Begin typing your search above and press return to search.
കടല്‍കടന്ന് നെതര്‍ലന്‍ഡ്‌സിലേക്ക് ഇന്ത്യയുടെ വാഴപ്പഴം; കേരളത്തിലെ കര്‍ഷകര്‍ക്കും നേട്ടം
യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍ഡ്‌സിലേക്ക് കപ്പല്‍വഴി പരീക്ഷണാര്‍ത്ഥം വാഴപ്പഴം കയറ്റിഅയച്ച് ഇന്ത്യ. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ (APEDA/അപെഡ) രജിസ്റ്റര്‍ ചെയ്ത ഐ.എന്‍.എല്‍ ഫാംസ് ആണ് കയറ്റുമതി നടത്തിയത്.
യൂറോപ്പിലേക്ക് വാഴപ്പഴം കയറ്റുമതി ചെയ്യുമ്പോള്‍ നിലവാരത്തിലും ദീര്‍ഘകാല ഈടിലുമടക്കം നിരവധി മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്. വ്യോമമാര്‍ഗം കയറ്റുമതി ചെയ്യുമ്പോള്‍ സാമ്പത്തിക ബാധ്യതയും കൂടുതലാണ്. ഈ രണ്ട് പ്രതിസന്ധികളും തരണം ചെയ്യുന്നതിന്റെ ഭാഗമായാണ് കപ്പല്‍ വഴിയുള്ള കയറ്റുമതി.
കടല്‍ മാര്‍ഗം ചരക്ക് അയക്കുമ്പോള്‍ താരതമ്യേന സാമ്പത്തിക ബാധ്യത കുറവാണ്. അതേസമയം, കപ്പല്‍ വഴിയാകുമ്പോള്‍ ആഴ്ചകളോളം കഴിഞ്ഞാകും ചരക്ക് ലക്ഷ്യസ്ഥാനത്തെത്തുക എന്നതിനാല്‍ ഗുണനിലവാരം കാത്തുസൂക്ഷിക്കുകയെന്ന വെല്ലുവിളിയുണ്ട്. ഇത് തരണം ചെയ്യാന്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സബ്‌ട്രോപ്പിക്കല്‍ ഹോര്‍ട്ടികള്‍ച്ചറിന്റെ (CISH) സാങ്കേതിക സഹായം തേടിയ ശേഷമായിരുന്നു പരീക്ഷണ കയറ്റുമതി.
ഇന്ത്യക്ക് വന്‍ ലക്ഷ്യം
ലോകത്ത് ഏറ്റവുമധികം വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. പക്ഷേ, ആഗോള വാഴപ്പഴ കയറ്റുമതിയില്‍ ഇന്ത്യയുടെ പങ്ക് ഒരു ശതമാനമേയുള്ളൂ.
ആഗോള വാഴപ്പഴ ഉത്പാദനത്തില്‍ 26.45 ശതമാനം ഇന്ത്യയിലാണ്. 2022-23ല്‍ 17.6 കോടി ഡോളറിന്റെ (1,460 കോടി രൂപ) വാഴപ്പഴമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. യൂറോപ്പിലേക്ക് കടല്‍വഴിയുള്ള കയറ്റുമതി വിജയിച്ചാല്‍ അടുത്ത 5 വര്‍ഷത്തിനകം 100 കോടി ഡോളറിന്റെ (8,300 കോടി രൂപ) മൊത്തം കയറ്റുമതി വരുമാനം സ്വന്തമാക്കാനാകുമെന്നാണ് അപെഡയുടെ പ്രതീക്ഷ.
നിലവില്‍ യു.എ.ഇ., ഇറാന്‍, ഇറാക്ക്, ഒമാന്‍, ഉസ്‌ബെക്കിസ്ഥാന്‍, സൗദി അറേബ്യ, നേപ്പാള്‍, ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍, അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ് എന്നിവയാണ് ഇന്ത്യന്‍ വാഴപ്പഴത്തിന്റെ വലിയ വിപണികള്‍.
അമേരിക്ക, റഷ്യ. ജപ്പാന്‍, ജര്‍മ്മനി, ചൈന, നെതര്‍ലന്‍ഡ്‌സ്, യു.കെ., ഫ്രാന്‍സ് എന്നിവിടങ്ങളിലും വലിയ കയറ്റുമതി സാധ്യത ഇന്ത്യ കാണുന്നുണ്ട്.
കേരളത്തിലെ കര്‍ഷകര്‍ക്കും നേട്ടം
നിലവില്‍ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ മൊത്തം വാഴപ്പഴ ഉത്പാദനത്തിന്റെ 67 ശതമാനവും.
കേരളം, ഗുജറാത്ത്, തെലങ്കാന, കര്‍ണാടക, മദ്ധ്യപ്രദേശ്, ബിഹാര്‍, ബംഗാള്‍, അസം, ഛത്തീസ്ഗഢ്, ഒഡിഷ, മിസോറം, ത്രിപുര എന്നിവിടങ്ങളിലും വാഴപ്പഴ കൃഷി വ്യാപകമായുണ്ട്. കയറ്റുമതി വര്‍ധിക്കുന്നത് അതുകൊണ്ട് കേരളത്തിലെ കര്‍ഷകര്‍ക്കും വലിയ നേട്ടമാകും. യൂറോപ്പിലേക്ക് കൂടുതല്‍ കയറ്റുമതി നടക്കുന്നത് ഉയര്‍ന്ന വില കിട്ടാനും വഴിയൊരുക്കും.
കേരളത്തിന്റെ നേന്ത്രനും പാളിയ പദ്ധതിയും
2018 ഫെബ്രുവരിയില്‍ കേരളത്തിലെ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള (VFPCK/വി.എഫ്.പി.സി.കെ) പരീക്ഷണാടിസ്ഥാനത്തില്‍ കടല്‍മാര്‍ഗം യൂറോപ്പിലേക്ക് ഏഴര ടണ്‍ നേന്ത്രന്‍ കയറ്റുമതി ചെയ്തിരുന്നു. ചൂടപ്പം പോലെയാണ് അന്നത് വിറ്റുപോയത്.
രുചിയിലും ഗുണനിലവാരത്തിലും ഏറെ മുന്നിലാണെന്നത് അന്ന് കേരള നേന്ത്രന് വലിയ നേട്ടമായി. പഴമൊന്നിന് 150 രൂപയ്ക്കായിരുന്നു വില്‍പന നടന്നത്. എന്നാല്‍, കടല്‍മാര്‍ഗം കയറ്റി അയക്കുന്നതിലെ കാലതാമസവും ഷെല്‍ഫ്‌ലൈഫ് (കേടുകൂടാതെ ദീര്‍ഘകാലം ഇരിക്കുക) സംബന്ധിച്ച പ്രശ്‌നങ്ങളും മൂലം തുടര്‍ കയറ്റുമതി പാളിപ്പോയിരുന്നു.
Next Story
Videos