തിരുത്തലുകൾ അവസരമാക്കുക! പൊറിഞ്ചു വെളിയത്ത് പറയുന്നു

കോവിഡ് ഭീതി ആഗോള ഫിനാന്‍ഷ്യല്‍ വിപണികളെ താറുമാറാക്കിയിട്ട് വര്‍ഷം ഒന്നാകുന്നു. 2020 മാര്‍ച്ചില്‍ നിഫ്റ്റി അതിന്റെ ഏറ്റവും ഉയരത്തില്‍ നിന്ന് 34 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. ക്ലോസ് ചെയ്തത് 23 ശതമാനം താഴ്ചയില്‍. 2021 മാര്‍ച്ചില്‍ നിഫ്റ്റി 15000 ത്തിനുമുകളില്‍ വ്യാപാരം ചെയ്യപ്പെടുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമായിരുന്നോ? അതാണ് ഇക്വിറ്റി മാര്‍ക്കറ്റ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മിക്കവാറും സൂചികകള്‍ 100 ശതമാനത്തിനടുത്ത് ഉയര്‍ച്ച രേഖപ്പെടുത്തി; അതിനിടെ നിരവധി ഓഹരികള്‍ നാലും അഞ്ചും മടങ്ങ് ഉയര്‍ന്നു. ആള്‍ക്കൂട്ട സ്വഭാവത്തിന് വിരുദ്ധമായി, വിപണിയില്‍ ഭീതി നിലനില്‍ക്കും കാലത്ത് വാങ്ങാന്‍ ധൈര്യം കാണിക്കുന്ന സമചിത്തരായ കോൺട്രാറിയൻ കാഴ്ചപ്പാടുള്ളവര്‍ക്ക് ഓഹരി വിപണികള്‍ മിക്കവാറും സന്ദര്‍ഭങ്ങളില്‍ നേട്ടം സമ്മാനിച്ചിട്ടുണ്ട്. ആത്യന്തികമായി തകര്‍ച്ച, തിരുത്തല്‍, ഭീതി എന്നിവയെല്ലാം മികച്ച ഡിസ്‌കൗണ്ടില്‍ നല്ല ഓഹരികള്‍ വാങ്ങാനുള്ള മികച്ച അവസരങ്ങളാണ്.

