പതഞ്ജലി കേസിന്റെ പ്രത്യാഘാതം: എല്ലാ ബിസിനസുകളും അറിയേണ്ട പുതിയ പരസ്യ നിയമങ്ങള്‍

പതഞ്ജലി കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വാണിജ്യ പരസ്യങ്ങള്‍ നല്‍കുന്നതിന് പ്രാബല്യത്തില്‍ കൊണ്ടുവന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പരസ്യ ദാതാക്കളെയും പരസ്യ കമ്പനികളെയും പരസ്യം നല്‍കുന്ന മാധ്യമങ്ങളെയും ഒരുപോലെ വെട്ടിലാക്കി. വാണിജ്യ പരസ്യങ്ങളുടെ പ്രസിദ്ധീകരണം പലവിധ നൂലാമാലകള്‍ക്ക് നടുവില്‍.
തെറ്റിദ്ധരിപ്പിക്കുന്ന വിധം പരസ്യം നല്‍കിയെന്ന കേസിലാണ് സുപ്രീംകോടതി പതഞ്ജലിയെ നയിക്കുന്ന യോഗ ഗുരു രാംദേവിന്റെ ചെവിക്കു പിടിച്ചത്. സുപ്രീംകോടതിയോടും പൊതുജനങ്ങളോടും മാപ്പു പറഞ്ഞാണ് സ്വാമി രാംദേവും പതഞ്ജലിയും തലയൂരിയത്. തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നതുമായ പരസ്യങ്ങള്‍ തടയാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ കൊണ്ടുവന്ന നിബന്ധനകള്‍ ജൂണ്‍ 18ന് പ്രാബല്യത്തില്‍ വന്നു. പതഞ്ജലി ചെയ്ത തെറ്റിന് വാണിജ്യ പരസ്യങ്ങള്‍ നല്‍കുന്ന എല്ലാവരും ഒരേപോലെ പ്രശ്‌നക്കുരുക്കിലായ സ്ഥിതിയാണിപ്പോള്‍.
സത്യവാങ്മൂലം നല്‍കണം
തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിക്കുന്നില്ല, പരസ്യ പ്രസാധനത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന സ്വയം സത്യപ്രസ്താവനാ സാക്ഷ്യപത്രം പരസ്യദാതാവോ, പരസ്യ കമ്പനിയോ ഹാജരാക്കിയാല്‍ മാത്രമാണ് അച്ചടി, ദൃശ്യ, ശ്രാവ്യ, ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ക്ക് പരസ്യം പ്രസിദ്ധീകരിക്കാനാവുക. ഈ സെല്‍ഫ് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കാന്‍ നടപടിക്രമങ്ങള്‍ പലതാണ്.
പരസ്യം നല്‍കുന്ന കമ്പനി, അതിന്റ ഉല്‍പന്നം, ഉല്‍പന്നത്തിന്റെ പേര്, പരസ്യം പ്രസിദ്ധീകരിക്കുന്ന തീയതി എന്നിങ്ങനെ നീളുന്ന വിശദാംശങ്ങള്‍ ബന്ധപ്പെട്ട പരസ്യദാതാവോ പരസ്യ കമ്പനിയോ നിശ്ചിത വെബ്‌സൈറ്റിലേക്ക് നല്‍കണം. അച്ചടി, ഇന്റര്‍നെറ്റ് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളെക്കുറിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ വെബ്‌സൈറ്റ്, ടെലിവിഷനിലേക്കും റേഡിയോവിലേക്കുമാണ് പരസ്യമെങ്കില്‍ ബ്രോഡ്കാസ്റ്റ് സേവാ പോര്‍ട്ടല്‍ എന്നിവയിലേക്കാണ് ഈ വിവരങ്ങള്‍ നല്‍കേണ്ടത്. ഇതുകൊണ്ട് മാത്രമായില്ല. നല്‍കാന്‍ പോകുന്ന പരസ്യം മേന്മ ചോരാതെ നിശ്ചിത റസല്യൂഷനില്‍ അപ് ലോഡ് ചെയ്യണം.
ഇത്രയുമാവുമ്പോള്‍ സ്വയം സത്യപ്രസ്താവന ഫോമും ക്യൂ.ആര്‍ കോഡും സൈറ്റില്‍ നിന്ന് ലഭ്യമാകും. അതില്‍ ഒപ്പുവെച്ച് സാക്ഷ്യപ്പെടുത്തി വീണ്ടും സൈറ്റിലേക്ക് അപ്ലോഡ് ചെയ്യണം. കുറ്റമറ്റ നിലയില്‍ ഈ നടപടി പൂര്‍ത്തിയാക്കുന്ന മുറക്കാണ് സ്വയംസത്യപ്രസ്താവനയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുക. ഏതൊക്കെ മാധ്യമങ്ങള്‍ക്കാണോ പരസ്യം നല്‍കേണ്ടത്, അവര്‍ക്കെല്ലാം ഈ സര്‍ട്ടിഫിക്കറ്റ് സഹിതം വേണം പരസ്യദാതാവ് അഥവാ പരസ്യ കമ്പനി റിലീസ് ഓര്‍ഡര്‍ നല്‍കാന്‍. സെല്‍ഫ് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മാധ്യമങ്ങള്‍ക്ക് കൊമേഴ്‌സ്യല്‍ പരസ്യങ്ങള്‍ സ്വീകരിക്കാനാവില്ല.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന് പൊലീസ് കേസ്
തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതുമായ പരസ്യങ്ങള്‍ തടയാന്‍ പതഞ്ജലി കേസിലെ സുപ്രീംകോടതി വിധിക്കു മുമ്പേ തന്നെ നിയമം നിലവിലുണ്ട്. പരസ്യ ഗുണമേന്മ കൗണ്‍സില്‍ മുന്നോട്ടു വെക്കുന്ന നിബന്ധനകള്‍ ലംഘിച്ചാല്‍ പൊലീസ് കേസാകും. എന്നിരിക്കേ തന്നെയാണ് പതഞ്ജലി ചെയ്ത കുറ്റത്തിന് എല്ലാവരും പുതിയ കുരുക്കുകളിലായത്. സ്വയം സത്യപ്രസ്താവന സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഇമെയിലിലെയും യു-ട്യൂബിലെയും മറ്റും സൗകര്യങ്ങള്‍ ഡാറ്റ പരിധിയില്ലാതെ കിട്ടാന്‍ അധിക ചെലവു വേണ്ടി വരുന്നതു പോലുള്ള വിഷയങ്ങള്‍ പുറമെ.
