ഹൗസ്ബോട്ട് വ്യവസായികള്‍ ചോദിക്കുന്നു; 'കായലോര ടൂറിസത്തെ സര്‍ക്കാര്‍ ഉപേക്ഷിച്ചോ?'

കേരളത്തിന്റെ വിവിധ വ്യവസായ മേഖലകള്‍ പുനരുജ്ജീവനത്തിന്റെ പാതയിലായിട്ടും കായലോര ടൂറിസത്തിന്റെ നട്ടെല്ലായ ഹൗസ് ബോട്ട് വ്യവസായവും അനുബന്ധ മേഖലകളും ഇപ്പോഴും മുങ്ങിത്താഴുകയാണ്. ആലപ്പുഴ തുറമുഖ കാര്യാലയത്തിന്റെ പരിധിയില്‍ രജിസ്ട്രേഷനുള്ളതും ഇല്ലാത്തതുമായി ഏകദേശം 1500 ഹൗസ്ബോട്ടുകളുണ്ടെന്നാണു കണക്ക്. 2020 മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെ ഹൗസ്ബോട്ടുകള്‍ ഏതാണ്ട് പൂര്‍ണമായും നിര്‍ത്തിയിട്ടിരുന്നു. ഒക്ടോബര്‍ മൂന്നാം വാരം മുതല്‍ നിബന്ധനകള്‍ക്കു വിധേയമായി വീണ്ടും ഓടിത്തുടങ്ങിയെങ്കിലും 2021 മാര്‍ച്ച് ആദ്യവാരത്തിന് ശേഷം കോവിഡ് രണ്ടാം തരംഗ നിയന്ത്രണം ഏര്‍പ്പെടുത്തുകയും മേഖല പൂര്‍ണമായും നിലയ്ക്കുകയും ചെയ്തിരുന്നു.

ജൂണ്‍ മുതല്‍ നിയന്ത്രണങ്ങളോടെ മേഖലയ്ക്ക് പ്രവര്‍ത്തിക്കാമെന്ന് അറിയിപ്പുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ക്ക് പുറമെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ മേഖലയുടെ തിരിച്ചുവരവ് പ്രായോഗികമല്ലെന്നാണ് ആലപ്പുഴ ജില്ലാ ഹൗസ്ബോട്ട് ഓണേഴ്‌സ് സമിതി പ്രസിഡന്റ് എ അനസ് പറയുന്നത്.
കോവിഡിനു മുന്‍പ് 5 കിടപ്പുമുറികളുള്ള ഒരു ഹൗസ്ബോട്ടില്‍ നിന്നു പ്രതിമാസം ശരാശരി രണ്ടു ലക്ഷം രൂപ ലാഭം ലഭിച്ചിരുന്നതായി ആലപ്പുഴയിലെ ഒരു വ്യവസായി പറയുന്നു. ആകെ വരവ് ഇതിന്റെ പലമടങ്ങുവരും. 11 മാസത്തോളം ഹൗസ്ബോട്ടുകള്‍ കെട്ടിയിട്ടതോടെ ലാഭമായി കിട്ടാമായിരുന്ന 22 ലക്ഷം രൂപ നഷ്ടമായി (കണക്ക് ഒരു വഞ്ചിവീടിന്റേതു മാത്രം! 2 മുതല്‍ 10 വരെ വഞ്ചിവീടുള്ള കമ്പനികളും വ്യവസായികളുമുണ്ട് ആലപ്പുഴയിലും കുമരകത്തും).
ഹൗസ്ബോട്ട് വ്യവസായ മേഖല മുന്നോട്ട് വയ്ക്കുന്ന ആശങ്കകളും സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യങ്ങളും ഇവയാണ്.
ഹൗസ്ബോട്ട് ഓടിയില്ലെങ്കിലും ദിവസവും പ്രവര്‍ത്തിപ്പിക്കാനും സംരക്ഷണത്തിനുമായി ഓരോ വ്യവസായിക്കുംരണ്ടു ജീവനക്കാരെ നിയോഗിക്കേണ്ടി വരുന്നു. എന്നാല്‍ അവര്‍ക്കു വേതനം നല്‍കാന്‍ നല്ലൊരുതുക ചെലവാകും. ഇതിനു പുറമെ എന്‍ജിന്‍ കുറച്ചു നേരമെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ ചെലവാകുന്ന ഡീസല്‍ തുകയോ അവര്‍ക്കുള്ള ഭക്ഷണവും മറ്റും കൊടുക്കാനുള്ള ചെലവോ വഹിക്കാതെ വയ്യ ഓരോരുത്തര്‍ക്കും. പൂജ്യം വരുമാനത്തില്‍ നിന്നാണ് ഇതെല്ലാം നടത്തേണ്ടത്. ഇതിനു പുറമെയാണ് ഇഎംഐ ആയി അടയ്ക്കേണ്ടി വരുന്ന വലിയ തുകയും സ്വകാര്യ പണമിടപാടു കേന്ദ്രങ്ങളില്‍ അടയ്ക്കേണ്ടുന്ന പലിശയും. അതിനുള്ള ഇളവുകള്‍ സംബന്ധിച്ച് വിവിധ തവണ സര്‍ക്കാരിന് മുന്നില്‍ അപേക്ഷകള്‍ നിരത്തിയെങ്കിലും യാതൊരു ഇളവും ലഭിച്ചിട്ടില്ല.
