ക്രിപ്‌റ്റോ കറന്‍സി: നിക്ഷേപകര്‍ അറിയേണ്ട 5 കാര്യങ്ങള്‍
ഇന്‍വെസ്റ്റ്‌മെന്റ് കണ്‍സള്‍ട്ടന്റും വ്‌ളോഗറുമായ മിഥുന്‍, സുഹൃത്തുക്കളുമായി ചേര്‍ന്ന് 2017 ല്‍ 95,000 രൂപക്ക് ഒരു ബിറ്റ്‌കോയിന്‍ വാങ്ങി. രണ്ട് വര്‍ഷം മുന്‍പ് വില 30,000 രൂപ യുണ്ടായിരുന്ന ബിറ്റ്‌കോയിനിന്റെ വില കയറുന്നത് കണ്ടാണ് കൈയില്‍ കാശ് കുറവായിരുന്നിട്ടും റിസ്‌ക് എടുത്ത് നിക്ഷേപത്തിന് തയാറായത്. വില സാവധാനം കയറുന്നത് കണ്ട് സന്തോഷിച്ചു. അതിനിടെ ക്രിപ്‌റ്റോ കറന്‍സിക്ക് മേല്‍ റിസര്‍വ് ബാങ്ക് നിയന്ത്രണം കൊണ്ടു വരുമെന്ന് വാര്‍ത്ത വരാന്‍ തുടങ്ങി. നഷ്ടം വരേണ്ടെന്നു കരുതി കുറച്ചു മാസങ്ങള്‍ക്ക് ശേഷം ബിറ്റ് കോയിന്‍ 1,50,000 രൂപക്ക് വിറ്റു. ലഭിച്ച ലാഭം എല്ലാവരും ചേര്‍ന്ന് പങ്കിട്ടെടുത്തു. തൊട്ടടുത്ത വര്‍ഷം 2018 ല്‍, ബിറ്റ്‌കോയിന്റെ വില എട്ടു ലക്ഷമായി രൂപയായപ്പോള്‍ അതിശയിച്ചു പോയി. പിന്നെ പിടിച്ചാല്‍ കിട്ടാത്ത പോലെ വില കുതിച്ചുയര്‍ന്നു. ഇന്ന് ക്രിപ്‌റ്റോ കറന്‍സിയില്‍ മുന്‍നിരക്കാരനായ ബിറ്റ്‌കോയിനിന്റെ വില നാല്‍പതിയഞ്ച് ലക്ഷം രൂപയാണ്. നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്ന് എന്ന് മിഥുന്‍ അശ്വസിക്കുന്നു. പുതിയ ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിച്ച്, നല്ല അവസരങ്ങള്‍ തേടുകയാണ് ഇപ്പോള്‍ ഈ ചെറുപ്പക്കാരന്‍.
ക്രിപ്‌റ്റോ കറന്‍സിയെ കുറിച്ച് നിക്ഷേപകര്‍ അറിയേണ്ട കാര്യങ്ങള്‍ ഇതാ.
1. എന്താണ് ക്രിപ്‌റ്റോ കറന്‍സി
ഓഹരികള്‍, കമോഡിറ്റികള്‍ എന്നിങ്ങനെ പരമ്പരാഗതമായ നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്ന് മാറി അതിവേഗം വളരുന്ന അതിവേഗം വളരുന്നതാണ് ക്രിപ്‌റ്റോ കറന്‍സികള്‍. ഏതാണ്ട് അയ്യായിരം ക്രിപ്‌റ്റോ കറന്‍സികളാണ് ഇപ്പോള്‍ നിലവിലുള്ളത്.ജപ്പാനിലെ സതോഷി നാക്കോമോട്ടോ എന്ന വ്യക്തിയാണ് 2008 ല്‍ ബിറ്റ്‌കോയിന്‍ എന്ന ആദ്യ ക്രിപ്‌റ്റോ കറന്‍സി ആവിഷ്‌ക്കരിച്ചത്. ഇങ്ങനെ ഒരാള്‍ ഉണ്ടോ എന്ന് പലര്‍ക്കും വ്യക്തമല്ല. അതിനെക്കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
ക്രിപ്‌റ്റോ കറന്‍സിക്ക് നമ്മുടെ കറന്‍സി പോലെ രൂപമില്ലാത്തതിനാല്‍ തൊടാനും, എണ്ണാനും, നോക്കാനും ഒന്നും കഴിയില്ല.
