Begin typing your search above and press return to search.
തിരഞ്ഞെടുപ്പ് കാഹളം; റബര്‍വില വര്‍ധനയ്ക്കായി വീണ്ടും മുറവിളി
വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം മെല്ലെ കടന്നിരിക്കേ, മദ്ധ്യകേരളത്തില്‍ റബര്‍ വില സംബന്ധിച്ച രാഷ്ട്രീയപ്പോര് കനത്തുതുടങ്ങി. റബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് നിലവില്‍ ആര്‍.എസ്.എസ്-4 ഇനം റബര്‍ വില കിലോയ്ക്ക് 160 രൂപയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ 146 രൂപയും നവംബറില്‍ 153 രൂപയും ശരാശരി വിലയുണ്ടായിരുന്നതാണ് ഇപ്പോള്‍ 160 രൂപയായിരിക്കുന്നത്. എന്നാല്‍, ടാപ്പിംഗ് കൂലിയടക്കം കിലോയ്ക്ക് 200 രൂപയിലേറെ ഉത്പാദനച്ചെലവുള്ളതിനാല്‍ നിലവിലെ വില വര്‍ധനയും റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതല്ല.
സബ്‌സിഡി കൂട്ടണം
വിലയിടിവിനാല്‍ നട്ടംതിരിയുന്ന റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ റബര്‍ വിലസ്ഥിരതാ ഫണ്ട് പദ്ധതി കൊണ്ടുവന്നിരുന്നു. കിലോയ്ക്ക് 150 രൂപയായിരുന്നു പദ്ധതി പ്രകാരം താങ്ങുവില പ്രഖ്യാപിച്ചത്. അതായത്, വിപണിവില 150 രൂപയ്ക്ക് താഴെയാണെങ്കില്‍ നഷ്ടം വരുന്ന തുക സബ്‌സിഡിയായി കര്‍ഷകര്‍ക്ക് നല്‍കും.
എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയിലെ താങ്ങുവില 250 രൂപയാക്കി ഉയര്‍ത്തിയെങ്കിലും ഇതിന്റെ പ്രയോജനം ലഭിച്ചത് നാമമാത്ര കര്‍ഷകര്‍ക്ക് മാത്രമാണ്. അത് മാത്രമല്ല, കിലോയ്ക്ക് 250 രൂപയ്ക്ക് പകരം 170 രൂപ കണക്കാക്കിയാണ് സബ്‌സിഡി നല്‍കിയത്. ഇത് തിരികെ 250 രൂപയാക്കുകയും എല്ലാ കര്‍ഷകര്‍ക്കും പ്രയോജനപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെടുന്നത്.
വിലസ്ഥിരതാ പദ്ധതിയിലെ താങ്ങുവില കിലോയ്ക്ക് 300 രൂപയാക്കണമെന്ന ആവശ്യവും ശക്തമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കര്‍ഷകര്‍ക്കും പുറമേ കാര്‍ഷിക മേഖലയിലെ മതപുരോഹിതന്മാരും ഈ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. മധ്യകേരളത്തിലും മലബാര്‍ മേഖലയിലും 'റബര്‍' ഒരു വോട്ടുവിഷയം ആയതിനാല്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും ആവശ്യം കൂടുതല്‍ ശക്തമായേക്കും.
കേരളത്തിന്റെ വിഹിതം താഴേക്ക്
റബര്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം ഇന്ത്യയില്‍ നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-ഒക്ടോബറില്‍ സ്വാഭാവിക റബര്‍ (Natural Rubber) ഉത്പാദനം 4.35 ലക്ഷം ടണ്ണാണ്. 8.37 ലക്ഷം ടണ്ണായിരുന്നു ഇക്കാലയളവിലെ മൊത്തം ഉപഭോഗം. ശ്രീലങ്ക, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്താണ് ഉപഭോഗത്തിനുള്ള ബാക്കി കണ്ടെത്തിയത്.
2022-23ല്‍ ആഭ്യന്തര ഉത്പാദനം മുന്‍വര്‍ഷത്തെ 7.75 ലക്ഷം ടണ്ണില്‍ നിന്ന് 8.39 ലക്ഷം ടണ്ണായി വര്‍ധിച്ചിരുന്നു. ഈ വര്‍ഷം ഉത്പാദനം 5 ശതമാനം വര്‍ധിക്കുമെന്നാണ് വിലയിരുത്തലുകള്‍.
അതേസമയം, ഉത്പാദനത്തില്‍ കേരളത്തിന്റെ പങ്ക് താഴേക്കാണ്. കഴിഞ്ഞവര്‍ഷം കേരളത്തിന്റെ വിഹിതം 90 ശതമാനത്തില്‍ നിന്ന് 78 ശതമാനത്തിലേക്കാണ് കുറഞ്ഞത്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളുടെ വിഹിതം 10ല്‍ നിന്ന് 16 ശതമാനത്തിലേക്ക് കൂടി.
Next Story
Videos