, പാഠ്യരീതി വളരെ ആസ്വാദ്യകരമാകുകയും ചെയ്തു. ഒരു വലിയ ചുവടുവയ്പ് തന്നെയായിരുന്നു ഇത്, അതുകൊണ്ട് ഈ മേഖലയില്‍ ഒട്ടേറെ എഡ്യുടെക്ക് കമ്പനികളും രൂപമെടുത്തു. ഇലേണിംഗിന്റെ പുതിയ വഴികള്‍, രീതികള്‍, ഇട്യൂട്ടര്‍മാര്‍, ഖാന്‍ അക്കാദമിയുടെ സ്‌കൂള്‍ വീഡിയോകളിലൂടെയുള്ള സ്വയം പഠനം, വീഡിയോകളും മറ്റും വഴിയുള്ള 'കോഴ്‌സിറ'യുടെ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ എന്നിവയെല്ലാം ഇപ്പോള്‍ ലഭ്യമാണ്. പക്ഷെ, ഈ കോഴ്‌സുകളുടെ പൂര്‍ണ്ണരൂപവും യുക്തിപരമായ ഒടുക്കവും കണക്കിലെടുക്കുമ്പോള്‍ അവ വിദ്യാഭ്യാസത്തെ ഏറെ യന്ത്രവല്‍ക്കരിക്കുകയാണെന്നു തോന്നും. റോള്‍ മോഡലുകളില്ലാത്ത, പ്രചോദനവും സമപ്രായക്കാരുടെ കൂട്ടുകെട്ടും ഒരുമിച്ചുള്ള പഠനവും ഇല്ലാത്ത വിദ്യാഭ്യാസം. ഈ പഠനരീതി അസാധാരണ വ്യക്തിത്വവും റോബോട്ടിക് മനസുമുള്ളവരെ സൃഷ്ടിക്കുമെന്നാണ് പല വിമര്‍ശകരും ചൂണ്ടിക്കാണിക്കുന്നത്.

അനുഭവത്തിലൂടെ പഠിക്കാം (Experiential Learning)

നമ്മുടെ സംസ്‌കാരത്തില്‍ പുരാതനമായ ഗുരുകുല സംവിധാനത്തിന് ഏറെ മഹത്വം കല്‍പ്പിച്ചിരുന്നു. ഒരു ഗുരുവിന്റെ സാന്നിധ്യം, ഒരു റോള്‍ മോഡല്‍ നല്‍കുന്ന പ്രചോദനം, ആശ്രമങ്ങളിലോ ഗുരുവിന്റെ വീടുകളിലോ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് താമസിച്ച് പഠിക്കുന്ന സമ്പ്രദായം, സൗഹൃദമത്സരം എന്നിവയെല്ലാം തന്നെ കാരണം. വ്യവസായവല്‍ക്കരണത്തിനു ശേഷവും അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള പലര്‍ക്കും അവര്‍ എത്തിപ്പെട്ട ഫാക്ടറികളും വര്‍ക്ക്‌ഷോപ്പുകളും ഓഫീസുകളും ആയിരുന്നു പഠനശാലകള്‍. ജോലിയില്‍ നിന്നാണ് പുതിയ കഴിവുകളും അറിവുകളും അവര്‍ നേടിയെടുത്തത്. നമുക്ക് ആവശ്യമായ പല കഴിവുകളും പെട്ടെന്ന് നേടിയെടുക്കാന്‍ കഴിയുന്ന ഈ സമ്പ്രദായം എക്‌സ്പീരിയന്‍ഷ്യല്‍ ലേണിംഗിന്റെ നല്ലൊരു മാതൃകയാണ്, പക്ഷേ ഇതിനു പരിമിതികളുണ്ട്. ഒരു പ്രധാന പ്രശ്‌നം, ഈ രീതിയിലൂടെ പഠിക്കുന്നത് എങ്ങനെ (How) എന്ന് മാത്രമാണ്, എന്തുകൊണ്ട് (Why) എന്നല്ല.

