കേരളത്തില്‍ സ്ഥലവില ഇനിയും കുറയും
കോവിഡ് 19 നെ തുടര്‍ന്ന് കേരളത്തിലെ സാമ്പത്തിക സ്ഥിതി വീണ്ടും ദുര്‍ബലമായതോടെ സ്ഥലവില ഇനി കുത്തനെ കുറയും. മോഹിപ്പിക്കുന്ന നേട്ടം പ്രതീക്ഷിച്ച് ഇതുവരെ വില്‍ക്കാതെ പിടിച്ചുവെച്ചിരുന്ന ഭൂമി വില്‍പ്പന നടത്തി സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനാകാത്ത സ്ഥിതിയിലാണ് പലരും. മാത്രമല്ല, വലിയ വിലയുള്ള ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി നേട്ടമുണ്ടാക്കാന്‍ പറ്റുന്ന സാഹചര്യവുമില്ല. ''എനിക്ക് ടൗണില്‍ സെന്റ്ിന് ലക്ഷങ്ങള്‍ വിലയുള്ള ഭൂമിയുണ്ട്. ഏറെ മുന്‍പ് വാങ്ങിയിട്ടതാണ്.
അവിടെ കോമേഴ്‌സ്യല്‍ ബില്‍ഡിംഗ് നിര്‍മിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. നിലവിലുള്ള കെട്ടിടങ്ങളില്‍ പോലും വാടകക്കാരില്ല. പുതിയത് കെട്ടിയാല്‍ അതിനായെടുക്കുന്ന ബാങ്ക് വായ്പ പോലും തിരിച്ചടയ്ക്കാനാകില്ല. ആവശ്യക്കാരുണ്ടെങ്കില്‍ വില്‍ക്കാന്‍ തയ്യാറാണ്. പഴയ വില ഇനി ലഭിക്കുമെന്ന് പ്രതീക്ഷയില്ല,'' പാലക്കാട്ടെ ഒരു സ്ഥലമുടമ പറയുന്നു.
ഭൂമി വില കുറയാനിടയാക്കുന്ന കാരണങ്ങള്‍
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ ഭൂമി കച്ചവടം ഒരു ചൂതാട്ട്ം പോലെയായിരുന്നു. യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത വിലയ്ക്കാണ് ഇടപാടുകള്‍ പലതും നടന്നത്. ഇതോടെ ആവശ്യക്കാര്‍ക്ക് പോലും ഭൂമി വാങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. മാത്രമല്ല, വലിയ നേട്ടം പ്രതീക്ഷിച്ച് പലരും മോഹവിലയ്ക്ക് ഭൂമി വാങ്ങിയിടുകയും ചെയ്തു. ഇവര്‍ വലിയ നേട്ടം പ്രതീക്ഷിച്ച് സ്ഥലം വില്‍ക്കാതെ പിടിച്ചുവെച്ചു. നോട്ട് പിന്‍വലിക്കല്‍ വന്നതോടെ സ്ഥലക്കച്ചവടത്തിനും അത് തിരിച്ചടിയായി. ഭൂമി കച്ചവടത്തിലേക്കുള്ള കള്ളപ്പണമൊഴുക്ക് തടയാന്‍ സ്വീകരിച്ച കര്‍ശന നിലപാടുകള്‍ കൂടിയായതോടെ കേരളത്തില്‍ സ്ഥല കച്ചവടം സ്തംഭനാവസ്ഥയിലായി.
ഇതോടൊപ്പം ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളും കേരളത്തിലെ കാര്‍ഷിക നാണ്യവിളകളുടെ വിലയിടിവും ചേര്‍ന്നതോടെ ആകാശം മുട്ടേ നിന്ന സ്ഥലവില കുത്തനെ താഴേയ്ക്ക് പോരാന്‍ തുടങ്ങി. ഇനിയുണ്ടാകാന്‍ പോകുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ സ്ഥലവില കൂടുതല്‍ താഴ്ത്തുക തന്നെ ചെയ്യും. കേരളത്തിലെ കോ ഓപ്പറേറ്റീവ് ബാങ്കുകളിലും മറ്റും വന്‍തോതില്‍ കിടപ്പാടം പോലും പണയം വെച്ച് ആളുകള്‍ വായ്പ എടുത്തിട്ടുണ്ട്. പല സ്ഥലത്തിലും രേഖകളില്‍ കാണിച്ചിരിക്കുന്ന മൂല്യം വളരെ ഉയര്‍ന്നതുമാണ്. നോട്ട് പിന്‍വലിക്കല്‍, അടിക്കടിയുണ്ടായ പ്രളയം, നിപ്പ, കാലാവസ്ഥാ വ്യതിയാനം, ഗള്‍ഫ് പ്രതിസന്ധി എല്ലാം ചേര്‍ന്ന് കേരളീയരുടെ സാമ്പത്തിക നിലയുടെ അടിത്തറ തന്നെ ഇളക്കിയിരുന്നു. അതുകൊണ്ടാണ് ഇത്തരത്തിലുള്ള വായ്പകളും കൂടിയത്. അതിനിടെയാണ് കോറോണ കടന്നുവന്നത്. ഇതോടെ കേരളത്തിലെ ഒട്ടേറെ ബിസിനസുകള്‍ തകരും. ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. വരുമാനം കുത്തനെ കുറയും.
