പ്രതീക്ഷക്ക് നിരക്കാത്ത ബജറ്റ്, നികുതി മാറ്റങ്ങളില്‍ വിപണി അസന്തുഷ്ടം: രാഷ്ട്രീയ സമ്മാനങ്ങള്‍ കാണിക്കുന്നതെന്ത്?

ബജറ്റ് അവതരണം തുടങ്ങുമ്പോള്‍ വിപണി സൂചികകള്‍ തലേന്നത്തെ നിലയ്ക്ക് അടുത്തായിരുന്നു. പ്രസംഗം തീര്‍ന്നപ്പോള്‍ പ്രധാന സൂചികകള്‍ ഒന്നര ശതമാനത്തോളം ഇടിഞ്ഞു. ഡോളര്‍ നിരക്ക് 83.62 രൂപയില്‍ നിന്ന് 83.66 രൂപയിലെത്തി.
ബജറ്റുകളെ വിലയിരുത്തുന്നതില്‍ വിപണികള്‍ക്കു പ്രത്യേക വൈദഗ്ധ്യം ഉണ്ടെന്നു കരുതുന്നില്ല. ബജറ്റ് പ്രസംഗത്തിന്റെ അവസാനത്തിലെ നിലയില്‍ നിന്ന് പിന്നീടു സൂചികകള്‍ ഗണ്യമായി കയറി. ഇനിയും പ്രതികരണം മാറി വരാം.
പ്രതീക്ഷയ്ക്ക് നിരക്കുന്നതായില്ല
എന്തായാലും വിപണിയുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചല്ല ബജറ്റ് എന്നതു മാത്രം വസ്തുത. വിപണിയുടെ മാത്രമല്ല പൊതുവേ എല്ലാവരുടെയും പ്രതീക്ഷകള്‍ക്കു നിരക്കുന്നതായില്ല ബജറ്റ്. സര്‍ക്കാരിന് കൂടുതല്‍ വരുമാനം കിട്ടുമെന്ന് ഉറപ്പായിട്ടും ആ പണം കമ്മി കുറയ്ക്കാന്‍ മാത്രം ഉപയോഗിച്ചു. മൂലധനനിക്ഷേപം കൂട്ടാനോ ക്ഷേമപരിപാടികള്‍ വിപുലമാക്കാനോ മുതിര്‍ന്നില്ല.
ആദ്യത്തെ രണ്ടര മാസം കൊണ്ട് പ്രത്യക്ഷനികുതി വരുമാനം 19.5 ശതമാനം കൂടിയിട്ടും വാര്‍ഷിക നികുതി വരുമാന വളര്‍ച്ച 11 ശതമാനത്തില്‍ ഒതുക്കി നിര്‍ത്തി. അതു നല്ല കണക്കെഴുത്തു രീതിയല്ല.
രാഷ്ട്രീയ സമ്മാനം
ബിഹാര്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണയ്ക്കു പ്രത്യേക പരിഗണന നല്‍കിയതു മാത്രമാണ് ഇടക്കാല ബജറ്റില്‍ നിന്നു ചെലവ് ഇനത്തില്‍ വരുത്തിയ മാറ്റം. ബിഹാറിന് റോഡ് പദ്ധതികള്‍ക്ക് 26,000 കോടി, പ്രളയ പരിഹാരത്തിന് 11,500 കോടി, ആന്ധ്രപ്രദേശിന്റെ തലസ്ഥാനത്തിനു വേണ്ടി 15,000 കോടി, പിന്നാക്ക മേഖലയുടെ പേരില്‍ വേറൊരു 15,000 കോടി എന്നിങ്ങനെ പോകുന്നു രാഷ്ട്രീയ സമ്മാനങ്ങള്‍. മോദിയുടെ മൂന്നാം മന്ത്രിസഭ പല താങ്ങുകളില്‍ നില്‍ക്കുന്നതാണെന്ന് ഇതു കാണിക്കുന്നു.
മാറ്റമില്ലാതെ മൂലധന നിക്ഷേപം
മൂലധന നിക്ഷേപത്തില്‍ ഒരു പൈസ പോലും കൂട്ടിയില്ല. ഇടക്കാല ബജറ്റിലെ 11.11 ലക്ഷം കോടി രൂപമാത്രം. പ്രതിരോധ ചെലവില്‍ നാമമാത്ര വര്‍ധന മാത്രം. 4.55 ലക്ഷം കോടിയില്‍ നിന്ന് 4.56 ലക്ഷം കോടിയിലേക്ക്. കമ്മി കുറച്ചതു കൊണ്ട് കടമെടുപ്പ് 14.01 ലക്ഷം കോടിയായി കുറഞ്ഞു.
കൃഷിക്ക് 1.52 ലക്ഷം കോടിയും ഗ്രാമവികസനത്തിന് 2.66 ലക്ഷം കോടിയും അതേ പടി തുടരുന്നു.
വിദേശകമ്പനികളുടെ ആദായനികുതി 40-ല്‍ നിന്നു 35 ശതമാനമായി കുറച്ചു. ഗുണഭോക്താക്കള്‍ വിദേശ കമ്പനികള്‍ മാത്രം.
ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സിലെ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് 0.1 ശതമാനത്തില്‍ നിന്ന് 0.2 ശതമാനമാക്കി. ഈ രംഗത്തെ അവിദഗ്ധരുടെ ഇടപെടലുകള്‍ കുറയ്ക്കാന്‍ ഉദ്ദേശിച്ചാണിത്. പക്ഷേ ലക്ഷ്യം സാധിക്കാന്‍ നികുതി കൂട്ടിയത് യഥാര്‍ഥ ഹെഡ്ജിംഗുകാര്‍ക്കു ഭാരമാകും.
മ്യൂച്വല്‍ ഫണ്ടുകള്‍ യൂണിറ്റുകള്‍ തിരിച്ചുവാങ്ങുമ്പോഴുള്ള 20 ശതമാനം ടിഡിഎസ് ഒഴിവാക്കി.
അതേസമയം മൂലധന നേട്ട നികുതിയുടെ നിരക്ക് 10 -ല്‍ നിന്നു 12.5 ശതമാനം ആക്കിയത് വിപണിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ഹ്രസ്വകാല നേട്ടത്തിനു നികുതി 20 ശതമാനം ആക്കിയത് കൂടുതല്‍ എതിര്‍പ്പ് ഉണ്ടാക്കും.
സ്വര്‍ണവും മൊബൈലും വില കുറയും
ആദായനികുതിയിലെ മാറ്റങ്ങള്‍ പുതിയ നികുതിക്രമത്തെ സ്വീകാര്യമാക്കും. എന്നാല്‍ ശമ്പള വരുമാനക്കാര്‍ക്ക് ആ മാറ്റങ്ങള്‍ കാര്യമായ പ്രയോജനം ചെയ്യില്ല.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉള്ള എഞ്ചല്‍ ടാക്‌സ് റദ്ദാക്കിയത് സ്വീകാര്യമായ ഒരു കാര്യമാണ്.
സ്വര്‍ണം, വെള്ളി, മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍ തുടങ്ങിയവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചത് അവയുടെ വില കുറയാന്‍ സഹായിക്കും. സ്വര്‍ണം ഗ്രാമിനു 350 രൂപയാണ് അവധി വിപണിയില്‍ ഇന്നു കുറഞ്ഞത്.
T C Mathew
T C Mathew  
Related Articles
Next Story
Videos
Share it