ക്രിപ്‌റ്റോ അതായത് ഡാറ്റാ എന്‍ക്രിപ്ഷന്‍, കൈമാറ്റ മാധ്യമമായ കറന്‍സി എന്ന രണ്ട് പദങ്ങള്‍ ചേര്‍ന്നതാണ് ക്രിപ്‌റ്റോ കറന്‍സി. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ഇലക്ട്രോണിക് 'വെര്‍ച്വല്‍' പണമാണ് ക്രിപ്‌റ്റോ കറന്‍സി.
ആധുനിക സൂപ്പര്‍ കമ്പ്യൂട്ടറിന്റെ സാങ്കേതിക സഹായത്തോടെ ക്രിപ്‌റ്റോഗ്രാഫിയിലൂടെ മൈന്‍ ചെയ്താണ് ക്രിപ്‌റ്റോ കറന്‍സികള്‍ രൂപമെടുക്കുന്നത്. ഇതിന് വലിയ മുതല്‍ മുടക്കും, ആധുനിക സൂപ്പര്‍ കമ്പ്യൂട്ടറും, ഉയര്‍ന്ന ഇലക്ട്രിസിറ്റി ചെലവും കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളും വേണ്ടിവരും. മൈനിംഗ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ കല്‍ക്കരി ഖനനം പോലെയാണെന്ന് തെറ്റിദ്ധരിക്കരുത്. എല്ലാം കമ്പ്യൂട്ടര്‍ ക്രിപ്‌റ്റോ സംവിധാനം വഴിയാണ് നടപ്പാക്കുന്നത്. ഇത് ചെയ്യുന്നവരെ, ക്രിപ്‌റ്റോ കറന്‍സി മൈനേഴ്‌സ് എന്നാണ് വിളിക്കുന്നത്. ഇത് മാത്രമല്ല, മൈനേഴ്‌സ്, ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ വെരിഫിക്കേഷന്‍ നടത്താനും, സുരക്ഷിതമായി പണം കൈമാറ്റം ചെയ്യാനും സഹായിക്കുന്നുണ്ട്. ഇതിനവര്‍ക്ക് ട്രാന്‍സാക്ഷന്‍ ഫീ ലഭിക്കും.
ബ്ലോക്ക് ചെയ്ന്‍ സംവിധാനത്തിലാണ് ക്രിപ്‌റ്റോ കറന്‍സികള്‍ സൂക്ഷിക്കപ്പെടുന്നത്. അതായത് ബാങ്ക് പോലെ കേന്ദ്രീകൃത സംവിധാനത്തില്‍ അല്ല ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടക്കുന്നത്. ബ്ലോക്ക് ചെയ്ന്‍ സഹായത്തോടെ. വികേന്ദ്രീകൃത സംവിധാനത്തിലാണ് ഇടപാടുകള്‍ നടക്കുന്നത്.ഇതെല്ലാം തീര്‍ത്തും സുരക്ഷിതമായാണ് ഇവിടെ നടക്കുന്നത്. ഇടപാടുകള്‍ ബ്ലോക്ക് ചെയ്ന്‍ സംവിധാനത്തിലൂടെ ആയതിനാല്‍ 'ടാംമ്പര്‍' ചെയ്യാനോ, അനധികൃത ഇടപാടുകള്‍ക്കോ ഒരു സാധ്യതയും നിലവില്‍ ഇല്ല. ഇടപാടുകാരന്റെ സെക്യൂരിറ്റി കോഡും വിലാസവും, പാസ്വേര്‍ഡും ശരിയായിരിക്കണമെന്ന് മാത്രം.