'സ്ഥലം ഈട് നല്‍കിയിരിക്കുന്ന വായ്പകള്‍ പലതിലും തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. പലതും കിടപ്പാടമാണ്. ജപ്തി നടപടികളിലേക്ക് കടന്നാല്‍ പലതലത്തില്‍ നിന്നുള്ള പ്രതിഷേധം ശക്തമാകും. അത് ലേലത്തില്‍ വെച്ചാലും വാങ്ങാന്‍ ആളുകള്‍ കുറവാണ്. വല്ലാത്ത കുരുക്കാണ്,'' ഒരു ബാങ്ക് സഹകരണ ബാങ്ക് ഡയറക്റ്റര്‍ പറയുന്നു. ബാങ്കില്‍ നിന്നുള്ള സമ്മര്‍ദ്ദം ഏറുന്നതോടെ സ്ഥലം സ്വന്തം നിലയ്ക്ക് വിറ്റ് ബാധ്യത ഒഴിവാക്കാനുള്ള ശ്രമം ഇനി വായ്പക്കാര്‍ നടത്തും. കിട്ടിയ വിലയ്ക്ക് വിറ്റാല്‍ പോലും കടം വീട്ടാനാകാത്ത സ്ഥിതിയാണ് പലര്‍ക്കും. ഗ്രാമീണ മേഖലയില്‍ സ്ഥലവില ഇടിയാന്‍ ഇതൊരു പ്രധാന കാരണമാകും.
ആവശ്യങ്ങള്‍ക്ക് പണം വേണം
മക്കളുടെ വിവാഹത്തിനോ വിദ്യാഭ്യാസത്തിനോ ഉള്ള ആവശ്യത്തിനുള്ള പണം കണ്ടെത്താനാണ് പലരും ഭൂമിയില്‍ നിക്ഷേപം നടത്തിയിരുന്നത്. ''മൂത്തമകള്‍ക്ക് വിവാഹ പ്രായമായി. ഇളയ കുട്ടി മംഗലാപുരത്ത് ബി ഡി എസിനും പഠിക്കുന്നു. നിക്ഷേപമായി വാങ്ങിയിട്ടിരുന്ന സ്ഥലം വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ആവശ്യക്കാരില്ല. ഇനി ആരു വന്നാലും ചോദിക്കുന്ന വിലയ്ക്ക് നല്‍കും. അത്രയും ബാധ്യതയായി,'' ഒരു പിതാവ് പറയുന്നു. ശരാശരി മലയാളി കുടുംബങ്ങളുടെ സ്ഥിതി ഇതാണ്. സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ മറ്റൊരു മാര്‍ഗമില്ലാതെ വരുമ്പോള്‍ സ്ഥലം കിട്ടിയ വിലയ്ക്ക് വില്‍ക്കുന്ന സ്ഥിതി തന്നെ കേരളത്തില്‍ വരും. ഇതോടെ വിലകള്‍ കുത്തനെ കുറയും. ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ നിശ്ചിയിച്ചിരിക്കുന്ന ന്യായവിലയ്ക്കും താഴെയാണ് കച്ചവടം നടക്കുന്നത്.
വാണിജ്യാവശ്യങ്ങളില്‍ നിന്നുള്ള കെട്ടിടങ്ങളില്‍ നിന്നും വരുമാനമില്ല
വര്‍ഷങ്ങളുടെ പ്രവാസ ജീവിതത്തിനു ശേഷം കേരളത്തില്‍ തിരിച്ചെത്തിയ പലരും നേരത്തെ വാങ്ങിയിട്ടിരുന്ന സ്ഥലത്ത് മിനി ഷോപ്പിംഗ് മാള്‍, കടമുറികള്‍ എന്നിവ നിര്‍മിച്ച് വാടകയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വാടകക്കാരെ കിട്ടാത്ത സ്ഥിതിയാണ്. നിലവിലുള്ള വാടകക്കാര്‍ക്ക് തന്നെ കൃത്യമായി വാടക നല്‍കാനും സാധിക്കുന്നില്ല. ലക്ഷങ്ങള്‍ വായ്പ എടുത്ത് നിര്‍മിച്ച കെട്ടിടങ്ങള്‍ ജപ്തി ഭീഷണി നേരിടുന്നു. മാത്രമല്ല, ഒരു കെട്ടിട ഉടമ ഏഴോളം ഇനത്തിലുള്ള നികുതികളും നല്‍കണം.
''വാടകയില്ല. നികുതി ഭാരം ഏറെ. വായ്പ പോലും തിരിച്ചടയ്ക്കാന്‍ പറ്റുന്നില്ല. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കെട്ടിട ഉടമകളുടെ പ്രശ്‌നം പറയാനിരുന്ന അവസരത്തിലാണ് കോറോണ വന്നിരിക്കുന്നത്. പകര്‍ച്ച വ്യാധി തീരുമ്പോഴേക്കും ഞങ്ങളില്‍ പലരും പാപ്പരായിട്ടുണ്ടാകും,'' ഒരു കെട്ടിട ഉടമ പറയുന്നു. വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ മുതല്‍ ഓഡിറ്റോറിയങ്ങള്‍ വരെ ഇപ്പോള്‍ പലയിടത്തും വില്‍പ്പനക്കിട്ടിരിക്കുകയാണ്.
പുതിയ ഫ്‌ളാറ്റ് പദ്ധതികളും വരുന്നില്ല
കേരളത്തില്‍ ഈ വര്‍ഷം പിറന്നിട്ട് പുതിയതായി ഒന്നോ രണ്ടോ അപ്പാര്‍ട്ട്‌മെന്റ് പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നിലവില്‍ വന്നതോടെ അതിന്റെ പരിധി വരാത്ത ചെറിയ, എട്ടോ അതില്‍ താഴെയോ ഫഌറ്റുകളുള്ള, ഭവന പദ്ധതികള്‍ നിര്‍മിച്ച് വില്‍ക്കാനാണ് ചില ബില്‍ഡര്‍മാര്‍ ശ്രമിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ തളര്‍ച്ച കേരളത്തിലെ സ്ഥലകച്ചവടത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline