2020 ഭക്ഷ്യ-ലോജിസ്റ്റിക്സ് മേഖലകളിൽ വൻ നിക്ഷേപങ്ങൾക്ക് സാക്ഷ്യം വഹിച്ച വര്‍ഷം

ഭക്ഷ്യ ലോജിസ്റ്റിക്സ് മേഖലകളിൽ ഇന്ത്യയിൽ വൻ നിക്ഷേപങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് കടന്നു പോയത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഫുഡ് ടെക് മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി 1.3 ബില്യൺ ഡോളറാണ് ഒഴുകിയെത്തിയത്. ലോജിസ്റ്റിക്സ് സ്റ്റാർട്ടപ്പുകളുടെ മേഖലയിൽ 2020 ൽ 965 മില്യൺ ഡോളറിന്റെ പുതിയ നിക്ഷേപവും കൂടി വന്നെങ്കിലും 2019 ലെ 1.1 ബില്യൺ ഡോളറിന്റെ കുതിപ്പിനൊപ്പം എത്തിയില്ല.

പുറത്ത് അധികം കറങ്ങാൻ പറ്റാതെ വീട്ടിലകപ്പെട്ട കോവിഡ് കാലത്ത് ഉടൻ കഴിക്കാൻ പറ്റുന്ന ഫ്രഷ് ഫുഡിനുള്ള ഓൺ‌ലൈൻ ഡെലിവറിക്ക് ആവശ്യക്കാർ കൂടിയതും വേഗതയേറിയ ലോജിസ്റ്റിക്സ് സേവനം ലഭ്യമായിത്തുടങ്ങിയതും കഴിഞ്ഞ വർഷം ഫുഡ് ആൻഡ് ലോജിസ്റ്റിക്സ് സ്റ്റാർട്ടപ്പുകൾ ഗണ്യമായ രീതിയിൽ വളരാൻ വേണ്ട ഫണ്ട് മാർക്കറ്റിൽ ഇറങ്ങാൻ കാരണമായി.
വെൻ‌ചർ ഇന്റലിജൻസ് കണക്കുകൾ പ്രകാരം ഫുഡ് ടെക് സ്റ്റാർട്ടപ്പുകളായ ലിഷ്യസ്, ഫ്രഷ് ടു ഹോം, സൊമാറ്റോ, സ്വിഗ്ഗി എന്നിവയ്ക്കുള്ള ഫണ്ടിംഗ് 2020 ൽ ഇരട്ടിയായി. 2019 ലെ 619 മില്യൺ ഡോളറിൽ നിന്ന് 2020 ൽ അത് 1.3 ബില്യൺ ഡോളറായി. ഡൽഹിവെറി, ഇകോം എക്സ്പ്രസ് തുടങ്ങിയ ലോജിസ്റ്റിക്സ് സ്റ്റാർട്ടപ്പുകൾ കഴിഞ്ഞ വർഷം 965 മില്യൺ ഡോളർ സമാഹരിച്ചു. 2019 ലെ 1.1 ബില്യൺ ഡോളറിനേക്കാൾ കുറവാണെങ്കിലും ഈ രംഗത്ത് നിക്ഷേപകർ കൂടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
എല്ലാ മേഖലകളിളേക്കാളും ഏറ്റവും ഉയർന്ന 2.1 ബില്യൺ ഡോളർ സമാഹരിച്ചത് എഡ്ടെക് ആയിരുന്നു. 2019 ൽ ഇത് 426 മില്യൺ ഡോളറായിരുന്നു. പ്രധാനമായും ബൈജൂസ്‌ ആപ്പിന്റെ നേതൃത്വത്തിൽ. ബൈജു മാത്രം 1.25 ബില്യൺ ഡോളറാണ് സമാഹരിച്ചത്.
