Begin typing your search above and press return to search.
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുക ലഭിക്കുമ്പോള്‍ ആദായ നികുതി നല്‍കേണ്ടിവരുമോ? അറിയാം
എല്‍ഐസി ഉള്‍പ്പെടെയുള്ള കമ്പനികളുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലേക്ക് പ്രീമിയം അടയ്ക്കുമ്പോള്‍ ആദായ നികുതി നിയമത്തിന്റെ വകുപ്പ് 80 സി അനുസരിച്ച് കിഴിവ് ക്ലെയിം ചെയ്യുവാന്‍ സാധിക്കുന്ന കാര്യം വളരെ സുപരിചിതമാണ്. എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുക ലഭിക്കുമ്പോള്‍ ആദായ നികുതി ബാധകമാണോ? ഒരുപാട് വ്യക്തികള്‍ ഉന്നയിക്കുന്ന ഒരു സംശയമാണ്. മേല്‍സാഹചര്യത്തില്‍ പ്രസ്തുത കാര്യങ്ങള്‍ വിശദീകരിക്കുന്നു.
1. താഴെ പറയുന്ന സാഹചര്യങ്ങളിലാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുക ലഭിക്കുക
* പോളിസി സറണ്ടര്‍ ചെയ്യുമ്പോള്‍ (ഭാഗികമായി മാത്രം തുക ലഭിക്കുന്നു)
* മരണം പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍
* കാലാവധി കഴിയുമ്പോള്‍
2. ആദായ നികുതി നിയമത്തിന്റെ വകുപ്പ് 10 (10 D) അനുസരിച്ചാണ് പ്രസ്തുത തുക ആദായ നികുതിയുടെ പരിധിയില്‍ വരുമോ എന്ന കാര്യം തീരുമാനിക്കുന്നത്.
* വകുപ്പ് 10 (10 D) അനുസരിച്ച് താഴെ ചേര്‍ക്കുന്ന തുകകള്‍ ഒഴികെ മറ്റെല്ലാ പോളിസി തുകകളും (ബോണസ് ഉള്‍പ്പെടെ) ആദായ നികുതിയുടെ പരിധിയില്‍ വരുന്നതല്ല. അതിനാല്‍ വകുപ്പ് 10 (10 D) വളരെ പ്രസക്തമാണ്.
(a) വിഭിന്ന ശേഷിയുള്ള ആശ്രിതരായ വ്യക്തികളുടെ ക്ഷേമത്തിന് വേണ്ടി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിക്ഷേപിച്ച തുക വകുപ്പ് 80 DD (3) അനുസരിച്ച് ലഭിക്കുമ്പോള്‍
(b) കീമാന്‍ ഇന്‍ഷുറന്‍സ് പോളിസി തുക (ജീവനക്കാരന്റെ മേല്‍ എടുക്കുന്ന പോളിസിയാണ് കീമാന്‍ ഇന്‍ഷുറന്‍സ് പോളിസി) ലഭിക്കുമ്പോള്‍
(c) 01/04/2003 നും 31/03/2012 നും ഇടയില്‍ ഇഷ്യു ചെയ്ത പോളിസിയാണെങ്കില്‍ ഏതെങ്കിലും വര്‍ഷം Actual Capital Sum Assured ന്റെ 20 ശതമാനത്തില്‍ അധികം തുക പ്രീമിയമായി അടച്ചിട്ടുണ്ടെങ്കില്‍ അത്തരത്തിലുള്ള പോളിസികളുടെ മേല്‍ ഏതെങ്കിലും തുക ലഭിക്കുമ്പോള്‍.
(d) 01/04/2012ന് ശേഷം ഇഷ്യു ചെയ്ത പോളിസിയാണെങ്കില്‍ ഏതെങ്കിലും വര്‍ഷം Actual Capital Sum Assured ന്റെ 10 ശതമാനത്തില്‍ അധികം തുക പ്രീമിയമായി അടച്ചിട്ടുണ്ടെങ്കില്‍ അത്തരത്തിലുള്ള പോളിസികളുടെ മേല്‍ ഏതെങ്കിലും തുക ലഭിക്കുമ്പോള്‍.
എന്നാല്‍ 01/04/2013 ന് ശേഷം വിഭിന്ന ശേഷിയുള്ള വ്യക്തികള്‍ക്ക് വേണ്ടിയും (As per Sec 80 U) ഇഷ്യു ചെയ്ത പോളിസിയുടെ കാര്യത്തിന്മേല്‍ പ്രസ്താവിച്ച 10 ശതമാനം എന്നത് 15 ശതമാനം എന്നായിരിക്കും.
3. 01/02/2021 മുതല്‍ ഇഷ്യു ചെയ്ത യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികളുടെ വാര്‍ഷിക പ്രീമിയം 2.5 ലക്ഷത്തിലധികമാണെങ്കില്‍ മേല്‍പ്പറഞ്ഞ 10 (10b) അനുസരിച്ചിട്ടുള്ള ഒഴിവാക്കല്‍ ലഭിക്കുന്നതല്ല. എന്നാല്‍ മരണസമയത്ത് ലഭിക്കുന്ന തുകയ്ക്ക് ഒഴിവാക്കല്‍ ബാധകമാണ്.
Next Story
Videos