2. ക്രിപ്‌റ്റോ കറന്‍സികള്‍ എവിടെ സൂക്ഷിക്കുന്നു
ക്രിപ്‌റ്റോ കറന്‍സികള്‍ 'ആക്‌സസ്' ചെയ്യാവുന്ന വിലാസത്തിലൂടെ ക്രിപ്‌റ്റോഗ്രാഫിക് വാലറ്റുകളിലാണ് സൂക്ഷിക്കുന്നത്. ഇത് സ്വകാര്യ കീ എന്നു വിളിക്കുന്ന പാസ്വേര്‍ഡ് വഴി സുരക്ഷിതമായി വെക്കാം മറ്റാര്‍ക്കും ഇതില്‍ കയറാനാവില്ല. വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി നിങ്ങള്‍ ക്രിപ്‌റ്റോകറന്‍സി വാങ്ങാനോ, വില്‍ക്കണോ, കൈമാറ്റാം ചെയ്യാനോ കഴിയും.ബിനാന്‍സ്, കോയിന്‍ബേസ്, കോയിന്‍ മാമ, ബ്ലോക്ക് ഫൈ, ഇ ടോറോ, വാള്‍ഡ് (Vauld) തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഡിജിറ്റല്‍ പ്ലാറ്റുഫോമുകള്‍. വാള്‍ഡ് പോലെയുള്ള ചില പ്ലാറ്റ്‌ഫോമുകളില്‍ സൂക്ഷിക്കുന്ന കറന്‍സികള്‍ക്ക് നിശ്ചിത പലിശയും നല്‍കുന്നുണ്ട്. ഇവയുടെ മൊബൈല്‍ ആപ്പ് വഴി സുഗമമായി സാധാരണക്കാര്‍ക്ക് ക്രിപ്‌റ്റോ കറന്‍സികള്‍ ഇടപാടുകള്‍ നടത്താം. വിദേശ രാജ്യങ്ങളിലെ നിങ്ങളുടെ ബന്ധുക്കള്‍ക്ക് പണവും നിമിഷ നേരം കൊണ്ടു കൈമാറ്റം ചെയാം. ഇടപാടുകളില്‍ വിവിധ ബാങ്കുകള്‍ ഇല്ലാത്തതിനാല്‍ സര്‍വീസ് ചാര്‍ജുകള്‍ കൊടുക്കേണ്ടി വരുന്നില്ല. വിദേശത്ത് പഠിക്കുന്ന മക്കള്‍ക്കു ഇങ്ങനെ പണം കൈമാറ്റം ചെയ്യുമ്പോള്‍ നിമിഷ നേരം കൊണ്ടു അവരുടെ ക്രിപ്‌റ്റോ ഡിജിറ്റല്‍ അക്കൗണ്ടിലേക്ക് പണം എത്തും.
ഡിജിറ്റല്‍ മൊബൈല്‍ ആപ്പ് വഴി, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ നല്‍കിയാല്‍ ആര്‍ക്ക് വേണമെങ്കിലും ക്രിപ്‌റ്റോ കറന്‍സി അക്കൗണ്ട് തുറക്കാം. ഈ പ്ലാറ്റ് ഫോമിലൂടെ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടത്താം. ഇതിന് ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഈടാക്കും. ചാര്‍ജുകള്‍ ഓരോ പ്ലാറ്റ് ഫോമിനും വ്യത്യസ്തമായിരിക്കും.