വിശദാംശങ്ങള്‍ അപ് ലോഡ് ചെയ്ത് സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കണമെന്നല്ലാതെ, പരസ്യങ്ങളുടെ ഉള്ളടക്കം യഥാസമയം പരിശോധിക്കപ്പെടുന്നില്ല. നിബന്ധകള്‍ക്ക് അനുസൃതമാണ് പരസ്യമെന്ന് സ്ഥിരീകരിക്കപ്പെടുന്നില്ല. വിശദീകരണം ചോദിക്കുന്നില്ല. അച്ചടി, ദൃശ്യ, ശ്രാവ്യ, ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ക്ക് ബാധകമായ നിബന്ധനകള്‍ ഗൂഗിള്‍, ഫേസ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്കാകട്ടെ, ബാധകമാണെന്നും വരുന്നില്ല. പുതിയ നിബന്ധനകള്‍ വന്നുവെന്നല്ലാതെ, ഫലത്തില്‍ വ്യക്തമായ നിരീക്ഷണ സംവിധാനം തന്നെയില്ല. അതേസമയം, പരസ്യദാതാക്കളെ പരസ്യം നല്‍കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നതാണ് പുതിയ നിബന്ധനകളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പരസ്യകമ്പനികള്‍ക്ക് തലവേദന
മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെ, വളരെ പെട്ടെന്ന് നല്‍കാന്‍ തീരുമാനിക്കപ്പെടുന്ന പരസ്യങ്ങളുടെ കാര്യത്തില്‍ പുതിയ നിബന്ധന പരസ്യദാതാക്കള്‍ക്കും പരസ്യ കമ്പനികള്‍ക്കുമുണ്ടാക്കുന്ന തലവേദന ചില്ലറയല്ല. പരസ്യങ്ങളുടെ ഉള്ളടക്കം ബന്ധപ്പെട്ട അധികൃത കേന്ദ്രങ്ങളുടെ സൈറ്റിലേക്ക് അപ് ലോഡ് ചെയ്യുന്നത്, ഉല്‍പന്നത്തിന്റെയോ ഓഫറുകളുടെയോ രഹസ്യാത്മകത ചോര്‍ത്താന്‍ വഴിവെക്കുമെന്ന സുപ്രധാന പ്രശ്‌നവും ഒപ്പമുണ്ട്. കാതലായ ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയും മറ്റും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ സുപ്രീംകോടതി വിധിയിലേക്ക് വിരല്‍ ചൂണ്ടി കൈമലര്‍ത്തുകയാണ് അധികൃതര്‍.
പരസ്യങ്ങള്‍ ഉപഭോക്താവിനെ സംരക്ഷിക്കുന്ന വിധമാകണം; സുതാര്യമായിരിക്കണം. അക്കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാകാനിടയില്ല. എന്നാല്‍ അതിനൊപ്പം നിബന്ധനകള്‍ സന്തുലിതവുമാകണമെന്ന് ചൂണ്ടിക്കാട്ടുകയാണ് പരസ്യദായകരും പരസ്യ കമ്പനികളും.
ചുരുക്കത്തില്‍
* പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നതോ അല്ല പ്രസിദ്ധപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പരസ്യമെന്ന് സ്വയം സത്യപ്രസ്താവന നടത്തി സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കണമെന്നാണ് പരസ്യ ദാതാക്കള്‍ക്കും പരസ്യ കമ്പനികള്‍ക്കുമുള്ള നിര്‍ദേശം. അച്ചടി, ടി.വി, റേഡിയോ, ഡിജിറ്റല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെല്ലാം ചട്ടം ബാധകം.
* വാണിജ്യ പരസ്യങ്ങള്‍ക്കാണ് നിബന്ധന ബാധകം. വ്യക്തിപരമായ പരസ്യങ്ങള്‍, സര്‍ക്കാര്‍ പരസ്യങ്ങള്‍ എന്നിവക്കും നിലവിലെ പരസ്യങ്ങള്‍ക്കും ഇത് ബാധകമല്ല. പുതിയ നിബന്ധനക്ക് ജൂണ്‍ 18 മുതല്‍ പ്രാബല്യം.
* സത്യപ്രസ്താവന നടത്തി ബന്ധപ്പെട്ട പോര്‍ട്ടലില്‍ നിന്ന് വാങ്ങിയ സര്‍ട്ടിഫിക്കറ്റുമായി വേണം പരസ്യം നല്‍കാന്‍ മാധ്യമങ്ങളെ സമീപിക്കാന്‍. സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല.
Sureshkumar A.S.
Sureshkumar A.S. - Associate Editor - DhanamOnline  
Related Articles
Next Story
Videos
Share it