ആവേശം കൈവിടാതെ വിപണി; പലിശപ്പേടി അകലുന്നു; ഡോളറും ക്രൂഡും താഴുന്നത് ഓഹരികളെ തുണയ്ക്കും

ഇന്നലെ ഒരിടത്തും വിപണികൾ അമിത ആവേശമോ തണുപ്പോ കാണിച്ചില്ല. പ്രതീക്ഷിച്ച കാര്യങ്ങൾ മാത്രം സംഭവിക്കുമ്പോൾ അങ്ങനെയാണല്ലോ. അസാധാരണമായി ഒന്നും ഉണ്ടായില്ല.

എങ്കിലും ഇന്നു ആവേശത്തോടെ കുതിപ്പ് തുടരാനുള്ള അന്തരീക്ഷം ഒരുങ്ങിയിട്ടുണ്ട്. ഡോളറും ക്രൂഡ് ഓയിലും താഴാേട്ടു നീങ്ങുന്നതും വിപണികളെ സഹായിക്കും.

ഫാക്ടറി പ്രവർത്തനങ്ങളിൽ ക്ഷീണം, സേവന മേഖലയുടെ വളർച്ചയിൽ വീണ്ടും ഇടിവ്, പാർപ്പിട വിൽപനയിൽ ഗണ്യമായ വർധന. ഇങ്ങനെയുള്ള യുഎസ് സാമ്പത്തിക സൂചകങ്ങൾ ഒന്നും വിപണിയുടെ ദിശാബോധം തിരുത്താൻ പര്യാപ്തമായില്ല.
പലിശ വർധനയുടെ തോതു കുറയ്ക്കണമെന്നു കൂടുതൽ അംഗങ്ങൾ ആവശ്യപ്പെടുന്നു എന്ന ഫെഡ് യോഗ മിനിറ്റ്സിലെ അനുകൂല പരാമർശം പോലും കാര്യമായ ചലനം ഉണ്ടാക്കിയില്ല. ഇടയ്ക്കു നഷ്ടത്തിലായ സൂചികകൾ മിതമായ നേട്ടത്തിൽ ക്ലോസ് ചെയ്തു എന്നു മാത്രം മിച്ചം.
ഇന്ത്യൻ വിപണി തലേന്നത്തെ നേട്ടത്തെ പിഞ്ചെന്നെങ്കിലും അവസാന മണിക്കൂറിലെ വിൽപന പ്രളയത്തിൽ നേട്ടത്തിൻ്റെ നല്ല ഭാഗം നഷ്ടപ്പെടുത്തി. ചെറിയ നേട്ടം മാത്രമേ ക്ലോസിംഗ് നിരക്കിൽ ഉണ്ടായുള്ളു. എന്നാൽ യുഎസ് ഫ്യൂച്ചേഴ്സ് നല്ല നേട്ടത്തിലായത് ഏഷ്യൻ വിപണികളെ ഉത്സാഹിപ്പിക്കുന്നു. യൂറോപ്പിലും സൂചികകൾ ഇന്നലെ മിതമായ നേട്ടത്തോടെ ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികൾ രാവിലെ ഉയർന്നാണു തുടങ്ങിയത്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം തുറന്ന ജപ്പാനിലെ നിക്കൈ 1.4 ശതമാനം കയറി. കൊറിയൻ വിപണി അര ശതമാനം നേട്ടത്തിലാണ്. ഹോങ് കോങ്ങിലെ ഹാങ് സെങ് ഒന്നേകാൽ ശതമാനം ഉയർന്നു വ്യാപാരം തുടങ്ങി. ഷാങ്ഹായ് സൂചിക അര ശതമാനം കയറി.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 18,300-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 18,350-നു മുകളിലേക്കു കയറി. ഇന്ത്യൻ വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നലെ ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങിയിട്ടു കുറേ താഴോട്ടു നീങ്ങി. അവസാന മണിക്കൂറിൽ വലിയ കുതിപ്പും കിതപ്പും ആയി. ഒടുവിൽ സെൻസെക്സ് 91.62 പോയിൻ്റ് (0.15%) ഉയർന്ന് 61,510.58-ലും നിഫ്റ്റി 23.1 പോയിൻ്റ് (0.13%) ഉയർന്ന് 18,267.3 -ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.26 -ഉം സ്മോൾ ക്യാപ് സൂചിക 0.54 - ഉം ശതമാനം ഉയർന്നു.
ഐടി, മെറ്റൽ, കൺസ്യൂമർ ഡ്യുറബിൾസ് മേഖലകൾ മാത്രമാണ് ഇന്നലെ നഷ്ടത്തിലായത്. പൊതുമേഖലാ ബാങ്കുകൾ നേട്ടത്തിനു മുന്നിൽ നിന്നു. ബാങ്കുകൾ, ധനകാര്യ കമ്പനികൾ, ഓയിൽ - ഗ്യാസ്, ഹെൽത്ത് കെയർ, മീഡിയ എന്നിവ മുന്നേറ്റം നടത്തി.
വിദേശനിക്ഷേപകർ ഇന്നലെയും വിൽപനക്കാരായിരുന്നു. 789.86 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റഴിച്ചു. സ്വദേശി ഫണ്ടുകൾ 413.75 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
വിപണി ബുള്ളിഷ് മനോഭാവം തുടരുന്നു എന്നാണു വിലയിരുത്തൽ. നിഫ്റ്റിക്ക് 18,250-ലും 18,200-ലും സപ്പോർട്ട് ഉണ്ട്. ഉയരുമ്പോൾ 18,310-ലും 18,360-ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.
ക്രൂഡ് വില താഴുന്നു
ക്രൂഡ് ഓയിൽ വില ഇന്നലെ ഇടിഞ്ഞു. ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ വില 89 ഡോളറിനു സമീപത്തുനിന്ന് 84.3 ഡോളറിലേക്ക് വീണു. റഷ്യൻ എണ്ണയുടെ വില വീപ്പയ്ക്ക് 70 ഡാേളറിനടുത്തായി നിശ്ചയിക്കാൻ യൂറോപ്യൻ യൂണിയൻ ചർച്ച നടത്തുന്നതിനിടയിലാണു വിലയിടിവ്. അതിൽ കൂടിയ വിലയിൽ റഷ്യൻ ക്രൂഡ് വാങ്ങണ്ട എന്നാണ് യൂറോപ്പ് തീരുമാനിക്കുക. യൂറോപ്പിനു റഷ്യൻ ഇന്ധനം കിട്ടാൻ വഴിയൊരുക്കുക, റഷ്യയെ സാമ്പത്തികമായി ഞെരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപരോധം മറികടക്കാൻ ഇങ്ങനെയൊരു വഴി നിർദേശിക്കുന്നത്. റഷ്യ അതു സ്വീകരിക്കുമാേ എന്നു വ്യക്തമല്ല. ബ്രെൻ്റ് ക്രൂഡ് ഇന്നു രാവിലെ 85.4 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ വീണ്ടും താഴോട്ടു നീങ്ങി. ചെമ്പ് 0.4 ശതമാനവും അലൂമിനിയം ഒന്നര ശതമാനവും താണു. അലൂമിനിയം 2400 ഡോളറിനും ചെമ്പ് 8000 ഡോളറിനും താഴെയായി. ചൈനീസ് ഡിമാൻഡ് കുറയുന്നതാണ് കാരണം.