3. ക്രിപ്‌റ്റോ ഇടപാട് വ്യാപകം
ഇന്ത്യയില്‍ പത്തു കോടി ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകര്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. നോട്ട് നിരോധനത്തിലൂടെ ഡിജിറ്റല്‍ രീതിയില്‍ പണം കൈമാറ്റം ചെയ്യുന്ന രീതി വ്യാപകമായതോടെ ഒരു പരിധി വരെ ക്രിപ്‌റ്റോ ഇടപാടുകള്‍ സുഗമമായി എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി വാങ്ങാനും വില്‍ക്കാനും നിക്ഷേപിക്കാനും നിയമപരമായി യാതൊരു തടസവുമില്ല. ക്രിപ്‌റ്റോ കറന്‍സി കറന്‍സി ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ല. 2017ല്‍ റിസര്‍വ് ബാങ്ക് ക്രിപ്‌റ്റോ കറന്‍സിക് നിരോധനം കൊണ്ടുവന്നെങ്കിലും, 2018 ല്‍ ആ നിരോധനം സുപ്രീം കോടതി നീക്കി. ഇതനുസരിച്ച് വിവിധ ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാനും വില്‍ക്കാനും നിക്ഷേപിക്കാനും അനുമതി ലഭിച്ചു. ഏതാണ്ട് 96 രാജ്യങ്ങളില്‍ ക്രിപ്‌റ്റോ ഇടപാക്കള്‍ക്കു നിയമ സാധ്യത ഉണ്ട്. ഓരോ മണിക്കൂറിലും ലോക വ്യാപകമായി 12,000 ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
4. ക്രിപ്‌റ്റോ കറന്‍സിയിലെ സൂപ്പര്‍സ്റ്റാറുകള്‍
ആദ്യമായി 2009 ല്‍ പുറത്തിറങ്ങിയ ബിറ്റ്‌കോയിന്‍ തന്നെയാണ് ഇപ്പോഴും തിളങ്ങി നില്‍ക്കുന്നത്. തുടക്കത്തില്‍ നാമമാത്ര വിലയുണ്ടായിരുന്ന ഒരു ബിറ്റ്‌കോയിനിന്റെ (ബി ടി സി) വില ഇപ്പോള്‍ നാല്‍പ്പത്തി യഞ്ചു ലക്ഷം രൂപയാണ്. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 1.17 ട്രില്യണ്‍ ഡോളറാണ്.ഇഥറിയം (Ethereum ETH) മറ്റൊരു പ്രധാന കോയിന്‍ ആണ്. ബിനാന്‍സ് കോയിന്‍ (BNB), ടെദര്‍ (USDT), കാര്‍ഡാനോ (ADA), സോലന ( SOL), എക്‌സ്. ആര്‍. പി (XRP), ഷിബ ഇനു (SHIB) തുടങ്ങിയവയാണ് മറ്റ് പ്രധാന ക്രിപ്‌റ്റോ കറന്‍സികള്‍.
ക്രിപ്‌റ്റോ കറന്‍സികള്‍ പലതരത്തിലുണ്ട് . ഉദാഹരണത്തിന് സ്റ്റേബിള്‍ കോയിനുകള്‍. ചില ക്രിപ്‌റ്റോ കറന്‍സികളുടെ വിപണി മൂല്യം യുഎസ് ഡോളര്‍ അല്ലെങ്കില്‍ സ്വര്‍ണം പോലുള്ള കമോഡിറ്റികളെ അടിസ്ഥാനമാക്കിയാകും. ഇവയെയാണ് സ്‌റ്റേബിള്‍ കോയിനുകള്‍ എന്നുപറയുന്നത്. ടെദര്‍ പോലെയുള്ളവ യു എസ് ഡോളറുമായി 'പെഗ്' (അടിസ്ഥാനമാക്കുക എന്നാണ് ഈ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്) ചെയ്തിട്ടുണ്ടാവും. വിലയില്‍ വലിയ വ്യത്യാസം ഉണ്ടാവില്ല. സുരക്ഷിതവുമാണ്.
