ഡിജിറ്റ് ഇൻഷുറൻസ് 2021ലെ ആദ്യ ഇന്ത്യൻ യൂണികോൺ കമ്പനി

നിലവിലുള്ള നിക്ഷേപകർ കൂടുതൽ ഫണ്ട് ഇറക്കിയതോടെ ഡിജിറ്റ് ഇൻഷുറൻസ് 2021 ലെ ആദ്യത്തെ ഇന്ത്യൻ യൂണികോൺ കമ്പനിയായി മാറുന്നു ഇതോടെ കമ്പനിയുടെ മൂല്യം 1.9 ബില്യൺ ഡോളറായി ഉയർന്നു.

2016 ൽ കാമേഷ് ഗോയൽ സ്ഥാപിച്ച ഇൻ‌ഷൂർ‌ടെക് സ്റ്റാർ‌ട്ടപ്പായ ഡിജിറ്റ് ഇൻ‌ഷുറൻസിന് കനേഡിയൻ ശതകോടീശ്വരൻ പ്രേം വാട്ട്സയുടെ ഫെയർഫാക്സ് ഗ്രൂപ്പിന്റെ പിന്തുണയുണ്ട്. 2020 ൽ ഡിജിറ്റ് ഇൻഷുറൻസിന് 31.9 ശതമാനം വളർച്ചയുണ്ടായി.
തുടക്കത്തിൽ 140 മില്യൺ ഡോളറാണ് വാട്ട്സ ഇൻ‌ഷൂർ‌ടെക് സ്റ്റാർട്ടപ്പിലേക്ക് ഇറക്കിയിരുന്നത്. കൂടാതെ, നിക്ഷേപകരായ എ 91 പാർട്ട്നേഴ്‌സ്, ഫെയറിംഗ് ക്യാപിറ്റൽ, ടി വി എസ് ക്യാപിറ്റൽ എന്നിവയിൽ നിന്ന് 84 മില്യൺ ഡോളറും സമാഹരിച്ചു.
അലയൻസ് ഇൻഷുറൻസ്, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് തുടങ്ങിയ കമ്പനികളിൽ 30 വർഷത്തിലേറെ പരിചയമുള്ള ഇൻഷുറൻസ് വിദഗ്ദ്ധനായ കാമേഷ് ഗോയലിന്റെ കമ്പനി ത്രൈമാസ അടിസ്ഥാനത്തിൽ 2021 സാമ്പത്തികവർഷത്തിൽ റെക്കോർഡ് ലാഭം രേഖപ്പെടുത്തിയതായി അവകാശപ്പെടുന്നു.
കോവിഡ് മഹാമാരി സമയത്ത് ഇൻ‌ഷൂർ‌ടെക് സ്റ്റാർട്ടപ്പ് നിരവധി പോളിസികൾ അവതരിപ്പിച്ചു. ഒരു വ്യക്തിയെ കോവിഡിൽ നിന്ന് സംരക്ഷിക്കുന്നതും വെക്റ്റർ പരത്തുന്ന രോഗങ്ങളായ ഡെങ്കി, മലേറിയ, ഫൈലേറിയാസിസ്, കാലാ അസർ, ചിക്കുൻ‌ഗുനിയ, ജാപ്പനീസ് എൻ‌സെഫലൈറ്റിസ്, സിക വൈറസ് തുടങ്ങിയ രോഗങ്ങൾക്കുള്ളതുമായ ഇൻഷുറൻസ് പദ്ധതികൾ ഇവയിൽ പെടുന്നു.
2020 ൽ സി ബി ഇൻസൈറ്റ്സിന്റെ ആഗോള ഫിൻ‌ടെക് 250 പട്ടികയിൽ ഈ സ്റ്റാർട്ടപ്പ് ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അങ്ങനെ ലിസ്റ്റ് ചെയ്യപ്പെടുന്ന ഒരേയൊരു ഇന്ത്യൻ കമ്പനിയായി മാറി ഡിജിറ്റ് ഇൻഷുറൻസ്.


Related Articles
Next Story
Videos
Share it