മേഖല നിയന്ത്രണങ്ങളോടെ തുറന്നപ്പോള്‍ 500 ഹൗസ്ബോട്ടുകളാണ് പ്രവര്‍ത്തന യോഗ്യമായി തയ്യാറായത് എന്ന് ഉടമകളുടെ സംഘടനകള്‍ പറയുന്നു. എന്നാല്‍ ഹൗസ്ബോട്ടുകള്‍ക്ക് അറ്റകുറ്റപ്പണി വേണ്ടിവരും. വളവര (പുറംഭാഗം) എല്ലാവര്‍ഷവും പുതുക്കിപ്പണിയണം. ഏറ്റവും കുറഞ്ഞത് ഒരു ബോട്ടിന് കുറഞ്ഞത് 2 ലക്ഷം രൂപ വരെ അറ്റകുറ്റപ്പണികള്‍ക്കായി ചെലവാകുമെന്ന് ഉടമകള്‍ പറയുന്നു. ലോക്ഡൗണ്‍ നീങ്ങിയിട്ടും ആളുകളുടെ എണ്ണം തീരെ കുറച്ചതും യാത്രക്കാര്‍ക്കെല്ലാം വേണ്ടി വരുന്ന ആര്‍ടിപിസിആറിന് പുറമെ മറ്റ് ചെലവേറിയ കോവിഡ് മാനദണ്ഡങ്ങളും മേഖലയിലേക്കുള്ള യാത്രികരുടെ എണ്ണം കുറച്ചു. ലാഭമില്ലാത്തതിനാല്‍ ഉടമകള്‍ പലരും ബോട്ടുകള്‍ കെട്ടഴിക്കാതെയുമായി.
ബോട്ട് തൊഴിലാളികള്‍ പലരും മറ്റ് മേഖലയില്‍ ജോലി തേടി പോയി. പെട്രോള്‍, ഡീസല്‍ വില വര്‍ധനവും വിലക്കയറ്റവും ജോലിക്കാരുടെ ലഭ്യതക്കുറവും മേഖലയ്ക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങളും തലവേദനയാണ്.
നിബന്ധനകളോടെ കേരളത്തിലെ കായലോര മേഖലയിലെ ഹൗസ്ബോട്ടുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും പുനരാരംഭിക്കണമെങ്കില്‍ കുറഞ്ഞത് 45 -50 കോടി രൂപയുടെ മെയ്ന്റനന്‍സ് ചെലവ് മാത്രമുണ്ട്. കഴിഞ്ഞ ലോക്ഡൗണിന് ശേഷം നവംബര്‍ മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് വരെ ഓടിത്തുടങ്ങിയത് പകുതിയോളം ഹൗസ്ബോട്ടുകള്‍ മാത്രമാണ്. ബാക്കിയുള്ളവ നിശ്ചലമാണ്. മേഖലയെക്കുറിച്ച് പഠിക്കാന്‍ അധികാരികള്‍ നേരിട്ടിറങ്ങണമെന്നും കാര്യഗൗരവത്തോടെ സാമ്പത്തിക സഹായമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് മേഖലയിലെ വ്യവസായികള്‍ പറയുന്നത്.
2018 ലെ അദാലത്തില്‍ ലൈസന്‍സ് ക്ലിയറിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 545 ഓളം ഫയലുകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും യാതൊന്നും ക്ലിയര്‍ ചെയ്യപ്പെട്ടിട്ടില്ല. അതിനുള്ള നടപടികളും ചെയ്തിട്ടില്ല.
ഹൗസ്‌ബോട്ടുകള്‍ക്ക് ധനസഹായമെത്തിക്കാന്‍ ബാങ്കുകളെ ഏര്‍പ്പെടുത്തിയിട്ടില്ല. കൊളാറ്ററല്‍ ഇല്ലാതെ ലോണ്‍ ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പലരും കൊളാറ്ററിന് പുറമെ സ്വര്‍ണം വരെ പണയപ്പെടുത്തിയാണ് തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കുന്നത്.
1500 ഓളം ബോട്ടുകളുള്ളവയില്‍ 200 ല്‍ താഴെ മാത്രമുള്ള ബോട്ടുകള്‍ക്കാണ് ഗ്രാന്റ് ലഭിച്ചിട്ടുള്ളത്.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it