പണമൊഴുക്ക് അവസാനിച്ചപ്പോള്‍ ചെലവ് ചുരുക്കലിലേക്ക്; കൂട്ടപ്പിരിച്ചുവിടലിന്റെ കാലം

ഹൈദരാബാദില്‍ നിന്നുള്ള ഹിമാന്‍ഷുവിനെ കുറിച്ച് നിങ്ങള്‍ കുറച്ച് പേരെങ്കിലും ഇപ്പോള്‍ അറിഞ്ഞിട്ടുണ്ടാവും. ഫേസ്ബുക്ക് കമ്പനി മെറ്റയയുടെ കാനഡയിലുള്ള ഓഫീസില്‍ എത്തിയ ഹിമാന്‍ഷുവിന് രണ്ട് ദിവസം മാത്രമാണ് ജോലി ചെയ്യാന്‍ അവസരം ലഭിച്ചത്. മെറ്റയിലെ കൂട്ടപ്പിരിച്ചുവിടലില്‍ ഈ ചെറുപ്പക്കാരന്റെയും ജോലി നഷ്ടമായി. പിരിച്ചുവിടപ്പെട്ട കാര്യം പറഞ്ഞുകൊണ്ട് ഹിമാന്‍ഷു ലിങ്ക്ഡ്ഇില്‍ പങ്കുവെച്ച പോസ്റ്റ് വൈറല്‍ ആയിരുന്നു.

ഹിമാന്‍ഷുവിനെ പോലെ നിരവധി ഇന്ത്യക്കാര്‍ക്കാണ് ഈ വര്‍ഷം ജോലി നഷ്ടപ്പെട്ടത്. ജീവനക്കാരെ പറഞ്ഞുവിട്ട മെറ്റയും ട്വിറ്ററും മുതല്‍ മലയാളിയായ ബൈജൂ രവീന്ദ്രന്റെ ബൈജ്യൂസിന് വരെ ലക്ഷ്യം ഒന്ന് മാത്രമാണ്, ചെലവ് കുറയ്ക്കുക. വരുമാനം ഇടിഞ്ഞതും മെറ്റാവേഴ്‌സ് പ്രോജക്ട് നഷ്ടത്തിലായതുമാണ് മെറ്റയ്ക്ക് തിരിച്ചടിയായത്. സ്റ്റാര്‍ട്ടപ്പുകളെ മാറ്റി നിര്‍ത്തിയാല്‍ വരും ദിവസങ്ങളില്‍ ഒരുപക്ഷെ പ്രശസ്തമായ മറ്റ് ടെക്ക് കമ്പനികളും മെറ്റയുടെ പാത സ്വീകരിച്ചേക്കാം. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ചെലവ് ചുരുക്കലിനുളള തയ്യാറെടുപ്പിലാണ്. പുതിയ നിയമനങ്ങള്‍ കുറയ്ക്കുമെന്ന് സിഇഒ സുന്ദര്‍ പിച്ചെ വ്യക്തമാക്കിയിട്ടുണ്ട്. വരുമാനം ഇടിഞ്ഞ ആമസോണും ചെലവ് ചുരുക്കലിന്റെ പാതയിലാണ്.

പുതിയ നിയമനങ്ങള്‍ നേരത്തെ തന്നെ മരവിപ്പിച്ച മൈക്രോസോഫ്റ്റ് 1000ല്‍ താഴെ ആളുകളെ പറഞ്ഞുവിട്ടെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ പേയ്‌മെന്റ് സ്ഥാപനം സ്‌ട്രൈപ്, കോയിന്‍ബേസ്, ഷോപിഫൈ, നെറ്റ്ഫ്‌ലിക്‌സ്, സ്‌നാപ്, ടെസ് ല തുടങ്ങിയവയൊക്കെ ജീവനക്കാരെ പറഞ്ഞുവിട്ട അമേരിക്കന്‍ കമ്പനികളാണ്. യുഎസില്‍ ജോലി നഷ്ടമായ ഇന്ത്യന്‍ ടെക്കികളോട് മടങ്ങിവരാന്‍ യുണീകോണ്‍ സ്റ്റാര്‍ട്ടപ്പായ ഡ്രീം11ന്റെ സിഇഒ ഹര്‍ഷ് ജെയിന്‍ ലിങ്ക്ഡ്ഇന്നിലൂടെ ആഹ്വാനം ചെയ്തത് വൈറലായിരുന്നു. അടുത്ത ദശകത്തിലെ ഇന്ത്യയുടെ സാധ്യതകള്‍ മുന്‍ നിര്‍ത്തിയായിരുന്നു ഹര്‍ഷിന്റെ പോസ്റ്റ്.

