കേരളത്തില്‍ റിലയന്‍സിന്റെ 10 റീറ്റെയ്ല്‍ സ്‌റ്റോറുകള്‍ കൂടി വരുന്നു

കേരളത്തില്‍ റിലയന്‍സ് റീറ്റെയ്‌ലിന്റെ പത്ത് പുതിയ ഗ്രോസറി സ്‌റ്റോറുകള്‍ കൂടി ഈ സാമ്പത്തിക വര്‍ഷത്തില്‍ തുറക്കും. റിലയന്‍സ് ഫ്രഷ്, റിലയന്‍സ് സ്മാര്‍ട്ട് ഫോര്‍മാറ്റുകളിലായി നിലവില്‍ 37 സ്‌റ്റോറുകളാണ് കേരളത്തിലുള്ളത്. ഇതില്‍ 28 എണ്ണവും ഫ്രഷ് ഫോര്‍മാറ്റാണ്.

2020 മാര്‍ച്ചിനുള്ളില്‍ പത്ത് പുതിയ സ്റ്റോറുകള്‍ കൂടി തുറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 5000 - 6000 ചതുരശ്രയടിക്കുള്ളില്‍ നില്‍ക്കുന്ന സ്‌റ്റോറുകളാണ് ഫ്രഷ് ഫോര്‍മാറ്റിലേത്. 22,000 ചതുരശ്രയടി വരെയുള്ള സ്മാര്‍ട്ട് സ്‌റ്റോറുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

റിലയന്‍സിന്റെ ഗ്രോസറി സ്‌റ്റോറുകളില്‍ നിലവില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ പ്രദേശിക അടിസ്ഥാനത്തില്‍ സോഴ്‌സ് ചെയ്യുന്നുണ്ട്. സ്‌നാക്ക്‌സ്, അരി, വെളിച്ചെണ്ണ, മസാല- കറിപ്പൊടികള്‍, ശീതള പാനീയങ്ങള്‍, ടോയ്‌ലറ്റ് സോപ്പ്, ഡിറ്റര്‍ജെന്റ്‌സ്, ഹെയര്‍ കെയര്‍ ഷാംപു, പച്ചക്കറി എന്നിവയെല്ലാം തന്നെ പ്രാദേശിക നിര്‍മാതാക്കളില്‍ നിന്ന് വാങ്ങുന്നുണ്ട്.

റിലയന്‍സിന്റെ നിലവിലെ സ്‌റ്റോറുകളില്‍ ആവശ്യമുള്ള പച്ചക്കറിയുടെ 10-15 ശതമാനം മാത്രമേ കേരളത്തില്‍ നിന്ന് സംഭരിക്കാന്‍ സാധിക്കുന്നുള്ളൂ. കൊഴിഞ്ഞാമ്പാറയിലാണ് ഗ്രൂപ്പിന്റെ ഏക കളക്ഷന്‍ സെന്റര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് പ്രത്യക്ഷമായും പരോക്ഷമായും 1500 ലേറെ പേര്‍ക്ക് റിലയന്‍സ് ഗ്രോസറി റീറ്റെയ്ല്‍ വിഭാഗം തൊഴില്‍ നല്‍കുന്നുണ്ട്. ഇതില്‍ 50 ശതമാനത്തോളം വനിതകളാണ്. ഫ്രഷ് ഫോര്‍മാറ്റിലുള്ള ഒരു സ്‌റ്റോറില്‍ തന്നെ ശരാശരി 15 ജീവനക്കാര്‍ കാണും. സ്മാര്‍ട്ടിലാണെങ്കില്‍ ഇത് 50 വരെയാകാം.

T.S Geena
T.S Geena  

Associate Editor

Related Articles
Next Story
Videos
Share it