ആശങ്ക, പരിഭ്രമം: തെരഞ്ഞെടുപ്പ് ഫലം കാത്ത് ഓഹരി വിപണി
നമ്മള്‍ ഏറെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം അടുത്തുതന്നെ അറിയാനിരിക്കെ ഓഹരി വിപണിയില്‍, സൂചികകള്‍ ഉള്‍പ്പടെ പരിഭ്രമത്തിന്റെ സൂചനകളാണ് കാണിക്കുന്നത്. യു എസ്- ചൈന വ്യാപാര ബന്ധവും ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് ഇറാനിയന്‍ ക്രൂഡ് ഓയ്ലിനെ ആശ്രയിക്കുന്നതില്‍ നല്‍കിയ താല്‍ക്കാലിക ഇളവ് റദ്ദാക്കപ്പെട്ടതും വിപണിയിലുള്ളവരുടെ മനസിലെ ഭയം വര്‍ധിപ്പിച്ചിട്ടുണ്ട്.
എന്തൊക്കെയായാലും, കുറച്ചു ആഴ്ചകള്‍ കഴിഞ്ഞാല്‍, തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും വിപണിയിലെ ശുഭാപ്തി വിശ്വാസക്കാര്‍ മൂലധനവുമായി ഓഹരി വിപണിയില്‍ തിരിച്ചെത്തുകയും ഓഹരി നിക്ഷേപകരുടെ, പ്രത്യേകിച്ച് മിഡ്, സ്മോള്‍ കാപ് നിക്ഷേപകരുടെ, ഇടയ്ക്ക് വെച്ച് നിന്നുപോയ മുന്നോട്ടുള്ള യാത്ര പുനരാരംഭിച്ചു കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുകയും ചെയ്യും എന്ന് എനിക്ക് തോന്നുന്നു.
2014 ല്‍ ആളുകള്‍ തീവ്രമായ ആഗ്രഹത്തോടെയും പ്രതീക്ഷയോടെയും വികസനത്തിനായാണ് വോട്ട് ചെയ്തത്. ഈ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച പ്രധാനപ്പെട്ടൊരു കാര്യം, 2014 ലെ പോലെ ദേശീയതലത്തില്‍ പ്രാധാന്യമുള്ള പോസിറ്റീവ് അജണ്ട ഒന്നുമില്ല എന്നതാണ്. നിരാശാജനകമാണിത്. എല്ലാ പാര്‍ട്ടികളും വൈകാരികവും ബാലിശവുമായ പ്രശ്നങ്ങളാണ് ഉയര്‍ത്തിക്കാട്ടുന്നത്.
കൂടുതല്‍ പ്രാധാന്യമുള്ള ഘടനാപരവും സാമ്പത്തികപരവുമായ വിഷയങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള പ്രതിലോമപരമായ നടപടിയാണത്. അഭിപ്രായ വോട്ടെടുപ്പുകളും ഉത്തരേന്ത്യന്‍ സത്ത ബസാറുകളും കുറവ് ഭൂരിപക്ഷത്തിലാണെങ്കിലും എന്‍ഡിഎയുടെ വിജയം പ്രവചിക്കുന്നു. അതാണ് ഫലം എങ്കില്‍ നിലവിലെ സര്‍ക്കാര്‍, സാമ്പത്തിക മേഖലയില്‍ നടപ്പില്‍ വരുത്തിയ ഏറെ പ്രധാനമായ ഘടനാപരമായ പരിഷ്‌കരണങ്ങളെയും വികസന പ്രവര്‍ത്തനങ്ങളെയും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യാതെ ഉള്ള ഒരു വിജയമാകും അത്.
ഭരണ തുടര്‍ച്ച എന്തിന്?
