നിര്‍മാണ വസ്തുക്കളുടെ ക്ഷാമം; കേരളത്തില്‍ വാഹനങ്ങള്‍ക്കായുള്ള കാത്തിരിപ്പ് ഇനിയും നീളുമോ ?

കഴിഞ്ഞ ദിവസം തൃശൂര്‍ മണ്ണൂത്തി ബൈപാസിലെ ഫോക്‌സ് വാഗണ്‍ ഷോറൂമില്‍ നിന്ന് ഒരാള്‍ ഇഷ്ട നിറമുള്ള വാഹനം സ്വന്തമാക്കിയത് ഒരു ലക്ഷം രൂപ അധികം നല്‍കിയാണ്. കേരളത്തില്‍ വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള കാത്തിരിപ്പിന്റെ ദൈര്‍ഘ്യം വര്‍ധിക്കുകയാണ്. കൊവിഡിനെ തുടര്‍ന്ന് സെമികണ്ടക്റ്റര്‍ ചിപ്പുകള്‍ ഉള്‍പ്പടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം മൂലം പ്രതിസന്ധിയിലായിരുന്നു വാഹന വിപണി.ഇപ്പോള്‍ റഷ്യ- യുക്രെയ്ന്‍ യുദ്ധം ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയാണ്.

മാരുതി സുസുക്കി പുതുതായി അവതരിപ്പിച്ച ബലേനോയുടെ ചില വേരിയന്റുകള്‍ കേരളത്തിന്‍ കിട്ടാനില്ല. ഇഷ്ടനിറം ഉള്‍പ്പടെ നോക്കുന്നവരുടെ കാത്തിരിപ്പ് മൂന്ന് മാസത്തോളം നീളും. സാധാരണ ഗതിയില്‍ 5-6 ആഴ്ചവരെയാണ് മാരുതി വാഹനങ്ങളുടെ ബുക്കിംഗ് പിരീഡ്. നേരത്തേത് പോലെ മാരുതിയില്‍ ഉല്‍പ്പാദനം നടക്കുന്നില്ലെന്നും അതിന്റേതായ കാലതാമസം പല മോഡലുകള്‍ക്കും ഉണ്ടെന്നും ഒരു പ്രമുഖ ഷോറൂമുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി
അതേ സമയം ടാറ്റ മോട്ടോഴ്‌സിന്റെ വാഹനങ്ങള്‍ ലഭിക്കാന്‍ 1-8 മാസം വരെ കാത്തിരിക്കണം. മിനി എസ്‌യുവി പഞ്ചിനാണ് 8 മാസത്തെ ബുക്കിംഗ് പിരീഡ്. വേരിയന്റിന് അനുസരിച്ച് വണ്ടി ലഭിക്കാനുള്ള സമയത്തില്‍ വ്യത്യാസം വരുമെന്ന് ടാറ്റ മോട്ടോഴ്‌സ് മലയാളം ബിസിനസ് ഹെഡ് നിതിന്‍ ഷാ ജോസ് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്‍ഡ് ഇരട്ടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഓണക്കാലത്ത് വിതരണത്തിലുണ്ടായ അത്രയും പ്രശ്‌നം ഇപ്പോള്‍ ഇല്ലെന്നാണ് ഈ മേഖലയില്‍ ഉള്ളവര്‍ പറയുന്നത്. ഓരോ മോഡലുകളുടെയും ഡിമാന്‍ഡ് അനുസരിച്ച് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവരും രണ്ട് മാസത്തോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്.
നിര്‍മാണച്ചെലവ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ വാഹന നിര്‍മാതാക്കള്‍ കൃത്യമായ ഇടവേളകളില്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ യുദ്ധത്തെ തുടര്‍ന്നുണ്ടായ വിലക്കയറ്റത്തെ മറികടക്കാന്‍ പെട്ടന്ന് വിലവര്‍ധിപ്പിക്കുന്നത് ഗുണകരമാവില്ല എന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായി ഉണ്ടായ വിലവര്‍ധനവ് വാഹന വില്‍പ്പനയെയും ബാധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022 ഫെബ്രുവരിയില്‍ മാരുതി സുസുക്കിയുടെ ആഭ്യന്തര വില്‍പ്പനയില്‍ 8.46 ശതമാനം ഇടിവാണ് ഉണ്ടായത്. പുതിയ വാഹനങ്ങളുടെ വില ഉയര്‍ന്നത് മൂലം സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ ഡിമാന്‍ രാജ്യത്തുടനീളം വര്‍ധിച്ചിരുന്നു.
ചിപ്പ് നിര്‍മാണത്തിന് ആവശ്യമായ നിയോണ്‍ ഗ്യാസിന്റെ ആകെ ഉല്‍പ്പാദനത്തിന്റെ 40-45 ശതമാനവും സംഭാവന ചെയ്യുന്നത് യുക്രെയ്‌നിലെ ഇന്‍ഗ്യാസ്, ക്രൈയോണ്‍ എന്നീ രണ്ട് കമ്പനികളാണ്. യുദ്ധത്തെ തുടര്‍ന്ന് ഈ കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ വാഹന നിര്‍മാതാക്കള്‍ക്ക് ഉല്‍പ്പാദനം കുറയ്‌ക്കേണ്ടി വന്നേക്കാം. ഇത് ബുക്ക് ചെയ്ത വാഹനങ്ങള്‍ക്കായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് വീണ്ടും ഉയരാന്‍ കാരണമാവും.



Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it