കടം വീട്ടാനാകാതെ സംരംഭകര്‍; കായലോര ടൂറിസം മേഖല മുങ്ങിത്താഴുന്നു
കേരളത്തിലെ ടൂറിസം മേഖലയുടെ ഒരു പ്രധാന ഘടകം തന്നെയാണ് കായലോര ടൂറിസം. 1500 ഓളം ഹൗസ്ബോട്ടുകള്‍ മുതല്‍ ചെറു ബോട്ടുകളും അവയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖല 2007 മുതല്‍ വിവിധ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുകയാണ്. സര്‍വ മേഖലയെയും ബാധിച്ച് കൊണ്ട് നിപ്പയും പ്രളയവും പിന്നീട് കോവിഡും കടന്നു വന്നപ്പോള്‍ കായലോര മേഖലയുടെ നിലനില്‍പ്പിന് സംരംക്ഷണമേകുന്ന വിവിധ ആവശ്യങ്ങള്‍ ഇപ്പോഴും പേപ്പറില്‍ മാത്രമൊതുങ്ങുകയാണെന്ന് ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ പറയുന്നു.
ലോക്ഡൗണ്‍ കഴിഞ്ഞ് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ടൂറിസം മേഖലയ്ക്ക് അനുമതി ലഭിച്ചെങ്കിലും കോവിഡ് ഏല്‍പ്പിച്ച സാന്പത്തിക ആഘാതങ്ങള്‍ അതേ തീക്ഷ്ണതയോടെ നിലനില്‍ക്കുന്നുണ്ട്. മോറട്ടോറിയം കാലാവധിക്കു ശേഷം കൂട്ടുപലിശ ഇളവ് പോലും പല സ്വകാര്യബാങ്കുകളും നല്‍കിയിട്ടില്ല എന്നാണ് മേഖലയിലെ സംരംഭകര്‍ പറയുന്നത്. ഹൗസ്ബോട്ട് ഉടമകളില്‍ 37 ശതമാനം പേര്‍ക്കും വിവിധ വായ്പകളുണ്ട്. മോറട്ടോറിയം കഴിഞ്ഞതോടെ ഇവരില്‍ പലരും വായ്പ തിരിച്ചടയ്ക്കാന്‍ നെട്ടോട്ടമോടുകയാണ്. സാധാരണ പലിശയില്‍ (കൂട്ടു പലിശയല്ലാതെ) മോറട്ടോറിയം രണ്ട് വര്‍ഷം വരെ എങ്കിലും നീട്ടികൊണ്ടുള്ള നടപടിയാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
മൂന്നു ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ആശ്വാസ വായ്പ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ആര്‍ക്കും തന്നെ ലഭിച്ചിട്ടില്ല എന്ന് കേരള ഹൗസ്ബോട്ട് ഓണേഴ്‌സ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് ജോസ് കുട്ടി ജോസഫ് പറയുന്നു. മൂന്ന് ശതമാനം സര്‍ക്കാരും ഒന്പത് ശതമാനം സംരംഭകരും പലിശ നല്‍കുന്ന പദ്ധതിയിലേക്ക് 9.5 കോടി നീക്കി വച്ചതായി അറിയിച്ചിരുന്നെങ്കിലും ബോട്ട് കൊളാറ്ററല്‍ ആയി നല്‍കി ക്കൊണ്ടുള്ള വായ്പ പലര്‍ക്കും ഉപകാരപ്പെടില്ല. കാരണം മറ്റൊന്നുമല്ല, ലോണിനായി വിവിധ ബാങ്കുകളെ സമീപിക്കുന്പോള്‍ അവര്‍ വസ്തുവിന്‍റെ ഈട് കൂടെ ചോദിക്കുന്നതിനാല്‍ തന്നെയെന്ന് ജോസ്കുട്ടി ജോസഫ് പറയുന്നു.
ഉപകാരമില്ലാതെ ഗ്രാന്‍റ്
മാസങ്ങളോളം നിര്‍ത്തിയിട്ടിരുന്ന ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്തുവാനായി സര്‍ക്കാര്‍ ഗ്രാന്‍റ് അനുവദിച്ചെങ്കിലും ഗ്രാന്‍റ് ലഭിക്കുന്നതിനുള്ള ഇന്‍സ്പെക്ഷനോ മറ്റോ ഇത് വരെ ഒരു ഉദ്യോഗസ്ഥരും എത്തിയിട്ടില്ല. മാത്രമല്ല ഇതിനായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നവംബര്‍ ആദ്യ വാരം ആണ് പ്രവര്‍ത്തന ക്ഷമമായത്. നവംബര്‍ 31 വരെ അപേക്ഷിക്കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കപ്പെട്ടിട്ടില്ല എന്നതും ആശങ്ക ഉണര്‍ത്തുന്നു. രണ്ട് ബെഡ് റൂം വരെയുള്ള ബോട്ടുകള്‍ക്ക് 80,000, രണ്ട് മുതല്‍ അഞ്ച് വരെ ബെഡ്റൂമുകളുള്ളവയ്ക്ക് ഒരു ലക്ഷം രൂപ, അഞ്ചും അതിന് മുകളിലേക്കും ബെഡ്റൂമുകളുള്ളവയ്ക്ക് 1.20 ലക്ഷവും മുകളിലേക്കുമാണ് ഗ്രാന്‍റ് പ്രക്യാപിച്ചിരുന്നതെങ്കിലും അര്‍ഹരായ പലരും പേപ്പറുകളെല്ലാം തയ്യാറാക്കി അധികാരികള്‍ വരുന്നതും കാത്തിരിക്കുകയാണ്. സര്‍വേ സര്‍ട്ടിഫിക്കേറ്റ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ്, മെയ്ന്‍റനന്‍സ് ക്വട്ടേഷന്‍ എന്നിവ നല്‍കാന്‍ ശ്രമിക്കുന്പോള്‍ വരുന്ന സാങ്കേതിക തകരാറാണ് പ്രധാനമായും വെബ്സൈറ്റിലുള്ളത്.