സര്‍ക്കാരിന്റെ രണ്ടു നയങ്ങള്‍, അതില്‍ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ കറന്‍സി പിന്‍വലിക്കല്‍ നടപടിയും അതോടൊപ്പം ഏറെ പ്രധാനമായ ജിഎസ്ടി നടപ്പാക്കലും രാജ്യത്ത് കണക്കുകൂട്ടാനാകാത്ത അത്രയും വലിയ തോതില്‍ ഉണ്ടായിരുന്ന അനൗദ്യോഗിക സമ്പദ്‌വ്യവസ്ഥയ്ക്ക് (ബ്ലാക്ക് ഇക്കോണമി പാരലല്‍ ഇക്കോണമി എന്നൊക്കെ നമ്മള്‍ സൂചിപ്പിക്കുന്ന) വലിയ വിധത്തില്‍ ഹാനി വരുത്തിയിട്ടുണ്ട് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ബി ജെപിയുടെ വോട്ട് ബാങ്ക് എന്നു പറയാവുന്ന ചെറുകിട വ്യാപാരികളെയും സംരംഭകരെയുമാണ് ഇത് ഏറെ ബാധിച്ചത്.
പാക്കിസ്ഥാനെതിരെയുള്ള വിജയം, ദേശീയത, പ്രതിപക്ഷത്തില്‍ നിന്നു വിശ്വസിക്കാവുന്ന ഒരു പകരക്കാരന്റെ അഭാവം എന്നിവയുടെ ബലത്തിലാണ് മോദി വിജയിക്കുന്നത് എങ്കില്‍ അത് നമ്മുടെ ജനാധിപത്യത്തിനു കാലിക പ്രാധാന്യമുള്ള സാമ്പത്തിക പരവും വികസനപരവുമായ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുന്നതിലുള്ള അപക്വതയെയും കൂടി ആണ് തുറന്നു കാട്ടുന്നത്. ചരിത്രത്തില്‍, ഇതിന് സമാനമായ ഒരു ഉദാഹരണം മാര്‍ഗരറ്റ് താച്ചറിന്റേതാണ്.
തന്റെ കടുപ്പമേറിയതും ജനപ്രിയമല്ലാത്തതുമായ നയങ്ങളുടെ ഫലമായി ഒരു രണ്ടാം ഊഴം എന്നത് അവരെ സംബന്ധിച്ച് ഏറെക്കുറെ അപ്രാപ്യമായിരുന്നു. എന്നാല്‍ അര്‍ജന്റീനയുമായുള്ള ഫോക്ക്ലാന്‍ഡ്സ് യുദ്ധം 1983 ല്‍ മാര്‍ഗരറ്റ് താച്ചര്‍ക്ക് രണ്ടാമതും അധികാരത്തിലെത്താനുള്ള മാന്യമായ ഭൂരിപക്ഷം നല്‍കി. ഇത് അവര്‍ക്ക് തന്റെ പരിഷ്‌കരണ നടപടികളില്‍ ഉറച്ചു നില്‍ക്കുവാനും തുടരുവാനുമുള്ള അവസരം ഒരുക്കി.
മോദിയും താച്ചറിനെ പോലെ ഘടനാപരമായ പരിഷ്‌കരണങ്ങളിലൂടെ ഇന്ത്യയെ മാറ്റിമറിക്കാനുള്ള അജണ്ടയില്‍ പ്രതിജ്ഞാബദ്ധമാണ്. ആ പ്രതീക്ഷ നിറവേറ്റപ്പെടണമെങ്കില്‍ താച്ചറിനെപോലെ പത്തു വര്‍ഷമെങ്കിലും അധികാരത്തില്‍ ഉണ്ടായിരിക്കണം. ശരിയായ സാമ്പത്തിക നിലപാടുകള്‍ക്ക് രാഷ്ട്രീയപരമായി വലിയ വില കൊടുക്കേണ്ടി വന്ന നരസിംഹ റാവുവിന്റെയും അടല്‍ ബിഹാരി വാജ്പേയിയുടെയും ഗതി മോദിക്ക് വരില്ലെന്നാണ് എന്റെ പ്രതീക്ഷ.