സമ്മിശ്രിതമാക്കാം പഠനം (Experiential Brick & Portal Learning)

ഇപ്പോള്‍, നോളജ് ഇക്കോണമിയിലേക്ക് നമ്മള്‍ എത്തുന്ന ഈ കാലത്ത് ഭാവിസാധ്യതകളില്‍ അധിഷ്ഠിതമായ ഒരു രീതിയാണ് വിദ്യാഭ്യാസവും പിന്തുടരുന്നത്. Experiential Brick & Portal Learning എന്ന വിദ്യാഭ്യാസ മോഡലിന് നേരത്തെ പറഞ്ഞ മൂന്നു വ്യത്യസ്ത സമ്പ്രദായങ്ങളുടെയും ഏറ്റവും മികച്ച രീതികള്‍ പരസ്പരമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കി ഒരുമിച്ച് കൊണ്ടുവരാന്‍ കഴിയും. വ്യത്യസ്തമായ സാധ്യതകള്‍, മാനുഷികമായ കാഴ്ചപ്പാട്, സാങ്കേതികമികവുള്ള കഴിവുകള്‍... എല്ലാം ഇതിന്റെ ഭാഗമാകും. ക്ലാസ്‌റൂമുകളിലൂടെ അധ്യാപകരും സമപ്രായക്കാരും എത്തും, പക്ഷേ, അറിവിന്റെ അവസാന വാക്കാണ് അധ്യാപകര്‍ എന്ന സങ്കല്‍പ്പം മാറും, പകരം അവര്‍ വളരെ സഹാനുഭൂതിയുള്ള മെന്റര്‍മാരായി മാറും, ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം ആദ്യത്തെ ഉത്തേജനശക്തി. ഇതോടൊപ്പം പഠിതാക്കള്‍ സ്വയം പഠിച്ച് അറിവും പ്രായോഗിക കഴിവുകളും നേടിയെടുക്കുകയും വേണം.

പുതിയ കാംപസ് മോഡലുകള്‍

ഒരു പ്രമുഖ മാനേജ്‌മെന്റ് കോളെജ്, ക്ലാസിലെ അറ്റന്‍ഡന്‍സ് വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നത് വാട്ട്‌സ്ആപ്പ് ആണ്. പഠിപ്പിക്കാന്‍ പോകുന്ന വിഷയത്തെക്കുറിച്ച് തലേ ദിവസം രാത്രി തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ വീഡിയോകള്‍ ലഭിക്കും. നര്‍മവും ഭാവനയും ചേര്‍ത്ത ഈ വീഡിയോകള്‍ ആ സെഷനുകളിലുള്ള ഇവരുടെ താല്‍പ്പര്യം വര്‍ധിപ്പിക്കാന്‍ ഏറെ സഹായിക്കുന്നുണ്ട്. ഫ്‌ളിപ്പ് ക്ലാസ് റൂം എന്ന മാര്‍ഗം ഉപയോഗിക്കുന്ന മാനേജ്‌മെന്റ്, എന്‍ജിനീയറിംഗ് കോളെജുകളും ധാരാളം. ചര്‍ച്ച ചെയ്യേണ്ട വിഷയത്തെക്കുറിച്ചുള്ള പവര്‍ പോയിന്റ് പ്രസന്റേഷനുകള്‍ നേരത്തെ ലഭ്യമാകും,ആവശ്യമായ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ റഫറന്‍സുകളെക്കുറിച്ചുള്ള വിവരങ്ങളും. വിദ്യാര്‍ത്ഥികളുടെ അറിവും ധാരണയും മനസിലാക്കാനുള്ള ഒരു ക്വിസ് ആണ് ക്ലാസില്‍ ആദ്യം നടത്തുക, അതിനു ശേഷം വിഷയത്തെക്കുറിച്ചുള്ള വിശദീകരണങ്ങളും കേസ് സ്റ്റഡികളും.

