Begin typing your search above and press return to search.
തൊഴില്‍ വൈദഗ്ധ്യമുള്ളവരില്ല, 'മലയാളി ചായ കിട്ടാനില്ല'; ഹോട്ടല്‍ മേഖല ഇത് എങ്ങോട്ട്
ഏതെങ്കിലും ഹോട്ടലില്‍ കയറി വെള്ളം ചോദിക്കണമെങ്കില്‍ പോലും ഇപ്പോള്‍ അല്‍പ്പം ഹിന്ദിയറിഞ്ഞിരിക്കണം, അല്ലെങ്കില്‍ ''ക്യാ'' എന്ന് കേള്‍ക്കേണ്ടി വരും. തമാശയായി പലരും ഇക്കാര്യം പറയാറുണ്ടെങ്കിലും സംസ്ഥാനത്തെ ഹോട്ടല്‍ മേഖല നോരിടുന്ന പ്രധാന പ്രശ്‌നവുമിതാണ്. തൊഴില്‍ വൈദഗ്ധ്യമുള്ളവരില്ല, ഉള്ളതാകട്ടെ എന്തും ചെയ്യാമെന്ന് പറഞ്ഞ് കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രം. സംസ്ഥാനത്തെ ഹോട്ടല്‍ രംഗത്ത് ജോലി ചെയ്യുന്നവരില്‍ 80 ശതമാനവും ഇന്ത്യയുടെ വിവിധയിടങ്ങളില്‍നിന്നായി എത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ്. മലയാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യാന്‍ മടിക്കുന്നതാണ് ഇതിന് പ്രധാന കാരണം.
"നിലവില്‍ കേരളത്തിലെ ഹോട്ടല്‍ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി തൊഴില്‍ വൈദഗ്ധ്യമുള്ളവരില്ല എന്നതാണ്, ഇപ്പോള്‍ ഹോട്ടല്‍ ക്ലീനിംഗ് മുതല്‍ ഷവര്‍മ കട്ടിംഗ് വരെയുള്ള എല്ലാ ജോലികളും ചെയ്യുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. നല്ല ശമ്പളം ഈ മേഖല നല്‍കുന്നുണ്ടെങ്കിലും മലയാളികള്‍ ഈ രംഗത്ത് തൊഴില്‍ ചെയ്യാന്‍ മടിക്കുകയാണ്'' - ഹോട്ടല്‍ മേഖലയിലെ തൊഴില്‍ ക്ഷാമത്തെ കുറിച്ച് ഗുരുവായൂരിലെ ഹോട്ടല്‍ ഉടമയും ആള്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ ബിജുലാല്‍ ധനത്തോട് പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികള്‍ സുലഭമാണെങ്കിലും ഇവര്‍ ഏത് സമയത്തും ജോലി ഒഴിവാക്കി മറ്റിടങ്ങളിലേക്ക് പോകുന്ന പ്രവണതയും കൂടുതലാണ്. ''ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് മിക്കവരും മൂന്ന് മാസത്തില്‍ കൂടുതല്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്യാറില്ല. മിക്കവരും കൂടുതല്‍ ശമ്പളം കിട്ടുന്ന മറ്റ് തൊഴിലുകള്‍ തേടിയോ നാടുകളിലേക്കോ മറ്റോ തിരിച്ചുപോകും. വൈദഗ്ധ്യമില്ലാതെയാണ് ഇവര്‍ ജോലി ചെയ്യാന്‍ തയ്യാറായി വരുന്നത്. ഒരു ഹോട്ടലില്‍ ജോലി ചെയ്ത് പാചകം അറിയാമെന്ന് പറഞ്ഞ് മറ്റ് ഹോട്ടലുകളില്‍ ജോലി തേടി പോകും. ഇത് ഹോട്ടല്‍ ഉടമകളെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണ്'' ബിജുലാല്‍ പറയുന്നു.
ശമ്പളം നല്‍കാന്‍ ഹോട്ടല്‍ ഉടമകള്‍ തയ്യാറാണെങ്കിലും ആരും ഈ രംഗത്തേക്ക് കടന്നുവരാതായതോടെയാണ് ഹോട്ടലുടമകള്‍ ഇതരസംസ്ഥാന തൊഴിലാളികളെ കൂടുതലായി ജോലിക്കെടുത്ത് തുടങ്ങിയത്. ഭക്ഷണവും താമസവും കൂടാതെയാണ് ശമ്പളവും നല്‍കുന്നത്. ക്ലീനിംഗ് ജോലിക്കാര്‍ക്ക് 10,000 രൂപ മുതലും പാചകക്കാര്‍ക്ക് 35000 രൂപ വരെയുമാണ് ശരാശരി ശമ്പളമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കുന്നത്.
ഈ രംഗത്തെ വൈദഗ്ധ്യ തൊഴിലാളിക്ഷാമം അപകടത്തിനും ഇടയാക്കും. ഷവര്‍മ പോലുള്ള ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കിലും ഭക്ഷ്യവിഷ ബാധയുണ്ടായേക്കും. അടുത്തിടെ ഷവര്‍മ കഴിച്ചുണ്ടായ മരണം ഇതിന് ഉദാഹരണമാണ്- ബിജുലാല്‍ പറഞ്ഞു.
Next Story
Videos