ഏതു പരിഷ്‌കരണത്തിലുമെന്നപോലെ ജനങ്ങളുടെ ഹ്രസ്വകാല വ്യക്തിതാല്‍പ്പര്യങ്ങളെ ബാധിക്കുന്ന തരത്തിലുള്ള വേദനാജനകമായ നിരവധി പരിഷ്‌കരണങ്ങള്‍ മോദി നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ തുടങ്ങിയ, ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ (ILFS)) പ്രശ്നങ്ങളും എന്‍ബിഎഫ്സി മേഖലയില്‍ അതിനോട് അനുബന്ധിച്ചു ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളും സ്ഥിതി കൂടുതല്‍ സങ്കീര്‍ണം ആക്കിയിട്ടുണ്ട്.
അവസരങ്ങള്‍ ബുദ്ധിപരമായി ഉപയോഗിക്കുക
അനൗപചാരിക മേഖലയ്ക്ക് ഏറ്റ അടിയും എന്‍ബിഎഫ്സിക്കുള്ള ഫണ്ടിംഗ് കുറഞ്ഞതു മൂലം കണ്‍സ്യൂമര്‍ ക്രെഡിറ്റില്‍ ഉണ്ടായ മാന്ദ്യവും കാരണം പൊതുവിപണിയില്‍ ഡിമാന്‍ഡില്‍ കുറവു വന്നിട്ടുണ്ട്. ചുരുങ്ങിയ പക്ഷം രാജ്യത്തിനകത്തെ പാസഞ്ചര്‍ വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില്‍പ്പനയിലെ കുറവ് ഇതാണ് സൂചിപ്പിക്കുന്നത്.
ബാങ്കുകളെ പോലെ മുന്‍ഗണനാ മേഖലകള്‍ക്ക് വായ്പ അനുവദിക്കണമെന്നതും സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ പോലെയുള്ള കരുതല്‍ ധനത്തിന്റെ ആവശ്യകതയുമൊക്കെയായി ഉള്ള നിയമപരമായ പരിമിതികളും നിയന്ത്രണങ്ങളും ഇല്ലാത്ത എന്‍ബിഎഫ്സികള്‍ ഇത്തരം ആനുകൂല്യങ്ങളുടെ ഫലമായി വായ്പാ വിപണിയില്‍ ലാഭം കണ്ടെത്തിയിരുന്നു.
ഒരു വലിയ പ്രതിസന്ധിയിലേക്ക് പോകുന്നതിനു മുന്നേ എന്‍ ബി എഫ് സി മേഖലയിലെ പ്രശ്‌നങ്ങള്‍ വെളിവാക്കുന്നതില്‍ ഐ എല്‍ എഫ് എസ് പ്രശ്‌നം സഹായിച്ചു എങ്കിലും ഇരട്ട പരിഷ്‌കരണങ്ങളായ കറന്‍സി പിന്‍വലിക്കല്‍ നടപടിയും ജിഎസ്ടിയും ഉണ്ടാക്കിയ പാര്‍ശ്വഫലങ്ങളില്‍ നിന്നും കരകയറി വന്നിരുന്ന സാമ്പത്തിക വ്യവസ്ഥയെ ഇത് വീണ്ടും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇതിനു പുറമേ ഊര്‍ജ ആവശ്യങ്ങള്‍ക്കായി ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നതും അതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ന്ന എണ്ണവില ഉണ്ടാക്കുന്ന മോശം പ്രഭാവങ്ങളുമാകും സമീപ ഭാവിയില്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ വെല്ലുവിളികള്‍. എന്നിരുന്നാലും ചൈനയുമായുള്ള ട്രംപിന്റെ വ്യാപാര യുദ്ധത്തിനും ഇറാനോടുള്ള അനിഷ്ടത്തിനുമെല്ലാം അപ്പുറം ഇന്ത്യയുടെ ദീര്‍ഘകാല ഘടനാപരമായ വളര്‍ച്ച ശക്തമായി തന്നെ നിലനില്‍ക്കും.
അവസരങ്ങള്‍ ബുദ്ധിപരമായി വിനിയോഗിക്കുക. വിപണിയില്‍ ഭയം പരക്കുമ്പോള്‍ തന്നെ ആണ് നല്ല ബിസിനസുകള്‍ ന്യായവിലയില്‍ വ്യാപാരം ചെയ്യപ്പെടുന്നതും എന്ന് ഓര്‍ക്കുക.