പല സര്‍വകലാശാലകളും സമ്മിശ്രിതമായ ഒരു മാര്‍ഗമാണ് ഇപ്പോള്‍ മൂല്യനിര്‍ണയത്തിന് ഉപയോഗിക്കുന്നത്. പ്രോജക്ട് വര്‍ക്കും ഓണ്‍ലൈന്‍ പഠനങ്ങളും ഓഫ്‌ലൈന്‍ ആയ പരീക്ഷകളും എല്ലാം ചേരുന്ന ഒരു മോഡല്‍. തുടര്‍ച്ചയായുള്ള ഒരു മൂല്യ നിര്‍ണയമാണ് സ്വാഭാവികമായും ഇതിലൂടെ നടക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കലോ രണ്ട് പ്രാവശ്യമോ നടത്തുന്ന പരീക്ഷകളിലൂടെ മാത്രം ഒരു വിദ്യാര്‍ത്ഥിക്ക് എന്നും ഗ്രേഡും മാര്‍ക്കും നല്‍കുന്ന ഒരു രീതിക്ക് തികച്ചും വിപരീതമാണ് ഈ സമ്പ്രദായം. വിദ്യാര്‍ത്ഥികളുടെ കഴിവ് ഉപയോഗപ്പെടുത്തുന്ന, അവരെ കൂടുതല്‍ ശാക്തീകരിക്കുന്ന പഠനമാര്‍ഗവും, വിവിധ തലങ്ങളുള്ള ഒരു മൂല്യ നിര്‍ണയ രീതിയും അവരുടെ ഗ്രഹണശക്തി, ഓര്‍മശക്തി, ഭാവന, പ്രായോഗിക കഴിവ് എന്നിവയെല്ലാമാണ് പരിശോധിക്കുക.

ഒരു ഫിന്‍ലാന്‍ഡ് മാതൃക

ലോകത്തില്‍ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായമാണ് ഫിന്‍ലാന്‍ഡിലേത്. ഇവിടത്തെ ഇന്നവേഷന്‍ ലാബുകളില്‍, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയില്‍, ഔപചാരികമായ പാഠ്യരീതികളില്ല. പകരം കൂട്ടായ ഒരു പഠനമാണ് ഇവര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഒരു വിഷയം അവതരിപ്പിക്കും, അതിന്റെ നിയമാവലിയും വ്യക്തമാക്കും. കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞു, സ്വയം പഠിച്ചും സംഭവങ്ങള്‍ വിലയിരുത്തിയും സര്‍വേകളും റിസര്‍ച്ചും നടത്തിയും വിവരം ശേഖരിക്കുകയും ഫലങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്ത് അനാവശ്യമെന്നു തോന്നുന്ന കാര്യങ്ങള്‍ ഒഴിവാക്കും. ഈ സംവിധാനത്തിന്റെ അടിസ്ഥാന വിശ്വാസം ഒന്നുമാത്രമാണ് - 'പ്രവൃത്തിയിലൂടെ പഠിക്കുക'. പരസ്പര വിശ്വാസത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും വില മനസിലാക്കാനും ഇത് സഹായിക്കും. സ്വന്തമായി നിയന്ത്രിക്കുകയും വഴി കണ്ടെത്തുകയും ചെയ്യുന്നതിലൂടെയാണ് യഥാര്‍ത്ഥ അറിവ് നേടാന്‍ കഴിയുക എന്ന വിശ്വാസവും ഇതിലൂടെ മനസില്‍ ഉറയ്ക്കും. ഏറ്റവും പ്രധാനമായി കാണുന്നത് അറിവിലേക്കുള്ള വഴിയാണ്, അതിന്റെ ഫലമായി നല്‍കുന്ന സംഖ്യകളല്ല. അതുകൊണ്ട് ഇവിടെ മാര്‍ക്കുകളില്ല, ഗ്രേഡുകള്‍ മാത്രം. കണ്ടെത്തലിന്റെ, കൂട്ടുകെട്ടിന്റെ, ഒരുമിച്ചുള്ള ഫീല്‍ഡ് ജോലികളുടെ ആനന്ദം ഇതിനു പുറമെയുള്ള

പാരിതോഷികവുമാകുന്നു.

Prof. Ujjwal Chowdhury
Prof. Ujjwal Chowdhury  

ഇന്ത്യൻ പൊളിറ്റിക്കൽ ഇക്കണോമിയുടെ പ്രശ്നങ്ങൾ സ്ഥിരമായി വിലയിരുത്തുന്ന ലേഖകൻ പേൾ അക്കാദമിയിൽ (മുംബൈ & ഡൽഹി) സ്കൂൾ ഓഫ് മീഡിയയുടെ മേധാവി ആണ്

Related Articles

Next Story

Videos

Share it