പലിശ ഒഴിവാക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി അന്തിമവിധി പ്രഖ്യാപിച്ചു കഴിഞ്ഞു. പലിശ പൂര്‍ണമായും ഒഴിവാക്കല്‍, മോറട്ടോറിയം ദീര്‍ഘിപ്പിക്കല്‍, മറ്റ് മേഖലകള്‍ക്ക് ആശ്വാസം പ്രഖ്യാപിക്കല്‍ എന്നിവയെല്ലാം തള്ളിയ സുപ്രീംകോടതി എന്‍ പി എ വര്‍ഗീകരണത്തിന്റെ കാര്യത്തില്‍ നിലനിന്നിരുന്ന സ്‌റ്റേ പിന്‍വലിച്ചതും ബാങ്കുകള്‍ക്ക് പോസിറ്റീവായ കാര്യമായി. എന്നിരുന്നാലും പിഴപ്പലിശ എല്ലാ വായ്പക്കാര്‍ക്കും ഒഴിവാക്കിയത് (രണ്ടുകോടി രൂപയ്ക്ക് മേല്‍ വായ്പ എടുത്തവര്‍ക്ക് പോലും) സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍, ബാങ്കുകള്‍ക്ക് വന്‍ സാമ്പത്തികഭാരമാകും. ഇത് ബാങ്ക് ഓഹരികളില്‍ പ്രതിഫലിച്ചിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന് വേഗത കൈവരിക്കുന്നുണ്ട്. തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നയതീരുമാനം, ഞാന്‍ നേരത്തെ എഴുതിയതുപോലെ ഗവണ്‍മെന്റിന്റെ ചിന്താഗതിയിലുള്ള അടിസ്ഥാനപരമായ മാറ്റമാണ്. 100 ഓളം പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികള്‍ വിറ്റഴിക്കുന്നതിന് വിഭാവനം ചെയ്തിരിക്കുന്ന, നാഷണല്‍ അസറ്റ് മോണിട്ടൈസേഷന്‍ പൈപ്പ്‌ലൈന്‍ ഈ ദിശയിലേക്കുള്ള ശരിയായ ഒരു കാല്‍വെപ്പാണ്. വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താത്തതോ ഒരുതലത്തിലും ഉപയോഗിക്കാത്തതോ ആയ സര്‍ക്കാരിന്റെ കൈവശമുള്ള ആസ്തികള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഇത് കാരണമാകും.
നാഷണല്‍ അസറ്റ് മോണിട്ടൈസേഷന്‍ പൈപ്പ്‌ലൈന്‍ പോലുള്ള വിശദമായ റോഡ്മാപ്പ്, സ്വകാര്യവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്ന ആസ്തികളുടെ മെച്ചപ്പെട്ട മൂല്യം കണ്ടെത്തുന്നതിലേക്കും നയിക്കപ്പെടും. വാണിജ്യ സ്വഭാവമുള്ള തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാരുകളും ബ്യൂറോക്രാറ്റുകളും അധൈര്യപ്പെടുന്നുവെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. അങ്ങനെയിരിക്കെ ഗവണ്‍മെന്റ് ഒരു കാലത്തും ഒരു ബിസിനസും നടത്താന്‍ പോകരുത്.
ഇപ്പോഴത്തെ ബുള്‍ റണ്ണില്‍ പങ്കാളിത്തം വഹിക്കുന്ന ഹോട്ട് സെക്ടർ മെറ്റല്‍സ്‌ ആൻഡ് മൈനിംങ്ങാണ്. ഇത് ആഗോളതലത്തിൽ കേന്ദ്ര ബാങ്കുകളുടെ വന്‍തോതിലുള്ള കറന്‍സി പ്രിന്റിങ്ങിന്റെ ഫലമായി എല്ലാ ഫിസിക്കല്‍ അസറ്റുകളിലും ഉണ്ടായ നാണ്യപ്പെരുപ്പ തോതിലുള്ള വളർച്ച ഉണ്ടാക്കിയിട്ടുള്ള ഒരു ഉയര്‍ച്ചാ ട്രെൻഡിന്റെ ഭാഗമാണ്. എല്ലാത്തരം ഹാര്‍ഡ് അസറ്റുകളും, അത് റിയല്‍ എസ്‌റ്റേറ്റാകാം, കമോഡിറ്റീസാകാം അല്ലെങ്കില്‍ ബുള്ള്യന്‍ ആകാം, എല്ലാം ഘടനാപരമായി അപ് ട്രെന്‍ഡിലാണ്. പരിമിതമായ സപ്ലൈയും ഉയര്‍ന്ന ഡിമാന്റും മെറ്റല്‍ ഓഹരികള്‍ക്ക് ഇനിയും താങ്ങ് നല്‍കാമെങ്കിലും ഇത്തരം ഓഹരികളുടെ വാല്യുവേഷന്‍ ഇപ്പോള്‍ വാല്യു സോണില്‍ അല്ല. ഈ ഘടകം, കമ്പനികളുടെ വരുമാന വളര്‍ച്ച നിരാശപ്പെടുത്തുന്നതാണെങ്കില്‍, നിക്ഷേപകര്‍ക്ക് റിസ്‌കാകാന്‍ സാധ്യതയുണ്ട്. ജാഗരൂകരായിരിക്കുന്നതാണ് നല്ലത്.
സമീപ ദിവസങ്ങളില്‍ വിപണി വിദഗ്ധര്‍ ഏറെ ആശങ്കപ്പെട്ട ഘടകം അമേരിക്കയിലെ തുടരുന്ന നാണ്യപ്പെരുപ്പമാണ്. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് സമ്പദ് ഘടനയെ കരകയറ്റാന്‍ കറന്‍സി പ്രിന്റിംഗ് നടത്തിയ ഫെഡ് നടപടിയുടെ വ്യാപ്തി പരിഗണിക്കുമ്പോള്‍ ഈ ആശങ്ക യുക്തിസഹമായത് തന്നെയാണ്. യൂ എസ് ഡോളറിന്റെ ഗ്ലോബല്‍ റിസര്‍വ് കറന്‍സി എന്ന സ്ഥാനത്തിന് ഇത്തരത്തിലുള്ള അനിയന്ത്രിതമായ നോട്ട് പ്രിന്റിംഗ് വെല്ലുവിളികള്‍ ഉയര്‍ത്തിയില്ലെങ്കില്‍ അത് അത്ഭുതം തന്നെയാകും. എന്നാൽ ഇത് വളരെ ദീര്‍ഘകാല സ്വഭാവമുള്ള കാര്യമാണ്, വിദഗ്ധരും അക്കാഡമീഷ്യന്മാരും അതിനെ കുറിച്ച് ആവശ്യത്തിന് ആശങ്കപ്പെടുന്നുണ്ട്. നിക്ഷേപകർ ഇതിനെ കുറിച്ചു വ്യാകുലപ്പെടേണ്ടതില്ല.
ഒരു നിക്ഷേപകന്‍ ആത്യന്തികമായി ഒരേ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി. അവര്‍ ഓഹരിയെടുത്തിരിക്കുന്ന കമ്പനിയുടെ ബിസിനസില്‍ എന്ത് സംഭവിക്കുന്നു, അവയുടെ വരുമാന ശേഷിയെ എന്തൊക്കെ, എങ്ങനെ സ്വാധീനിക്കുന്നു? ഒരു വ്യക്തിഗത നിക്ഷേപകന്‍ എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് നിങ്ങളുടെ കാഴ്ചപ്പാടുകള്‍ മാറ്റാനുള്ള സ്വാതന്ത്ര്യമുണ്ട്. അടിസ്ഥാന ഘടകങ്ങളില്‍ മാറ്റം വരുകയാണെങ്കില്‍ ഏത് ഓഹരിയും വാങ്ങാനും വില്‍ക്കാനും നിങ്ങള്ക്ക് സ്വാതന്ത്ര്യമുണ്ട്. കാര്യങ്ങള്‍ ലളിതമായി പറഞ്ഞാല്‍ - ഓഹരി വിപണിയിലെ ബഹളങ്ങളെ അവഗണിക്കുക, നിങ്ങള്‍ക്ക് നന്നായി മനസ്സിലാകുന്ന ബിസിനസുകളെ നോക്കുക. അവ ദീര്‍ഘകാല ലക്ഷ്യം മുന്നില്‍ വെച്ച് വാങ്ങുക. അത്ര മാത്രം.


Porinju Veliyath
Porinju Veliyath  

ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടർസിഇഒ. പ്രശസ്ത പോർട്ട്ഫോളിയോ മാനേജർ ആണ്.

Related Articles

Next Story

Videos

Share it