സാക് അക്രഡിറ്റേഷന്‍ ജനുവരിയില്‍, കോളേജുകളുടെ ഗുണനിലവാരം കുത്തനെ ഉയരുമോ?
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിലേക്കായി നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍(നാക്) മാതൃകയില്‍ സ്‌റ്റേറ്റ് അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍(സാക്) സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സലിന്റെ കീഴിലായിരിക്കും സാക്കിന്റെ പ്രവര്‍ത്തനം.
കേരളത്തിലെ ഗവണ്‍മെന്റ്, എയ്ഡഡ്, സ്വാശ്രയ മേഖലകളിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകള്‍ക്കും സാക് ബാധകമായിരിക്കും. മെഡിക്കല്‍, എന്‍ജിനീയറിംഗ്, ആര്‍ട്ട്‌സ് & സയന്‍സ് തുടങ്ങിയ എല്ലാ കോളേജുകള്‍ക്കും ജനുവരി മുതല്‍ സാക് അക്രഡിറ്റേഷന് വേണ്ടി അപേക്ഷിക്കാം. നാക് അക്രഡിറ്റേഷന്‍ നേടിയിട്ടുള്ള കോളേജുകള്‍ക്കും സാക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാക് അക്രഡിറ്റേഷന്‍ നേടിയില്ലെങ്കില്‍ ഭാവിയില്‍ പുതിയ കോഴ്‌സുകളോ സീറ്റ് വര്‍ദ്ധനവോ ഗ്രാന്റോ ലഭിക്കാത്ത സ്ഥിതിയുണ്ടാകും.
സാക് സംവിധാനം സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനിടയാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഫാക്കല്‍റ്റി, പ്ലെയ്‌സ്‌മെന്റ് തുടങ്ങിയ അനേകം ഘടകങ്ങള്‍ വിലയിരുത്തി റേറ്റിംഗ് നിര്‍ണ്ണയിക്കപ്പെടുന്ന നാക് സംവിധാനത്തില്‍പ്പോലും പ്രീണനവും സ്വാധീനവും ചെലുത്തി അക്രഡിറ്റേഷന്‍ നേടിയെടുക്കുന്ന പ്രവണത ദേശീയതലത്തില്‍ തന്നെ വ്യാപകമാണ്. അതിനാല്‍ അത്തരമൊരു അവസ്ഥ ഒരിക്കലും സാക് അക്രഡിറ്റേഷനിലുണ്ടാകാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പഴുതടച്ച സംവിധാനം അനിവാര്യം
സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളില്‍ കുസാറ്റ് ഒഴികെ മറ്റൊന്നും തന്നെ ദേശീയതല റാങ്കിംഗില്‍ ഇതേവരെ കടന്നുകൂടിയിട്ടില്ല. സംസ്ഥാനത്തൊട്ടാകെ വ്യാപകമായി തുടങ്ങിയ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളാകട്ടെ ഇപ്പോള്‍ വന്‍ പ്രതിസന്ധിയിലുമാണ്. അദ്ധ്യായനത്തിലാണെങ്കിലും കോഴ്‌സുകളുടെ കാര്യത്തിലാണെങ്കിലും കേരളത്തിലെ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജുകളുടെ അവസ്ഥയും ഏറെ പരിതാപകരമാണ്. നിലവിലുള്ള ആട്ടോണമസ് കോളജുകളുടെ പ്രകടനവും തൃപ്തികരമല്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് സാക് അക്രഡിറ്റേഷന്‍ നിര്‍ണ്ണായകമാകുന്നത്.
'ഉയര്‍ന്ന റേറ്റിംഗ് ഉണ്ടെങ്കില്‍ വന്‍തോതില്‍ വിദ്യാര്‍ത്ഥികളെ ലഭിക്കുമെന്നതിനാല്‍ ചില കോളേജുകളെങ്കിലും അതിലേക്കായി വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിച്ചേക്കും. അതിനാല്‍ കൃത്യമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകളും പഴുതടച്ചുള്ള റേറ്റിംഗ് സംവിധാനവും സാക് അക്രഡിറ്റേഷനുണ്ടെങ്കില്‍ മാത്രമേ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണപരമായൊരു പരിവര്‍ത്തനം സാദ്ധ്യമാകുകയുള്ളൂ' ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പ്രൊഫ.എ.ജി.ജോര്‍ജ് അഭിപ്രായപ്പെട്ടു.
എന്തൊക്കെ ചെയ്യണം?
സാക് അക്രഡിറ്റേഷന് വേണ്ട വ്യക്തവും കൃത്യവുമായ പരാമീറ്റേഴ്‌സ് & ഗൈഡ്‌ലൈന്‍സ് രൂപപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഇത്തരം നിബന്ധനകളില്‍ ഒരു കാരണവശാലും വെള്ളം ചേര്‍ക്കാന്‍ പാടില്ല. കൃത്യമായ അസസ്‌മെന്റും അതിന് അനുസരണമായിട്ടുുള്ള റേറ്റിംഗും മാത്രം കോളേജുകള്‍ക്ക്് അനുവദിക്കുക. റേറ്റിംഗ് നിലനിര്‍ത്താത്തതും മെച്ചപ്പെടുത്താത്തതുമായ കോളേജുകള്‍ക്ക് ഒരിക്കലും പുതിയ കോഴ്‌സുകളോ മറ്റ് സൗകര്യങ്ങളോ അനുവദിക്കാന്‍ പാടില്ലെന്നും പ്രൊഫ. എ.ജി.ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ കോളേജുകളെ മികച്ച നിലവാരത്തിലേക്ക് നയിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലാരം ഉയര്‍ത്തുന്നതിനും സാക് അവസരമൊരുക്കുമെന്ന് തന്നെയാണ് വിദ്യാഭ്യാസ രംഗത്തെ പ്രതീക്ഷ.