പ്രളയത്തില്‍ ചേതനയറ്റ് നിലമ്പൂര്‍ ഫര്‍ണിച്ചര്‍ മേഖല; നഷ്ടമായത് കോടികള്‍

പ്രകൃതിദുരന്തത്തില്‍ നിരവധി ജീവനുകളും വീടുകളും കൃഷിയും നശിച്ച നിലമ്പൂരില്‍ ഫര്‍ണിച്ചര്‍ വ്യവസായത്തിനുണ്ടായതു നികത്താനാവാത്ത നഷ്ടം. തൊട്ടടുത്ത മലനിരകളിലെ ഉരുള്‍പൊട്ടലിനൊപ്പം ചാലിയാര്‍ പുഴ സംഹാര രുദ്രയായപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ നിര്‍മ്മാണ മേഖലയായ നിലമ്പൂരിലെ നൂറു കണക്കിനു തൊഴില്‍ ശാലകളും ഷോറൂമുകളും മണ്ണു കലര്‍ന്ന വെള്ളത്തിനടിയിലായിപ്പോയിരുന്നു.

ഉരുപ്പടികള്‍ക്കും യന്ത്രസാമഗ്രികള്‍ക്കും സംഭവിച്ച ഹാനി മൂലം തന്നെ അനേക കോടി രൂപ നഷ്ടമായി. ഒഴുകിപ്പോയ വസ്തുക്കളുമായി ബന്ധപ്പെട്ട കണക്കെടുപ്പ് ആരംഭിച്ചിട്ടേയുള്ളൂ. ആയിരക്കണക്കിനു പേര്‍ തൊഴില്‍ രഹിതരായി മാറി. ഇവരില്‍ ഭൂരിഭാഗവും ഇതര സംസ്ഥാനക്കാരാണ്. നിര്‍മ്മാണ ശാലകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ രണ്ടു മാസമെങ്കിലും വേണ്ടിവരുമെന്നതിനാല്‍ അതുവരെ ജീവിതമാര്‍ഗ്ഗമടഞ്ഞ അവസ്ഥയിലാണിവര്‍.

നിലമ്പൂര്‍ ടൗണ്‍ മുതല്‍ എക്കര, പോത്തുകല്ല്, വണ്ടൂര്‍, മമ്പാട്, കരുളായി തുടങ്ങിയ പ്രദേശങ്ങളിലേക്കു കഴിഞ്ഞ നൂറ്റാണ്ടു മുതല്‍ വേരുപടര്‍ത്തി പ്രവര്‍ത്തിച്ചുവരുന്ന അഞ്ഞൂറോളം ഫര്‍ണിച്ചര്‍ നിര്‍മ്മാണശാലകളാണുള്ളത്. ഇവയില്‍ ഭൂരിഭാഗത്തെയും ദുരന്തം ഗുരുതരമായി ബാധിച്ചു.അര്‍ദ്ധരാത്രി കഴിഞ്ഞാണ് ചാലിയാര്‍ പുഴ നിലമ്പൂരിലെ ഫര്‍ണിച്ചര്‍ വ്യവസായത്തെ മുക്കിക്കളഞ്ഞത്.ഇതു മൂലം കാര്യമായ രക്ഷാപ്രര്‍ത്തനങ്ങള്‍ സാധ്യമായില്ല. 10-12 പേര്‍ മുതല്‍ 800 പേര്‍ വരെ തൊഴിലെടുക്കുന്ന ഈ യൂണിറ്റുകളില്‍ ആരംഭിച്ചിട്ടുള്ള ശുചീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി നഷ്ടത്തിന്റെ വിശദമായ കണക്കെടുപ്പു നടത്താന്‍ ദിവസങ്ങള്‍ വേണ്ടിവരും. കഴിഞ്ഞ വര്‍ഷം മിക്ക ജില്ലകളിലും വന്‍ പ്രളയമുണ്ടായപ്പോഴും ഏറെക്കുറെ സുരക്ഷിതമായിരുന്നു നിലമ്പൂര്‍.

പരമ്പരാഗതമായി ഏറ്റവും മികച്ച തേക്കുപയോഗിച്ച് അതുല്യ നൈപുണ്യത്തോടെ നിര്‍മ്മിച്ചുവരുന്ന നിലമ്പൂര്‍ ഫര്‍ണിച്ചറിന് ഭേദപ്പെട്ട നിലയില്‍ വ്യാപാരം നടക്കേണ്ടിയിരുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇക്കൊല്ലം അപ്രതീക്ഷിത മാന്ദ്യം അനുഭവപ്പെട്ടിരുന്നു. എങ്കിലും ഓഗസ്റ്റ്, സെപ്റ്റംബറോടെ പിടിച്ചുകയറാനാകുമെന്ന പ്രതീക്ഷയില്‍ ആഞ്ഞുതുഴയുമ്പോഴാണ് പ്രകൃതിയുടെ താണ്ഡവത്തില്‍ ഫര്‍ണിച്ചര്‍ ഹബ് തകര്‍ന്നടിഞ്ഞത്. നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ഉരുപ്പടികള്‍ വന്‍തോതില്‍ വെള്ളത്തിനടിയിലായി. നിര്‍മ്മാണം പൂര്‍ത്തിയാക്കി വിദേശങ്ങളിലേക്കുള്‍പ്പെടെ കയറ്റിവിടാന്‍ വച്ചിരുന്നതും ഷോറൂമുകളില്‍ നിരത്തിയിരുന്നതുമായ ഉരുപ്പടികളും ഇതില്‍പ്പെടുന്നു.

ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (ഫുമ്മാ) ആഭിമുഖ്യത്തിലുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് പരമാവധി 12 ലക്ഷം വരെ ക്ലെയിം ലഭിക്കും. അസോസിയേഷന്‍ തന്നെയാണ് പ്രീമിയം അടയ്ക്കുന്നതെങ്കിലും പദ്ധതിയില്‍ ചേര്‍ന്നത് 20 യൂണിറ്റുകള്‍ മാത്രമായിരുന്നു. ഇനിയെങ്കിലും ഇന്‍ഷുറന്‍സ് എടുക്കുന്ന കാര്യത്തില്‍ ഫര്‍ണിച്ചര്‍ യൂണിറ്റുടമകള്‍ ശ്രദ്ധിക്കണമെന്ന് ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷാജി മന്‍ഹാറും, സെക്രട്ടറി ജലീല്‍ വലിയകത്തും പറയുന്നു. ശുചീകരണ പ്രവര്‍ത്തനത്തിലും ക്ലെയിം ലഭ്യമാക്കാനുള്ള യത്‌നത്തിലുമാണ് അസോസിയേഷന്‍.

മേഖലയിലെ നല്ലൊരു പങ്ക് ഉല്‍പ്പാദകരും ജി.എസ്.ടി രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത ചെറുകിടക്കാരാണ്. വടക്കന്‍ ജില്ലകളിലൊഴികെ ഈ മാസാവസാനത്തോടെ വിപണി കുറച്ചെങ്കിലും മെച്ചപ്പെടുമ്പോള്‍ ഉരുപ്പടികള്‍ എത്തിച്ചുകൊടുക്കാന്‍ അസോസിയേഷന്‍ ഇവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. ക്രെഡിറ്റ് സൗകര്യത്തോടെ മാത്രമേ സപ്‌ളൈ നടക്കൂ എന്നതാണ് പൊതുവേയുള്ള അവസ്ഥ. അതേസമയം, വില്‍പ്പന നടന്നശേഷവും ഉല്‍പ്പാദകനു പണം കിട്ടാത്തതു സാധാരണ സംഭവമാണ്. ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ ഇടപാടു നടത്തി ഈ ദുരവസ്ഥ ഒഴിവാക്കാവുന്നതേയുള്ളൂവെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പരമാവധി ഇടപാടുകളില്‍, വില തല്‍സമയം ലഭ്യമാക്കണമെന്നു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍മ്മാണത്തിനുള്ള തടിയും മറ്റു വസ്തുക്കളും ക്രെഡിറ്റ്് അടിസ്ഥാനത്തില്‍ വാങ്ങിക്കൊടുക്കാനും അസോസിയേഷന്‍ ശ്രമം നടത്തുന്നു.