എങ്കിലും, ഇ-കോമേഴ്‌സ് മേഖലയിൽ 2020 ൽ വൻ മുന്നേറ്റം ഉണ്ടായില്ല. കഴിഞ്ഞ വർഷം 779 മില്യൺ ഡോളർ മാത്രമാണ് ഈ മേഖലയിൽ സമാഹരിക്കപ്പെട്ടത്. 2019 ൽ സമാഹരിച്ച 3.3 ബില്യൺ ഡോളറിന്റെ നാലിലൊന്നിൽ കുറവാണ് ഇത്. ആമസോൺ, ഫ്ലിപ് കാർട്ട്, മൈന്ത്ര, സ്നാപ് ഡീൽ തുടങ്ങിയ ഭീമൻമാർ തമ്മിൽ കടുത്ത മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടും ഈ മേഖലയിൽ വലിയ ഫണ്ടിങ്ങ് ഉണ്ടായില്ല.
ഇ-കൊമേഴ്‌സിന് സ്വീകാര്യത വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും നിരവധി പുതിയ കമ്പനികൾ രംഗത്ത് വരികയും രംഗം കൂടുതൽ മത്സരാധിഷ്ഠിത ഇടമായി മാറുകയുമാണ്. കൂടുതൽ ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിനും ഈ രംഗത്തെ എതിരാളികളിൽ നിന്ന് വ്യത്യസ്തരായിരിക്കുന്നതിനും കമ്പനികൾ കൂടുതൽ ക്രിയാത്മകവും മത്സരാത്മകവും ആകേണ്ടതുണ്ടെന്ന് ഇ വൈ ഇന്ത്യയുടെ അങ്കുർ പഹ്വ പറയുന്നു.
കോവിഡ് മൂലമുണ്ടായ ലോക്ക് ഡൗണുകൾ കാരണം അധികം ആളുകളും വീടിനകത്ത് അകപ്പെട്ടു പോയത് കാരണം ഭക്ഷണ ഡെലിവറി പ്ലാറ്റ്‌ഫോമുകളും ഓർഡറുകളുടെ വർദ്ധനവിന് സാക്ഷ്യം വഹിച്ച വർഷമാണ് കടന്നു പോയത്.
ഈ വര്‍ഷം ഷെയർ വില്പന ലക്ഷ്യമിടുന്ന ഗുരുഗ്രാം ആസ്ഥാനമായുള്ള ഫുഡ് ടെക് യൂണികോൺ സൊമാറ്റോ 660 മില്യൺ ഡോളർ 3.9 ബില്യൺ ഡോളർ മൂല്യത്തിൽ സമാഹരിച്ചു. ഇൻ‌വെസ്റ്റ്മെൻറ് കോർപ്പറേഷൻ ഓഫ് ദുബായിയുടെ നേതൃത്വത്തിൽ 121 മില്യൺ ഡോളർ സമാഹരിച്ച ബംഗളൂരു ആസ്ഥാനമായുള്ള ഓൺലൈൻ ഫ്രഷ് ഫിഷ് ആൻഡ് മീറ്റ്‌ റീട്ടെയിലർ ഫ്രഷ് ടു ഹോം ദൈനംദിന പ്രവർത്തനങ്ങളിൽ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ ഡിജിറ്റൽ പേയ്‌മെന്റുകളും ഡിജിറ്റൽ ഫീഡ്‌ബാക്ക് സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു.
കമ്പനികൾ അവരുടെ പിൻ കോഡ് പരിധി വിപുലീകരിക്കുന്നത് തുടരുകയും കൂടുതൽ റെസ്റ്റോറന്റുകൾ, ക്ലൗഡ് അടുക്കളകൾ, ഹോംകുക്കുകൾ എന്നിവർ ഉപഭോക്താക്കളിലേക്ക് എത്താൻ ഈ വിഭാഗത്തെ ആശ്രയിക്കുകയും ചെയ്യുന്നതിനാൽ ഭക്ഷ്യ മേഖല വരും വർഷങ്ങളിലും ഉയർന്ന വളർച്ചയുടെ പാത പിന്തുടരുകയും മൂലധനം ആകർഷിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


Ismail Meladi
Ismail Meladi  

Related Articles

Next Story

Videos

Share it