കേരളത്തിലെ സമ്പൂര്‍ണ അടച്ചുപൂട്ടലില്‍ നിന്ന് എന്ത്‌കൊണ്ട് ബവ്റിജസ് ഔട്ട്‌ലെറ്റുകളെ ഒഴിവാക്കി?
കോവിഡ് 19ന്റെ സാമൂഹ്യവ്യാപനം തടയാന്‍ കേരളം സമ്പൂര്‍ണ അടച്ചുപൂട്ടലിലേക്ക് പോയെങ്കിലും മദ്യവില്‍പ്പന ശാലകള്‍ ഇപ്പോഴും തുറന്നുപ്രവര്‍ത്തിക്കുകയാണ്. ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടണമെന്ന് പല ഭാഗങ്ങളില്‍ നിന്നും ശക്തമായ ആവശ്യം ഉയര്‍ന്നു വന്നുവെങ്കിലും സര്‍ക്കാര്‍ അത് ചെവിക്കൊള്ളാതിരുന്നതിന് കാരണങ്ങള്‍ പലതാണ്.
ബാറുകളും മദ്യ വില്‍പ്പന ശാലകളും ഒറ്റയടിക്ക് അടച്ചുപൂട്ടിയാല്‍ സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകുമെന്നതാണ് ഒരു കാരണം. മദ്യത്തിന് അടിമയായവര്‍ അത് ലഭിക്കാതെ വരുമ്പോള്‍ മറ്റെല്ലാ വഴികളും നോക്കും. ഇത് സംസ്ഥാനത്ത് മറ്റൊരു ദുരന്തത്തിന് വഴിവെച്ചേക്കാം. എന്നാല്‍ ഏറ്റവും പ്രധാന കാരണം സംസ്ഥാനത്തിനുണ്ടാകുന്ന നികുതി നഷ്ടമാണ്.
കോവിഡ് കാലത്തെ നികുതി നഷ്ടം പ്രളയകാലത്തിനേക്കാള്‍ കൂടുതലാകുമെന്നാണ്
കണക്കുകൂട്ടല്‍. ''മദ്യ വില്‍പ്പന ശാലകള്‍ ഈ വീടിന്റെ ഐശ്വര്യം എന്ന ബോര്‍ഡ് വെച്ചാലും കുഴപ്പമില്ല. ബവ്‌റേജസ് ഔട്ട്‌ലെറ്റ് അടച്ചിട്ടാല്‍ കേരളത്തിന്റെ സാമ്പത്തിക അടിത്തര തകരും. നമ്മുടെ ഖജനാവില്‍ ഒറ്റപൈസ കാണില്ല,'' ധനകാര്യ വകുപ്പിലെ ഒരു ജീവനക്കാരന്‍ അല്‍പ്പം ഹാസ്യം കലര്‍ത്തി പറഞ്ഞ വാക്കുകളിലുണ്ട് കടുത്ത യാഥാര്‍ത്ഥ്യം.
വരുമാനം കുത്തനെ ഇടിയുന്നു, ഇടിയാത്തത് മദ്യം മാത്രം
കേരളം അടുത്തിടെ കണ്ട് ഏറ്റവും വലിയ ദുരന്തം 2018ലെ പ്രളയമായിരുന്നു. അന്ന് സംസ്ഥാനത്തിന്റെ ഖജനാവിനുണ്ടായ നഷ്ടത്തേക്കാള്‍ വലുതാണ് കോവിഡ് 19 സൃഷ്ടിക്കാന്‍ പോകുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ മുന്‍പെങ്ങും കേട്ടുകേള്‍വിയില്ലാത്ത സമ്പൂര്‍ണ സ്തംഭനം നടപ്പായിരിക്കുന്നു. പ്രളയത്തില്‍ സഹായഹസ്തവുമായി ലോക മലയാളികള്‍ ഒന്നടങ്കം മുന്നോട്ടുവന്നെങ്കിലും ഇന്ന് ലോകത്തെല്ലായിടത്തും പ്രശ്‌നമാണ്. ആര്‍ക്കും ആരെയും സഹായിക്കാന്‍ പറ്റാത്ത അവസ്ഥ.
