റബര്‍വില ഇനിയും താഴുമോ? ഈ ഘടകങ്ങള്‍ നിര്‍ണായകം
ചൈനയും കേരളത്തിലെ റബര്‍ കര്‍ഷകരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? തീര്‍ച്ചയായും. ഒരുപക്ഷേ, മാസങ്ങളായി തുടരുന്ന കേരളത്തിലെ റബര്‍ വിലയിടിവിന്റെ കാരണം തേടി പോയാല്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് കിട്ടുന്ന ഉത്തരവും ഇതായിരിക്കും. കോവിഡ് മഹാമാരിയുടെ ആശങ്കകള്‍ ലോകത്തുനിന്ന് നീങ്ങിയെങ്കിലും ചൈനയില്‍ കോവിഡ് കേസുകള്‍ തുടരുന്നതാണ് ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ റബര്‍ വിപണിക്ക് തിരിച്ചടിയാകുന്നത്. കേരളത്തില്‍ മാത്രം 12 ക്ഷത്തോളം റബര്‍ കര്‍ഷകരാണുള്ളത്.
ആഗോളതലത്തില്‍ തന്നെ റബര്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. എന്നാല്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ആരംഭിച്ച കോവിഡ് വ്യാപനം കാരണം ഫാക്ടറികള്‍ അടച്ചിട്ടതോടെ ചൈനയിലെ ഉല്‍പ്പാദന മേഖല കനത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. ചൈനയിലെ ഇലക്ട്രിസിറ്റി ക്ഷാമവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇതാണ് ആഗോളതലത്തിലെ റബര്‍ വിലയിടിവിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
സീസണിലും രക്ഷയില്ല
ആഗോളതലത്തില്‍ ഡിസംബര്‍ വരെയുള്ള കാലയളവാണ് റബറിന്റെ സപ്ലൈ സീസണായി കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് വിയറ്റ്‌നാം അടക്കമുള്ള വിവിധ രാജ്യങ്ങളില്‍നിന്ന് റബര്‍ സുലഭമായി ലഭിക്കും. എന്നാല്‍ ആഗോളതലത്തിലെ പ്രതിസന്ധികള്‍ കാരണം റബറിന്റെ ഡിമാന്റ് വളരെയധികം കുറവാണ്. ചൈനയ്ക്ക് പുറമെ യൂറോപ്പിലെയും യുഎസിലെയും പ്രശ്‌നങ്ങളും റബറിന്റെ ഡിമാന്റിനെ ബാധിച്ചു.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ ഫലമായുണ്ടായ ഊര്‍ജ ക്ഷാമമാണ് യൂറോപ്പിന് തിരിച്ചടിയായത്. റഷ്യ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പൈപ്‌ലൈന്‍ വാതക വിതരണം നിര്‍ത്തിവെച്ചതോടെ യൂറോപ്പിലെ വ്യവസായ മേഖല കനത്ത ഊര്‍ജക്ഷാമത്തിലാണ്. ഇതിന്റെ ഫലമായി ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറച്ചിരിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതും ആഗോളതലത്തില്‍ റബര്‍ മേഖലയില്‍ പ്രതിഫലിച്ചു.
അമേരിക്കയിലെ ഉയര്‍ന്ന പണപ്പെരുപ്പമാണ് മറ്റൊരു ഘടകം. നിലവില്‍ യുഎസിലെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് ഉയര്‍ന്ന നിലയിലാണ്. ഇതിന്റെ ഫലമായി ഈ മാസം നടക്കാനിരിക്കുന്ന മോണിറ്ററി പോളിസി യോഗത്തില്‍ ഫെഡ് നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. ഇത് അമേരിക്കയിലെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമ്പോള്‍ റബര്‍ മേഖല കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഐവറി കോസ്റ്റ് ഇന്ത്യക്ക് പണിയാകുമോ?
ആഗോള റബര്‍ വിപണിയില്‍ ഐവറി കോസ്റ്റില്‍നിന്നുള്ള കയറ്റുമതിയിലൂടെ ആഫ്രിക്കന്‍ റബറിന്റെ സാന്നിധ്യം വര്‍ധിച്ചുവരികയാണ്. 2022ല്‍ 13 മില്യണ്‍ ടണ്ണാണ് ഐവറി കോസ്റ്റ് കയറ്റുമതി ചെയ്തത്. ഇത് ആകെ വിപണിയുടെ 9-10 ശതമാനത്തോളമേ വരുന്നുള്ളൂവെങ്കിലും ഇന്ത്യന്‍ കമ്പനികള്‍ പോലും ഇവയോട് താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. നിലവില്‍ പല കമ്പനികളും ഐവറി കോസ്റ്റില്‍നിന്ന് ഇന്ത്യയിലേക്ക് റബര്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. പ്രൊഡക്ഷന്‍ ചെലവ് കുറവാണെന്നതാണ് ഇതിന്റെ പ്രധാനകാരണം. കേരളത്തില്‍നിന്നുള്ള റബര്‍ ഉപയോഗിക്കുന്നവര്‍ ഐവറി കോസ്റ്റില്‍നിന്നുള്ള റബറിലേക്ക് തിരിഞ്ഞാല്‍ കേരളത്തിലെ കര്‍ഷകര്‍ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങേണ്ടിവരും.
ഇനിയെന്ത്, പ്രതിസന്ധി തുടരുമോ?
ചൈനയിലെ പ്രതിസന്ധികള്‍ നീങ്ങിയാല്‍ മാത്രമേ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കുകയുള്ളൂവെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ചൈനയിലെ കോവിഡ് ലോക്ക്ഡൗണുകള്‍ നീങ്ങി ഇലക്ട്രിസിറ്റി പ്രതിസന്ധി മാറി ഉല്‍പ്പാദനരംഗം തിരിച്ചുവന്നാല്‍ റബര്‍ മേഖലയിലും ഗുണകരമായ മാറ്റങ്ങളുണ്ടാകും. ചൈനയിലെ സ്ഥിതി തുടര്‍ന്നാല്‍ ഡിസംബര്‍ പകുതി വരെ ഇന്ത്യയിലെ റബര്‍ വിപണിയിലും തല്‍സ്ഥിതിയായിരിക്കും.