ഷിപ്പിംഗ് മേഖലക്കാവശ്യം വൻ മൂലധന നിക്ഷേപം: നിതിൻ ഗഡ്‌കരി 

ഇന്ത്യയിലെ ഷിപ്പിംഗ് വ്യവസായത്തിന് നിലനിൽക്കാൻ മൂലധന നിക്ഷേപം ആവശ്യമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ മൂന്നാം ഡ്രൈ ഡോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്തതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള ഷിപ്പ് ബിൽഡിംഗ്, റിപ്പയർ വിപണിയിൽ ഇന്ത്യയുടെ വിഹിതം ഒരു ശതമാനത്തിൽ താഴെയാണ്. 92 ശതമാനവും ദക്ഷിണ കൊറിയ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൈകളിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഇന്ത്യയ്ക്ക് ഷിപ്പിംഗ് വ്യവസായത്തിൽ വൻ സാധ്യതകളാണ് ഉള്ളത്. ഇപ്പോൾ 3200 കോടി മൂല്യമുള്ള ഇന്ത്യയിലെ ഷിപ്പിംഗ് വ്യവസായത്തിന് മൂന്ന് മുതൽ അഞ്ച് മടങ്ങ് വളർച്ച നേടാനുള്ള കഴിവുണ്ട്. ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ രാജ്യത്ത് കപ്പൽ നിർമ്മാണ വ്യവസായം അത്ര നല്ല സ്ഥിതിയിലല്ലെന്നും ഇതിന് മാറ്റമുണ്ടാകേണ്ടതാണെന്നും ഗഡ്‌കരി അഭിപ്രായപ്പെട്ടു.

കൊച്ചിൻ ഷിപ്പ് യാർഡ് സ്വകാര്യ വൽക്കരിക്കില്ല. എന്നാൽ മൂലധന നിക്ഷേപത്തിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ ഷിപ് യാർഡ് മാത്രമല്ല ലാഭത്തിലോടുന്ന ഒരു സ്ഥാപനവും സ്വകാര്യവൽക്കരിക്കേണ്ടതില്ല എന്നാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്ക് മൂലധന നിക്ഷേപം വേണം. എന്നാൽ മാത്രമേ വികസനവും അതുവഴി തൊഴിൽ സാധ്യതകളും വർധിക്കൂ, ഗഡ്‌കരി പറഞ്ഞു.

ഇന്ത്യ നേരിടുന്ന മറ്റൊരു പ്രശ്നം ഉയർന്ന ലോജിസ്റ്റിക്സ് ചെലവുകളാണ്. ഏകദേശം 16-18 ശതമാനമാണ് ലോജിസ്റ്റിക് കോസ്റ്റ്. ചൈനയെക്കാളും യുറോപ്പിനേക്കാളും ഉയർന്ന നിരക്കാണിത്. ലോജിസ്റ്റിക്സ് ചെലവുകൾ കുറക്കാൻ പുതിയ ടെക്നോളജികൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന് മാത്രമല്ല, ഇന്ത്യയുടെ കപ്പൽ നിർമ്മാണ വ്യവസായത്തിനുകൂടി വളരെ പ്രയോജനം ചെയ്യുന്ന പ്രൊജക്ടിന്റെ നിർമ്മാണത്തിനാണ് ഇന്ന് തറക്കല്ലിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് വളരെ നല്ല പിന്തുണയാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും അദ്ദേഹത്തിന്റെ മന്ത്രാലയവും നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഉൾനാടൻ ജലഗതാഗതം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത വളരെ ഗൗരവത്തോടുകൂടിയാണ് സംസ്ഥാന സർക്കാർ കാണുന്നത് . കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ചരക്കുനീക്കത്തിന് സഹായിക്കുന്ന ഒരു പദ്ധതിയാണിത്. ഇതിനോട് വളരെ പോസറ്റീവ് സമീപനമാണ് ഷിപ്പിംഗ് മന്ത്രിയുടേതെന്നും പിണറായി പറഞ്ഞു.

പ്രൊഫ. കെ വി തോമസ് എം പി, ഹൈബി ഈഡൻ എം എൽ എ, കൊച്ചി മേയർ സൗമിനി ജെയ്ൻ, കൊച്ചിൻ ഷിപ്പ് യാർഡ് സിഎംഡി മധു എസ് നായർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക്

രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കാണ് കൊച്ചിൻ ഷിപ്പ് യാർഡിൽ ഒരുങ്ങുന്നത്. സാഗര്‍മാല പദ്ധതിയ്ക്ക് കീഴിലുള്ള ഈ പദ്ധതി 'മേയ്ക്ക് ഇൻ ഇന്ത്യ'യുടെ ഭാഗമാണ്. 1799 കോടിയാണ് പദ്ധതി ചെലവ്. കൊച്ചിൻ കപ്പൽശാലയിലെ മൂന്നാമത്തേതാണ് ഇത്.

പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചി കപ്പല്‍ശാലയില്‍ എല്‍എന്‍ജി വാഹിനികള്‍, ഡ്രില്‍ഷിപ്പുകള്‍, ജാക്ക് അപ്പ് റിഗ്ഗുകള്‍, വലിയ ഡ്രഡ്ജറുകള്‍, ഇന്ത്യന്‍ നാവിക സേനയുടെ വിമാന വാഹിനികള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കാനാകും. 2021 ൽ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 2000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

കൊച്ചി കപ്പൽശാല ആൻഡമാൻ -നിക്കോബാർ ഭരണകൂടത്തിനുവേണ്ടി നിർമ്മിച്ച രണ്ട്‍ 500 സീറ്റർ യാത്രാക്കപ്പലുകളും ഇന്ന് ഉദ്‌ഘാടനം ചെയ്തു.2019 ജൂലൈ, ഡിസംബർ മാസങ്ങളിൽ പൂർത്തിയാക്കി കൈമാറാനായിരുന്നു കരാർ. എന്നാൽ സമയത്തിന് വളരെ മുൻപേ നിർമ്മാണം പൂർത്തിയാക്കിയിരിക്കുകയാണ് കൊച്ചി കപ്പൽശാല.

Sreerenjini
Sreerenjini  

Related Articles

Next Story

Videos

Share it