ഗോള്‍ഡ് റിസര്‍വ് വെച്ച് പുറത്തിറക്കുന്ന പാക്‌സ് ഗോള്‍ഡ് (paxgold), പ്രത്യേക ഉപയോഗത്തിന് മാത്രമുള്ള യുട്ടിലിറ്റി ടോക്കണ്‍ തുടങ്ങിയ വിവിധ ക്രിപ്‌റ്റോ കറന്‍സിക്കാള്‍ വിപണിയിലുണ്ട്.
ടെക്‌നോളജി അധിഷ്ഠിതമായ ക്രിപ്‌റ്റോ കറന്‍സി നിക്ഷേപകരിലധികവും 20 മുതല്‍ 35 വയസുള്ള ചെറുപ്പക്കാരാണ്. കമ്പ്യൂട്ടറിനു മുന്നില്‍ സദാ സമയം ചെലവിടുന്ന പുതിയ തലമുറയുടെ എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള സാധ്യതയാണ് ഇവിടെയുള്ളത്. ക്രിപ്‌റ്റോ വിപണി 24 മണിക്കൂറും തുറന്നിരിക്കുന്ന പുതിയ ഡിജിറ്റല്‍ വിപണിയാണ്. സ്റ്റോക്ക് മാര്‍ക്കറ്റ് പോലെ നിശ്ചിത സമയത്ത് മാത്രമല്ല ക്രിപ്‌റ്റോ കറന്‍സി വിപണി പ്രവര്‍ത്തിക്കുന്നത്.
5. നിക്ഷേപകര്‍ എന്തുചെയ്യണം?
മലയാളി യുവത രണ്ടും കല്‍പ്പിച്ച് ക്രിപ്‌റ്റോ വിപണിയില്‍ സജീവമായിട്ടുണ്ട്. ഇക്കൂട്ടര്‍ വളരെ വേഗം തീരുമാനങ്ങള്‍ എടുക്കുന്നു, പെട്ടെന്നു വാങ്ങുന്നു ബുദ്ധിപൂര്‍വം വില്‍ക്കുന്നു. ദ്രുത ഗതിയില്‍ ലാഭവും കരസ്ഥമാക്കുന്നു. നിശ്ചിത തുക മാത്രമാണ് കേരളത്തിലെ സാലറീഡ് ക്ലാസ് നിക്ഷേപിക്കുന്നത്. സീനിയര്‍ സിറ്റിസണ്‍സ് ദീര്‍ഘകാല നിക്ഷേപത്തിനാണ് ഇപ്പോള്‍ മുതിരുന്നത്. വ്യത്യാസങ്ങള്‍ ഏറെയുള്ള, നഷ്ട സാധ്യത കൂടുതലുള്ള ഈ വിപണി പുതിയതായതിനാല്‍ ചെറിയ നിഷേപത്തില്‍ തുടങ്ങിയാണ് പരീക്ഷണത്തിന് തയാറാവേണ്ടത്.ചെറിയ ഫ്രാക്ഷനില്‍ (അംശത്തില്‍) നിക്ഷേപിക്കാമെന്ന പ്രത്യേക നേട്ടം പലരും പ്രയോജനപ്പെടുത്തുണ്ട്. അതായത് 45 ലക്ഷം രൂപ വിലയുള്ള ബിറ്റ്‌കോയിനില്‍ നിങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ 1000 രൂപക്ക് നിക്ഷേപം നടത്താം. അതനുസരിച്ച ആദായം ആയിരിക്കും തിരികെ ലഭിക്കുക. വില കുറഞ്ഞ മറ്റു ക്രിപ്‌റ്റോ കറന്‍സിയില്‍ പോക്കറ്റ് മണിയായി കിട്ടിയ 100 രൂപ വരെ നിക്ഷേപിച്ചു ആദായം നേടാം. പുതിയൊരു ഡിജിറ്റല്‍ നിക്ഷേപ മേഖലയാണ് ഉരുത്തിരിയുന്നത്. ചെറിയ മുതല്‍ മുടക്കില്‍ നിക്ഷേപം തുടങ്ങാം. കറന്‍സിയുടെ മികവ് ശക്തി, ഭാവി തുടങ്ങിവ പ്ലാറ്റ് ഫോമുകളില്‍ നിന്ന് വായിച്ച് മനസ്സിലാക്കണം. മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് ഇതെല്ലാം പഠിക്കാം. മിക്ക മലയാള ക്രിപ്‌റ്റോ കറന്‍സി വാട്‌സ് ആപ്പ് ഗ്രൂപ്പിലും 2000 ത്തിലധികം അംഗങ്ങള്‍ ഉണ്ട്. ഇവര്‍ പരസ്പരം വിവരങ്ങള്‍ കൈമാറി സംശയങ്ങള്‍ ദുരീകരിക്കുന്നു
''ക്രിപ്‌റ്റോ കറന്‍സി വിലനിലവാരം ആഗോള ചലനങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. സാമ്പത്തിക വാര്‍ത്തകള്‍ നന്നായി മനസിലാക്കണം. മാര്‍ക്കറ്റില്‍ 'വന്‍ തിമിംഗലങ്ങള്‍ ' ഇറങ്ങുമ്പോള്‍ ക്രിപ്‌റ്റോ വില കൂടും. അവര്‍ മടങ്ങുമ്പോള്‍ വില കുറയും. മുന്‍ വ്യാപാര അനുഭവങ്ങള്‍ ഇവിടെ പരിമിതമായതിനാല്‍ അനുഭവം തന്നെയാണ് ഗുരു.'' ഒന്നര വര്‍ഷമായി ക്രിപ്‌റ്റോ വിപണിയില്‍ വ്യാപാരം ചെയ്യുന്ന എഞ്ചിനീയറായ ഡില്‍സ് തുറന്നു പറഞ്ഞു.
നിരവധി ക്രിപ്‌റ്റോ മൊബൈല്‍ അപ്ലിക്കേഷന്‍ നിലവിലുണ്ടെങ്കിലും ചെറിയ നിക്ഷേപം നടത്തി വിപണിയില്‍ ഇറങ്ങിയാല്‍ മാത്രമേ പ്രായോഗിക പരിശീലനം നേടാന്‍ കഴിയു. ''ഈ രംഗത്ത് താല്‍പ്പര്യമുള്ളവര്‍ ചെറിയ മുതല്‍ മുടക്ക് നടത്തി ക്രിപ്‌റ്റോ വിപണിയില്‍ ഇറങ്ങാനാണ് ശ്രമിക്കേണ്ടത്.'' അടുത്ത കാലത്ത് ഷിബ ക്രിപ്‌റ്റോ കറന്‍സിയില്‍ വ്യാപാരം നടത്തി ലാഭം നേടിയ ഒരാള്‍ പറയുന്നു. ഒട്ടനവധി മലയാളികള്‍ ഷിബയുടെ വ്യാപാരത്തിലൂടെ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
നഷ്ട സാധ്യത ഏറെയുള്ള ക്രിപ്‌റ്റോ കറന്‍സി വിപണിയില്‍ കരുതലോടെ മാത്രമേ മുന്നോട്ട് പോകാവൂ. 2021 മെയ് മാസം എലോണ്‍ മസ്‌കിന്റെ 'ടെസ്ല' കമ്പനി ഇടപാടുകള്‍ക് ബിറ്റ്‌കോയിന്‍ സ്വീകരിക്കില്ല എന്ന് ട്വീറ്റ് വന്നതോടെ ബിറ്റ്‌കോയിന്റെ വില 40 ശതമാനം ഇടിഞ്ഞു.ആഗോള സാമ്പത്തിക മാറ്റം മുന്‍കൂട്ടി തിരിച്ചറിയാനുള്ള ബുദ്ധി വൈഭവം ഉണ്ടാവണം.