1500 ഓളം വരുന്ന ബോട്ടുകള്‍ ഉള്ളിടത് 20 ശതമാനം പേര്‍ മാത്രമാണ് അറ്റകുറ്റപ്പണികള്‍ ചെയ്തിരിക്കുന്നത്. അതും സ്വര്‍ണം പണയം വച്ചും സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നു വായ്പയെടുത്തും മറ്റുമാണ് ഇത് ചെയ്തതും. എന്നാല്‍ ഈട് നല്‍കാന്‍ ഇല്ലാത്തവര്‍ക്ക് ഇത് സാധിക്കുന്നില്ല എന്ന് മാത്രമല്ല ബുക്കിംഗുകള്‍ എടുക്കാനാകാതെ ജീവനക്കാര്‍ക്ക് ശന്പളം കൊടുക്കാന്‍ പോലും ഇല്ലാതെ വലയുന്നു. മാത്രമല്ല 2016 മുതലുള്ള കൊമേഴ്സ്യല്‍ ടാക്സ് ആണ് മറ്റൊന്ന്. പാര്‍ട്ണര്‍ അപകടത്തില്‍ മരണപ്പെട്ട സംരംഭം തന്നെ ഉപേക്ഷിച്ച് ആലപ്പുഴയില്‍ സാധാരണ ജോലി ചെയ്ത് ജീവിക്കുന്ന പേരു വെളിപ്പെടുത്താനാകാത്ത ഒരാള്‍ ധനം ഓണ്‍ലൈനോട് പറയുന്നത് ഇങ്ങനെയാണ്. "എനിക്ക് പണയം വയ്ക്കാന്‍ ഇനി എന്‍റെ അഭിമാനം മാത്രമാണുള്ളത്, 1,72000 രൂപയാണ് എനിക്ക് വാണിജ്യ നികുതിയായി അടയ്ക്കാന്‍ കാണിച്ച് നോട്ടീസ് വന്നിട്ടുള്ളത്. അധികൃതരെ ബന്ധപ്പെട്ട് ഇത് തെറ്റായ കണക്കാണെന്ന് ബോധ്യപ്പെടുത്തിയപ്പോഴാണ് വിശദമായി പഠിക്കട്ടെ എന്നു പറഞ്ഞ് വാങ്ങി വച്ചത്. അതും ദിവസങ്ങളോളം ഓഫീസുകള്‍ കയറി ഇറങ്ങി നടന്നിട്ട്. കോവിഡ് വന്നു മരിക്കുന്നതിനു മുന്പ് കടം കയറി മുടിയുമോ എന്ന പേടിയിലാണ് മുന്നോട്ട് പോകുന്നത്."
144 പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ നവംബര്‍ 15 നുശേഷം ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്താമെന്നാണ് ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള സമിതി പറഞ്ഞിരിക്കുന്നത്. ടൂറിസം ഡയറക്റ്റര്‍ പി ബാലകിരണ്‍ ഐഎഎസ് പറഞ്ഞത് ഇക്കാര്യത്തില്‍ തീരുമാനമാക്കുമെന്നും കാര്യത്തെക്കുറിച്ച് വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നുമാണ്.
ഹൗസ്ബോട്ട് ഉടമകള്‍ക്ക് ഗ്രാന്‍റ് ലഭിക്കാനുള്ള തടസ്സം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കാമെന്നുമുള്ള ശുഭാപ്തി വിശ്വാസമാണ് ടൂറിസം ഡയറക്റ്റര്‍ പി ബാലകിരണ്‍ ഐഎഎസ് പ്രകടിപ്പിക്കുന്നത്. "ഗ്രാന്‍റ് അനുവദിക്കാന്‍ ചില സാങ്കേതികത്വങ്ങളുണ്ട്. അനര്‍ഹര്‍ക്ക് അത് ലഭിക്കരുത്. അര്‍ഹരായവര്‍ക്ക് ലഭിക്കുകയും വേണം. അതുകൊണ്ട് പോര്‍ട്ട് സര്‍വൈയര്‍,പോര്‍ട്ട് എന്‍ജിനീയര്‍ പോലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്താല്‍ മാത്രമേ പണം കൈമാറാന്‍ പറ്റു. ഹൗസ്‌ബോട്ട് ഉടമകള്‍ നേരിടുന്ന പ്രായോഗിക പ്രശ്‌നം ശ്രദ്ധയില്‍ പെട്ടപ്പോള്‍ അക്കാര്യം പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിനെ ധരിപ്പിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചുകൊണ്ട് സംരംഭകരെ സഹായിക്കാന്‍ ശ്രമം നടക്കുന്നു. ഈ ബുദ്ധിമുട്ട് പരിഹരിക്കപ്പെടും എന്നാണ് വിശ്വാസം." അദ്ദേഹം വിശദമാക്കുന്നു.
കായലോര ടൂറിസം ഇത്രയും ശക്തമായ വ്യവസായ മേഖലയായിട്ടും സമയബന്ധിതമായി കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത ആശങ്കയാണ് ഹൗസ്ബോട്ട് ഉടമകള്‍ പറയുന്നത്. മുങ്ങിത്താഴുന്ന മേഖലയുടെ സംസ്കാര ചടങ്ങല്ല! അത്യാഹിത ചികിത്സയാണ് വേണ്ടതെന്ന് മേഖലയിലുള്ളവര്‍ ഒന്നടങ്കം പറയുന്നു.