ഹെല്‍ത്ത് കെയര്‍ മേഖലയിലേക്ക് വന്‍തോതില്‍ പണമൊഴുക്കിയേ മതിയാകൂ. പക്ഷേ
വരുമാനം എവിടെ നിന്നുമില്ല. ജനങ്ങള്‍ പുറത്തിറങ്ങാത്തതിനാല്‍ ഇന്ധന ഉപഭോഗം കുത്തനെ കുറഞ്ഞു. ജിഎസ്ടി വരുമാനത്തില്‍ കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം പോലും മതിയായ തോതില്‍ ലഭിച്ചിട്ടില്ല.
ഇന്ധന നികുതി, മദ്യ നികുതി, ഭൂമി രജിസ്‌ട്രേഷന്‍, മോട്ടോര്‍ വാഹന നികുതി എന്നിവയാണ് സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. ഇന്ധന വില്‍പ്പന കുത്തനെ ഇടിഞ്ഞതോടെ അതില്‍ നിന്നുള്ള നികുതി വരുമാനം കുറഞ്ഞു. മാര്‍ച്ച്് 31 വരെ ജനങ്ങള്‍ ഇപ്പോഴത്തെ അവസ്ഥയില്‍ പുറത്തിറങ്ങാനിടയില്ല. അടുത്ത മാസം ഒന്നുമുതല്‍ ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിക്കുന്നതിനാല്‍ ഭൂമി രജിസ്‌ട്രേഷനുകള്‍ അടുത്തിടെ കൂടിയിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വരും ദിവസങ്ങളില്‍ രജിസ്ട്രാര്‍ ഓഫീസുകളില്‍ മുന്‍പുണ്ടായിരുന്ന തിരക്കുണ്ടാകാനിടയില്ല. അതോടെ അതില്‍ നിന്നുള്ള വരുമാനത്തിലും ഇടിവുവരും. ഏപ്രില്‍ ഒന്നുമുതല്‍ മോട്ടോര്‍ വാഹന നികുതിയും വര്‍ധിക്കുകയാണ്. പക്ഷേ നിരക്ക് വര്‍ധന ഒഴിവാക്കാന്‍ തിരക്കിട്ട് ആരും ഇപ്പോള്‍ ഒന്നും
ചെയ്യുന്നില്ല. അതോടെ ആ രംഗത്തുനിന്നുള്ള വരുമാനത്തിലും ഇടിവ് വന്നു.
ഏക ആശ്വാസം മദ്യവില്‍പ്പനയില്‍ നിന്നുള്ള നികുതിയാണ്. ജനത കര്‍ഫ്യുവിന്റെ തലേന്നും ജനങ്ങള്‍ ബവ്‌റേജസ് ഔട്ട്‌ലെറ്റിലേക്ക് ഒഴുകി വരുകയായിരുന്നു. ഇതിനിടെ മാര്‍ച്ച് മാസമായതിനാല്‍ കൊടുത്തു തീര്‍ക്കേണ്ട ഒരുപാട് ബില്ലുകളുമുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിനും പണം കണ്ടെത്തണം. ക്ഷേമ പെന്‍ഷനുകള്‍ നല്‍കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കണം.
ചെലവുകള്‍ കുത്തനെ കൂടുകയും വരവുകള്‍ വറ്റിവരളുകയും ചെയ്യുമ്പോള്‍ ബവ്‌റേജസ് ഔട്ട്‌ലെറ്റുകള്‍ കൂടി അടച്ചുപൂട്ടിയാല്‍ നഷ്ടം വളരെ വലുതാകും.
ലോട്ടറി വില്‍പ്പനയും മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനിടെ പ്രവാസികളില്‍ നിന്നുള്ള പണം വരവും കുറയുകയാണ്. നിലയില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം വഴുതി വീഴുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline