Begin typing your search above and press return to search.
ദീപാവലിക്ക് ശേഷം സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, രണ്ടു ദിവസം കൊണ്ട് 680 രൂപയുടെ കുറവ്
സംസ്ഥാനത്ത് വിവാഹ പര്‍ച്ചേസുകാര്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും താഴേക്ക്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,370 രൂപയും പവന് 120 രൂപ താഴ്ന്ന് 58,960 രൂപയുമായി.
ഒക്ടോബര്‍ 31ന് പവന് സര്‍വകാല റെക്കോഡായ 59,640 രൂപയിലെത്തിയ ശേഷമാണ് തിരിച്ചിറക്കം.
18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 10 രൂപ കുറഞ്ഞു. വെള്ളി വില ഗ്രാമിന് 103 രൂപയില്‍ തുടരുന്നു. 106 രൂപ വരെ ഉയര്‍ന്ന ശേഷമാണ് വെള്ളി വില ഇന്നലെ മൂന്ന് രൂപ ഇടിഞ്ഞത്.
അന്താരാഷ്ട്ര സ്വര്‍ണ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് കേരളത്തിലും വില ഇടിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് ആഭ്യന്തര ഡിമാന്‍ഡ് കൂടിയതും വില വര്‍ധിക്കാന്‍ ഇടയാക്കിയിരുന്നു.
രാജ്യാന്തര വില രണ്ട് ദിവസമായി ഇടിവിലാണ്. ഔണ്‍സിന് 2,790.41 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണം ഇപ്പോള്‍ 2,741.98 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.
വില താഴുമോ?
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളുമൊക്കെ കഴിഞ്ഞ കുറച്ചു കാലങ്ങളായി സ്വര്‍ണ വിലയെ ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭമെടുപ്പ് തുടങ്ങിയതോടെ വില താഴേക്കു പോയി.
അതേസമയം, ഈ ട്രെന്‍ഡ് താത്കാലികം മാത്രമാണെന്നും സ്വര്‍ണ വില സമീപ ഭാവിയില്‍ തന്നെ ഉയരാനാണ് സാധ്യതയെന്നും നിരീക്ഷകര്‍ പറയുന്നു. ഈ മാസം യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇത് കടപ്പത്രങ്ങളുടെ പലിശ കുറയാനും കൂടുതല്‍ നേട്ടം ലക്ഷ്യമിട്ട് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയാനും സാധ്യതയുണ്ട്. ഇതിനൊപ്പം പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കും. ഇതെല്ലാം ഈ വര്‍ഷം തന്നെ ഔണ്‍സ് വില 3,000 ഡോളറിലെത്തിക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇന്ന് ഒരു പവൻ ആഭരണത്തിന് വില
ഇന്ന് ഒരു പവന്റെ വില കേരളത്തില്‍ 58,960 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക പോര. ഇന്നത്തെ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ചു ശതമാനം പണിക്കൂലി, മൂന്നു ശതമാനം ജി.എസ്.ടി, എച്ച്.യു.ഐ.ഡി ചാര്‍ജുകള്‍ എന്നിവയും ചേര്‍ത്ത് 63,820 രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും. പണിക്കൂലി 10 ശതമാനം കണക്കാക്കിയാല്‍ ഇത് 66,855 രൂപയുമാകും. ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ചാണ് പണിക്കൂലി വ്യത്യാസപ്പെടുന്നത്.
Next Story
Videos