കോവിഡ് ഭീതി: കാര്‍ഷികമേഖലയില്‍ വന്‍ നാശം, രണ്ടാഴ്ചയ്ക്കു ശേഷം കാത്തിരിക്കുന്നത് ക്ഷാമം

കൊറോണയെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണമായി സ്തംഭിച്ചതോടെ കേരളത്തിലെ പഴം,പച്ചക്കറി, നാണ്യവിള കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടം. കൃഷിപ്പണികള്‍പൂര്‍ണമായും സ്തംഭിച്ചതിനാല്‍ രണ്ടാഴ്ചയ്ക്കുശേഷം കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ക്ഷാമം വന്നേക്കും

fruits

കോവിഡ് ബാധ കേരളത്തിലെ പഴം, പച്ചക്കറി ഉല്‍പ്പാദന രംഗത്തെയും കനത്ത നഷ്ടത്തിലേക്ക് തള്ളി വിട്ടിരിക്കുന്നു. മാങ്ങ, പൈനാപ്പിള്‍, നേന്ത്രപ്പഴം എന്നുവേണ്ട ഈ സീസണില്‍ പാകമാകുന്ന വിളകള്‍ക്കെല്ലാം കോവിഡ് ബാധ തിരിച്ചടിയായിരിക്കുകയാണ്.

പാലക്കാട് മുതലമലമടയിലെ മാംഗോ സിറ്റിക്ക് 200 കോടിയിലേറെ നഷ്ടമാണ്കണക്കാക്കുന്നത്. മാര്‍ച്ച് പകുതി മുതല്‍ ഏപ്രില്‍ മൂന്നാം വാരം വരെയുള്ള 40 ദീവസങ്ങളിലാണ് രാജ്യത്തിനകത്തും പുറത്തുമുള്ള വിപണിയിലേക്ക് ഇവിടെനിന്ന് മാങ്ങ കയറ്റി അയക്കുന്നത്. പ്രതിദിനം ഉത്തരേന്ത്യന്‍ വിപണികളിലേക്ക് ഇവിടെ നിന്ന് 50 മുതല്‍ 75 വരെ ടണ്‍ മാങ്ങ കയറ്റി അയക്കുമായിരുന്നു.

10,000 ഹെക്ടറോളമുള്ള മാവിന്‍ തോട്ടങ്ങളില്‍ ഇപ്പോള്‍ മാങ്ങ പറിക്കാനും തരംതിരിക്കാനും തൊഴിലാളികളില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ ജോലികള്‍ ചെയ്തിരുന്നത്. അവരെല്ലാം തിരിച്ചുപോയി. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ തോട്ടങ്ങളിലേക്ക് തൊഴിലാളികള്‍ വരാതായി. ഈ തോട്ടങ്ങളില്‍ ഇനിയും ആയിരക്കണക്കിന് ടണ്‍ മാങ്ങ പറിക്കാതെ ശേഷിക്കുന്നുണ്ട്. തോട്ടങ്ങളിലെ ജോലികള്‍ ഒന്നും നടക്കാത്തതിനാല്‍ ഇവ നശിച്ചുപോകും.

പൈനാപ്പിള്‍ കൃഷിക്ക് പേരുകേട്ട വാഴക്കുളത്തെ കര്‍ഷകരും പ്രതിസന്ധിയുടെ നടുവിലാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിള്‍ കയറ്റി അയക്കാനും സാധിക്കുന്നില്ല. ആഭ്യന്തര വിപണിയിലേക്കുള്ള ചരക്ക് നീക്കവും സ്തംഭിച്ചിരിക്കുന്നു. ആരും പുറത്തിറങ്ങാത്തതിനാല്‍ പൈനാപ്പിള്‍ കേരളത്തില്‍ തന്നെ വിറ്റഴിക്കാന്‍ പോലും പറ്റുന്നില്ല. വില്‍ക്കാന്‍ വഴിയില്ലാത്തതിനാല്‍ പാകമെത്തിയ പൈനാപ്പിള്‍ വിളവെടുക്കാതെ നിര്‍ത്തിയിരിക്കുകയാണ് കര്‍ഷകര്‍. വാഴക്കുളത്തു നിന്ന് പ്രതിദിനം 1200 ടണ്‍ പൈനാപ്പിളാണ് കയറ്റി അയക്കുന്നത്. പൈനാപ്പിള്‍ മേഖലയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരും വ്യാപാരികളും ഇടനിലക്കാരുമെല്ലാം ഇവിടെ ഉപജീവനമാര്‍ഗം നയിക്കുന്നുണ്ട്. കോടികളുടെ നഷ്ടമാണ് പ്രതിദിനം ഇവിടെ ഉണ്ടാകുന്നത്. വേനല്‍ക്കാലത്താണ് പൈനാപ്പിളിന് പൊതുവേ ഉയര്‍ന്ന വില ലഭിക്കുന്നത്. സംസ്ഥാനത്തെ വിവിധ പൈനാപ്പിള്‍ തോട്ടങ്ങളില്‍ ഏകദേശം 5000 ടണ്‍പൈനാപ്പിള്‍ വിളവെടുക്കാതെ കിടക്കുന്നുണ്ടെന്നാണ് കണക്കുകൂട്ടല്‍. പൈനാപ്പിള്‍ തോട്ടങ്ങളിലെ ജോലികളും സ്തംഭിച്ചിരിക്കുകയാണ്.