ഫര്‍ണിച്ചര്‍ വ്യവസായം മുങ്ങിപ്പോയതു മൂലം നിലമ്പൂര്‍ മേഖലയില്‍ ജീവിതമാര്‍ഗ്ഗമടഞ്ഞ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ ഉള്‍പ്പെടയെുള്ള സഹായങ്ങള്‍ രണ്ടു മാസത്തേക്കെങ്കിലും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് അസോസിയേഷന്‍ ഭരവാഹികള്‍ ആവശ്യപ്പെട്ടു. ഈ തൊഴിലാളികള്‍ക്ക്് ജോലി ചെയ്യാതെ വേതനം നല്‍കാന്‍ കഴിയുന്ന സ്ഥിതിയിലല്ല നിര്‍മ്മാണ യൂണിറ്റുകള്‍. ഇവരെ പിരിച്ചുവിടണമെങ്കില്‍ ഒരു തൊഴിലാളിക്ക് 3 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും വേണം.

നോട്ടുനിരോധനവും ജി.എസ്.ടിയുമെല്ലാം ചേര്‍ന്നു വരുത്തിവച്ച ക്ഷീണാവസ്ഥയില്‍ നിന്നു കരകയറാന്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളും വിപണിയും കൈകോര്‍ത്തുനടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ പല കാരണങ്ങളാല്‍ പ്രതീക്ഷിച്ചതുപോലെ പുരോഗതി കൈവരിച്ചിരുന്നില്ല. ഇടത്തരം വീടുകള്‍ പണിയുമ്പോള്‍ പോലും ഇന്റീരിയര്‍ ഡെക്കറേറ്റര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം അവിടെത്തന്നെ ഫര്‍ണിച്ചര്‍ നിര്‍മ്മിക്കുന്നത് വെല്ലുവിളിയായി. ഡിമാന്‍ഡ് ഇതോടെ ഗണ്യമായി കുറഞ്ഞെന്ന് ഫുമ്മായുടെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ ചീരാന്‍ പറഞ്ഞു.

ബാങ്ക് ലോണിന്റെ ബലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നവയാണ് മിക്ക യൂണിറ്റുകളും. തിരിച്ചടവ് മുടങ്ങി പ്രതിസന്ധി നേരിട്ടുവന്നവയുടെ എണ്ണവും കുറവല്ല. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ മേഖലയില്‍ ബാങ്ക് വായ്പയുടെ കാര്യത്തില്‍ ഉദാരമായ സമീപനമുണ്ടാകണം. സബ്‌സിഡി ലഭിക്കുന്നതിനുള്ള തടസങ്ങള്‍ മാറ്റാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുകയും വേണം. പ്രളയ നഷ്ടം നിര്‍ണയിക്കാതെ പഴയ സ്റ്റോക്കിന്റെ കണക്കു പ്രകാരമുള്ള ജി.എസ്.ടി ചുമത്താന്‍ ഉദ്യോഗസ്ഥര്‍ തുനിഞ്ഞാല്‍ പല യൂണിറ്റുകള്‍ക്കും ഷട്ടര്‍ വീഴുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 18 ശതമാനം ജി.എസ്.ടിയും 1 ശതമാനം പ്രളയ സെസ്സും ബാധകമാണ് ഫര്‍ണിച്ചറിന്.

ദുരന്തബാധിത മേഖലയെ സഹായിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളും കാര്യക്ഷമമാകണം. നിലവില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന യന്ത്രങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ പല കമ്പനികളും തയ്യാറാകുന്നില്ല. ബാങ്ക് വായ്പയെടുത്തു വാങ്ങിയവയെ മാത്രമേ ചില കമ്പനികള്‍ ഇന്‍ഷുര്‍ ചെയ്യുന്നുള്ളൂ. ഈ മാനദ.ണ്ഡം മാറ്റി എല്ലാ യന്ത്രങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കാന്‍ കമ്പനികള്‍ തയ്യാറാകണമെന്നും അസോസിയേഷന്‍ ഭരവാഹികള്‍ ആവശ്യപ്പെടുന്നു.

Related Articles
Next Story
Videos
Share it