സ്വർണം കയറി
സ്വർണം ആദ്യം ഇടിയുകയും പിന്നെ കുതിച്ചു കയറുകയും ചെയ്തു. ഇന്നലെ 1724 ഡോളർ വരെ താഴ്ന്ന സ്വർണം പിന്നെ 1756 ഡോളറിലേക്കു കുതിച്ചു. പലിശവർധനയുടെ ഭയം ഒഴിവായതാണു കാരണം. ഇന്നു രാവിലെ സ്വർണം 1754-1756 ഡോളറിലാണ്. കേരളത്തിൽ ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 38,600 രൂപയായി. ഡോളർ നിരക്ക് കാര്യമായി ഇടിയുന്നില്ലെങ്കിൽ കേരളത്തിൽ ഇന്ന് സ്വർണ വില വർധിക്കും. വെള്ളിയും ഉയർച്ചയിലാണ്. രാജ്യാന്തര വിപണിയിൽ 21.65 ഡോളറിലെത്തി വെള്ളി.
നേട്ടം കാത്തു രൂപ
രൂപ ഇന്നലെ ദുർബലമായി. ഡോളർ 81.85 രൂപയിലേക്കു കയറി ക്ലാേസ് ചെയ്തു. എന്നാൽ ഇന്ത്യൻ വ്യാപാരത്തിനു ശേഷം ഡോളർ സൂചിക ഇടിഞ്ഞു. 106.08 ലാണ് ഇന്നലെ ഡോളർ സൂചിക ക്ലോസ് ചെയ്തത്. ഇന്നു രാവിലെ സൂചിക വീണ്ടും താഴ്ന്ന് 105.9 ലെത്തി. ഇന്നു രൂപയ്ക്കു നേട്ടം ഉണ്ടാകുമെന്നാണു നിഗമനം. ജാപ്പനീസ് യെൻ, ബ്രിട്ടീഷ് പൗണ്ട്, യൂറോ തുടങ്ങിയവ ഇന്ന് കയറ്റത്തിലാണ്. പൗണ്ട് 1.21 ഡോളറിലേക്കും യൂറോ 1.042 ഡോളറിലേക്കും ഉയർന്നു.

പലിശക്കാര്യത്തിൽ നടക്കുന്നത്
പലിശവർധനയുടെ തോത് കുറയ്ക്കണമെന്നു കൂടുതൽ അംഗങ്ങൾ ആവശ്യപ്പെട്ടെന്നു യുഎസ് ഫെഡിൻ്റെ എഫ്ഒഎംസി യോഗ മിനിറ്റ്സ് കാണിച്ചു. റിസർവ് ബാങ്കിൻ്റെ കഴിഞ്ഞ എംപിസി യോഗ മിനിറ്റ്സും സമാനമായ വിലയിരുത്തലാണു കാണിച്ചത്.
നാലു തവണ 75-ഉം ഒരു തവണ 50-ഉം ഒരു തവണ 25-ഉം അടക്കം 375 ബേസിസ് പോയിൻ്റ് വർധനയാണു യുഎസ് ഫെഡ് ഈ വർഷം ഇതുവരെ നടത്തിയത്. ഇതോടെ ഫെഡ് റേറ്റ് 0.00 - 0.25 ശതമാനത്തിൽ നിന്ന് 3.75-4.00 ശതമാനത്തിലായി. ഇനി ഡിസംബർ 13-14 തീയതികളിലാണ് ഫെഡ് കമ്മിറ്റി യോഗം. അതിൽ 50 ബേസിസ് പോയിൻ്റ് വർധനയേ ഉണ്ടാകൂ എന്നാണു മിനിറ്റ്സ് വ്യക്തമാക്കിയത്. വീണ്ടും ഫെബ്രുവരിയിൽ 25 ബേസിസ് പോയിൻ്റ് വർധനയും പ്രതീക്ഷിക്കാം. അതോടെ ഇപ്പാേഴത്തെ നിരക്കു വർധനയുടെ ചക്രം പൂർത്തിയാക്കും എന്നാണു വിപണിയുടെ വിലയിരുത്തൽ.
ഇന്ത്യയുടെ റിസർവ് ബാങ്ക് പണനയ കമ്മിറ്റി ഡിസംബർ 5-7 തീയതികളിൽ ചേരുന്നുണ്ട്. അതിൽ 35 ബേസിസ് പോയിൻ്റ് വർധനയുടെ തീരുമാനമാണു പ്രതീക്ഷിക്കുന്നത്. ഇക്കൊല്ലം നാലു തവണയായി റീപോ നിരക്ക് നാലു ശതമാനത്തിൽ നിന്ന് 5.9 ശതമാനമാക്കിയിരുന്നു. അത് 6.25 ശതമാനമാക്കി നിരക്കു വർധനയുടെ ചക്രം പൂർത്തിയാക്കാനാണു റിസർവ് ബാങ്ക് ശ്രമിക്കുക എന്നാണു വിലയിവരുത്തൽ.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it