അതുപോലെ സംസ്ഥാനത്തു നിന്നുള്ള കാപ്പി, തേയില കയറ്റുമതിയിലുംഇടിവുണ്ടായിട്ടുണ്ട്. ഇറ്റലി, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ കോവിഡ് വലിയദുരന്തം വിതയ്ക്കുന്നതിനാല്‍ ഈ രാജ്യങ്ങളില്‍ നിന്ന് പുതിയഓര്‍ഡറുകളൊന്നും ലഭിക്കുന്നില്ല. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍കാപ്പി കയറ്റുമതി ചെയ്യുന്നത് ഇറ്റലിയിലേക്കാണ്. മൊത്തം കാപ്പികയറ്റുമതിയുടെ 20 ശതമാനത്തോളം. ഏപ്രില്‍ – ജൂണ്‍ കാലയളവിലേക്കുള്ളഓര്‍ഡറുകളാണ് ഇപ്പോള്‍ ലഭിക്കേണ്ടത്. അതില്‍ വലിയ കുറവാണ്ഉണ്ടായിരിക്കുന്നത്. ലഭിച്ച ഓര്‍ഡറുകള്‍ തന്നെ കണ്ടെയ്‌നര്‍ ലഭിക്കാത്തതിനാല്‍ കയറ്റുമതി ചെയ്യാനും പ്രയാസം നേരിടുന്നുണ്ട്.

തേയില കയറ്റുമതിയിലും വലിയ ഇടിവാണ്. കൊച്ചി തുറമുഖത്ത് വന്‍ തോതില്‍തേയില ഇറക്കുമതി ചെയ്യാതെ കെട്ടികിടക്കുകയാണ്. കയറ്റുമതിയിലെ തടസ്സവും വിലയിടിവും തോട്ടം മേഖലയ്ക്ക് കനത്ത പ്രഹരമാണ്. ഉല്‍പ്പാദന ചെലവിനേക്കാള്‍ കുറഞ്ഞ വിലയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് ഈരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ഭക്ഷ്യോല്‍പ്പാദന രംഗത്ത് മതിയായ സുരക്ഷാ സംവിധാനം ഒരുക്കിതൊഴിലാളികളെ വിന്യസിച്ചില്ലെങ്കില്‍ രണ്ടാഴ്ച കഴിയുമ്പോള്‍ രൂക്ഷമായഭക്ഷ്യക്ഷാമം നേരിടേണ്ടി വരുമെന്ന് അഗ്രിപ്രണറായ റോഷന്‍ കൈനടിചൂണ്ടിക്കാട്ടുന്നു. ”കൃഷിയിടങ്ങളില്‍ പണികള്‍ നടന്നില്ലെങ്കില്‍ എല്ലാം നശിക്കും. പഴങ്ങളേക്കാള്‍ കഷ്ടമാകും പച്ചക്കറികളുടെ സ്ഥിതി. 21 ദിവസത്തെസമ്പൂര്‍ണ അടച്ചുപൂട്ടല്‍ കഴിഞ്ഞ് തോട്ടങ്ങളില്‍ ചെല്ലുമ്പോള്‍ വിളകള്‍നശിച്ചുകാണും. ഈ സാഹചര്യത്തില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍കര്‍ഷകര്‍ നിലവില്‍ ഉല്‍പ്പാദിപ്പിച്ച വിളകള്‍ക്ക് വിപണി ഉറപ്പാക്കാനുംകൃഷിയിടങ്ങളിലെ അത്യാവശ്യ ജോലികള്‍ ചെയ്യാന്‍ വേണ്ട സൗകര്യമൊരുക്കാനും പ്രത്യേകം ശ്രദ്ധ കൊടുക്കണം,” റോഷന്‍ കൈനടി ചൂണ്ടിക്കാട്ടുന്നു.

രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ കനത്ത വിലയിടിവ് മൂലം കഷ്ടപ്പെടുകയാണ്. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് തക്കാളിക്ക് കിലോഗ്രാമിന് രണ്ടു രൂപ പോലുംലഭിക്കുന്നില്ല. മുന്തിര, തണ്ണിമത്തന്‍, പഴം, കോട്ടണ്‍, മുളക്, മഞ്ഞള്‍,മല്ലി, ജീരകം, ഉള്ളി, ഉരുളക്കിഴങ്ങ് കര്‍ഷകരെല്ലാം തന്നെ പ്രതിസന്ധിയിലായിരിക്കുന്നു. മുന്തിരി കര്‍ഷകര്‍ക്ക് 1000 കോടിയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നാണ്കണക്കുകൂട്ടല്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here