കോവിഡ് സമയത്ത് ടെക്ക് മേഖലയിലെ കമ്പനികളൊക്കെ വലിയ നേട്ടമാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് ജീവനക്കാരുടെ എണ്ണം ഉയര്‍ത്തിയ കമ്പനികള്‍ക്ക് പിന്നീട് ഈ വളര്‍ച്ച നിലനിര്‍ത്താനായില്ല. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ സാമ്പത്തി മാന്ദ്യ ഭീക്ഷണി, വിലക്കയറ്റം, ഉയര്‍ന്ന പലിശ നിരക്ക് തുടങ്ങിയവ ടെക്ക് കമ്പനികളുടെ വരുമാനത്തെ ബാധിച്ചു. ജനങ്ങളുടെ ജീവിതച്ചെലവ് ഉയരുകയും ചെലവഴിക്കല്‍ രീതിയില്‍ മാറ്റം വരുകയും ചെയ്തു. വിദേശ വിപണിയെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ടെക്ക് കമ്പനികള്‍ ഇന്ത്യയിലുണ്ട്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ഈ കമ്പനികളെയും ബാധിക്കും. എന്നാല്‍ യുഎസിലുണ്ടായ പോലെ വലിയൊരു പിരിച്ചുവിടല്‍ ഇന്ത്യന്‍ ടെക്ക് കമ്പനികളില്‍ ഉണ്ടാവില്ലെന്ന് ടെക്ക്ജെന്‍ഷ്യ സിഇഒ ജോയി സെബാസ്റ്റ്യൻ പറയുന്നു.

ടോപ്, മിഡില്‍ ലെവര്‍ ജീവനക്കാരുടെ എണ്ണം ഇന്ത്യന്‍ കമ്പനികള്‍ കുറച്ചേക്കാം. കേരളത്തില്‍ ഉള്‍പ്പടെ ഐടി മേഖലയിലെ ശമ്പള ചെലവ് രണ്ട് വര്‍ഷത്തിനിടെ 50 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ ഫ്രഷേഴ്‌സിനെ എടുത്ത് കൊണ്ട് ചെലവ് കുറയ്ക്കാനാവും കമ്പനികള്‍ ശ്രമിക്കുകയെന്നും ജോയി സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി. 2022 തുടങ്ങിയ ശേഷം അണ്‍അക്കാദമി, കാര്‍സ്24, ഒല, മീഷോ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ പതിനായിരത്തോളം പേരെയാണ് പറഞ്ഞുവിട്ടത്. സാമ്പത്തിക മാന്ദ്യം ഉണ്ടാവുമോ എന്ന ആശങ്കയില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍ ഫണ്ടിംഗ് കുറച്ചതാണ് സ്റ്റാര്‍ട്ടപ്പുകളെ ബാധിച്ചത്. ഇനി ഈ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഫണ്ടിംഗ് എത്തില്ല എന്നല്ല ഇതിനര്‍ത്ഥമെന്നും മാന്ദ്യ ഭീക്ഷണി മാറിയ ശേഷം വീണ്ടും പഴയ രീതിയിലേക്ക് കാര്യങ്ങള്‍ എത്താമെന്നും ജോയി സെബാസ്റ്റ്യൻ പറഞ്ഞു. ഫണ്ടിംഗ് കുറഞ്ഞതോടെ ജീവനക്കാരുടെ എണ്ണവും അനാവശ്യ ചെലവുകളും കുറച്ചുകൊണ്ട് നഷ്ടക്കണക്കുകള്‍ ചുരുക്കാനുള്ള ശ്രമത്തിലാണ് സ്റ്റാര്‍ട്ടപ്പുകളെല്ലാം.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it